ADVERTISEMENT

ആപ്പിള്‍ കമ്പനി 2025ല്‍ ഇറക്കിയേക്കുമെന്നു കരുതുന്ന, നന്നെ മെലിഞ്ഞ ഐഫോണിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചാരം നേടുകയാണ്. അതിനു കാരണം, കമ്പനി ഇറക്കാന്‍ പോകുന്ന ഉപകരണങ്ങളെക്കുറിച്ച് യാഥാര്‍ത്ഥ്യമായി തീരാനിടയുള്ള പ്രവചനങ്ങള്‍ നടത്തിവരുന്ന വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ ആണ് ഈ അവകാശവാദത്തിനു പിന്നിലും എന്നതാണ്. ഇന്നുവരെ ഇറക്കിയിട്ടില്ലാത്ത തരത്തിലുള്ള ഒരു മോഡലായിരിക്കും 'ഐഫോണ്‍ 17 സ്ലിം' എന്നാണ് കുവോ പറയുന്നത്. അടുത്ത വര്‍ഷത്തെ ഏറ്റവും വില കൂടിയ മോഡലും ഇതായിരിക്കാം.

സ്ലിം-അള്‍ട്രാ?

കുറച്ചു കാലമായി ഐഫോണ്‍ അള്‍ട്രാ എന്നൊരു മോഡല്‍ പുറത്തിറക്കുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. പുതിയ ഫോണിനെക്കുറിച്ചുള്ള വിവരണങ്ങളില്‍ 'അള്‍ട്രാ-സ്ലിം' എന്നും ഉള്ളതിനാല്‍, പുതിയ മോഡലിന്റെ പേര് ഐഫോണ്‍ 17 സ്ലിം അള്‍ട്രാ എന്ന് ആയിരിക്കുമോ എന്ന സംശയം 9ടു5മാക്ഉന്നയിക്കുന്നു. 

പരിമിതികളും ഉണ്ടായേക്കും

അതേസമയം, കെട്ടിലും മട്ടിലും പുതുമയുമായി എത്തിയേക്കാന്‍ സാധ്യതയുള്ള ഐഫോണ്‍ 17 സ്ലിം മോഡലിന്, ഒറ്റ പിന്‍ ക്യാമറയേ കണ്ടേക്കൂ എന്നാണ് പറയുന്നത്. ഐഫോണ്‍ 16 കഴിഞ്ഞ് ഇറക്കാന്‍ പോകുന്ന ഐഫോണ്‍ 17ന് പിന്നില്‍ ഇരട്ട ക്യാമറയും, ഐഫോണ്‍ 17 പ്രോ സീരിസിന് മൂന്നു പിന്‍ ക്യാമറകളുംകണ്ടേക്കും. 

ഐഫോണ്‍ 17 സ്ലിം മോഡലിന് ഒരു വൈഡ് ക്യാമറ മാത്രമേ കാണുവത്രെ. വൈഡ് ക്യാമറ എന്ന വിവരണം ആപ്പിള്‍ നല്‍കിവരുന്നത് തങ്ങളുടെ ഫോണുകളിലെ പ്രധാന ക്യാമറയ്ക്കാണ്. ഈ ക്യാമറയെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍, നിലവിലെ സാഹചര്യം പരിഗണിച്ചാല്‍ കമ്പനി ഒരു 48എംപിക്യാമറ ആയിരിക്കും നല്‍കുക എന്ന് ഊഹിക്കാം. 

Image Credit: canva AI
Image Credit: canva AI

ടൈറ്റാനിയം നിര്‍മ്മിതി

ഐഫോണ്‍ 17 സ്ലിം മോഡലിന്റെ നിര്‍മ്മാണത്തിന് ടൈറ്റാനിയം ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ നിലവില്‍ പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ ലോഹ ചട്ടക്കൂടില്‍ ഉള്ള അത്ര ടൈറ്റാനിയം ഉപയോഗിക്കാതെയായിരിക്കും പുതിയ ഫോണിന്റെ നിര്‍മ്മിതിയെന്നും കുവോ പ്രവചിക്കുന്നു. 

കുവോയുടെ റിപ്പോര്‍ട്ട് പ്രകാരം ഐഫോണ്‍ 17 സ്ലിം മോഡലില്‍ ഇക്കാര്യങ്ങള്‍ പ്രതീക്ഷിക്കാം:

∙എ19 പ്രൊസസര്‍

∙6.6-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍

∙റസലൂഷന്‍ 2,740 x 1,260 പിക്‌സല്‍സ്

∙ഡൈനാമിക് ഐലൻഡ്

∙ക്വാല്‍കം 5ജി മോഡത്തിനു പകരം ആപ്പിള്‍ സ്വന്തമായി നിര്‍മ്മിച്ച 5ജി മോഡം

പ്ലസ് മോഡലുകള്‍ ഇനി നിര്‍മ്മിച്ചേക്കില്ല?

ഐഫോണ്‍ 13 സീരിസില്‍ വരെ മിനി എന്ന പേരില്‍ ഒരു കൊച്ചു ഫോണ്‍ ഇറക്കി വന്ന ആപ്പിള്‍, 14 സീരിസില്‍ അതിനു പകരം പ്ലസ് വിവരണവുമായി കൂടുതല്‍ സ്‌ക്രീന്‍ വലിപ്പമുള്ള മോഡല്‍ പുറത്തിറക്കി. ഈ വര്‍ഷത്തെ ഐഫോണ്‍ 16 പ്ലസ് ആയിരിക്കാം ഈ ശ്രേണിയിലെ അവസാന ഫോണ്‍. 

അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ഐഫോണ്‍ ലൈന്‍-അപ് ഇങ്ങനെ-ഐഫോണ്‍ 17, 17 സ്ലിം, 17 പ്രോ, 17 പ്രോ മാക്‌സ്.

Image Credit: husayno/Istock
Image Credit: husayno/Istock

ഐഫോണ്‍ 17 സ്ലിം ഒരു സംഭവമായിരിക്കുമോ?

കഴിഞ്ഞ ദിവസം ഐസ് യൂണിവേഴ്‌സ് എന്ന പേരില്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ ഇടുന്ന വ്യക്തി പറയുന്നത് ശരിയാണെങ്കില്‍ അടുത്ത വര്‍ഷം ഇറക്കാന്‍ പോകുന്ന ഫോണുകളില്‍ ഏറ്റവും വില കൂടുതല്‍ ഐഫോണ്‍ 17 സ്ലിം മോഡലിന് ആയിരിക്കും-തുടക്ക വേരിയന്റ് സ്വന്തമാക്കണമെങ്കില്‍ 1299 ഡോളര്‍ നല്‍കണം. 

ഐഫോണ്‍ 17 സ്ലിം മെലിഞ്ഞ ഫോണ്‍ ആയിരിക്കുമെന്നതല്ലാതെ മറ്റ് ഹാര്‍ഡ്‌വെയര്‍ മേന്മ കണ്ടേക്കില്ലെന്നുള്ള അഭിപ്രായവും ഉണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ പ്ലസ് വേരിയന്റിന്റെ അല്‍പ്പം പരിഷ്‌കൃതവും, ക്യാമറയുടെ കാര്യത്തില്‍ 'അപരിഷ്‌കൃതവു'മായ വേരിയന്റ് ആയിരിക്കാം ഇത്.

ഐഫോണ്‍ 17 പ്രോ മോഡലുകള്‍ക്ക് 12ജിബി റാം ഉള്ളപ്പോള്‍, ഐഫോണ്‍ 17 സ്ലിമ്മിന് 8ജിബിയാണ് പ്രവചിക്കപ്പെടുന്നത്. ഐഫോണ്‍ 17 സ്ലിം പോലെയൊരു മോഡല്‍ ആപ്പിള്‍ പുറത്തിറക്കിയേക്കും എന്ന് ദി ഇന്‍ഫര്‍മേഷന്‍ വെബ്‌സൈറ്റ്, ജെഫ് പു എന്ന വിശകലനവിദഗ്ധന്‍ തുടങ്ങിയവര്‍ നേരത്തെ പ്രവചിച്ചിട്ടുണ്ട്. 

∙വില കുറച്ച് എഐ പ്രൊസസറുകള്‍ ഉണ്ടാക്കാന്‍ കച്ചകെട്ടി ആമസോണ്‍

ഓസ്റ്റിനിലുള്ള ആമസോണിന്റെ ചിപ് നിര്‍മ്മാണ ലാബില്‍ പുതിയ എഐ പ്രൊസസറുകള്‍ രൂപപ്പെട്ടു വരുന്നതായി റോയിട്ടേഴ്‌സ്. നിലവിലെ ഏറ്റവും വലിയ ചിപ് നിര്‍മ്മാതാവായ എന്‍വിഡിയയ്ക്ക് വെല്ലുവിളി ഉയര്‍ത്താനാണ് ആമസോണ്‍ ശ്രമിക്കുന്നതെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടിവ് റാമി സിനോപറഞ്ഞു. 

നിര്‍മാണം അന്നപൂര്‍ണ്ണാ ലാബ്‌സിൽ

ഇസ്രയേല്‍ ഉടമകളില്‍ നിന്ന് ആമസോണ്‍ 2015ല്‍ വാങ്ങിയ അന്നപൂര്‍ണ്ണാ ലാബ്‌സിലാണ് ചിപ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇപ്പോഴിത് ആമസോണ്‍ വെബ് സര്‍വിസസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. വില 40-50 ശതമാനം വരെ കുറച്ച് എഐ ചിപ്പുകള്‍ നിര്‍മ്മിക്കുക എന്നതാണ് ലാബ്‌സിന്റെ ഉദ്ദേശം. ഇക്കഴിഞ്ഞ ആമസോണ്‍ പ്രൈം ഡേയിലെ തിരക്ക് ഉള്‍ക്കൊള്ളാനായി ആമസോണിന് 25 ദശലക്ഷം ഗ്രാവിറ്റൊണ്‍ ചിപ്പുകള്‍ക്കൊപ്പം, സ്വന്തമായി നിര്‍മ്മിച്ച 80,000 ചിപ്പുകളും പ്രയോജനപ്പെടുത്തേണ്ടി വന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. 

എച്പിയുടെ കോപൈലറ്റ് പ്ലസ് എഐ പിസികള്‍ വില്‍പ്പനയ്‌ക്കെത്തി

നിര്‍മിത ബുദ്ധി അധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള ഹാര്‍ഡ്‌വെയര്‍ ഉള്‍ക്കൊള്ളിച്ച് തങ്ങള്‍ നിര്‍മിത കംപ്യൂട്ടറുകള്‍ എന്ന വിവരണവുമായി പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാവ് രണ്ട് പുതിയ ലാപ്‌ടോപ്പുകള്‍ വില്‍പ്പനയ്‌ക്കെത്തിച്ചു. ക്വാല്‍കം പ്രൊസസറുകള്‍ കേന്ദ്രമാക്കി നിര്‍മ്മിച്ച ഇവയ്ക്ക് ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോഴും എഐ പ്രൊസസിങ് നടത്താന്‍ സാധിക്കും. എലൈറ്റ്ബുക്ക് അള്‍ട്രാ, എച്പി ഓംനിബുക് എക്‌സ് എന്നീ പേരുകളിലാണ് ഇവ വില്‍ക്കുക. ഇവയുടെ തുടക്ക വേരിയന്റുകളുടെ വല യഥാക്രമം 1,69,934 രൂപ, 1,39,999 രൂപ എന്നിങ്ങനെ ആയിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com