ADVERTISEMENT

യുഎസിന്റെ തെരുവുകൾ പ്രതിഷേധ ജ്വാലകളിൽ ചുട്ടുപൊള്ളുകയാണ്. ‘‘എനിക്കു ശ്വാസം മുട്ടുന്നു, എന്നെ വെറുതെ വിടൂ’’ തുടങ്ങിയ മുദ്രാവാക്യങ്ങൾ രാജ്യത്ത് ഇനിയും ഒടുങ്ങിയിട്ടില്ല. അമേരിക്കൻ തെരുവിൽ പൊലീസുകാരാല്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ലോയ്‌ഡ് എന്ന കറുത്ത നിറക്കാരന്റെ ആത്മാവിനു നീതി ലഭിക്കാൻ പതിനായിരങ്ങൾ അമേരിക്കൻ തെരുവോരങ്ങളിൽ രാപകലില്ലാതെ പോരാടുന്ന കാഴ്ചയാണ് പിന്നിട്ട ആഴ്ചകളിൽ മാധ്യമങ്ങളിൽ നിറഞ്ഞത്. ലോകമാകെയും അതിന്റെ അലയൊലികളുണ്ട്. നിറമാണ് ഇവിടെ ചർച്ചാ വിഷയം. ജനിക്കുമ്പോൾ ലഭിക്കുന്ന നിറം. ഏതു നിറത്തിൽ ജനിക്കണമെന്നു ആർക്കും തീരുമാനിക്കാനാവില്ല. പല നിറത്തിലും രൂപത്തിലും കഴിവുകളോടും കൂടി ജനിക്കുന്ന മനുഷ്യർ. കഴിവിനും പെരുമാറ്റത്തിനും സ്വഭാവത്തിനുമൊക്കെ പ്രാധാന്യം നൽകേണ്ട ലോകത്തിൽ നിറം ഇപ്പോഴുമൊരു വിഷയമാണ്. ഒരു നിറത്തിന് പ്രൗഢിയും മഹിമയുമൊക്കെ കല്‍പ്പിച്ചു നൽകുമ്പോൾ മറ്റൊരു നിറം ജീവൻ തന്നെ നഷ്ടമാകാൻ കാരണമാകുന്ന അവസ്ഥ.

ഫ്ലോയ്‌ഡിനു സംഭവിച്ചത്

മേയ് 25 വൈകിട്ട്. മിനിയപ്പലിസിൽ തെരുവിലൂടെ നടക്കാനിറങ്ങിയ ജോർ‍ജ് ഫ്ലോയ്‌ഡ് (46) എന്ന കറുത്ത വർഗക്കാരൻ ഒരു കടയിൽനിന്നു 20 ഡോളർ നൽകി സിഗരറ്റ് വാങ്ങുന്നു. എന്നാൽ ഫ്ലോയ്‌ഡ് നൽകിയത് കള്ളനോട്ടാണെന്നു സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ മിനിയപ്പലിസ് പൊലീസ് സ്ഥലത്തെത്തി ഫ്ലോയ്‌ഡിനെ അറസ്റ്റു ചെയ്യുന്നു. നിരപരാധിയാണെന്നുള്ള ഫ്ലോയ്‌ഡിന്റെ വാദങ്ങളും കാറിനകത്തേക്ക് കയറ്റാനുള്ള പൊലീസുകാരുടെ ശ്രമവും സംഭവസ്ഥലത്ത് നേരിയ സംഘർഷം സൃഷ്ടിക്കുന്നു. പൊലീസുകാർ കാറിനോടു ചേർത്തു നിലത്തുകിടത്തി ഫ്ലോയിഡ്‌നെ കാൽമുട്ടുകൊണ്ട് അമർത്തുന്നു.

ഡെറക് ഷോവന്‍ എന്ന പൊലീസുകാരനാണു ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകൊണ്ട് അമർത്തിയത്. ‘എനിക്ക് ശ്വസിക്കാനവുന്നില്ല, ദയവായി എന്നെ വിടൂ’ എന്നിങ്ങനെ ഫ്ലോയ്‌ഡ് നിലവിളിക്കുന്നത് ചുറ്റും കൂടിയവർ പകർത്തിയ ദൃശ്യങ്ങളിലുണ്ട്. ഫോയ്‌ഡിനു ശ്വാസം ലഭിക്കുന്നില്ലെന്നും അയാൾ മരിച്ചുപോകുമെന്നും ചുറ്റിലുള്ളവര്‍ ആവർത്തിച്ചു പറഞ്ഞിട്ടും ഷോവൻ അനങ്ങിയില്ല. എട്ടു മിനിറ്റോളം നീണ്ട ബലപ്രയോഗത്തിനൊടുവിൽ ഫോയ്‌ഡ് മരണത്തിനു കീഴങ്ങി. 

us-politics-RACE-UNREST

ആ ദൃശ്യങ്ങൾ കണ്ടവർക്ക് വേദന തോന്നാതിരിക്കില്ല. ഒരു മനുഷ്യനാണു ജീവനു വേണ്ടി പിടഞ്ഞത്. അയാൾ നിരായുധനായിരുന്നു. നാലു പൊലീസുകാർ അവിടെയുണ്ടായിരുന്നു. കാറിൽ കയറാമെന്ന് അയാൾ സമ്മതിക്കുന്നുമുണ്ട്. ശ്വാസം കിട്ടുന്നില്ലെന്നു പറഞ്ഞ് അപേക്ഷിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും പൊലീസുകാരുടെ മുട്ടുകാലിൽ പിടഞ്ഞു ഫ്ലോയ‌്ഡിന്റെ ജീവൻ അവസാനിക്കാൻ കാരണം ?

20 ഡോളറിന്റെ കള്ളനോട്ട് നൽകിയ കേസിൽ യഥാർഥ കുറ്റക്കാരൻ ഫ്ലോയ്‌ഡ് തന്നെയാണെന്നിരിക്കട്ടെ, ലക്ഷക്കണക്കിനു കോടികൾ വെട്ടിച്ചവരും കൊടുംകുറ്റവാളികളും വിചാരണയുടെ എല്ലാ ആർഭാടങ്ങളും അനുഭവിച്ചു കഴിയുമ്പോഴാണ് വെറും 20 ഡോളർ ഒരാളുടെ ജീവൻ അപഹരിക്കുന്നത്. സത്യത്തിൽ പണമായിരുന്നോ അവിടെ പ്രശ്നം? വർണവെറിക്കെതിരെയും ഫ്ലോയ‌്ഡിന്റെ നീതിക്കുവേണ്ടിയും അമേരിക്കയിൽ കത്തിപ്പടരുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചന മറ്റൊന്നാണ്.

അമേരിക്കയും ഫ്ലോയ്‌ഡുമാരും

കറുത്ത വർഗക്കാരോടുള്ള അമേരിക്കൻ പൊലീസിന്റെ പെരുമാറ്റം വളരെ മോശമാണെന്നാണു പ്രധാനമായും ഉയരുന്ന ആരോപണം. കറുത്തവൻ‍ കള്ളനും അക്രമിയുമാണ് എന്ന പൊതുധാരണ അമേരിക്കൻ പൊലീസ് വച്ചു പുലർത്തുന്നുണ്ട്. അവർ സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ ആയി ശക്തരല്ല എന്ന ചിന്തയും മോശമായി പെരുമാറിയാലും കുഴപ്പമില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. അതുകൊണ്ടു തന്നെ ഫ്ലോയ്‌ഡിനു പകരം ഒരു വെളുത്ത വര്‍ഗക്കാരനായിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു. കാരണം അയാള്‍ ഒരുപക്ഷേ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ളവനായിരിക്കാം, പൊലീസ് വകുപ്പിൽ പരിചയക്കാരുള്ളവനായിരിക്കാം തുടങ്ങിയ ചിന്തകൾ അവിടെ പ്രവർത്തിക്കും. അതായത് ഡെറക് ഷോവന്റെ മുട്ടിനടിയിലേക്ക് കാര്യങ്ങളെത്തില്ലെന്നു ചുരുക്കം.

നിറത്തിന്റെ പേരിൽ ക്രൂശിക്കപ്പെുന്ന കറുത്തവർഗക്കാരുടെ കഥ അമേരിക്കയിൽ പുതുമയുള്ളതല്ല. 2014 ജൂലൈ 17 ന്യൂയോർക്കിലെ തെരുവീഥിയിലാണ് എറിക് ഗാർണർ എന്ന യുവാവിന് ജീവൻ നഷ്ടമായത്. പൊലീസ് ചോക്ഹോൾഡ് (കഴുത്തിനു പിന്നിൽ കൈകൾകൊണ്ടു വരിഞ്ഞുമുറുക്കി കീഴ്പ്പെടുത്തുന്ന രീതി) എന്ന അഭ്യാസമുറ പ്രയോഗിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചതാണ്. ആസ്മ രോഗിയാണെന്നും ‘എനിക്കു ശ്വാസം കിട്ടുന്നില്ല’ എന്നുമുള്ള എറികിന്റെ ദയനീയ നിലവിളിക്ക് പൊലീസ് ചെവികൊടുത്തില്ല. അബോധാവസ്ഥയിലായ എറിക് പിന്നീട് ഹൃദയാഘതം മൂലം മരിച്ചു. നികുതി കൊടുക്കാതെ സിഗററ്റ് വിറ്റു എന്നതായിരുന്നു എറിക്കിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. അന്നും ‘ഐ കാൻഡ് ബ്രീത്ത്’ എന്ന മുദ്രാവാക്യവുമായി പതിനായിരങ്ങൾ തെരുവിലിറങ്ങി. അതിനിടയിലാണ് മറ്റൊരു സംഭവം ഉണ്ടാകുന്നത്. അതേ വര്‍ഷം ഓഗസ്റ്റില്‍ മിസ്സൂറി സംസ്ഥാനത്തെ ഫെര്‍ഗൂസണില്‍ മൈക്കല്‍ ബ്രൗണ്‍ (18) എന്ന കറുത്ത  വര്‍ഗക്കാരന്‍ വെടിയേറ്റു മരിച്ചു. പൊലീസുകാരനുമായി വാക്കു തർക്കത്തിലേർപ്പെട്ടതാണ് ഈ കൊലയ്ക്കു കാരണമായത്.

death of George Floyd

ആരോപിക്കപ്പെട്ട കുറ്റങ്ങളേക്കാൾ പൊലീസുകാരുടെ തീരുമാനത്തെ ചോദ്യം ചെയ്തു, പ്രതിഷേധിച്ചു, വാക്കു തർക്കത്തിലേർപ്പെട്ടു, അവരെ തള്ളിമാറ്റി എന്നതെല്ലാമായിരുന്നു ഇവരുടെ ജീവൻ അപഹരിച്ചത്. അതായത് ഒരു കറുത്ത വര്‍ഗക്കാരൻ ശബ്ദമുയർത്തുന്നതു പോലും പൊലീസുകാരെ വലിയ രീതിയിൽ പ്രകോപിപ്പിക്കുകയും അവർ ശക്തമായി ബലം പ്രയോഗിക്കുകയും ചെയ്യുന്നു. ഈ കൊലപാതകങ്ങളിലൊന്നും പൊലീസുകാർക്കൊന്നും കാര്യമായ ശിക്ഷ ലഭിച്ചില്ല എന്നതും എടുത്തു പറയേണ്ടതാണ്.

എറിക് ഗാർണർ കേസിലെ പൊലീസുകാർ സർവീസിൽ തിരിച്ചുകയറാൻ അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുന്നു. മൈക്കലിന്റെ കേസിൽ പൊലീസുകാർ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു. ഇവിടെ നിറം നീതിയിലും പ്രതിഫലിക്കുന്നതായി പ്രതിഷേധിക്കാർ ഇതു ചൂണ്ടി കാണിക്കുന്നു.

അമേരിക്കയും അടിമത്തവും

റെഡ് ഇന്ത്യൻസ് എന്ന ഗോത്രവർഗക്കാരായിരുന്നു അമേരിക്കയിലെ ആദിമ ജനത എന്നാണ് ചരിത്രം.  കോളനിവത്കരണത്തിന്റെ ഭാഗമായി അമേരിക്കയിലേക്കെത്തിയ യൂറോപ്യൻ രാജ്യങ്ങൾ ഈ ഗോത്ര വർഗക്കാരെ കൊന്നൊടുക്കുകയും അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് കൃഷിക്കും മറ്റു ജോലികൾക്കുമായി ആഫ്രിക്കയിൽ നിന്നു പരമാവധി കറുത്തവർഗക്കാരെ അമേരിക്കയിൽ എത്തിച്ചു. 

കോളനികളായ മറ്റു രാജ്യങ്ങളിലെ വിചാരണത്തടവുകാരെയും കൊടും കുറ്റവാളികളെയും യൂറോപ്യന്മാർ അമേരിക്കയിലേക്കു നാടുകടത്തിയതായും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ കുടിയേറ്റക്കാരുടെ ഒരു സംഗമ ഭൂമിയായിരുന്നു അമേരിക്ക. എന്നാൽ സാമ്രാജ്യത്തിന്റെ അന്ത്യത്തോടെ അമേരിക്കയിൽ ഭൂരിപക്ഷമുണ്ടായിരുന്ന വെള്ളക്കാർ രാജ്യത്ത് അധികാരം സ്ഥാപിച്ചെടുക്കുകയും കറുത്ത വർഗക്കാരെ അടിമകളാക്കി നിർത്തുന്നതു തുടരുകയും ചെയ്തു. 

1865ൽ അടിമത്തം നിരോധിച്ചു നിയമം പാസാക്കിയെങ്കിലും അമേരിക്കയിലെ കറുത്ത വർഗക്കാരെ രണ്ടാംകിടക്കാരായിത്തന്നെ കണ്ടുപോന്നു. പിന്നീട് 1964ൽ നിറത്തിന്റെ പേരിലുള്ള വർണവിവേചനം അവസാനിപ്പിച്ചുകൊണ്ട് സിവിൽ റൈറ്റ്സ് ആക്ട് പാസാക്കാൻ അമേരിക്കൻ സർക്കാർ തയാറായെങ്കിലും നിയമങ്ങളെല്ലാം കടലാസിൽ മാത്രം ഒതുങ്ങി. അമേരിക്കൻ ഭരണസിരാ കേന്ദ്രങ്ങളിൽ പോലും കറുത്ത വർഗക്കാരുടെ സാന്നിധ്യമുണ്ടെങ്കിലും അമേരിക്കൻ പ്രസിഡന്റിന്റെ ഇരിപ്പിടം വരെ കറുത്ത വർഗക്കാർ അലങ്കരിച്ചിട്ടുണ്ടെങ്കിലും അവരിന്നും രണ്ടാം കിട പൗരന്മാരായി തുടരുന്നു.

ജോർജ് ഫ്ലോയിഡിന്റെ മരണത്തെത്തുടർന്നു നടന്ന പ്രതിഷേധം.
ജോർജ് ഫ്ലോയിഡിന്റെ മരണത്തെത്തുടർന്നു നടന്ന പ്രതിഷേധം.

നിറം കുറിക്കുന്ന തമാശകൾ 

നിറത്തെ അടിസ്ഥാനമാക്കി ആളുകളെ വിലയിരുത്തുന്ന രീതി ഇന്നും തുടരുന്നുണ്ട്. അത് അമേരിക്കയിൽ മാത്രമല്ല. ഫ്ലോയ‌്ഡിന്റെ മരണം ശക്തമായപ്പോൾ വിവിധ മേഖലകളിലുള്ളവർ അവർ നേരിട്ട വിവേചനം തുറന്നു പറഞ്ഞിരുന്നു. ഒന്നു ചെവിയോർത്താൽ നമ്മുടെ നാട്ടിലും ഇതു കാണാനാവും. നീ ആഫ്രിക്കക്കാരനാണോ ? കറന്റ് പോയാൽ നിന്നെ കാണുമോ ? നിന്റെ ശരീരത്തിൽ ഉരസിയാൽ ഞാനും കറുപ്പാകും......എന്ന രീതിയിലുള്ള വാക്കുകൾ സഹപാഠികൾക്കിടയിലെ തമാശകളില്‍ മുതൽ കോമഡി സ്കിറ്റുകളിൽ വരെ സജീവമായി ഇന്നും ഉപയോഗിക്കപ്പെടുന്നു. തമാശയുണ്ടാക്കാനുള്ള ഒന്നല്ല നിറം എന്നു മനസ്സിലാക്കാൻ ഇനിയും നമുക്ക് സാധിച്ചിട്ടില്ല. കറുത്തവർ മുടി വളർത്തിയാലോ കമ്മലിട്ടാലോ കുറി തൊട്ടാലോ അവരെ ‘കോളനി’ എന്നു വിളിച്ച് പരിഹസിക്കുന്ന പ്രവണത സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. കോളനിയിൽ ജീവിക്കുന്നവര്‍ മോശക്കാരാണ് എന്ന ധാരണ കൂടിയാണ് ഇതിനൊപ്പം കടത്തി വിടുന്നത്. ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുന്നതു ചില മുൻവിധികളാണ്. 

പരിഷ്കൃതമായ ഒരു സമൂഹം നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ ആളുകളെ വേർതിരിച്ചു കാണുകയോ അപഹസിക്കുകയോ ചെയ്യില്ല. അവിടെ ചോദ്യം ചെയ്യുന്നത് ആത്മാഭിമാനമാണ്. ഈ ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും അതുണ്ട്. ഏതു നിറത്തിലുള്ള ആളായാലും ചെയ്യുന്ന പ്രവൃത്തികളും നേട്ടങ്ങളും അടിസ്ഥാനമാക്കിയാണ് വിലയിരുത്തപ്പെടേണ്ടത് എന്നു മനസ്സിലാക്കാൻ ഇനിയും സമയമെടുക്കും. അതുവരെ ഫ്ലോയ്‌ഡുമാർ ഇനിയും ഉണ്ടാകില്ല എന്നാശ്വസിക്കാൻ മാത്രമേ ലോകത്തിനാകൂ.

English Summary :  How colour works in society 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com