ആഗ്രഹം സഫലമായി, ഇതൊരു സ്പെഷൽ പ്രൊഡക്റ്റ്; സന്തോഷം പങ്കുവച്ച് നയൻതാര
Mail This Article
ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ സംരംഭത്തിനു തുടക്കം. സിനിമയിലും അഭിനയത്തിലും മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന താരം കോസ്മെറ്റിക് രംഗത്താണ് സംരംഭകയുടെ വേഷമണിയുന്നത്. ‘ദ് ലിപ് ബാം കമ്പനി’ എന്ന പേരിൽ നയൻതാരയുടേതായി ലിപ് ബാം ഉത്പന്നങ്ങളാണ് വിപണിയിലെത്തുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിപ് ബാം ശേഖരം ഒരുക്കുന്നതിന്റെ ഭാഗമായി 100 വ്യത്യസ്ത ലിപ് ബാമുകൾ കമ്പനി വിപണിയിലെത്തിക്കും. തെന്നിന്ത്യയിലെ സെലിബ്രിറ്റി ഡെർമറ്റോളജിസ്റ്റായ ഡോ. റെനിത രാജനുമായി ചേർന്നാണ് നയൻതാരയുടെ സംരംഭം. സൗന്ദര്യ– ഫാഷൻ രംഗത്തെ പുതുചലനമായ ജെൻഡർ ന്യൂട്രാലിറ്റി അടിസ്ഥാനമാക്കിയാണ് നയൻസിന്റെ ‘ദ് ലിപ് ബാം കമ്പനി’ ഉത്പന്നങ്ങളൊരുക്കുക. സുസ്ഥിരമൂല്യങ്ങൾ പാലിച്ചാകും ലിംഗവ്യത്യാസമില്ലാതെ ഉപയോഗിക്കാവുന്ന ലിപ് ബാം തയാർ ചെയ്യുന്നതും.
കോസ്മെറ്റിക് രംഗത്ത് സ്വന്തം കയ്യൊപ്പിടാൻ ആഗ്രഹിച്ചിരുന്ന നയൻതാര ഇതിനായി സവിശേഷമായ ഉത്പന്നം വേണമെന്ന കാത്തിരിപ്പിലായിരുന്നു. അതിനിടെയാണ് ‘ലിപ് ബാം’ എന്ന ആശയം പിറന്നത്. ‘സെൻസിറ്റീവ് ആയ ചുണ്ടുകളുടെ ചികിത്സയ്ക്കായി ലിപ് ബാം ഒരുക്കുകയെന്ന ചിന്ത ‘ലിപ് ബാം’ എന്ന പ്രോഡക്ട് ലൈനിലേക്ക് വികസിക്കുകയായിരുന്നു’’, ഡോ. റെനിത പറഞ്ഞു. ‘‘ചുണ്ടുകൾ തുടുത്തിരിക്കാനും മൃദുമാകാനും തിളക്കമേറാനും നിറം കൂട്ടാനും ലിപ് ബാമിനു കഴിയുമെന്നു നമുക്കറിയാം. പക്ഷേ അതു മാത്രമല്ല, ന്യൂറോ കോസ്മെറ്റിക്സ് വഴി തലച്ചോറിനെ സ്വാധീനിക്കുന്ന ന്യൂറോണുകൾ സൃഷ്ടിക്കാനും അതുവഴി മൂഡ് മെച്ചപ്പെടുത്താനും സുഖപ്രദമായ ഫീൽ നൽകാനും ഒപ്പം ചുണ്ടുകളുടെ ഭംഗിയേറ്റാകും കഴിയും. ലിപ് ബാം ഉപയോഗിക്കുന്നത് ആരോഗ്യകരമായ ശീലമാണ്. ലിപ് ബാം കമ്പനിയുടെ ഉത്പന്നങ്ങൾ ഈ നല്ല ശീലം രസകരമാക്കാനും സഹായിക്കുന്നതാകും’’, ഡോ. റെനിത വ്യക്തമാക്കുന്നു.
കോസ്മെറ്റിക്– പഴ്സനൽ കെയർ ബ്രാൻഡ് തുടങ്ങണമെന്ന ആഗ്രഹം ഏറെക്കാലമായി നയൻതാരയ്ക്കുണ്ട്. കമ്പനി ലോഞ്ച് ചെയ്തു താരം പറഞ്ഞതിങ്ങനെ – ‘‘സ്കിൻ കെയറിന്റെ കാര്യത്തിൽ നോ– കോംപ്രമൈസ് എന്നതാണ് എന്റെ നിലപാട്. ഞാൻ ഉപയോഗിക്കുന്ന ബ്യൂട്ടി ഉൽപന്നങ്ങളിൽ നോക്കുന്നത് അതിന്റെ ഗുണവും സുരക്ഷിതത്വവുമാണ്. ഉയർന്ന പെർഫോമൻസ്, ഒപ്പം ഗുണനിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ച പാടില്ല. ഇതേ മൂല്യങ്ങളാകും ലിപ് ബാം കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ഡിഎൻഎ. കമ്പനിയുടെ ആദ്യത്തെ ലിപ് ബാം കയ്യിലെടുത്ത ശേഷം എനിക്കിതു ചെയ്യാതിരിക്കാനാവില്ലെന്നു ഞാൻ ഉറപ്പിച്ചു. ഈ സ്പെഷൽ പ്രോഡക്ട് ലൈനിൽ എനിക്കു സന്തോഷവും തൃപ്തിയുമുണ്ട്. എന്നെപ്പോലെ എന്തെങ്കിലും എക്സ്ട്രാ ഓർഡിനറി വേണം എന്നാഗ്രഹിക്കുന്നവർക്ക് ഈ ഉൽപ്പന്നങ്ങൾ ഇഷ്ടമാകും’’
നിലവിൽ 12 ഉൽപ്പന്നങ്ങളാണ് വിപണിയിൽ എത്തിക്കുന്നതെങ്കിലും വരും വർഷം ഓരോ ആഴ്ചയും ഓരോ പുതിയ ലിപ് ബാം പുറത്തിറക്കും. ഇന്നു മുതൽ വിപണിയിൽ ലഭ്യമായിത്തുടങ്ങുന്ന ലിപ് ബാമിന്റെ വില 500 രൂപ മുതൽ 5000 രൂപ വരെ. ഉപഭോക്താക്കൾക്കായി പ്രത്യേകം ലിപ് ബാം കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. thelipbalmco.in എന്ന വെബ് സൈറ്റ് വഴി ഓൺലൈൻ ആയും തിരഞ്ഞെടുത്ത സ്റ്റോറുകളിലും ലഭ്യം.
സിനിമയിൽ പ്രശസ്തി നേടിയാൽ സ്വന്തം പേരിൽ ഫാഷൻ ബ്യൂട്ടി സംരംഭം തുടങ്ങുന്നവരാണ് ബോളിവുഡ് താരങ്ങൾ. തെന്നിന്ത്യയിൽ നിന്ന് ഈ നിരയിലേക്കുള്ള ആദ്യ വിപണി സാന്നിധ്യമാകും നയൻതാരയുടേത്. ബോളിവുഡ് നടി കത്രീന കൈഫിന്റെ കോസ്മെറ്റിക് ബ്രാൻഡായ ‘കായ് ബൈ കത്രീന’യുടെ ലോഞ്ചിങ് വേളയിൽ ബ്രാൻഡിന്റെ മോഡലായി പിന്തുണ പ്രഖ്യാപിച്ചിരുന്നു നയൻസ്.
Content Summary : South Indian Film Lady Super Star Nayanthara Launches The Lip Balm Company