സുന്ദരിയാകാൻ പപ്പായ; ആതിയ ഷെട്ടിയുടെ ‘വഴികൾ’
Mail This Article
വീട്ടില്‍ തയാറാക്കാവുന്ന സൗന്ദര്യ പരിചരണ മാര്‍ഗങ്ങളുടെ ആരാധികയാണ് ബോളിവുഡ് നടിയും സുനില്‍ ഷെട്ടി, മാനാ ഷെട്ടി ദമ്പതികളുടെ മകളുമായ ആതിയ ഷെട്ടി. ആതിയയുടെ പ്രകൃതിദത്ത ബ്യൂട്ടി കിറ്റിലെ മുഖ്യതാരമാണ് പപ്പായ. പോഷക സമ്പന്നമായ പപ്പായ കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. മുഖക്കുരു, കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ എന്നിങ്ങനെയുള്ള സൗന്ദര്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഫെയ്സ് മാസ്‌കുകള്‍ പപ്പായ ഉപയോഗിച്ച് തയാറാക്കാം. ചർമപരിചരണത്തിന് പപ്പായ ഫലപ്രദമായി ഉപയോഗിക്കാനുള്ള മൂന്ന് ലളിത മാർഗങ്ങള്‍ ഇതാ.
∙ പപ്പായ, യോഗര്‍ട്ട്, ഹണി മാസ്‌ക്
കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി മുഖത്ത് വരൾച്ചയും ചൊറിച്ചിലും അനുഭവപ്പെട്ടാല്‍ പപ്പായ മാസ്‌ക് രക്ഷയ്‌ക്കെത്തും. പഴുത്ത പപ്പായ ഉടച്ചത് ഒരു ടേബിള്‍സ്പൂണ്‍, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ യോഗര്‍ട്ട് എന്നിവ കൂട്ടിക്കലര്‍ത്തി മിശ്രിതം തയാറാക്കാം. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
∙ പപ്പായ, ഓറഞ്ച് ഫെയ്സ് പാക്
ചർമത്തിലെ അമിത എണ്ണമയം നീക്കാന്‍ ഓറഞ്ച് സഹായിക്കുമ്പോള്‍ പപ്പായ തിളക്കം ഉറപ്പ് നൽകുന്നു. ഇത് രണ്ടും ചേര്‍ത്താല്‍ ഇരട്ടി ഫലം ഉറപ്പ്. ഈ ഫെയ്സ് പാക് തയാറാക്കാനായി ഒരു ടേബിള്‍സ്പൂണ്‍ ഉടച്ച പപ്പായയും ഒരു ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസും അര ടീസ്പൂണ്‍ കടലമാവും മിക്‌സ് ചെയ്‌തെടുക്കണം. ഇത് മുഖത്തിലും കഴുത്തിലുമൊക്കെ തേച്ചു പിടിക്കാം. 5 മുതല്‍ 7 മിനിറ്റിനുശേഷം കഴുകിക്കളയാം.
∙ പപ്പായ-മുള്‍ട്ടാനി മിട്ടി പാക്
പാർട്ടിക്ക് പോകാൻ മുഖം ഒന്നു മിനുക്കണമെന്നില്ലേ? ഒരു ടേബിള്‍സ്പൂണ്‍ ഉടച്ച പപ്പായക്കൊപ്പം ഒരു സ്പൂൺ മുള്‍ട്ടാനി മിട്ടിയും ഏതാനും തുള്ളി റോസ് വാട്ടറും ചേർത്താൽ അതിനുള്ള പാക് റെഡി. മുഖത്തിട്ട് 15 മിനിറ്റിനു ശേഷം കഴുകാം.
*പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പിച്ചശേഷം ഉപയോഗിക്കുക.