എവിടെയോ, ആരോ ഇപ്പോഴും ബ്ലാക്ബെറി ഉപയോഗിക്കുന്നുണ്ട്, അവരെന്ത് ചെയ്യും?
Mail This Article
ബ്ലാക്ബെറി സ്‌മാർട് ഫോണുകളുടെ ശേഷിക്കുന്ന ചുരുക്കം ചില ഉപയോക്താക്കളിൽ ഒരാളാണ് നിങ്ങളെങ്കിൽ പുതിയ ഫോൺ വാങ്ങാൻ സമയമായിരിക്കുന്നു. ജനുവരി 4 മുതൽ ബ്ലാക്ബെറി സർവീസുകൾ അവസാനിപ്പിക്കുകയാണ്. വിപണിയിലെ അനുദിനം വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ആൻഡ്രോയിഡ്, ഐഫോൺ എന്നിവയോട് മത്സരിക്കാൻ കഴിയാതെയാണ് ബ്ലാക്ബെറിയുടെ മടക്കം. എന്നാലും ബ്ലാക്ബെറി സ്‌മാർട് ഫോൺ ഉപയോഗിക്കുന്ന ചിലരെങ്കിലും ഇപ്പോഴും ഉണ്ടായിരിക്കാം. ഇവർ ഉപയോഗിക്കുന്ന ഹാൻഡ്സെറ്റുകൾക്ക് ഇനി വൈഫൈ വഴിയുള്ള ലെഗസി സേവനങ്ങളെ പിന്തുണയ്‌ക്കാൻ തങ്ങളുടെ സ്‌മാർട് ഫോണുകൾക്ക് കഴിയില്ലെന്നും ബ്ലാക്ബെറി അറിയിച്ചു.
സേവനം നിർത്തുന്ന കാര്യം 2021 സെപ്റ്റംബറിൽ തന്നെ ബ്ലാക്ബെറി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിശ്വസ്തരായ ഉപഭോക്താക്കളോടുള്ള നന്ദി സൂചകമായി സേവനങ്ങൾ നീട്ടുകയായിരുന്നു. എന്നാൽ, ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലാക്ബെറി ഫോണുകളെ ഇത് ബാധിക്കില്ല എന്നതാണ്.
ബ്ലാക്ബെറിയുടെ ചില സ്‌മാർട് ഫോണുകൾ ബ്ലാക്ബെറി ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഈ ഒഎസിൽ നിന്നുള്ള സേവനങ്ങളാണ് ജനുവരി 4 മുതൽ നിർത്തുന്നത്. ബ്ലാക്ബെറി 7.1 ഒഎസ്, അതിനുമുൻപുള്ള ബ്ലാക്ബെറി പ്ലേബുക്ക് ഒഎസ് 2.1, ബ്ലാക്‌ബെറി 10 എന്നിവയെല്ലാം ഇനി പ്രവർത്തിക്കില്ല. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് കനേഡിയൻ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
∙ സെലിബ്രിറ്റികളുടെ പ്രിയ ഫോൺ
നോക്കിയയുടെ പ്രതാപകാലത്ത് വേറിട്ടു ചിന്തിക്കുന്നവരുടെ ബ്രാന്‍ഡ് ആയിരുന്നു ബ്ലാക്‌ബെറി. ഒട്ടേറെ സെലിബ്രിറ്റികളുടെ പോക്കറ്റുകളെ അലങ്കരിച്ചത് ബ്ലാക്‌ബെറിയായിരുന്നു. നോക്കിയ സാധാരണക്കാരുടെ താരമായിരുന്നപ്പോള്‍ ബ്ലാക്‌ബെറി വമ്പന്‍ ബിസിനസുകാരുടെയും മറ്റും ബ്രാൻഡായി മാറി.
ഐഫോൺ, മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകൾ തുടങ്ങിയ ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റുകളുടെ പ്രളയത്തില്‍ നോക്കിയയ്ക്കൊപ്പം ഒലിച്ചു പോയ ബ്രാന്‍ഡാണ് ബിബി എന്നറിയപ്പെട്ടിരുന്ന ബ്ലാക്‌ബെറി. (ആപ്പ് സംസ്‌കാരം എന്നു വേണമെങ്കിലും പറയാം. ഐഒഎസിലും ആന്‍ഡ്രോയ്ഡിലും ആപ്പ് നിര്‍മാതാക്കള്‍ കൂടുകെട്ടിയപ്പോള്‍, ബ്ലാക്ക്‌ബെറിക്കും വിന്‍ഡോസിനും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആപ്പുകളുടെ അഭാവമാണ് പഴയ ബ്ലാക്‌ബെറിയുടെ അന്തകന്‍ എന്നും പറയാം.)
നോക്കിയയെ മൈക്രോസോഫ്റ്റും, നോക്കിയ എന്ന ബ്രാന്‍ഡ് നാമം മറ്റൊരു കമ്പനിയും ഏറ്റെടുത്തതോടെ പഴയ നോക്കിയ പൂര്‍ണമായും ഇല്ലാതെയായി. 2016ല്‍ തങ്ങള്‍ക്ക് ആപ്പിളിനോടോ, സാംസങ്ങിനോടോ മറ്റു വമ്പന്‍ കമ്പനികളോടോ ഏറ്റുമുട്ടാനുള്ള ത്രാണിയില്ല എന്ന് വിനയപൂര്‍വം സമ്മതിച്ച് ഇനി സ്വന്തമായി ഫോണ്‍ നിര്‍മിക്കില്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു ബ്ലാക്‌ബെറി. അതേസമയം, ബ്ലാക്ബെറി ഹാൻഡ്സെറ്റുകള്‍ ചില ഉപയോക്താക്കള്‍ ഇപ്പോഴും താത്പര്യത്തോടെ ഉപയോഗിക്കുന്നുണ്ട്.
∙ സുരക്ഷ
ആന്‍ഡ്രോയ്ഡ് ഒഎസിലേക്ക് ബ്ലാക്ബെറി മാറിയെങ്കിലും തങ്ങളുടെ സ്വന്തം ഒഎസിൽ പ്രവർത്തിക്കുന്ന ഫോണ്‍ സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തില്‍ മറ്റാര്‍ക്കും പിന്നിലല്ല എന്നായിരുന്നു ബ്ലാക്‌ബെറി അവകാശപ്പെട്ടിരുന്നത്. ബ്ലാക്‌ബെറി ബ്രൗസര്‍ ഉപയോക്താക്കളുടെ വെബ് സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്താറില്ല. ഫയര്‍ഫോക്‌സ് ഫോക്കസ് ബ്രൗസര്‍ ഉപയോക്താക്കളെ ട്രാക്കു ചെയ്യാത്ത ചുരുക്കം ചില ബ്രൗസറുകളില്‍ ഒന്നാണ്. കൂടാതെ, വൈറസ് സ്‌കാനിങും, ഫോട്ടോകളും, ഡോക്യുമെന്റുകളും സുരക്ഷിതമായി സൂക്ഷിക്കാന്‍ മറ്റാര്‍ക്കും തുറക്കാനാകാത്ത രഹസ്യ ഫോള്‍ഡറുകളും ബ്ലാക്ബെറിയിൽ ലഭ്യമായിരുന്നു.
∙ കീബോർഡ്
കീബോർഡാണ് ബ്ലാക്‌ബെറിയെ എല്ലാക്കാലത്തും വേറിട്ടു നിർത്തിയിരുന്ന ഫീച്ചറുകളില്‍ ഒന്ന്. ഫിസിക്കല്‍ കീബോർഡ് താത്പര്യമുള്ളവരാണ് ബ്ലാക്‌ബെറിയെ ഓമനിക്കാന്‍ ഇപ്പോഴും താത്പര്യപ്പെടുന്നവര്‍. അത്തരക്കാര്‍ 50 രാജ്യങ്ങളില്‍ നിന്ന് തങ്ങളുടെ ഫോണ്‍ വാങ്ങിയിരുന്നു എന്നാണ് കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നത്. കീവണ്‍ (KeyOne) വിജയമായിരുന്നു എന്നാണ് ബ്ലാക്ബെറി അവകാശപ്പെട്ടിരുന്നത്. പിന്നീട് അവതരിപ്പിച്ച കീ2 (Key2) മോഡലും ശരാശരി വിജയം നേടി. അവസാന നിമിഷം പോലും ഫിസിക്കല്‍ കീബോർഡ് ഫീച്ചര്‍ ഒഴിവാക്കാന്‍ ബ്ലാക്ബെറി ആഗ്രഹിച്ചിരുന്നില്ല. ലംബമായി പിടിച്ച്, പെരുവിരല്‍ ഉപയോഗിച്ച് ടൈപ്പു ചെയ്യുന്നവര്‍ക്ക് ഒരു പരിധിവരെ ഫിസിക്കല്‍ കീബോർഡ് തന്നെയാണ് നല്ലത് എന്നു വേണമെങ്കിലും പറയാം. ഫിസിക്കല്‍ കീബോർഡ് ബ്ലാക്‌ബെറി ഡിഎന്‍എയുടെ ഭാഗമായി തുടരുകയായിരുന്നു. ഈ കാലത്ത് ബ്ലാക്‌ബെറി ഫോണുകള്‍ കഴിഞ്ഞകാലത്തിന്റെ ശേഷിപ്പുകളാണെന്ന് പറയാം. കോര്‍പറേറ്റ് ഉപയോക്താക്കള്‍ക്കും ഫിസിക്കല്‍ കീബോഡ് ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടിയാണ് ബ്ലാക്ബെറി പ്രത്യേകം ഹാൻഡ്സെറ്റുകൾ ഇറക്കിയിരുന്നത്. ആപ്പ് ഇല്ലായ്മയുടെ വരള്‍ച്ചയില്‍ നിന്ന് മുക്തമാകാൻ വേണ്ടിയാണ് അവസാനം ബ്ലാക്ബെറി ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കു മാറിയത്. ഇതും വേണ്ടത്ര വിജയിച്ചില്ല.
എന്താണ് ബ്ലാക്‌ബെറി ഫോണുകളുടെ പ്രധാന ന്യൂനത? തങ്ങളുടെ ഫോണിനു സവിശേഷമായതെന്ന് എടുത്തു പറയാവുന്ന ഒരു ഫീച്ചറാണ് പൊതുജന ശ്രദ്ധയില്‍ നിന്ന് ബ്ലാക്‌ബെറിയെ മാറ്റിനിർത്തുന്ന ഘടകങ്ങളില്‍ ഒന്ന്. സുരക്ഷ എന്നൊക്കെ സാധാരണക്കാരെ പറഞ്ഞു മനസിലാക്കാന്‍ പോലും സാധ്യമല്ല. എന്നാല്‍, പ്രകടനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ക്യാമറ പോലെ എന്തെങ്കിലും ഒരു ഫീച്ചര്‍ കൊണ്ടുവരാന്‍ സാധിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ബ്ലാക്‌ബെറി രക്ഷപ്പെടുമായിരുന്നു.
English Summary: BlackBerry users, it’s time to buy a new phone now; here’s why