ത്രെഡിങ്ങ് ചെയ്യാതെ മേൽചുണ്ട് ഭംഗിയാക്കാം: പരീക്ഷിക്കാം എളുപ്പവഴികൾ
Mail This Article
സൗന്ദര്യ സങ്കൽപങ്ങളിൽ ചുണ്ടുകളുടെ ഭംഗിക്ക് ഏറെ പ്രാധാന്യമുണ്ട്. മുഖ ചർമത്തിന് എന്നപോലെ ചുണ്ടുകളുടെ ഭംഗി വർധിപ്പിക്കാനുള്ള ചികിത്സകളും പൊടികൈകളുമൊക്കെ ആളുകൾ പരീക്ഷിക്കാറുമുണ്ട്. എന്നാൽ മേൽചുണ്ടിലെ ചെറുരോമങ്ങൾ നീക്കം ചെയ്യുന്നത് സ്ത്രീകൾക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. ത്രെഡിങ്ങിലൂടെ രോമങ്ങൾ നീക്കം ചെയ്യാറുണ്ടെങ്കിലും അത് എല്ലാവർക്കും സ്വീകാര്യമല്ല എന്നതാണ് പ്രശ്നം. മറ്റൊരു മാർഗവുമില്ലാത്തതുകൊണ്ടു മാത്രം ത്രെഡിങ്ങിനായി ഇരുന്നു കൊടുക്കുന്നവരുമുണ്ട്. എന്നാൽ മേൽചുണ്ട് മൃദുവാക്കുന്നതിനും രോമങ്ങൾ നീക്കം ചെയ്യുന്നതിനും മറ്റുപല ബദൽ മാർഗങ്ങളും ഉണ്ടെന്നതാണ് യാഥാർഥ്യം. അവയിൽ ചിലത് നോക്കാം.
ഷേവിങ്ങ്
മുഖം ഷേവ് ചെയ്യുന്നത് പൊതുവേ പുരുഷന്മാരുടെ കാര്യമാണെന്ന് ചിന്തിക്കുന്നുണ്ടെങ്കിലും മേൽചുണ്ടിലെ രോമങ്ങൾ നീക്കം ചെയ്യാൻ സ്ത്രീകൾക്കും ഷേവിങ് ഏറെ സൗകര്യപ്രദമാണെന്നതാണ് സത്യം. മറ്റാരുടെയെങ്കിലും റേസറുകൾ ഉപയോഗിക്കാതെ ഇതിനായി സ്വന്തമായി ഒന്നു വാങ്ങി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. രോമങ്ങൾ വളരുന്ന ദിശ മനസ്സിലാക്കി അതേ ദിശയിൽ തന്നെ ഷേവ് ചെയ്ത് നീക്കാൻ ശ്രദ്ധിക്കുക. എന്നാൽ ഇത് താൽക്കാലിക പരിഹാരം മാത്രമാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ രോമം പഴയപടിയിലാകും എന്നും ഓർമിക്കണം.
ട്രിമ്മിങ്ങ്
മേൽചുണ്ടിലെ രോമങ്ങൾ നീക്കം ചെയ്യാനായി ചെറിയ കത്രികയോ അതുമല്ലെങ്കിൽ ഫേഷ്യൽ ഹെയർ ട്രിമ്മറോ വാങ്ങാം. മുഖത്ത് മാറ്റങ്ങൾ ഒന്നും വരുത്താതെ തന്നെ ഭംഗി വർധിപ്പിക്കുന്ന ലുക്ക് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച മാർഗമാണ് ട്രിമ്മിങ്ങ്. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടും വിധം രോമങ്ങൾ വളരും മുമ്പ് കൃത്യമായ ഇടവേളകളിൽ വെട്ടിയൊതുക്കിയാൽ മതിയാകും.
രോമം നീക്കം ചെയ്യാനുള്ള ക്രീം
ചർമത്തിലെ ചെറു രോമങ്ങൾ നീക്കം ചെയ്യുന്നതിനായി കെമിക്കലുകൾ അടങ്ങിയ ഹെയർ റിമൂവൽ ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. ഈ കെമിക്കലുകൾ രോമങ്ങളുടെ പ്രോട്ടീൻ ഘടനയെ തകർക്കുന്നതിലൂടെ അവ വേഗത്തിൽ തുടച്ചുനീക്കാനാവും. അതിനായി ആദ്യം മേൽചുണ്ടിൽ ക്രീം പുരട്ടുക. ശേഷം പാക്കിങ്ങിൽ നൽകിയിരിക്കുന്ന അത്രയും സമയത്തിന് ശേഷം തുടച്ചുനീക്കുക. ഇവ ഉപയോഗിക്കും മുമ്പ് ചർമത്തിന് സുരക്ഷിതമാണോ എന്നും പുരട്ടിയാൽ അലർജി ഉണ്ടാകുമോ എന്നും പരിശോധിക്കേണ്ടതുണ്ട്.
വാക്സിങ്ങ് സ്ട്രിപ്പുകൾ
മുഖ രോമങ്ങൾക്ക് മാത്രമായി തയാറാക്കിയ വാക്സിങ്ങ് സ്ട്രിപ്പുകൾ പല ബ്രാൻഡുകളും പുറത്തിറക്കിയിട്ടുണ്ട്. ഈ വാക്സ് സ്ട്രിപ്പ് കൈകൾക്കുള്ളിൽ വച്ച് ഉരസി ചൂടാക്കിയ ശേഷം മേൽചുണ്ടിൽ ഒട്ടിക്കുക. രോമങ്ങൾ വളരുന്നതിന്റെ എതിർ ദിശയിൽ വേണം സ്ട്രിപ്പ് പറിച്ചു നീക്കാൻ. രോമങ്ങളുടെ വേരിൽ നിന്നും അവ നീക്കം ചെയ്യപ്പെടുന്നതിനാൽ ഷേവിങ്ങിനേക്കാളും ട്രിമ്മിങ്ങിനേക്കാളും ഫലപ്രദമായ മാർഗമാണ് ഇത്.
ഇവയ്ക്കെല്ലാം പുറമേ സ്പ്രിങ്ങ് ഫേഷ്യൽ ഹെയർ റിമൂവറുകൾ പോലെയുള്ള ചില ഉത്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്. നേരിട്ട് കൈകളിൽ എടുത്ത് കൈകാര്യം ചെയ്യാവുന്നവയാണ് ഇത്തരം ഉപകരണങ്ങൾ. ചർമത്തിൽ മൃദുവായി പ്രവർത്തിക്കും എന്നതും ഇവയുടെ പ്രത്യേകതയാണ്. ഇവയൊന്നും ചെയ്യാൻ താല്പര്യം ഇല്ലാത്ത പക്ഷം ചില പ്രകൃതിദത്ത ഹോം റെമഡികളും പരീക്ഷിക്കാം.
പ്രകൃതിദത്ത മാർഗങ്ങൾ
മഞ്ഞൾ പേസ്റ്റ് നിർമിച്ച് പതിവായി മേൽചുണ്ടിൽ പുരട്ടുക എന്നതാണ് ഒരു മാർഗം. ഇവ ഹെയർ ഫോളിക്കിളുകളുടെ ബലം ക്ഷയിപ്പിക്കും. അങ്ങനെ ക്രമേണ മേൽചുണ്ടിലെ രോമങ്ങൾ പുറമേക്ക് അത്ര എളുപ്പത്തിൽ കാണാത്ത വിധത്തിലായി മാറും. മറ്റൊരു മാർഗം ഷുഗർ വാക്സിങ്ങാണ്. ഇതിനായി ചെറു ചൂടുവെള്ളത്തിൽ പഞ്ചസാര, നാരങ്ങാനീര് എന്നിവ ഇട്ടശേഷം നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കണം. പഞ്ചസാര ലായനി ഹോട്ട് സിറപ്പ് പരുവം ആകുന്നതുവരെ ചൂടാക്കേണ്ടതുണ്ട്. ഈ മിശ്രിതം ബൗളിലേക്ക് മാറ്റി 30 മിനിറ്റ് നേരം കാത്തിരിക്കാം. ഇതിനുശേഷം മുഖം നന്നായി കഴുകി അഴുക്കുകളും പൊടികളും നീക്കം ചെയ്യണം. മിശ്രിതം ചർമത്തിൽ ഉപയോഗിക്കാവുന്ന വിധത്തിൽ ചൂടാറുമ്പോൾ രോമമുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ച് രണ്ടോ മൂന്നോ സെക്കൻഡിനു ശേഷം രോമവളർച്ചയുടെ എതിർ ദിശയിൽ പറിച്ചെടുക്കുക. രോമങ്ങൾ നീക്കം ചെയ്ത ശേഷം മുഖത്തിന്റെ മൃദുത്വവും ഈർപ്പവും നിലനിർത്താനായി അല്പം എണ്ണ പുരട്ടുകയും ചെയ്യാം.