ADVERTISEMENT

ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2023 ൽ (എംഡബ്ലൂസി) നിരവധി ബ്രാൻഡുകളുടെ പുതിയ ടെക്നോളജി സംവിധാനങ്ങളാണ് പരിചയപ്പെടുത്തുന്നത്. റിയല്‍മി ജിടി3 ഫോണിന്റെ 240w ചാര്‍ജിങ് ശേഷി ഉപയോഗിച്ച് 9.30 മിനിറ്റില്‍ ഫുൾ ചാര്‍ജ് ചെയ്യാമെന്നു പറഞ്ഞ ഉടനെ അവരുടെ എതിരാളി റെഡ്മി മറ്റൊരു അതിവേഗ ചാർജിങ് സംവിധാനവുമായി രംഗത്തെത്തി. റെഡ്മി നോട്ട് 12 പ്രോ പ്ലസ് ഫോണിന്റെ 300w ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഫോണ്‍ കേവലം 5 മിനിറ്റില്‍ ഫുള്‍ ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

 

∙ 2 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ്

 

ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ എന്ന ചൈനീസ് സമൂഹ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ റെഡ്മിയുടെ പുതിയ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഫോണിന്റെ ചാര്‍ജ് 1 ശതമാനത്തില്‍ നിന്ന് 10 ശതമാനമാകാന്‍ കേവലം 43 സെക്കന്‍ഡ് മതി. കൂടാതെ 2 മിനിറ്റും 13 സെക്കന്‍ഡും എടുത്താല്‍ 50 ശതമാനം ചാര്‍ജ് നിറയ്ക്കാം. ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ പ്രദര്‍ശിപ്പിച്ച വിഡിയോയില്‍ 4,100 എംഎഎച് ബാറ്ററിയാണ് റെഡ്മിയുടെ പുതിയ ചാര്‍ജര്‍ ഉപയോഗിച്ച് അതിവേഗം നിറയ്ക്കുന്നത്. അതേസമയം, ഇത്തരം ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററിയുടെ ദീര്‍ഘകാല ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്നും പുതിയ ചാര്‍ജര്‍ റെഡ്മി വില്‍പനയ്ക്ക് എത്തിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

 

∙ ട്രിപ്പിള്‍ ക്യാമറയുമായി ഷഓമി റെഡ്മി പ്രോ

 

എംഡബ്ലൂസിയില്‍ വന്നേക്കാവുന്ന സാങ്കേതികവിദ്യയെയും പരിചയപ്പെടുത്തും എന്നതിന്റെ ഉദാഹരണമാണ് 300w ചാര്‍ജറെങ്കില്‍ ഷഓമി 13 പ്രോ സ്മാര്‍ട് ഫോണാണ് സകല ശ്രദ്ധയും പിടിച്ച ഉപകരണങ്ങളിലൊന്ന്. ജര്‍മന്‍ ക്യാമറാ നിര്‍മാതാവ് ലൈക്കയുടെ സഹകരണത്തോടെ നിര്‍മിച്ച 50 എംപി പ്രധാന ക്യാമറയ്ക്ക് 1 ഇഞ്ച് വലുപ്പമുള്ള സെന്‍സറാണ് ഘടിപ്പിച്ചിരിക്കുന്നത്. സോണിയുടെ ഐഎംഎക്‌സ് 989 സെന്‍സര്‍ ആണ് പ്രധാനപ്പെട്ട ഒന്ന്. മാര്‍ച്ച് 10 മുതല്‍ ഫോണ്‍ ഇന്ത്യയില്‍ വില്‍പന തുടങ്ങുമെന്നും അതിന് 79,999 രൂപയായിരിക്കും വിലയെന്നും കമ്പനി പ്രഖ്യാപിച്ചു. ഇതിന്റെ ക്യാമറാ സംവിധാനത്തിന് എഫോണ്‍ 14 പ്രോ മാക്‌സിനും സാംസങ് ഗ്യാലക്‌സി എസ്23യ്ക്കും വെല്ലുവിളി ഉയര്‍ത്താനാകുമെന്നാണ് ഷഓമി കരുതുതുന്നത്.

 

ഫോണിന് 6.73-ഇഞ്ച് വലുപ്പമുള്ള ഡബ്ല്യൂക്യൂഎച്ഡിപ്ലസ് റെസലൂഷനുള്ള 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റുള്ള ഡിസ്‌പ്ലേയാണ് ഉള്ളത്. കോര്‍ണിങ് ഗൊറിലാ ഗ്ലാസ് വിക്ടസ് ആവരണവും ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഫോണിന് 12 ജിബി എല്‍പിഡിഡിആര്‍5എക്‌സ് റാമും 256 ജിബി യുഎഫ്എസ് 4 സ്റ്റോറേജ് ശേഷിയും ഉണ്ട്.

 

ഇതൊക്കെയാണെങ്കിലും എംഡബ്ലൂസിയിലെത്തിയവരുടെ ശ്രദ്ധപിടിച്ചത് അതിന്റെ ക്യാമറാ സിസ്റ്റം തന്നെയായിരുന്നു. പ്രധാന ക്യാമറയ്‌ക്കൊപ്പം 50 എംപി അള്‍ട്രാ വൈഡ്, 3 മടങ്ങു സൂം ലഭിക്കുന്ന 50 എംപി ടെലി എന്നീ ലെന്‍സുകളാണ് ഉള്ളത്. മൂന്നു ക്യാമറകള്‍ക്കും സോണിയുടെ സെന്‍സറുകള്‍ ഉപയോഗിക്കുന്നു. മൂന്നിനും ലൈക്കയുടെ ലെന്‍സുകളും ഉപയോഗിക്കുന്നു എന്നതണ് ഇത്തവണ ഷഓമി ക്യാമറയുടെ കാര്യത്തില്‍ വലിയ ചർച്ചയ്ക്ക് കാരണം. ഫോണിന് 4,820 ബാറ്ററിയും 120w ചാര്‍ജിങും ഉണ്ട്. പ്രീമിയം ഫോണുകളില്‍ പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറുകളും ഷഓമി ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന.

 

∙ വെല്ലുവിളിയാകുമോ ഷഓമിയുടെ ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ്?

 

ഇത്തവണത്തെ എംഡബ്ലൂസിയിൽ ചൈനീസ് കമ്പനികളാണ് നിറഞ്ഞുനിൽക്കുന്നത്. ഷഓമി പുറത്തിറക്കിയ വയര്‍ലെസ് എആര്‍ ഗ്ലാസാണ് മറ്റൊരു ശ്രദ്ധേയമായ ഉപകരണം. വയര്‍ലെസ് എആര്‍ഗ്ലാസ് ഡിസ്‌കവറി എഡിഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഭാരക്കുറവാണ് ഇതിന്റെ സവിശേഷതകളിലൊന്ന് - കേവലം 126 ഗ്രാം മാത്രമാണ് തൂക്കം. മഗ്നീഷിയം ലിതിയം അലോയ് ആണ് ഫ്രെയിം. നിര്‍മാണത്തിന് കാര്‍ബണ്‍ ഫൈബറും ഉപയോഗിച്ചിരിക്കുന്നു. സാധാരണ രീതിയിലുള്ള ഉപയോഗമൂലം ഇതിന് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കില്ല. ബാറ്ററി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗ്ലാസസില്‍ രണ്ടു മൈക്രോ ഓലെഡ് സ്‌ക്രീനുകളാണ് ഉള്ളത്. (ഓരോ കണ്ണിനും ഓരോന്ന്.) ഇവയ്ക്ക് 1200 നിറ്റ്‌സ് ആണ് ബ്രൈറ്റ്‌നസ്. ഇതിന്റെ പിക്‌സല്‍ പെര്‍ ഡിഗ്രി 58 ആണ്. കണ്ടെന്റ് പ്രൊജക്ടു ചെയ്യാന്‍ ലൈറ്റ്-ഗൈഡിങ് പ്രിസവും ഉണ്ട്. ഇലക്ട്രോക്രോമിക് ടെക്‌നോളജിയാണ് ഗ്ലാസസിലുള്ളത്. ഷഓമി സ്വന്തമായി വികസിപ്പിച്ച ആംഗ്യങ്ങള്‍ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങളും ഉണ്ട്. 

tecno-mwc
Photo: techmarkup

 

എആര്‍ ഫങ്ഷന്‍ ഓഫ് ചെയ്താല്‍ സാധാരണ സണ്‍ഗ്ലാസ് പോലെ ആയിരക്കും ഇത് പ്രവര്‍ത്തിക്കുക. എന്നാല്‍, എആര്‍ ഓണ്‍ ചെയ്തുകഴിഞ്ഞാല്‍ പുറത്തുനിന്നുള്ള പ്രകാശം പ്രവേശിപ്പിക്കില്ല. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ എക്‌സ്ആര്‍ 2 ജെന്‍ 1 ആണ് പ്രോസസർ. ഇതിനാല്‍ തന്നെ ഇത് വില കൂടിയ ഒരു ഹെഡ്‌സെറ്റായിരിക്കുമെന്നു കരുതുന്നു. ടിക്‌ടോക്കിലും‌ം യൂട്യൂബിലുമുള്ള എആര്‍ കണ്ടെന്റ് കാണാനായി ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്തായിരിക്കും അത് എത്തുക. ശബ്ദം മികച്ചതാക്കാന്‍ സ്‌പെഷല്‍ ഓഡിയോയും ഉണ്ട്. 

ഇതൊക്കെയാണെങ്കിലും ഷഓമി 13 അടക്കം 'സ്‌നാപ്ഡ്രാഗണ്‍ സ്‌പെയ്‌സസ്' ഉള്ള ഏതെങ്കിലും ആന്‍ഡ്രോയിഡ് ഫോണുമായി ഇതിനെ സഹകരിച്ചു വേണം പ്രവര്‍ത്തിപ്പിക്കാന്‍. ആപ്പിള്‍ കമ്പനിയും ഈ വര്‍ഷം ഒരു മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റ് പുറത്തിറക്കുമെന്നാണ് ശ്രുതി. ഷഓമി വയര്‍ലെസ് എആര്‍ ഗ്ലാസ് ഡിസ്‌കവറി എഡിഷനോട് സാമ്യമുള്ളതായിരിക്കില്ല.

 

∙ ഗെയിമിങ് പ്രേമികളെ ആര്‍ഷക്കാന്‍ വണ്‍പ്ലസിന്റെ കൂളര്‍!

 

സ്മാര്‍ട് ഫോണ്‍ ഗെയിമിങ് പ്രേമികളെ ആകര്‍ഷിക്കാന്‍ വൺപ്ലസ് 45w കൂളര്‍ പുറത്തിറക്കി. ഗെയിം കളിക്കുമ്പോള്‍ ഒട്ടുമിക്ക ഫോണുകളും ചൂടാകും. എന്നാല്‍ വണ്‍പ്ലസ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കന്ന കൂളര്‍ ഉപയോഗിച്ചാല്‍ ചൂടാകല്‍ 20 ശതമാനം വരെ കുറയ്ക്കാമെന്നാണ് പറയുന്നത്. എന്നാല്‍, 45w വൈദ്യുതി ഉപയോഗിച്ചാണ് ഫോണ്‍ തണുപ്പിക്കുന്നതെങ്കില്‍ അതില്‍ എന്ത് അര്‍ഥമിരിക്കുന്നു എന്നു ചോദിക്കുന്നവരും ഉണ്ട്. അതായത് ഈ ലിക്വിഡ് കൂളര്‍ ഉപയോഗിച്ചാല്‍ ധാരാളം വൈദ്യുതി പോയിക്കൊണ്ടിരിക്കും. 

 

∙ എംഡബ്ല്യൂസി ഗവണ്‍മെന്റ് ലീഡര്‍ഷിപ് അവാര്‍ഡ് ഇന്ത്യയ്ക്ക്

 

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ '2023 ഗവണ്‍മെന്റ് ലീഡര്‍ഷിപ് അവാര്‍ഡ്' ഇന്ത്യയ്ക്ക് ലഭിച്ചുവെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ജിഎസ്എംഎ ആണ് അവര്‍ഡ് പ്രഖ്യാപിച്ചത്. 

 

∙ ഫോള്‍ഡബിൾ ഫോണ്‍ അവതരിപ്പിക്കുമെന്ന് വണ്‍പ്ലസ്

 

മടക്കാവുന്ന സ്‌ക്രീനുള്ള സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കുമെന്ന് വൺപ്ലസ് പ്രഖ്യാപിച്ചു. കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, നിലവിലുള്ള എല്ലാ ഫോള്‍ഡബിൾ ഫോണുകള്‍ക്കും ഒപ്പം പ്രകടനമികവ് നേടുന്ന ഒന്നായിരിക്കും അതെന്ന് കരുതാമെന്നു പറയുന്നു. ഈ വര്‍ഷം തന്നെ ഫോണ്‍ ഇറക്കിയേക്കാം. 

 

∙ രണ്ടു ഫോണുകളും ഒരു ലാപ്‌ടോപ്പും അവതരിപ്പിച്ച് ടെക്‌നോ

 

ഈ വര്‍ഷത്തെ എംഡബ്ല്യൂസിയില്‍ ടെക്‌നോ കമ്പനിയും അരങ്ങേറ്റം നടത്തി. ഫാന്റം ഫോള്‍ഡ് വി എന്ന മടക്കാവുന്ന സ്മാര്‍ട് ഫോണാണ് അതിലൊന്ന്. മീഡിയടെക് ഡിമെന്‍സിറ്റി 9000 പ്ലസാണ് പ്രോസസര്‍. ഇരട്ട സിം, 3-ലെന്‍സുള്ള പിന്‍ ക്യാമറാ, സിസ്റ്റം, ഇരട്ട മുന്‍ ക്യാമറാ സിസ്റ്റം തുടങ്ങിയവയാണ് ഫീച്ചറുകള്‍. പ്രധാന ക്യാമറയ്ക്ക് 50 എംപിയാണ് റെസലൂഷന്‍. ഒപ്പം ഇറക്കിയിരിക്കുന്നത് സ്പാര്‍ക് 10 പ്രോ എന്ന മോഡലാണ്. ഇതിന്റെ സെല്‍ഫി ക്യാമറയ്ക്ക് 32 എംപിയാണ് റെസലൂഷന്‍. പിന്‍ ക്യാമറയ്ക്ക് 50 എംപി സെന്‍സറും ഉണ്ട്. മെഗാബുക്ക് എസ്1 എന്ന പേരിലാണ് ടെക്‌നോ ലാപ്‌ടോപ് പുറത്തിറക്കിയിരിക്കുന്നത്. ഇന്റല്‍ 13-ാം തലമുറയിലെ കോര്‍ പ്രോസസറുകളാണ് ഇവയുടെ കേന്ദ്രത്തില്‍. ട്രൂ 1, അള്‍ട്ടിമേറ്റ് 1 എന്നീ പേരുകളില്‍ രണ്ട് ഇയര്‍ബഡ്‌സും കമ്പനി പുറത്തിറക്കി.

 

English Summary: MWC 2023: Realme GT3 With 240W Fast Charging Launched Globally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com