ദോഹർട്ടിക്കും മക്ഗിനും മൂന്നു വീതം, ഒക്കീഫിക്ക് ഒന്ന്; നോക്കൗട്ടിൽ ഓസീസിനെ കിട്ടിയാൽ ഇന്നും ‘സിക്സർ മഴ’ പെയ്യിക്കും യുവി– വിഡിയോ

Mail This Article
റായ്പുർ∙ മഞ്ഞ ജഴ്സിയോട് യുവരാജ് സിങ്ങിന് എന്താണ് ഇത്ര അലർജി! ഓസ്ട്രേലിയയുടെ മഞ്ഞ ജഴ്സി കണ്ടാൽ ‘ഹാലിളകു’ന്ന യുവരാജ് സിങ്ങിനെ ആരാധകർ ഒരിക്കൽക്കൂടി കണ്ടു, ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിന്റെ ഒന്നാം സെമിയിൽ. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിയിലാണ് ഓസീസിനെതിരെ യുവരാജ് വീണ്ടും ആ പഴയ യുവരാജായത്. ഏഴു പടുകൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ വെറും 30 പന്തിൽനിന്ന് യുവരാജ് അടിച്ചെടുത്ത 59 റൺസ്, ഇന്ത്യൻ വിജയത്തിൽ നിർണായകമാകുകയും ചെയ്തു.
സ്പിന്നർമാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ച യുവി ഓസീസിന്റെ ലെഗ് സ്പിന്നർ ബ്രൈസ് മക്‌ഗയിന്റെ ഒറ്റ ഓവറിൽ മൂന്നു പടുകൂറ്റൻ സിക്സറുകളാണ് പറത്തിയത്. സേവ്യർ ദോഹർട്ടിക്കെതിരെ വിവിധ ഓവറുകളിലായി മൂന്നു സിക്സറുകളും യുവി നേടി. മറ്റൊരു സ്പിന്നറായ ഒക്കീഫിക്കെതിരെ ആയിരുന്നു ഒരു സിക്സർ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സ് 11 പന്തു ബാക്കിനിൽക്കെ 126 റൺസിന് പുറത്തായി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ, വെസ്റ്റിൻഡീസ് – ശ്രീലങ്ക രണ്ടാം സെമി വിജയികളാണ് ഇന്ത്യയുടെ എതിരാളികൾ.
ക്രിക്കറ്റിൽ സജീവമായിരുന്ന കാലം മുതൽ നോക്കൗട്ട് മത്സരങ്ങളിൽ ഓസീസിനെ ‘നോക്കൗട്ട്’ അടിക്കുന്ന ആ സ്ഥിരം പരിപാടി വിരമിച്ച ശേഷവും യുവരാജ് തുടരുന്നതിന് മത്സരം സാക്ഷ്യം വഹിച്ചു. 2000ൽ ഐസിസി നോക്കൗട്ട് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ 80 പന്തിൽ 86 റൺസുമായി ഓസീസിനെതിരെ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യൻ ടീമിന്റെ വിജയശിൽപിയായതു മുതൽ തുടങ്ങുന്ന ഓസീസിനെ ‘പുറത്താക്കുന്ന’ യുവരാജിന്റെ ശീലം. അന്ന് 20 റൺസ് വിജയത്തോടെയാണ് ഇന്ത്യ ഓസീസിനെ പിന്തള്ളി സെമിയിൽ കടന്നത്.
പിന്നീട് 2007ലെ ട്വന്റി20 ലോകകപ്പിന്റെ സെമിയിൽ 30 പന്തിൽ തകർത്തടിച്ച് 70 റൺസെടുത്ത യുവരാജ് ഒരിക്കൽക്കൂടി ഓസീസിന്റെ അന്തകനായി. ബ്രെറ്റ് ലീയും ആൻഡ്രൂ സൈമണ്ട്സും ഉൾപ്പെടുന്ന ബോളിങ് നിരയ്ക്കെതിരെ തകർത്തടിച്ച യുവി, അഞ്ച് വീതം സിക്സറും ഫോറും സഹിതമാണ് 70 റൺസെടുത്തത്. ഇതേ ലോകകപ്പിലാണ് ഇംഗ്ലണ്ടിന്റെ സ്റ്റുവാർട്ട് ബ്രോഡിനെതിരെ ഒരു ഓവറിൽ ആറു സിക്സടിച്ച് യുവി താണ്ഡവമാടിയത്.
പിന്നീട് ഇന്ത്യ ആതിഥ്യം വഹിച്ച 2011ലെ ഏകദിന ലോകകപ്പിലും റിക്കി പോണ്ടിങ് നയിച്ച ഓസ്ട്രേലിയയെ ക്വാർട്ടർ ഫൈനലിൽ പുറത്താക്കുന്നതിൽ യുവരാജിന്റെ പ്രകടനം നിർണായകമായി. 65 പന്തിൽ 57 റൺസെടുത്ത് നോക്കൗട്ട് മത്സരങ്ങളിൽ ഓസീസിനെതിരെ ഒരിക്കൽക്കൂടി യുവി വിശ്വരൂപം കാട്ടി.