ADVERTISEMENT

പുതുവർഷം പിറക്കുമ്പോൾ ഇത്തവണ കത്തിത്തീരാൻ കൊച്ചിയിൽ പപ്പാഞ്ഞി ഉണ്ടാകില്ല. 1980 കളുടെ ആദ്യത്തിൽ കൊച്ചിൻ കാർണിവലിന് തുടക്കമിട്ടപ്പോൾ ഒപ്പം കൂടിയതാണ് കൊച്ചിയുടെ ചരിത്രത്തിന്റെ ഭാഗമായ പപ്പാഞ്ഞി കത്തിക്കൽ. കാർണിവൽ കേരളത്തിലെ ഏറ്റവും വലിയ പുതുവത്സര ആഘോഷമായി മാറിയപ്പോൾ അതിന്റെ ശ്രദ്ധാകേന്ദ്രമായി പപ്പാഞ്ഞി മാറുകയും ചെയ്തു. പ്രളയവും ഓഖിയും ഉൾപ്പെടയുള്ള പ്രതിസന്ധികളെ മുൻവർഷങ്ങളിൽ അതിജീവിച്ച് കൊച്ചിയിൽ തലയെടുപ്പോടെ നിൽക്കുകയും കത്തിത്തീരുകയും ചെയ്ത പപ്പാഞ്ഞിക്ക് ഇത്തവണ കോവിഡിനോട് തോൽവി സമ്മതിക്കേണ്ടി വന്നു. കോവിഡ് രോഗഭീതിയുടെ സാഹചര്യത്തിൽ ആഘോഷ പരിപാടികൾ പൂർണമായി ഒഴിവാക്കാൻ കാർണിവൽ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 

pappanji-burning
പപ്പാഞ്ഞിയെ കത്തിക്കുന്നു (ഫയൽ ചിത്രം)

കൊച്ചിയുടെ ചരിത്രത്തിലാണ് പപ്പാഞ്ഞിയുടെ സ്ഥാനം. 1503 മുതൽ 1663 വരെ കൊച്ചിയിലുണ്ടായിരുന്ന പോർച്ചുഗീസ് ഭരണകാലത്താണ് പപ്പാഞ്ഞിയുടെ വേരുകൾ ചെന്നെത്തുക. കത്തോലിക്ക ക്രിസ്ത്യാനികളായ പോർച്ചുഗീസുകാർ ക്രിസ്മസും പുതുവത്സരവും ഗംഭീരമായി ആഘോഷിച്ചിരുന്നു. ഈ ആഘോഷങ്ങളുടെ അവശേഷിപ്പുകളിൽനിന്നാണ് കൊച്ചിയിൽ പപ്പാഞ്ഞി കത്തിക്കല്‍ രൂപം കൊള്ളുന്നത്. മുത്തച്ഛൻ എന്നാണ് പപ്പാഞ്ഞി എന്ന പോർച്ചുഗീസ് വാക്കിന്റെ അർഥം. കോട്ടും സ്യൂട്ടും തൊപ്പിയും ഷൂസുമൊക്കെ ധരിച്ച വൃദ്ധ രൂപമാണ് പപ്പാഞ്ഞിക്ക്. കഴിഞ്ഞു പോകുന്ന വർഷത്തെയാണ് ഇതിലൂടെ പ്രതിനിധീകരിക്കുന്നത്. ആ വർഷത്തെ ചാരമാക്കി പ്രതീക്ഷയോടെ പുതുവർഷത്തിന് സ്വാഗതം പറയുന്നു.

cochin-carnival-3
കൊച്ചിൻ കാർണിവലിന്റെ ഭാഗമായുള്ള റാലി (ഫയൽ ചിത്രം)

2012 ൽ കൊച്ചിയിൽ ബിനാലെ ആരംഭിച്ചതോടെയാണ് പപ്പാഞ്ഞി നിർമാണം കലാകാരന്മാർ ഏറ്റെടുത്തത്. അതോടെ പപ്പാഞ്ഞിയുടെ രൂപത്തിലും ഭാവത്തിലുമെല്ലാം കലാപരമായ മാറ്റങ്ങളുണ്ടായി. ഇത് കൊച്ചിൻ കാർണിവലിന് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്തു. 2017 ൽ ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ പപ്പാഞ്ഞിക്ക് ദുഃഖ ഭാവമാണ് നൽകിയത്. 2018 ൽ‌ പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികളെ അഭിവാദ്യം ചെയ്യുന്ന പപ്പാഞ്ഞിയും 2019 ൽ പ്രകൃതി സംരക്ഷണ സന്ദേശം പങ്കുവയ്ക്കുന്ന പപ്പാഞ്ഞിയും കൊച്ചിയിൽ കത്തിയെരിഞ്ഞു. 40 അടിയിലേറെയായിരുന്നു ഈ പപ്പാഞ്ഞിമാരുടെ ഉയരം. 

cochin-carnival-2
കൊച്ചിൻ കാർണിവലിന്റെ ഭാഗമായുള്ള റാലി (ഫയൽ ചിത്രം)

ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസ് ആണ് അവസാന മൂന്നു വർഷവും പപ്പാഞ്ഞിയെ രൂപകൽപന ചെയ്തത്. കാർണിവൽ ഒഴിവാക്കേണ്ടി വന്നതിന്റെ വേദന ഓരോ കൊച്ചിക്കാരെയും പോലെ അദ്ദേഹത്തിനുമുണ്ട്. ‘‘പപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരത്തെ വരവേൽക്കൽ കൊച്ചിയിൽ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. ഓരോ വഴിയിലും കുട്ടികൾ പപ്പാഞ്ഞിയെ ഉണ്ടാക്കി വച്ചിട്ടുണ്ടാകും. 35 വർഷം മുമ്പാണ് പപ്പാഞ്ഞി കാർണിവലിന്റെ ഭാഗമാകുന്നത്. കാർണിവലും പപ്പാഞ്ഞിയും ഇല്ലാത്ത പുതുവത്സരം കൊച്ചിക്കാർക്ക് ചിന്തിക്കാൻ പോലും പ്രയാസമാണ്. ‌എങ്കിലും നമുക്ക് മറ്റു മാർഗങ്ങളില്ലല്ലോ. വരും വർഷങ്ങളിൽ എല്ലാം പഴയതു പോലെയാകും. പ്രതീക്ഷകളോടെ നമുക്കീ പുതുവത്സരത്തെ വരവേൽക്കാം’’– അദ്ദേഹം പറഞ്ഞു.

cochin-carnival-1
കൊച്ചിൻ കാർണിവലിന്റെ ഭാഗമായുള്ള റാലി (ഫയൽ ചിത്രം)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com