ദിവസങ്ങൾക്കുള്ളിൽ വിവാഹവും വേർപിരിയലും; സ്ത്രീകൾ 3 മാസംകൊണ്ട് തട്ടിപ്പിലൂടെ സമ്പാദിക്കുന്നത് 35 ലക്ഷം രൂപ

Mail This Article
സിംഗിളായ പുരുഷന്മാരെ എളുപ്പത്തിൽ വലയിലാക്കി വിവാഹം കഴിച്ച് ലക്ഷങ്ങൾ തട്ടുകയാണ് ചൈനക്കാരായ യുവതികൾ. പരിചയപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ വിവാഹവും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിവാഹമോചനവും നടത്തിയാണ് ഈ തട്ടിപ്പ്. ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൂടുതലായി ആളുകൾ തിരഞ്ഞെടുക്കുന്നതാണ് തട്ടിപ്പിനു വഴി തുറന്നു കൊടുക്കുന്നതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
പങ്കാളികളെ കണ്ടെത്താനും ഡേറ്റിങ് നടത്താനും വളരെ എളുപ്പത്തിൽ സൗകര്യമൊരുക്കുന്ന ഓൺലൈൻ സംവിധാനങ്ങൾക്ക് ആഗോളതലത്തിൽ പ്രാധാന്യം ഏറിയിട്ടുണ്ട്. സാമൂഹികമായി ഇടപെടുന്നതിനേക്കാൾ കൂടുതൽ ആളുകൾ മൊബൈലിനെയും കമ്പ്യൂട്ടറുകളെയും ആശ്രയിക്കുന്നു. എളുപ്പത്തിൽ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സാധ്യത പരമാവധി ഉപയോഗിക്കാനാണ് യുവജനങ്ങൾ ശ്രമിക്കുന്നത്. ആധികാരികതയോടെയും കൃത്യതയോടെയും ഇതിന് സൗകര്യമൊരുക്കുന്ന ധാരാളം പ്ലാറ്റ്ഫോമുകൾ ഉണ്ടെങ്കിലും ആളുകളുടെ ഈ മനഃസ്ഥിതി പരമാവധി ചൂഷണം ചെയ്ത് പണം തട്ടുന്നവർ ചൈനയിൽ അധികമായി ഉണ്ടെന്നാണ് വെളിവായിരിക്കുന്നത്.
വധുവാകാൻ തയാറാണെന്ന നാട്യത്തിൽ യുവതികൾ അവിവാഹിതരായ പുരുഷന്മാരുമായി ഓൺലൈനിൽ സംസാരിക്കുന്നു. ഇതിനായി പെൺകുട്ടികളെ പ്രത്യേകം ഏർപ്പെടുത്തുന്ന മാച്ച്മേക്കിങ് ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. ഇവർ ഒരു പുരുഷനെ കണ്ടെത്തി ഏതാനും ദിവസങ്ങൾ ഡേറ്റിങ് നടത്തും. പിന്നീട് വിവാഹത്തിന് ഒരുക്കമാണെന്ന് വാഗ്ദാനവും നൽകും. പെൺകുട്ടിക്കുള്ള സ്ത്രീധനമായി നല്ലൊരു തുക ഏജൻസിക്കു കൈമാറണമെന്ന കരാറിൽ ഇവർക്ക് ഒപ്പിടേണ്ടി വരും. പിന്നീട് വിവാഹവും നടക്കും.
എന്നാൽ വിവാഹത്തിനു തൊട്ടു പിന്നാലെ വധു ഒളിച്ചോടുകയോ അപ്രത്യക്ഷയാവുകയോ അതുമല്ലെങ്കിൽ എന്തെങ്കിലുമൊക്കെ കാരണങ്ങൾ ചൂണ്ടിക്കാട്ടി ദിവസങ്ങൾക്കുള്ളിൽ വിവാഹബന്ധം വേർപ്പെടുത്തുകയോ ചെയ്യുന്നു. ഫ്ലാഷ് വെഡ്ഡിങ് എന്നാണ് ഇത്തരം തട്ടിപ്പ് വിവാഹങ്ങൾ അറിയപ്പെടുന്നത്. സ്ത്രീധനമായി ലക്ഷങ്ങളാണ് വിവാഹത്തിനു മുൻപ് തന്നെ പുരുഷന്മാർ കൈമാറുന്നത്. ഇത്തരത്തിൽ ഓരോ വധുവും ഏജൻസികളും ചേർന്ന് മാസങ്ങൾക്കുള്ളിൽ പലരിൽ നിന്നായി 35 ലക്ഷം രൂപയ്ക്ക് മുകളിൽ തട്ടിയെടുത്ത സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷം മാർച്ച് മുതലിങ്ങോട്ട് ഹ്വാഗ്വോയുവാൻ മേഖലയിൽ നിന്നുമാത്രം 180 വിവാഹ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും ഓൺലൈനിൽ പങ്കാളിയെ തേടുന്ന അവിവാഹിതരായ പുരുഷന്മാരുടെ എണ്ണത്തിന് കുറവില്ലെന്ന് തട്ടിപ്പ് നടത്തിയ ഒരു ഏജൻസിയിൽ മുൻപ് പ്രവർത്തിച്ചിരുന്ന വ്യക്തി പൊലീസിനുമൊഴി നൽകിയിട്ടുണ്ട്.
ദിനംപ്രതി 40 ഉം 50 ഉം പുരുഷന്മാരെങ്കിലും യാതൊരുവിധ മുൻപരിചയവും ഇല്ലാത്ത പെൺകുട്ടികളുമായി ഡേറ്റിങ്ങിനു സന്നദ്ധരാകുന്നുണ്ട്. കൂടുതൽ പുരുഷന്മാർ അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കാനായി ഓൺലൈൻ സൈറ്റുകൾക്കു മേലുള്ള നിരീക്ഷണവും നടപടികളും ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണസംഘം. ഒരു പ്രദേശത്ത് പൊലീസ് പിടിമുറുക്കി എന്ന് അറിയുമ്പോൾ ഇത്തരം ഏജൻസികൾ ചൈനയുടെ മറ്റു മേഖലകളിലേയ്ക്ക് പ്രവർത്തനം മാറ്റുന്നതായും റിപ്പോർട്ടുകളുണ്ട്.