ADVERTISEMENT

ഭാരിച്ച ബഹിരാകാശ സ്യൂട്ടും ഹെല്‍മെറ്റുമൊന്നുമില്ലാതെ ബഹിരാകാശ സഞ്ചാരികളെ നമുക്ക് ചിന്തിക്കാന്‍ പോലുമാവില്ല. ബഹിരാകാശത്തെ വെല്ലുവിളികളെ മറികടക്കാന്‍ വേണ്ടി സജ്ജീകരിച്ച ഈ സവിശേഷ വസ്ത്രങ്ങളില്ലാതെ ഏതെങ്കിലും മനുഷ്യന്‍ ബഹിരാകാശത്ത് എത്തിപ്പെട്ടാല്‍ എന്തു സംഭവിക്കും? ഇതുവരെ മനുഷ്യന്‍ അനുഭവിക്കാത്ത തരത്തിലുള്ള മരണമായിരിക്കും നിമിഷങ്ങള്‍ക്കകം അവിടെ സംഭവിക്കുക. 

 

യുട്യൂബ് ചാനലായ DG EYE ആണ് ഇങ്ങനെയൊരു വ്യത്യസ്ത വിഡിയോ നിര്‍മിച്ചിരിക്കുന്നത്. ബഹിരാകാശത്തുവെച്ച് ബഹിരാകാശ സ്യൂട്ട് ഒഴിവാക്കിയാല്‍ എന്തു സംഭവിക്കുമെന്നതിന്റെ പടിപടിയായുള്ള വിവരണമാണ് ഇവര്‍ നല്‍കുന്നത്. ആകെ 57 സെക്കന്‍ഡ് മാത്രമേ ദൈര്‍ഘ്യമുള്ളൂവെങ്കിലും സംഭവിക്കാന്‍ പോവുന്നതിന്റെ ഭീകരത ഈ വിഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്. 

 

പല സിനിമകളിലും കാണിച്ചതു പോലെ സ്‌പേസ് സ്യൂട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ മനുഷ്യ ശരീരം മര്‍ദം കൂടി പൊട്ടിത്തെറിക്കില്ല. ആദ്യത്തെ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരം ചീര്‍ത്തു വികസിക്കാന്‍ തുടങ്ങും. ശ്വാസകോശത്തിലുള്ള വായു ശ്വാസകോശത്തിന്റെ കോശങ്ങളെ പിളര്‍ന്നു പുറത്തുവരാനുള്ള ശ്രമങ്ങളിലായിരിക്കും. ഈ സമയം അല്‍പം ആശ്വാസത്തിനു വേണ്ടിയെങ്കിലും ഉള്ളിലുള്ള വായു പുറത്തേക്കു വിട്ടു കളയുന്നതാണ് നല്ലത്. 

 

സ്‌പേസ് സ്യൂട്ടില്‍ നിന്നും പുറത്തിറങ്ങി അഞ്ചു നിമിഷമാകുമ്പോഴേക്കും കണ്ണിലെ ജലാംശവും വായിലേയും ചര്‍മത്തിലേയും ജലാംശവുമെല്ലാം ബാഷ്പീകരിച്ചിട്ടുണ്ടാവും. നിങ്ങളുടെ ശരീരത്തിലെ രക്തം തിളക്കാന്‍ തുടങ്ങും. ഇതിനൊപ്പം ശരീരം ചീര്‍ത്തു വികസിക്കാന്‍ തുടങ്ങും. എങ്കിലും നമ്മുടെ ചര്‍മം കരുത്തുള്ളതാണ്. മനുഷ്യ ബലൂണ്‍ പോലെ ആയാല്‍ പോലും നമ്മുടെ ചര്‍മ്മത്തിന് പിടിച്ചു നില്‍ക്കാനാവുമെന്നും വിഡിയോ പറയുന്നു. പിന്നീട് ബോധക്ഷയം സംഭവിക്കുകയും ഹൃദയത്തിന്റെ മിടിപ്പ് പതിയെ നിലച്ചുവരികയും ശ്വാസം ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയും ചെയ്യും. 

 

ബഹിരാകാശത്തുവെച്ച് ഏതെങ്കിലും മനുഷ്യന്‍ സഞ്ചാരി സ്യൂട്ടില്‍ നിന്നും പുറത്തുവന്നാല്‍ പത്തു നിമിഷത്തിനകം തന്നെ അവരുടെ ശരീരത്തിലെ ജലാംശവും രക്തവും ബാഷ്പീകരിച്ചു തുടങ്ങും. 15 നിമിഷത്തിനകം ബോധം നഷ്ടപ്പെടുകയും ശരീരം വലിയ തോതില്‍ വീര്‍ക്കുകയും ചെയ്യും. ഒടുവില്‍ വെറും 30 നിമിഷത്തിനകം അനിവാര്യമായ മരണം സംഭവിക്കുമെന്നുമാണ് കരുതപ്പെടുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com