ADVERTISEMENT

തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനത്തില്‍ സർക്കാരിനും സ്വകാര്യ കമ്പനികള്‍ക്കുമെതിരെ തിരിച്ചടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫെയ്‌സ്ബുക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്. തങ്ങള്‍ മാത്രമല്ല ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നത്, സർക്കാരിന്റെ കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പായ ആരോഗ്യ സേതു, ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ, ഓല, കൂ, ബിഗ് ബാസ്‌കറ്റ്, ട്രൂ കോളര്‍ തുടങ്ങിയവയും, അമേരിക്കന്‍ കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, സൂം എന്നിവയും തങ്ങളെപോലെയോ, അതിലധികമോ ഡേറ്റ ശേഖരിക്കുന്നു എന്നാണ് വാട്‌സാപ് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 

 

റിപ്പബ്ലിക് ടിവിയുടെ മൊബൈല്‍ ആപ്പും ഡേറ്റാ ശേഖരിക്കുന്നതായി കോടതിക്കു മുൻപാകെ വാട്‌സാപ് പറഞ്ഞുവെന്നു പറയുന്നു. വിവിധ ഇന്റര്‍നെറ്റ് കമ്പനികളുടെ സ്വകാര്യതാ പോളിസി വായിച്ചു നോക്കിയാല്‍ മനസ്സിലാകുന്നത് വാട്‌സാപ് 2021ല്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പുതിയ സ്വകാര്യതാ നയത്തില്‍ പറയുന്നതു പോലെയോ, പലപ്പോഴും അതിലധികമോ ഡേറ്റ ഉപയോക്താവിനെക്കുറിച്ച് അവ ശേഖരിക്കുന്നു എന്നാണ് വാട്‌സാപ് പറഞ്ഞിരിക്കുന്നത്. 

 

മെയ് 15ന് തങ്ങളുടെ പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ ആപ് പ്രവര്‍ത്തന രഹിതമാകുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എങ്കിലും അതിനു ശേഷവും ആപ് ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും, ഘട്ടംഘട്ടമായി, ആഴ്ചകളെടുത്തു മാത്രമായിരിക്കും അതിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കുക എന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം, വാട്‌സാപ്പിലെ ഡേറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുന്നതിനെതിരെ സുപ്രീംകോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും അടക്കം കേസുകളുണ്ട്. ജര്‍മനി മൂന്നു മാസത്തേക്ക് വിവാദ സ്വകാര്യതാ നയം നടപ്പാക്കരുതെന്ന് ഉത്തരവിട്ടുകഴിഞ്ഞു. ഇന്ത്യയുടെ വിവര സാങ്കേതികവിദ്യാ മന്ത്രാലയവും വാട്‌സാപ്പിന്റെ പുതിയ നടത്തിനെതിരെ രംഗത്തു വന്നിരുന്നുവെങ്കിലും ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. വാട്‌സാപ്പിന് ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. ഏകദേശം 53 കോടി ഇന്ത്യക്കാര്‍ വാട്‌സാപ് ഉപയോഗിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്.

 

∙ 5ജി പ്രിയങ്കരമായേക്കുമെന്ന് പഠനം

 

ലോകമെമ്പാടുമുള്ള 5ജി ഉപയോക്താക്കള്‍ വൈ-ഫൈയെ ആശ്രയിക്കുന്നത് തീരെ കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിലുള്ള 4ജി ഉപയോക്താക്കള്‍ പോലും ഇന്റര്‍നെറ്റ് ഇടതടവില്ലാതെ ലഭിക്കാനായി വൈ-ഫൈയുമായി കണക്ടു ചെയ്തിരിക്കുന്നു. മിക്ക 4ജി ഉപയോക്താക്കളും ക്ലൗഡ് കേന്ദ്രീകൃത ഗെയിമുകള്‍ കളിക്കാനായി 4ജിയെ ആശ്രയിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അതിനു വേണ്ട സ്പീഡ് മുറിയാതെ നല്‍കാന്‍ 4ജിക്ക് ആകുന്നില്ല. അതേസമയം, 5ജി ഉപയോക്താക്കള്‍ ശരാശരി 2 മണിക്കൂര്‍ വരെ സ്ട്രീമിങ് ഗെയിമുകള്‍ കളിക്കുന്നതായി പുതിയ പഠനം പറയുന്നു. അമേരിക്ക, ചൈന, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പടെ ആഗോളതലത്തില്‍ ഏകദേശം 130 കോടി സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ് എറിക്‌സണ്‍ കണ്‍സ്യൂമര്‍ലാബ് (Ericsson ConsumerLab) പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ, 5ജി ശേഷിയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിച്ചിരുന്ന 22 ശതമാനം ഉപയോക്താക്കളും 5ജി സേവനങ്ങള്‍ മതിയെന്നു തീരുമാനിച്ചു എന്നും പഠനം പറയുന്നു. നിലവിലെ 4ജി സേവനങ്ങളേക്കാള്‍ ഏകദേശം 30 ശതമാനത്തോളം അധികം വരിസംഖ്യ നല്‍കേണ്ടതായി വന്നേക്കാം 5ജി സേവനത്തിന് എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. 

 

ഇന്ത്യയില്‍ 5ജി എത്താന്‍ ഇനിയും സമയമെടുക്കുമെങ്കിലും, ആദ്യ വര്‍ഷം തന്നെ 4 കോടി ഉപയോക്താക്കള്‍ 5ജിയിലേക്ക് മാറുമെന്നു പ്രതീക്ഷിക്കുന്നതായി എറിക്‌സണ്‍ന്റെ പഠനം പ്രവചിക്കുന്നു. ഇവര്‍ 5ജി സേവനങ്ങള്‍ക്കായി ഇപ്പോള്‍ നല്‍കുന്നതിന്റെ 50 ശതമാനം പണം മുടക്കാന്‍ തയാറായിരിക്കുമെന്നും പറയുന്നു. ഇന്ത്യയിലെ നിലവിലുളള 4ജി ഉപയോക്താക്കളില്‍ 67 ശതമാനം പേര്‍ 5ജി വരാന്‍ കാത്തിരിക്കുന്നവരാണെന്നും പഠനം പറയുന്നു. അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ ജിയോ വരിസംഖ്യയുടെ കാര്യത്തില്‍ എന്തു പുതിയ മാന്ത്രികവിദ്യയാണ് കാണിക്കാന്‍പോകുന്നത് എന്നതില്‍ ഉദ്വേഗഭരിതരാണ് രാജ്യത്തെ ഉപയോക്താക്കളില്‍ പലരും.

 

∙ റെഡ്മി നോട്ട് 10എസിന് അമോലെഡ് സ്‌ക്രീന്‍, 64എംപി ക്യാമറ

 

ഷഓമിയുടെ റെഡ്മി സീരീസിലുള്ള പുതിയ ഫോണായ 10എസ് പുറത്തിറക്കി. ഫോണിന് 6.43-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള, അമോലെഡ് ഡിസ്‌പ്ലെയാണ് നല്‍കിയരിക്കുന്നത്. ഇതിന്റെ ബ്രൈറ്റ്‌നസ് 1100 നിറ്റ്‌സ് ആണ്. ഇതിന് 64എംപി പ്രധാന ക്യാമറയും, 8എംപി അള്‍ട്രാ വൈഡും, മാക്രോയ്ക്കും ഡെപ്തിനുമായി 2എംപി വീതമുള്ള സെന്‍സറുകളും അടങ്ങുന്ന പിന്‍ ക്യാമറാ സിസ്റ്റവും ഒരുക്കിയിരിക്കുന്നു. പ്രധാന മികവ് 4കെ വിഡിയോ ഷൂട്ടു ചെയ്യാമെന്നതാണ്. 13 എംപിയാണ് സെല്‍ഫി ക്യാമറയുടെ റെസലൂഷന്‍. 6ജിബി/64ജിബി തുടക്ക വേരിയന്റിന് 14,999 രൂപയായിരിക്കും വില. 6ജിബി/128ജിബി വേരിയന്റിന് 15,999 രൂപയും നല്‍കണം.

 

∙ റെഡ്മി സ്മാര്‍ട് വാച്ചിന് 3,999 രൂപ എംആര്‍പി

 

ഷഓമി അവതരിപ്പിച്ച റെഡ്മി സ്മാര്‍ട് വാച്ചിന് 3,999 രൂപയായിരിക്കും വില. ഹൃദയമിടിപ്പു നരീക്ഷണം, 6-ആക്‌സിസ് സെന്‍സര്‍, ജിയോ മാഗ്നെറ്റിക് സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ തുടങ്ങിയവ അടക്കമുള്ള ഫീച്ചറുകളുമായി എത്തുന്ന വാച്ചിന് 5എടിഎം വാട്ടര്‍ റെസിസ്റ്റന്‍സും ഉണ്ട്. 1.4-ഇഞ്ച് വലുപ്പമാണ് സ്‌ക്രീനിന്. ഉറക്ക നിരീക്ഷണം, ശ്വാസ ഗതി നിരീക്ഷണം തുടങ്ങിയവ കൂടാതെ, ഏഴു തരം കായിക-വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും വാച്ച് ഗുണകരമായിരിക്കുമെന്നു കമ്പനി പറയുന്നു. ട്രെഡ്മില്‍, ഓട്ടം, സൈക്കിളിങ്, നീന്തല്‍, തുടങ്ങിയവ അടക്കമുള്ള കാര്യങ്ങളില്‍ ആക്ടിവിറ്റികള്‍ നിരീക്ഷിക്കാന്‍ വാച്ച് ഉപയോഗിക്കാം. ബാറ്ററി ചാര്‍ജാകാന്‍ 2 മണിക്കൂര്‍ എടുക്കും. ഒറ്റ ചാര്‍ജില്‍ 7 ദിവസം വരെ ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. 

 

∙ ആക്ടീവ് നോയിസ് ക്യാന്‍സലേഷനുള്ള ഷഓമി ഫ്‌ളിപ്ബഡ്‌സ് പ്രോ ടിഡബ്ല്യൂഎസ് അവതരിപ്പിച്ചു

 

ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ ഉള്‍ക്കൊളളിച്ച് ഷഓമി ഫ്‌ളിപ്ബഡ്‌സ് പ്രോ ടിഡബ്ല്യൂഎസ് അവതരിപ്പിച്ചു. ഇരട്ട ട്രാന്‍സ്പരന്‍സി മോഡാണ് ഇതിന്റെ മുഖ്യ ഫീച്ചറുകളിലൊന്ന്. പാട്ടും മറ്റും കേള്‍ക്കുമ്പോള്‍ത്തന്നെ ഉപയോക്താവിനു ചുറ്റും നടക്കുന്ന കാര്യങ്ങളും ശ്രദ്ധിക്കാനാകും. വയര്‍ലെസ് ചാര്‍ജിങ്ങുള്ള ഇയര്‍ഫോണിന് 28 മണിക്കൂര്‍ വരെ ബാറ്ററി ലഭിക്കുമെന്നു കമ്പനി പറയുന്നു. ഏകദേശം 9,100 രൂപയായിരിക്കും വില. 25,000ത്തോളം രൂപ വിലയുള്ള ആപ്പിളിന്റെ എയര്‍പോഡ്‌സ് പ്രോയ്ക്കു പകരമെന്ന നിലയിലായിരിക്കും ഇത് മാര്‍ക്കറ്റു ചെയ്യുക.

 

∙ ഗൂഗിളിന് ഇറ്റലിയില്‍ 123 ദശലക്ഷം ഡോളര്‍ പിഴ

 

ആന്‍ഡ്രോയിഡ്, ഗൂഗിള്‍ പ്ലേ എന്നിവയുടെ നടത്തിപ്പുകാര്‍ എന്ന നിലയില്‍ അവരുടെ അധികാര സ്ഥാനം ദുരുപയോഗം ചെയ്തുവെന്നു പറഞ്ഞ് ഇറ്റലി ഗൂഗിളിന് 123 ദശലക്ഷം ഡോളര്‍ (102 ദശലക്ഷം യൂറോ) പിഴയിട്ടിരിക്കുകയാണ്. പ്രാദേശിക ആപ്പുകളുടെ ഉപയോഗം കുറയ്ക്കാനും പകരം ഗൂഗിള്‍മാപ്‌സിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കമ്പനി ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോയുടെ ഉപയോഗവും പ്രോത്സാഹിപ്പിച്ചു. ഈ ആരോപണങ്ങളോട് തങ്ങള്‍ 'ബഹുമാനപൂര്‍വ്വം വിയോജിക്കുന്നു' എന്നാണ് കമ്പനി പ്രതികരിച്ചത്. ആന്‍ഡ്രോയിഡ് ഓട്ടോയുടെ ഉപയോഗം ഉപയോക്താക്കളുടെ സുരക്ഷ ഉദ്ദേശിച്ചായിരുന്നുവെന്നും കമ്പനി പറയുന്നു.

 

English Summary: WhatsApp Reacts to Criticism Over Privacy, Alleges Zomato, Ola, Aarogya Setu Collect Same or More Data: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com