മുടിവളരുന്നതിനും മുഖക്കുരു തടയുന്നതിനും കട്ടൻചായ മതി; ഇങ്ങനെയൊന്ന് ഉപയോഗിച്ചു നോക്കൂ!
Mail This Article
നല്ല മഴയത്ത് ചൂട് കട്ടൻചായ കുടിക്കാൻ മിക്കവർക്കും ഇഷ്ടമായിരിക്കും. എന്നാൽ ഈ കട്ടൻചായ മനസിന് കുളിർമ നൽകുക മാത്രമല്ല നമ്മുടെ മുഖത്തിനും മുടിക്കും ഏറെ ഉത്തമമാണ്. കട്ടന്‍ ചായ മുടിയില്‍ പുരട്ടിയാല്‍ പല തരം ഗുണങ്ങളും ലഭിക്കും. ഇതിൽ മുടിയെ പോഷിപ്പിക്കുന്നതും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടിയുടെ സ്വാഭാവിക നിറം വർധിപ്പിക്കുന്നതിനും മുടിയുടെ തിളക്കം വർധിപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ ചർമത്തിലുണ്ടാകുന്ന വീക്കത്തിന് എതിരെയും ഫലപ്രദമായി കട്ടൻചായ പ്രവർത്തിക്കും. കൂടാതെ, അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ത്വക്കിനെ സംരക്ഷിക്കാനും കട്ടൻചായ സഹായിക്കും.
മുടിയുടെ ബലത്തിന്
ചായപ്പൊടി മുടിക്ക് ആവശ്യമായ വൈറ്റമിന്‍ ഇ, അയേണ്‍ എന്നിവ പോലുള്ള പോഷകങ്ങളേകുന്നു. ആരോഗ്യമുള്ള മുടിക്ക് വളരെ ആവശ്യമായ ഘടകങ്ങളാണ് ഇവ. വൈറ്റമിന്‍ ഇ തലയോട്ടിയുടെ ആരോഗ്യം ഉറപ്പാക്കുകയും അങ്ങനെ മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അയേണ്‍ ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മുടിവേരുകളിലേക്കു ഓക്‌സിജനും ആവശ്യമായ പോഷകങ്ങളും എത്തിക്കുന്നത് ചുവന്ന രക്താണുക്കളാണ്.
ചർമത്തിനും മുഖക്കുരുവിനും
ആന്റി ഓക്സിഡന്റ്, ആന്റി എയ്‌ജിങ് തുടങ്ങിയ കട്ടൻചായയിലെ ഘടകങ്ങൾ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമത്തിന് സഹായിക്കുന്നു. അകാല വാർധക്യം തടഞ്ഞ് ചർമത്തിനും ശരീരത്തിനും ചെറുപ്പം നൽകാനും ഇത് സഹായിക്കും. ചർമത്തെ ബാധിക്കുന്ന അണുബാധ തടഞ്ഞുകൊണ്ട് ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. ചർമത്തിലുണ്ടാകുന്ന വീക്കത്തിന് എതിരെയും ഫലപ്രദമായി കട്ടൻചായ പ്രവർത്തിക്കും. അതുകൊണ്ട് മുഖക്കുരു ഓർത്ത് ഇനി ടെൻഷൻ വേണ്ട.
മുടികൊഴിച്ചിൽ
ചായയിലുള്ള കാറ്റെച്ചിൻസ്, ഫ്ലൂവനോയിഡ് എന്നിവ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. ഇതിന് പുറമേ കട്ടൻചായയിലെ ആന്റി ഓക്സിഡന്റും മുടി കൊഴിയുന്നത് തടയും. മുടിയുടെ സ്വാഭാവിക നിറവും തിളക്കവും നിലനിർത്തുന്നതിനും രാവിലെ കട്ടൻ ചായ ശീലമാക്കുന്നത് സഹായിക്കുന്നു.
കുടിക്കുകയും പുരട്ടുകയും ചെയ്യാം
കട്ടൻചായ തലമുടിയിൽ പുരട്ടുന്നതിലൂടെ മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണുകളെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനായി സാധാരണ നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂ തേച്ച് തല കഴുകി വൃത്തിയാക്കുക. ശേഷം സാധാരണ കട്ടന്‍ചായ ഉണ്ടാക്കുന്നത് പോലെ പഞ്ചസാര ഇടാതെ ചായ ഉണ്ടാക്കുക. അതിനെ തണുപ്പിച്ച്, ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. ഷാംപൂ തേച്ച് വൃത്തിയാക്കിയ തലമുടിയിൽ ഇത് സ്പ്രേ ചെയ്തുകൊടുക്കാം. ഒരു കാപ് ഉപയോഗിച്ച് തലമുടി ആവരണം ചെയ്യുക. 15- 20 മിനിറ്റിനു ശേഷം തല കഴുകാം.
തേനിനൊപ്പം കട്ടൻചായ
കട്ടൻ ചായയിൽ ശുദ്ധമായ തേൻ കൂടി ചേർത്താൽ ചർമം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ തേൻ, സോറിയാസിസ്, ഹെർപ്പസ് അണുബാധ പോലുള്ള സങ്കീർണ പ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു.