വൈറ്റ് ഹൗസിൽ വരെയെത്തിയ 'കുട്ടിച്ചാത്തൻ'; കോടികൾ കൊയ്യാൻ പുതിയ പോക്കിമോൻ

Mail This Article
ആഷും പികാച്ചുവും വിടപറയുന്നു... ലോകമെമ്പാടുമുള്ള ആരാധകർ ഹൃദയം തകർന്നിരിക്കുമ്പോൾ നിങ്ങളിൽ ചിലരെങ്കിലും ചിന്തിക്കുന്നത് ഇവന്മാരൊക്കെ ആരാണെന്നായിരിക്കും. അത് അറിയണമെങ്കിൽ പോക്കിമോൻ ആരാണെന്നറിയണം.. പോക്കിമോൻ ഗോ എന്താണെന്നറിയണം.. ഓഗ്മെന്റഡ് റിയാലിറ്റി ഗെയിം കളിക്കാനുള്ള സെൻസും സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും വേണം... അല്ലെങ്കിലും പോക്കിമോനോട് കളി വേണ്ട മോനേ ദിനേശാ... ലോകമെങ്ങും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമിലെ ആരാധകരുടെ ഇഷ്ടകഥാപാത്രങ്ങളായ ആഷും പികാചുവുമാണ് കളിക്കളത്തിൽനിന്ന് അകാലത്തിൽ വിടപറയുന്നത്. 25 വർഷം ഗെയിമേഴ്സിന്റെ ഹിറ്റ്‌ലിസ്റ്റിൽ നിറഞ്ഞുനിന്നു ത്രില്ലടിപ്പിച്ച ഇവരുടെ പിൻവാങ്ങൽ ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. കാരണം ആഷിനും പികാചുവിനുമൊപ്പം വളർന്ന ഒരു തലമുറയുടെ എക്കാലത്തെയും പ്രിയപ്പെട്ടൊരു നൊസ്റ്റാൾജിയ കൂടിയാണ് പോക്കിമോൻ ഗെയിം. എന്തായാലും ഗെയിമേഴ്സിനു പുതിയൊരു സീരീസ് സമ്മാനിക്കുന്നുണ്ട് പോക്കിമോൻ ഈ പുതുവർഷത്തിൽ എന്നതാണ് ഏക ആശ്വാസം. 2023 ഏപ്രിൽ വരെ കാത്തിരിക്കണം ഈ പുതിയ സീരീസ് കയ്യിലെത്താൻ...