ഹൈഹീൽസ് വേണ്ട; ഇനി കാഞ്ചീവരം സ്നീക്കറുകള്‍ ഉഷ ഉതുപ്പിന്റെ സ്റ്റൈൽ: ക്ലാസിയെന്ന് ആരാധകർ

Mail This Article
കടുംനിറത്തിലുള്ള സാരിയും വലിയ പൊട്ടും അതിനിണങ്ങുന്ന രീതിയിലുള്ള ആക്സസറീസുമാണ് പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ എക്കാലത്തെയും സ്റ്റൈൽ. സ്റ്റൈലിൽ തന്റേതായ ഒരു രീതി പിൻതുടരാൻ അവർ എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോൾ കാഞ്ചീവരം സ്നീക്കേഴ്സ് തന്റെ സ്റ്റൈലിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഉഷ ഉതുപ്പ്. റെഡ് എഫ്എം ഇന്ത്യ റേഡിയോ സ്റ്റേഷനു നൽകിയ അഭിമുഖത്തിലൂടെയാണ് ഉഷ തന്റെ കാഞ്ചീവരം സ്നീക്കറുകൾ പരിചയപ്പെടുത്തിയത്.
ദീർഘകാലമായി സാരിക്കൊപ്പം ഹൈഹീൽസ് ചെരുപ്പുകളാണ് ഉഷ ഉതുപ്പ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഹൈഹീൽസ് ഉപയോഗിക്കുന്നതിൽ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ മകളാണ് കാഞ്ചീവരം സ്നീക്കേഴ്സ് ധരിക്കാമെന്ന ആശയം മുന്നോട്ടുവച്ചതെന്ന് ഉഷ ഉതുപ്പ് പറയുന്നു. കാഞ്ചീവരം സാരിയാണ് ഈ സ്നീക്കറുകൾ നിർമിക്കാൻ ഉപയോഗിച്ചത്.
സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച വിഡിയോയിൽ മൂന്നു ജോഡി കാഞ്ചീവരം സ്നീക്കറുകൾ ഉഷ ഉതുപ്പ് പരിചയപ്പെടുത്തുന്നുണ്ട്. ‘ഞാനൊരു മധ്യവർഗ കുടുംബത്തിൽ നിന്ന് വരുന്ന വ്യക്തിയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്ഥിരമായ ഫാഷനായിരിക്കും. പക്ഷേ, അത് നമുക്ക് കംഫേർട്ട് ആയിരിക്കണം.’– ഉഷ ഉതുപ്പ് പറഞ്ഞു. സ്വന്തം കാഞ്ചീവരം സാരികള്‍ ഉപയോഗിച്ചാണ് ഇതിൽ രണ്ടു സ്നീക്കറുകൾ നിർമിച്ചതെന്നും അവർ വെളിപ്പെടുത്തി.
‘ഞാൻ അവർക്ക് എന്റെ രണ്ടു കാഞ്ചീവരം സാരികളും സ്നീക്കറുകളും നൽകി. അവർ അതിൽ വിസ്മയം തീർത്തു. ’– ഉഷ ഉതുപ്പ് കൂട്ടിച്ചേർത്തു. കാഞ്ചീവരം ഷൂ പദ്ധതി രാഷ്ട്രപതിക്കു മുന്നിൽ അവതരിപ്പിച്ചതായും ഉഷ ഉതുപ്പ് അറിയിച്ചു. ഇത് സ്റ്റൈലും ക്ലാസിയുമാണെന്നാണ് ആരാധകരുടെപക്ഷം.