ADVERTISEMENT

കാഴ്ചയിൽ വ്യത്യസ്തയുണ്ടാകുമെങ്കിലും ചുരുണ്ട മുടിയുള്ളവർക്ക് അത് ഭംഗിയായി കൊണ്ടുനടക്കുക എന്നത് അത്ര ഈസിയല്ല. മുടി അല്പം പരുക്കനാണെങ്കിൽ പറയുകയും വേണ്ട. ഒതുക്കി വയ്ക്കാനും പൊട്ടിപ്പോകാതെ പരിചരിക്കാനും നന്നേ പ്രയാസപ്പെടേണ്ടി വരും. ഇനി ചുരുണ്ട മുടി വൃത്തിയായി ട്രിം ചെയ്യണമെങ്കിൽ പോലും സലൂണുകളെ ആശ്രയിക്കാതെ പറ്റില്ല. എന്നാൽ ചുരുണ്ട മുടിക്കാർക്കായി സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുകൾ തന്നെ ഇതിനുള്ള പരിഹാര മാർഗങ്ങളും പങ്കുവെക്കുന്നുണ്ട്. ഏത് ടെക്സ്ചറിലുള്ള ചുരുണ്ട മുടിയും വീട്ടിൽ വച്ചുതന്നെ കട്ട് ചെയ്യാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

1. ഉപയോഗിക്കുന്ന ഉപകരണം
വീട്ടിൽ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കത്രിക മുടി വെട്ടാനായി ഉപയോഗിക്കരുത്. അവയുടെ അരികുകൾക്ക് മൂർച്ച ഏറെയായതിനാൽ മുടിയുടെ അഗ്രഭാഗം പിളരാനും കേടുപാടുകൾ വരുത്താനുമുള്ള സാധ്യത കൂടുതലാണ്. ഏറെ വിലപിടിപ്പുള്ള തുണിത്തരം മുറിക്കുന്നത്ര കരുതൽ മുടിയുടെ കാര്യത്തിലും വേണം. മുടി മുറിക്കാൻ മാത്രം ഉപയോഗിക്കുന്ന ഉന്നത ഗുണനിലവാരമുള്ള കത്രിക തന്നെ വാങ്ങുക. 

വീതിയേറിയ പല്ലുള്ള ചീപ്പാണ് ഇനി വേണ്ടത്. ട്രിം ചെയ്യുന്നതിനു മുൻപായി മുടി ചീകുമ്പോൾ സ്വാഭാവികതയോടെ നിലനിർത്താൻ ഇത് സഹായിക്കും. ട്രിം ചെയ്യുന്നതിനു മുൻപ് മുടി പല ഭാഗങ്ങളാക്കി വിഭജിക്കണം. ഓരോ ഭാഗങ്ങളും തമ്മിൽ കലരാതിരിക്കാൻ സെക്ഷൻ ക്ലിപ്പുകളും ഉപയോഗിക്കാം. കയ്യിൽ പിടിക്കാനാവുന്ന ഒരു കണ്ണാടിയും മുടിയുടെ പിൻഭാഗം കാണാനാവുന്ന വിധത്തിൽ സ്ഥാപിച്ച വലിപ്പമുള്ള മറ്റൊരു കണ്ണാടിയും വേണം. 

2. മുടി നനയ്ക്കരുത്
ചുരുണ്ട തലമുടി നനഞ്ഞു കഴിഞ്ഞാൽ യഥാർഥ നീളം മനസിലാക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടാം. ഇതുമൂലം ഉദ്ദേശിക്കുന്നതിലും കൂടുതൽ മുടി ട്രിം ചെയ്യപ്പെട്ടന്നു വരാം. ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കാൻ ചുരുണ്ട മുടി മുറിക്കുന്നതിനു മുൻപ് ഒരു കാരണവശാലും നനയ്ക്കാതിരിക്കുക. മുടി കഴുകിയതിന്റെ അടുത്ത ദിവസം മുറിക്കുന്നതാണ് ഏറ്റവും ഉചിതം. 

അതുപോലെ ഹീറ്റിങ് ഉപകരണങ്ങൾ ഉപയോഗിച്ച് മുടി കൂടുതൽ ചുരുട്ടുകയോ സ്ട്രെയ്റ്റ് ചെയ്യുകയോ ചെയ്ത ശേഷവും മുറിക്കാൻ പാടില്ല. മണിക്കൂറുകൾക്കുശേഷം സ്വാഭാവിക നിലയിലേയ്ക്ക് മുടി മാറുന്ന സമയത്ത് ആകൃതി വ്യത്യാസപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. മുടിയുടെ ഓരോ ഭാഗവും ഏത് ആകൃതിയിലാണുള്ളത് എന്ന് സമയമെടുത്ത് നിരീക്ഷിച്ചതിനു ശേഷം മാത്രമേ കട്ട് ചെയ്യാവൂ.

3. കൃത്യമായ പൊസിഷനിൽ ഇടാം
ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്ന സമയത്ത് മുടിയുടെ പൊസിഷനിൽ മാറ്റങ്ങൾ വരും. അതിനാൽ മുറിക്കുന്നതിനു മുൻപായി തല മെല്ലെ അനക്കി മുടി ഇരു വശങ്ങളിലേയ്ക്കും ചലിപ്പിക്കുക. മുടിയുടെ കൃത്യമായ നീളം എത്രത്തോളമാണെന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും. തോളിനു താഴേയ്ക്ക് കിടക്കുന്ന മുടിയാണെങ്കിൽ രണ്ടായി വകഞ്ഞതിനു ശേഷം ഇരുഭാഗങ്ങളും മുൻവശത്തേയ്ക്കു കൊണ്ടുവന്ന് അഗ്രഭാഗം എത്രത്തോളം മുറിച്ചു നീക്കേണ്ടതുണ്ടെന്ന് കൃത്യമായി മനസ്സിലാക്കണം. അധികം മുടി മുറിച്ചു നീക്കാതിരിക്കാനും ശ്രദ്ധിക്കണം. കാരണം ചുരുണ്ട മുടി ഒരു ഇഞ്ച് മുറിച്ചാൽ പോലും അളവിൽ വലിയ കുറവാണ് തോന്നിപ്പിക്കുന്നത്.

4. മുൻ ഭാഗത്തുനിന്നും പിന്നിലേയ്ക്ക് കട്ട് ചെയ്യാം
ഓരോ ചുരുളുകളായി മുൻഭാഗത്ത് നിന്നും പിന്നിലേയ്ക്ക് വെട്ടി ഒതുക്കുന്നതാണ് ചുരുണ്ട മുടിക്ക് ഏറ്റവും നല്ലത്. ഒരു സമയം അല്പം മുടി മാത്രമേ മുറിച്ചു നീക്കാവു. മുൻപിലേയ്ക്ക് മുടി ചീകിയെടുക്കുന്ന സമയത്ത് കാഴ്ചയിൽ കുറുകെ ട്രിം ചെയ്യാനാവുമെന്ന് തോന്നുമെങ്കിലും കട്ട് ചെയ്തതിനുശേഷം അതായിരിക്കില്ല അവസ്ഥ. അതിനാൽ മുറിക്കാനായി തിരഞ്ഞെടുത്തിരിക്കുന്ന ഭാഗം മാത്രം മുൻ ഭാഗത്തേയ്ക്ക് എടുത്ത് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

5. മുടിയുടെ ആവശ്യമറിഞ്ഞ് സ്റ്റൈൽ ചെയ്യാം
എല്ലാം കേശ സംരക്ഷണ ഉൽപന്നങ്ങളും എല്ലാത്തരം മുടികൾക്കും അനുയോജ്യമല്ല.  ഇഷ്ടത്തിനൊത്ത വിധത്തിൽ ഏതു രീതിയിൽ വേണമെങ്കിലും സ്റ്റൈൽ ചെയ്യാമെങ്കിലും ചുരുണ്ട മുടിക്ക് വേണ്ട പോഷണം നൽകുന്ന ഉൽപ്പന്നങ്ങൾ തന്നെ തിരഞ്ഞെടുക്കണം. ചുരുളുകൾ ഡിഫൈൻ ചെയ്യാനും മുടി ഒതുക്കത്തോടെ കിടക്കാനും ഈർപ്പം നിലനിർത്താനും സാധിക്കുന്ന തരത്തിൽ ചുരുണ്ട മുടിക്ക് മാത്രമായി ഉപയോഗിക്കാവുന്ന പോഷകങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മുടി വെട്ടിയശേഷം ഇവ ഉപയോഗിച്ച് തന്നെ സ്റ്റൈൽ ചെയ്യാൻ ശ്രമിക്കുക.

English Summary:

5 Tips for Trimming Curly Hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com