പുതിയ ഐഫോണുകള്‍ 5ജി സാങ്കേതിക വിദ്യയ്ക്ക് എന്തു ഗുണംചെയ്യും?
Mail This Article
ഇന്ത്യയടക്കം പല രാജ്യങ്ങളിലും 5ജി സാങ്കേതികവിദ്യ എത്തിയിട്ടില്ല. എത്തിയ രാജ്യങ്ങളില്‍ പോലും അതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. ബ്രിട്ടൻ പോലെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ 5ജി ടവറുകള്‍ കൊറോണാവൈറസ് പരത്തുന്നു എന്ന ആരോപണം ഉയർത്തി 5ജി ടവറുകള്‍ കത്തിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവർ പോലുമുണ്ട്. ഈ അവസരത്തിലാണ് ഐഫോണില്‍ 5ജി ഒരുക്കി ആപ്പിൾ രംഗത്തെത്തുന്നത്. ആപ്പിളല്ല ആദ്യമായി 5ജി സാങ്കേതികവിദ്യ സ്മാര്‍ട് ഫോണുകളില്‍ അവതരിപ്പിക്കുന്ന കമ്പനി. സാംസങ്, വാവെയ്, വണ്‍പ്ലസ് തുടങ്ങിയ കമ്പനികള്‍ ഇതു നേരത്തെ ചെയ്തു. എന്നാല്‍ 5ജി ഐഫോണുകളുടെ വരവ് ലോകമെമ്പാടും 5ജി സാങ്കേതികവിദ്യയ്ക്ക് പുത്തനുണര്‍വു പകരുമെന്നു കരുതുന്നു. ഐഫോണ്‍ 12 സീരിസിലെ എല്ലാ മോഡലുകളിലും 5ജി ഒരുക്കുക വഴി ആപ്പിള്‍ 5ജിയുടെ സ്വീകാര്യത ലോകമെമ്പാടും വര്‍ധിപ്പിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിക്കുന്ന സമയത്ത് ഒരു ടെലികോം കമ്പനിയുടെ മേധാവി എത്തുന്നത് അത്ര പരിചിതമായ കാഴ്ചയല്ല. ഈ വര്‍ഷം അമേരിക്കയിലെ പ്രമുഖ ടെലികോം സേവനദാതാവായ വെറിസണിന്റെ മേധാവി ഐഫോണ്‍ അവതരണ സമയത്ത് സന്നിഹിതനായിരുന്നു. ഇനി 5ജിക്ക് എങ്ങനെയാണ് ഗുണകരമായ മാറ്റങ്ങള്‍ വരാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു. അവിശ്വസനീയമായ സ്പീഡ് നല്‍കുന്ന 5ജി ഉപയോഗിക്കുന്ന കാര്യത്തില്‍ ആപ്പിള്‍ താമസിച്ചുപോയി എന്നാണ് ഐഫോണ്‍ അവതരണത്തിനു ശേഷം സാംസങ് ഗൂഗിള്‍ ആഡ്‌വേഡ്‌സിലൂടെ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞത്.
എന്നാല്‍, ആദ്യമായി 5ജി ടെക്‌നോളജിയുമായി എത്താതിരുന്നത് ആപ്പിളിന് ഗുണംചെയ്‌തേക്കാമെന്നു വിശ്വസിക്കുന്നവരുമുണ്ട്. നേരത്തെ പല രാജ്യങ്ങളിലെയും 5ജി നെറ്റ്‌വര്‍ക്ക് കേവലം പേരുമാത്രമായിരുന്നു. ഇപ്പോഴാകട്ടെ ദക്ഷിണ കൊറിയ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അതിവേഗ 5ജി ടവറുകള്‍ വിന്യസിച്ചു തുടങ്ങിയിരിക്കുകയാണ്.
പല ഉപയോക്താക്കള്‍ക്കും 5ജിയുടെ പ്രത്യേകതകള്‍ എന്താണെന്നു പോലും അറിയില്ല. എങ്കിലും അവര്‍ പോലും വിശ്വസിക്കുന്നത് ലോകത്ത് ടെക്‌നോളജി രംഗത്ത് തങ്ങള്‍ക്ക് അനുഭവവേദ്യമാകാന്‍ പോകുന്ന പ്രധാന സാങ്കേതികവിദ്യ ഇതായിരിക്കുമെന്നാണ്. ഇപ്പോള്‍ ആപ്പിളും രംഗത്ത് എത്തിയതിനാല്‍ അവര്‍ തങ്ങളുടെ ഫോണുകളെ ബുദ്ധിപൂര്‍വ്വം മാര്‍ക്കറ്റു ചെയ്യുകയും 5ജി ജനങ്ങളിലെത്തിക്കുകയും ചെയ്യും. ഇക്കാര്യം മറ്റ് എല്ലാ ബ്രാന്‍ഡുകളെക്കാളും മെച്ചമായി ചെയ്യുന്ന കമ്പനിയാണ് ആപ്പിള്‍ എന്ന് ഐഫോൺ വിരോധികള്‍ പോലും സമ്മതിക്കും. ചില കമ്പനികളാകട്ടെ, ആപ്പിള്‍ ചെയ്യുന്ന കാര്യങ്ങള്‍ കണ്ണുമടച്ച് അനുകരിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ട്. ആപ്പിള്‍ അവതരിപ്പിക്കുന്ന സാങ്കേതികവിദ്യകളുടെ വരുംവരായ്കകള്‍ പലയാവര്‍ത്തി ആലോചിച്ചുറച്ച ശേഷമായിരിക്കുമെന്ന് അവരും ഉപയോക്താക്കളും വിശ്വസിക്കുന്നു. ഇതിനാല്‍ തന്നെ 5ജി എന്ന പ്രയോഗം ഇനി ഒരു മന്ത്രം പോലെ ലോകമെമ്പാടും കൂടുതലായി ഉരുവിടപ്പെടും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈ വര്‍ഷത്തെ ഐഫോണുകള്‍ കൂടുതലാളുകളും വാങ്ങാന്‍ പോകുന്നത് പുതിയ ക്യാമറകള്‍ ഉപയോഗിച്ചു നോക്കാനുള്ള ഇഷ്ടംകൊണ്ടായിരിക്കില്ല, ഒരു 5ജി ഫോണ്‍ കൈയ്യിലിരിക്കട്ടെ എന്ന കാരണത്താലായിരിക്കും.
താരതമ്യേന പുതിയ സാങ്കേതികവിദ്യായ 5ജി ആപ്പിള്‍ കൊണ്ടുവരാന്‍ വൈകി എന്നു പറയുന്നവര്‍ ഓര്‍ക്കാത്ത മറ്റൊരു കാര്യവുമുണ്ട് - വയര്‍ലെസ് ചാര്‍ജിങ്, ട്രിപ്പിള്‍ ക്യാമറകള്‍, വൈഡ് ആങ്ഗിള്‍ ക്യാമറ തുടങ്ങിയവയൊന്നും ആദ്യമായി അവതരിപ്പിക്കുന്നത് ആപ്പിളല്ല. എന്നാല്‍, അവയെല്ലാം സംസാരവിഷയമാകുന്നത് അവ ആപ്പിള്‍ അവതരിപ്പിച്ചു കഴിയുമ്പോഴാണ് എന്നതും ഒരു സത്യമാണ്. ആപ്പിളാണ് ഇവയെ പൊതു ധാരയിലേക്ക് എത്തിക്കുന്നത്. അതുപോലെ, പുതിയ ഐഫോണുകള്‍ 5ജിയെ കൂടുതലായി പൊതുജനങ്ങളിലേക്ക് എത്തിക്കുമെന്നു കരുതുന്നു. എന്തായാലും, ഐഫോണ്‍ 5ജി എത്തുമ്പോള്‍ പല രാജ്യങ്ങളിലും ഈ ടെക്‌നോളജി എത്തുകയോ, അതു കൊണ്ടുവരാന്‍ ഒരുങ്ങുകയോ ആണ്.
വിശകലന കമ്പനിയായ കനാലിസിന്റെ (Canalys) റിപ്പോര്‍ട്ട് പ്രകാരം 2020യില്‍ 5ജി ഫോണുകളുടെ ഷിപ്പിങ് 1,582 ശതമാനം വര്‍ധിക്കും. കൂടാതെ അടുത്ത വര്‍ഷം 278 ദശലക്ഷം 5ജി ഫോണുകള്‍ വിപണിയിലെത്തുമെന്നും അവര്‍ പ്രവചിക്കുന്നു. ഇത് ഒരു പ്രവചനം മാത്രമാണ്. എന്നാല്‍, ഇത് എന്തു വന്നാലും പുതിയ ഐഫോണുകള്‍ വാങ്ങുമെന്നുള്ളവരെ കൂടെ പരിഗണിച്ചാണ് നിർമിച്ചിരിക്കുന്നത്. മടിച്ചു നില്‍ക്കുന്ന രാജ്യങ്ങള്‍ വീണ്ടുവിചാരം നടത്തി അതിവേഗം പുതിയ ടെക്‌നോളജി കൊണ്ടുവന്നേക്കും. അങ്ങനെ ഐഫോണ്‍ 12 സീരിസ് 5ജി സാങ്കേതികവിദ്യയ്ക്ക് പുത്തനുണര്‍വ്വു പകരുമെന്നു കരുതുന്നു. ഇന്ത്യയിലും 5ജി സേവനം അതിവേഗം ലഭ്യമാക്കിയേക്കും. വന്‍കിട നഗരങ്ങളിലെങ്കലും ഈ സാങ്കേതികവിദ്യ അതിവേഗം വന്നേക്കും.
English Summary: How helpful will be the new iPhone series for 5g tech?