ADVERTISEMENT

ഇന്ത്യയില്‍ നിന്നുള്ള ഒരു ആപ്പ് രാജ്യാന്തര തലത്തില്‍ പച്ചപിടിച്ചേക്കാമെന്ന പ്രതീക്ഷയുണര്‍ത്തുന്ന റിപ്പോർട്ടുകളാണ് വരുന്നത്. അമേരിക്കയില്‍ നിന്നുള്ള ട്വിറ്ററിന് രാജ്യത്ത് അനിശ്ചിതകാല നിരോധനമേര്‍പ്പെടുത്തി ഒരാഴ്ച തികയുന്നന്നതിനു മുൻപ് നൈജീരിയന്‍ സർക്കാർ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള ആപ്പായ കൂ (Koo) ഉപയോഗിച്ചു തുടങ്ങി. ട്വിറ്റര്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയ ഉടനെ, തങ്ങളുടെ ആപ്പ് നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ് കൂ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പുതിയ ഐടി നയം അംഗീകരിക്കാന്‍ മടിച്ചുനിന്ന കമ്പനിയാണ് ട്വിറ്റര്‍ എന്നതും ഓര്‍ക്കണം. ഐടി നയം അംഗീകരിക്കുമെന്ന് അറിയിച്ച് ഗൂഗിളും, ഫെയ്സ്ബുക്കും അറിയിച്ചെങ്കിലും ഇന്ത്യ എന്തെങ്കിലും നടപടിയിലേക്കു പോയേക്കുമെന്നു തോന്നിപ്പിച്ച സമയത്താണ് ട്വിറ്റര്‍ നിലപാടില്‍ അയവു വരുത്തിയത്.

 

∙ നൈജീരിയ എന്തിനാണ് ട്വിറ്റര്‍ നിരോധിച്ചത്?

 

തങ്ങളുടെ നിയമങ്ങളുടെ ലംഘനമാണെന്ന് വാദിച്ച് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പ്രതികാരമായാണ് ട്വിറ്ററിന് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തിയത്. ട്വിറ്റര്‍ വ്യാജ വാര്‍ത്തകള്‍ പരത്തുന്നുവെന്നും ഇത് നൈജീരിയയുടെ നിലനില്‍പ്പിനു ഭീഷണിയാണെന്നും സർക്കാർ നിരീക്ഷിക്കുന്നു.

 

∙ ആഹ്ലാദമറിയിച്ച് ട്രംപ്!

 

Koo App

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത് വന്‍ വിവാദമായിരുന്നു. ട്വിറ്റര്‍ നിരോധിച്ചതിനു നൈജീരിയയെ അനുമോദിച്ച് ആദ്യം എത്തിയവരുടെ കൂട്ടത്തില്‍ ട്രംപും ഉണ്ടായിരുന്നു. കൂടുതല്‍ രാജ്യങ്ങള്‍ നൈജീരിയയുടെ പാത പിന്തുടരണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. കൂടുതല്‍ രാജ്യങ്ങള്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും നിരോധിക്കണം. ഈ ആപ്പുകള്‍ സംഭാഷണ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശബ്ദങ്ങളും കേള്‍ക്കപ്പെടണം. അതേസമയം, എതിരാളികള്‍ വന്ന് ഇത്തരം കമ്പനികളുടെ സ്ഥാനം ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞു. നല്ലതും ചീത്തയുമൊക്കെ തീരുമാനിക്കാന്‍ ഈ കമ്പനികളൊക്കെ ആരാണ്? ഇവര്‍ തന്നെ ഹീനമായ പ്രവര്‍ത്തിയാണ് ചെയ്യുന്നതെന്നും ട്രംപ് പ്രതികരിച്ചു.

 

അതേസമയം, ട്വിറ്റര്‍ നിരോധിച്ചതിനെതിരെ നൈജീരിയക്കാര്‍ രണ്ടു തട്ടിലാണ്. ചിലര്‍ അനുകൂലിക്കുമ്പോൾ തന്നെ നിരവധി പേര്‍ എതിരായും പ്രതികരിച്ചിട്ടുണ്ട്. ട്വിറ്റര്‍ നിരോധിച്ചത് സംഭാഷണ സ്വാതന്ത്ര്യത്തിനേറ്റ അടിയാണെന്നും അവര്‍ പറയുന്നു. അതേസമയം, തങ്ങളുടെ സേവനം നൈജീരിയ നിരോധിച്ചതില്‍ ആശങ്കയുണ്ടെന്നാണ് ട്വിറ്റര്‍ പ്രതികരിച്ചത്. സ്വതന്ത്രവും തുറന്നതുമായ ഇന്റര്‍നെറ്റ് മനുഷ്യാവകാശ സംരക്ഷണത്തിനും ആധുനിക സമൂഹം കെട്ടിപ്പെടുക്കുന്നതിനും അത്യാവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. തങ്ങള്‍ സർക്കാരിനോട് സംസാരിച്ച് എത്രയും വേഗം നൈജീരിയയിലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് പഴയപോലെ സേവനം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും കമ്പനി പറഞ്ഞു

 

∙ കൂവിന് ലഭിച്ചത് അംഗീകാരമോ?

 

ട്വിറ്ററിന് ഒരു ബദല്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണെന്ന നിലപാടാണ് കൂ ആദ്യം മുതല്‍ സ്വീകരിച്ചുവന്നത്. ട്വിറ്റര്‍-ഇന്ത്യ സർക്കാർ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കൂ ഇന്ത്യയിലും കൂടുതല്‍ ശ്രദ്ധപിടിച്ചുപറ്റിയത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ സർക്കാർ നിരവധി പോസ്റ്റുകള്‍ നീക്കംചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം നിയമവിരുദ്ധമാണെന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഓരോ തവണയും പോസ്റ്റുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ട്വിറ്റർ അതിവേഗം നടപടി സ്വീകരിച്ചില്ല. ഇതോടെയാണ് കേന്ദ്ര സർക്കാരിന് ട്വിറ്ററിനോടുള്ള നീരസത്തിന് ആക്കം കൂട്ടിയത്. ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങള്‍ അനുസരിക്കാന്‍ വൈമുഖ്യം കാട്ടിയതും സർക്കാരിന് ഇഷ്ടപ്പെടാതെ പോയ കാര്യമാണ്. 

 

∙ കൂ എവിടെ നില്‍ക്കുന്നു?

 

കഴിഞ്ഞ മാസം ആഗോള തലത്തിലെ വന്‍കിട നിക്ഷേപകരായ ടൈഗര്‍ ഗ്ലോബലില്‍ നിന്നടക്കം 30 ദശലക്ഷം ഡോളര്‍ നിക്ഷേപസമാഹരണം നടത്താൻ സാധിച്ചെന്ന് കൂ അധികൃതർ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സജീവമായി നിന്ന സമയത്താണ് കൂവിന് നിക്ഷേപം ആകര്‍ഷിക്കാൻ സാധിച്ചത്. പുതിയ നിക്ഷേപം എത്തിയതോടെ കൂവിന്റെ മൂല്യം അഞ്ചു മടങ്ങ് വര്‍ധിച്ച് 100 ദശലക്ഷം ഡോളറായെന്നു പറയുന്നു.

 

നൈജീരിയന്‍ സർക്കാർ കൂ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയ ഉടനെ കൂവിന്റെ സഹസ്ഥാപകനും മേധാവിയുമായ അപ്രമേയ രാധാകൃഷ്ണന്‍ നടത്തിയ ട്വീറ്റില്‍ പറഞ്ഞത്, ഗവണ്‍മെന്റ് ഓഫ് നൈജീരിയയുടെ ഔദ്യോഗിക ഹാന്‍ഡ്‌ലിന് കൂ ഇന്ത്യയിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതമെന്നും, കൂ ഇന്ത്യക്കു വെളിയിലേക്കും ചിറകടിച്ചു പറക്കുന്നു എന്നുമാണ്. അതേസമയം, രാജ്യാന്തര തലത്തില്‍ കൂവിന്റെ സാധ്യതകളും സ്വീകാര്യതയും കണ്ടറിയേണ്ട കാര്യങ്ങളാണ്. എന്തായാലും, ഇന്ത്യയില്‍ നിന്ന് പ്രാധാന്യമാര്‍ജ്ജിച്ചേക്കാവുന്ന ആദ്യ ആപ്പുകളുടെ പട്ടികയില്‍ കൂ ഇപ്പോള്‍ ഇടംപിടിച്ചിരിക്കുകയാണ്.

 

English Summary: Indian app Koo becomes Nigerian govt's official app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com