ADVERTISEMENT

ദേശീയ വിദ്യാഭ്യാസ നയം ജനങ്ങൾ സ്വീകരിച്ചാൽ ഇന്ത്യയെ നോളജ് സൂപ്പർ പവർ ആക്കി മാറ്റാമെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ–ഐടി മന്ത്രി ഡോ. സി.എൻ. അശ്വഥ് നാരായൺ. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ആൾബലമാണ്. അത് നമ്മൾ നേട്ടമാക്കി മാറ്റണം. അങ്ങനെ നേട്ടമുണ്ടാക്കാൻ വിദ്യാഭ്യാസമല്ലാതെ മറ്റൊരു മാർഗമില്ല. എല്ലാവർക്കും വിദ്യാഭ്യാസം കൊടുക്കുന്നത് സാമൂഹിക തുല്യതയ്ക്കു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ഡിജിറ്റൽ ഉച്ചകോടിയായ ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് നാലാം പതിപ്പിൽ ‘ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിക്കും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിലെ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിച്ചതായി അശ്വഥ് നാരായൺ പറഞ്ഞു. അതിനാൽ കുട്ടികളുടെ പഠനം യാതൊരു തടസ്സവുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു. സാങ്കേതികവിദ്യയെ വിദ്യാഭ്യാസ രംഗത്തേക്കു കൊണ്ടുവരാൻ കർണാടക കോവിഡിന്റെ തുടക്കം മുതൽ പദ്ധതികൾ തയാറാക്കി. അതിന്റെ ഭാഗമായി ഒരു പഠന പ്രക്രിയയും തയാറാക്കി. രാജ്യത്തുതന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ബൃഹത്തായ പഠന പ്രക്രിയ ഉണ്ടാക്കുന്നത്. സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചുള്ള പഠനരീതിയായിരുന്നു അത്. 30 ലക്ഷം ക്ലാസുകൾ ഇതിനായി തയാറാക്കി.

 

ഇന്റർനെറ്റ് ഉള്ള 8000 ക്ലാസ് മുറികൾ ഒരുക്കി. 3 ലക്ഷം വിദ്യാർഥികൾക്ക് ടാബും ലാപ്ടോപ്പും നൽകി. എവിടെനിന്നും എപ്പോഴും പഠിക്കാൻ കഴിയുക എന്നതാണ് പദ്ധതിയുടെ ആശയം. സാങ്കേതിക വിദ്യ ഉപയോഗിച്ചതുകൊണ്ട് വിദ്യാഭ്യാസരംഗത്ത് സുതാര്യതയും കാര്യക്ഷമതയും വർധിച്ചു. സാങ്കേതികവിദ്യ ഉപയോഗിച്ചപ്പോൾ സർവകലാശാലകളും കോളജുകളും തമ്മിലുള്ള വിവര വിനിമയം കുറച്ചുകൂടി സുഗമമായി. ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിന് ഒരു ടാക്സ് ഫോഴ്സ് കർണാടക ആദ്യമായി 2020 ൽ രൂപീകരിച്ചു. അടുത്ത പത്തുവർഷം ഇത് എങ്ങനെ നടപ്പിലാക്കാം എന്നതിനെ സംബന്ധിച്ച് ഒരു പദ്ധതിരേഖ തയാറാക്കിക്കഴിഞ്ഞു. 

 

കർണാടകയിൽ ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കിയപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനങ്ങളും താൽപര്യത്തോടെ സ്വീകരിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ മാത്രമേ പഠനത്തിലേക്കു വരുന്ന വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാൻ കഴിയൂ. സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണം ക്രമാനുഗതമായി വർധിക്കും. പരമ്പരാഗത വിദ്യാഭ്യാസവും ഡിജിറ്റൽ രീതിയിലുള്ള വിദ്യാഭ്യാസവും സംയോജിപ്പിക്കുന്നതാണ് ഇനി അങ്ങോട്ട് ഉചിതമായ രീതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നൽകാൻ കഴിയാത്തത് ഡിജിറ്റൽ വിദ്യാഭ്യാസം വഴി നികത്താൻ കഴിയുമെന്നും അശ്വഥ് നാരായൺ പറഞ്ഞു.

 

English Summary: Techspectations Educate-2021 - Dr Ashwath Narayan C. N - Minister of Higher Education, Government of Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com