അസൂസ് സെൻബുക്ക് 17 ഫോൾഡ് ഒഎൽഇഡി ഇന്ത്യയിൽ അവതരിപ്പിച്ചു, വില 3 ലക്ഷം രൂപ
Mail This Article
സിഇഎസ് 2022 ൽ ജനുവരിയിൽ ആദ്യമായി പ്രദർശിപ്പിച്ച അസൂസ് സെൻബുക്ക് 17 ഫോൾഡ് ഒഎൽഇഡി ( Asus Zenbook 17 Fold OLED) ഇന്ത്യയിൽ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് വലിയ ടാബ്‌ലെറ്റോ കോംപാക്റ്റ് മോണിറ്ററോ ആയി ഉപയോഗിക്കാവുന്ന 17.3 ഇഞ്ച് മടക്കാവുന്ന ഒഎൽഇഡി ഡിസ്‌പ്ലേയോടെയാണ് പുതിയ ലാപ്‌ടോപ്പ് വരുന്നത്. സുഗമമായ ഫോൾഡിങ് ഫീഡ്‌ബാക്ക് നൽകാനായി സ്‌ക്രീനിന് രണ്ട് ഹിംഗുകളുണ്ട്. വൈ-ഫൈ 6ഇ, ഡോൾബി സ്പീക്കറുകൾ, രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ, 12 ആം തലമുറ ഇന്റൽ കോർ i7 പ്രോസസർ തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളും ഈ ലാപ്‌ടോപ്പിലുണ്ട്. ലോകത്തിലെ ആദ്യത്തെ 17 ഇഞ്ച് മടക്കാവുന്ന ലാപ്‌ടോപ്പാണിതെന്ന് അസൂസ് അവകാശപ്പെടുന്നു. ഒഎൽഇഡി ഡിസ്‌പ്ലേയുള്ള സെൻബുക്ക് 17 ഫോൾഡ് ഇന്ത്യയിൽ ഓൺലൈനായും ഓഫ്‌ലൈനായും 329,990 രൂപയ്ക്ക് ലഭ്യമാണ്. ഇപ്പോൾ 2,84,290 രൂപയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.
ബിഒഇയുമായി ചേർന്നാണ് ഡിസ്‌പ്ലേ നിർമിച്ചതെന്ന് അസൂസ് വ്യക്തമാക്കി. മടക്കാവുന്ന സ്മാർട് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി സെൻബുക്ക് 17 ഫോൾഡ് ഒഎൽഇഡിയ്ക്ക് പുറത്ത് കവർ സ്‌ക്രീൻ ഇല്ല. എന്നാൽ, പ്രധാന ഡിസ്‌പ്ലേയിൽ ഉപയോക്താക്കൾ ആവശ്യപ്പെടുന്നതെല്ലാം ഉണ്ട്. കണ്ണിന് പ്രശ്നം സൃഷ്ടിക്കുന്ന നീല വെളിച്ചം കുറയ്ക്കുന്നതിന് ടിയുവി റെയിൻലാൻഡ്-സർട്ടിഫൈഡ് ആണ് 17.3 ഇഞ്ച് ഡിസ്പ്ലേ. ഇതിന് ഡോൾബി വിഷൻ പിന്തുണയും 100 ശതമാനം ഡിസിഐ-പി3 ഗാമറ്റും ഉണ്ട്. 4:3 ആസ്പെക്റ്റ് റേഷ്യോയുള്ള സ്‌ക്രീനിന്റെ റെസലൂഷൻ 2560x1920 ആണ്. മടക്കുമ്പോൾ ഡിസ്പ്ലേയ്ക്ക് 3:2 റേഷ്യോയിൽ 1920x1280 പിക്സൽ റെസലൂഷൻ ലഭ്യമാണ്.
10 കോറുകൾ ഉള്ള 12 ആം തലമുറ ഇന്റൽ കോർ i7-1250U ആണ് പ്രോസസർ (രണ്ട് പെർഫോമൻസ് കോറുകളും എട്ട് എഫിഷ്യൻസി കോറുകളും). 16 ജിബി 5200MHz LPDDR5 റാം, 1 ടിബി PCIe 4.0 എസ്എസ്ഡി എന്നിവയും ഉൾപ്പെടുന്നു. 4K ഡിസ്പ്ലേ ഔട്ട്പുട്ടും 40 ജിബി/എസ് ഡേറ്റാ ട്രാൻസ്ഫർ വേഗവും വാഗ്ദാനം ചെയ്യുന്ന രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ ഉൾപ്പെടുന്നതാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ടൈപ്പ്-സി പോർട്ടുകൾ 65W വരെ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. കൂടാതെ ഏത് യുഎസ്ബി പിഡി ചാർജർ ഉപയോഗിച്ചും ചാർജിങ് നടക്കും. 3.5എംഎം ഓഡിയോ ജാക്ക് ഉണ്ട്, എന്നാൽ യുഎസ്ബി-എ പോർട്ട് ഇല്ല.
English Summary: Asus Zenbook 17 Fold OLED with 17.3-inch foldable display launched in India, costs over Rs 3 lakh