മുത്തുമുത്തശ്ശി! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത; കൊടുമുടി കീഴടക്കിയത് രണ്ടുതവണ
Mail This Article
പടിഞ്ഞാറൻ ജാപ്പനീസ് സിറ്റിയായ ആഷിയയിലെ മുത്തശ്ശി തൊമിക്കോ ഇതൂക്കയ്ക്ക് 116 വയസ്സ്! പ്രായത്തിൽ ലോകറെക്കോർഡ് തിരുത്തിയതോടെ ആഷിയ സിറ്റി അധികൃതർ തൊമിക്കോയുടെ 116–ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പുറത്തുവിട്ടു. 117 വയസ്സുകാരിയായ സ്പാനിഷുകാരി മരിയ ബ്രന്യാസ് കഴിഞ്ഞദിവസം മരിച്ചതോടെയാണു തൊമിക്കോ ലോകമുത്തശ്ശിയായത്.
1908 മേയ് 23നാണ് ഇതൂക്കയുടെ ജനനം. ഒരുകുടുംബത്തിലെ മൂത്തമകളായി ജനിച്ച ഇതൂക്കയ്ക്ക് രണ്ട് സഹോദരങ്ങളുണ്ട്. ഇരുപതാം വയസ്സിൽ ഇതൂക്ക വിവാഹിതയായി. രണ്ടു പെൺമൺക്കള്‍ക്കും രണ്ട് ആൺമക്കൾക്കും ജന്മം നൽകി. യുദ്ധകാലത്ത് ഭർത്താവിന്റെ ദക്ഷിണ കൊറിയയിലുള്ള ടെക്സ്റ്റൈൽ ഫാക്ടറി ഏറ്റെടുത്തു. 1979ൽ ഭർത്താവിന്റെ മരണ ശേഷം പടിഞ്ഞാറൻ ജപ്പാനിൽ ഒറ്റയ്ക്കായിരുന്നു താമസം. അക്കാലത്താണ് പർവതാരോഹണത്തിൽ ആകൃഷ്ടയായത്.
70–ാം വയസ്സിൽ ജപ്പാനിലെ മൗണ്ട് ഒൻതാകെ കൊടുമുടി സാധാരണ സ്നീക്കർ ഷൂ ധരിച്ചു തൊമിക്കോ കീഴടക്കിയിട്ടുണ്ട്. ജീവിതത്തിൽ രണ്ടുതവണ ഇതൂക്ക മൗണ്ട് ഒൻതാകെ കീഴടക്കിയിട്ടുണ്ട്.
നൂറാം വയസ്സിൽ ആഷിയ തീർഥാടനകേന്ദ്രത്തിലെ നീളൻ കൽപടവുകൾ വടിയുടെ പോലും സഹായമില്ലാതെ കയറിയും ഞെട്ടിച്ചു. 2019ൽ ഒരു നഴ്സിങ് ഹോമിലേക്ക് താമസം മാറ്റിയ ഇതൂക്കയുടെ നടത്തം പിന്നീട് വീൽ ചെയറിലായി.