ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സി സ്ഥാനമൊഴിയാന്‍ തീരുമാനിക്കുകയും ആ ചുമതല കമ്പനിയുടെ മുഖ്യ ടെക്‌നോളജി ഓഫിസറായ പരാഗ് അഗര്‍വാളിനു (38) നല്‍കുകയുമാണ്. ഇന്ത്യന്‍ വംശജര്‍ നയിക്കുന്ന ഗൂഗിള്‍, മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങി നിരവധി വൻകിട സിലിക്കന്‍വാലി കമ്പനികളെ പോലെയായിരിക്കുന്നു ട്വിറ്ററും. ട്വിറ്ററിന്റെ സഹസ്ഥാപകന്‍ കൂടിയായ ഡോര്‍സി സ്ഥാനമൊഴിഞ്ഞ ശേഷം പ്രസ്താവിച്ചത് തനിക്ക് പരാഗിന്റെ നേതൃത്വപാടവത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ്. പുതിയ പദവിയിലേക്ക് എത്താന്‍ പോകുന്ന തനിക്ക് ഡോര്‍സിയുമായുള്ള സൗഹൃദത്തിനും ഉപദേശങ്ങള്‍ക്കും നന്ദിയുള്ളവനായിരിക്കും എന്നാണ് ഐഐടി മുംബൈയുടെയും സ്റ്റാന്‍ഫെഡിന്റെയും വിദ്യാര്‍ഥിയായിരുന്ന പരാഗ് പറഞ്ഞത്.

 

ഐഐടി മുംബൈയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് സ്വന്തമാക്കിയ പരാഗ്, സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ഡി കരസ്ഥമാക്കി. ട്വിറ്ററില്‍ എത്തുന്നതിനു മുൻപ് അദ്ദേഹം മൈക്രോസോഫ്റ്റ്, യാഹൂ തുടങ്ങിയ വന്‍കിട കമ്പനികളില്‍ ജോലിയെടുത്തിരുന്നു. ട്വിറ്ററിലേക്ക് മാറുന്നത് എടിആന്‍ഡ്ടി ലാബ്‌സില്‍ നിന്നാണ്. ഡിസ്റ്റിങ്ഗ്വിഷ്ഡ് സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ എന്ന പദവിയില്‍ പത്തു വര്‍ഷം മുൻപ് അദ്ദേഹം ട്വിറ്ററില്‍ എത്തുമ്പോൾ കമ്പനിക്ക് 1000 താഴെ ജോലിക്കാരെ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് അദ്ദേഹം ചീഫ് ടെക്‌നോളജി ഓഫിസര്‍ എന്ന പദവിയിലേക്കു വരെ എത്തുകയായിരുന്നു.

 

ടെക്‌നോളജി ഓഫിസര്‍ എന്ന നിലയില്‍ പരാഗ് ചെയ്തുവന്നത് ട്വിറ്ററിന്റെ വിവിധ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും കൊണ്ടുവരിക എന്നതായിരുന്നു. ഉപയോക്താക്കള്‍, വരുമാനം, സയന്‍സ് ടീംസ് തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം ഈ സാങ്കേതികവിദ്യകള്‍ എത്തിച്ചു. കമ്പനിയുടെ ബ്ലൂസ്‌കൈ (Bluesky) പദ്ധതിക്കു പിന്നിലും പരാഗിന്റെ തലയാണ് ഉള്ളത്. 

 

∙ പരാഗിനെക്കുറിച്ച് ഡോര്‍സിക്കു പറയാനുള്ളത്

 

ട്വിറ്റര്‍ മേധാവി സ്ഥാനത്തേക്ക് കമ്പനിയുടെ എല്ലാ തരത്തിലുമുള്ള ആളുകളെയും പരിഗണിച്ചുവെങ്കിലും ബോര്‍ഡ് ഒന്നായാണ് പരാഗിനെ നിയമിക്കാന്‍ തീരുമാനമെടുത്തത് എന്ന് ഡോര്‍സി പറയുന്നു. കുറച്ചു കാലമായി നേതൃസ്ഥാനത്ത് തന്റെ മനസ്സിലുണ്ടായിരുന്നത് പരാഗിന്റെ പേരായിരുന്നു. കമ്പനിയുടെ ആവശ്യങ്ങളെക്കുറിച്ച് നല്ല ഉള്‍ക്കാഴ്ചയുള്ള വ്യക്തിയാണ് പരാഗ് എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കമ്പനി അടുത്തിടെ എടുത്ത പല നിര്‍ണായകമായ തീരുമാനങ്ങള്‍ക്കു പിന്നിലും പരാഗ് ആയിരുന്നു എന്നും അദ്ദേഹം പറയുന്നു.

 

അദ്ദേഹം ജിജ്ഞാസയുള്ള, സൂക്ഷ്മപരിശോധന നടത്തുന്ന, യുക്തിയുള്ള, അവബോധമുള്ള, വിനയമുള്ള വ്യക്തിയുമാണെന്ന് ഡോര്‍സി കൂട്ടിച്ചേര്‍ക്കുന്നു. സ്ഥാപകന്‍ നയിക്കുന്ന കമ്പനി എന്ന പേരുമാറ്റാനായാണ് താന്‍ മാറുന്നതെന്നും പുതിയ വ്യക്തികളുടെ നേതൃത്വത്തില്‍ മുന്നേറാന്‍കെല്‍പ്പുള്ള കമ്പനിയായി താന്‍ ട്വിറ്ററിനെ മാറ്റിയിട്ടുണ്ടെന്നും ഡോര്‍സി പറഞ്ഞു. അദ്ദേഹം 2022ല്‍ വരെ കമ്പനിയില്‍ തുടരും. അതേസമയം, കമ്പനിയുടെ ഡയറക്ടറായ ബ്രെറ്റ് ടെയ്‌ലറെ ട്വിറ്ററിന്റെ സ്വതന്ത്ര ചുമതലയുള്ള ചെയര്‍മാനായി സ്ഥനക്കയറ്റം നല്‍കുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററിന്റെ ബോര്‍ഡില്‍ പരാഗും ബ്രെറ്റും ഡോര്‍സിയും അടുത്ത ഏതാനും മാസത്തേക്ക് ഒരുമിച്ചു ജോലിയെടുത്തേക്കും.

 

∙ ട്വിറ്റര്‍ ജോലിക്കാര്‍ക്ക് നിയുക്ത മേധാവി പരാഗിന്റെ കത്ത്

bitcoin-mining-plant

 

തനിക്കു പകരം പരാഗ് മേധാവിയാകുമെന്ന കാര്യം ഒരു നോട്ട് വഴിയാണ് ഡോര്‍സി ട്വിറ്ററിലെ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് ഇതു ശരിവച്ച് പരാഗും ഒരു ഇമെയില്‍ അയച്ചു, നമുക്കൊരുമിച്ച് കമ്പനിക്കായി ചെയ്യാവുന്ന കാര്യത്തിന് പരിധിയില്ലെന്നാണ് അദ്ദേഹം ഇമെയിലില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കമ്പനിക്കുണ്ടായ വളര്‍ച്ചയും തളര്‍ച്ചയും വെല്ലുവിളികളും വിജയങ്ങളും തെറ്റുകളും താന്‍ കണ്ടു കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു. പക്ഷേ, എക്കാലത്തും താന്‍ ട്വിറ്ററിന്റെ അവിശ്വസനീയമായ പ്രഭാവം മറ്റെല്ലാത്തിനും ഉപരിയായി കാണുന്നു. കമ്പനിക്കുവന്നിരിക്കുന്ന പുരോഗതിയെക്കുറിച്ചും കമ്പനിയെ കാത്തിരിക്കുന്ന അവസരങ്ങളെക്കുറിച്ചും അദ്ദേഹം കത്തില്‍ പറയുന്നു. ട്വിറ്ററിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമേറിയിരിക്കുകയാണ് എന്ന് അദ്ദേഹം തന്റെ കത്തില്‍ പറയുന്നുണ്ട്. നമുക്ക് ഒരുമിച്ചു ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിധിയില്ല. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും നിങ്ങള്‍ ഓരോരുത്തര്‍ക്കും ഏറ്റവും ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും നിയുക്ത മേധാവി പറയുന്നു.

 

നിങ്ങളില്‍ ചിലര്‍ക്ക് എന്നെ നന്നായി അറിയാം. ചിലര്‍ക്ക് കുറച്ച് പരിചയമുണ്ട്. വേറെ ചിലര്‍ക്ക് എന്നെ പരിചയമേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ചുള്ള ഭാവിയിലേക്ക് കടക്കാനുള്ള ആദ്യ ചുവടുവയ്ക്കാന്‍ പോകുന്നവരായി നമുക്ക് നമ്മെ കാണാം. നിങ്ങള്‍ക്ക് ഒരുപാടു ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകാം. നമുക്ക് ചര്‍ച്ച ചെയ്യാന്‍ ഒരുപാട് വിഷയങ്ങളുണ്ട്. മുൻപത്തേതിനേക്കാളേറെ ലോകം ഇപ്പോള്‍ നാമെന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിച്ചുവരികയാണ്. ട്വിറ്ററിന്റെ സാധ്യതകള്‍ ഒരു ടീമായി പ്രവര്‍ത്തിച്ച് ലോകത്തിനു കാട്ടിക്കൊടുക്കാമെന്നാണ് തന്റെ കത്തില്‍ പരാഗ് പറഞ്ഞിരിക്കുന്നത്.

 

∙ ജിയോ ടിവിയും ടാബ്‌ലറ്റും വരുന്നു

 

റിലയന്‍സ് ജിയോ ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പോകുകയാണെന്ന് ഗിസ്‌ചൈന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാകും. വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ ഇറക്കിയ കമ്പനി അടുത്തതായി ജിയോ ടിവി, ജിയോ ടാബ്‌ലറ്റ് എന്നിവ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതു രണ്ടും 2022ല്‍ പുറത്തിറക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്തു സവിശേഷതകളായിരിക്കും ഈ ഉപകരണങ്ങളില്‍ ഉണ്ടാകുക എന്നതിനെക്കുറിച്ച് ഇപ്പോള്‍ തീരെ വ്യക്തതയില്ല. എന്നാല്‍, വില കുറഞ്ഞ ഉപകരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയായിരിക്കും ഇവ എന്നാണ് അഭ്യൂഹം. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നേരിട്ട് വീക്ഷിക്കാന്‍ പാകത്തിനായിരിക്കും ടിവി എന്നു കരുതുന്നു.

 

∙ ചൈന ക്രിപ്‌റ്റോകറന്‍സി ഖനനം നിരോധിച്ചതോടെ കസാക്കിസ്ഥാനില്‍ വൈദ്യുതി ക്ഷാമം

 

ധരാളം വൈദ്യുതി വേണ്ട ജോലിയാണ് ക്രിപ്‌റ്റോകറന്‍സി ഖനനം എന്ന കാരണമടക്കം കാണിച്ചാണ് ചൈനയില്‍ ഇവയുടെ പ്രവർത്തനം സർക്കാർ നിരോധിച്ചത്. അതോടെ കസാക്കിസ്ഥാനില്‍ ക്രിപ്‌റ്റോ ഖനനക്കാര്‍ വര്‍ധിക്കുകയും രാജ്യത്തിപ്പോള്‍ വൈദ്യുതി ക്ഷാമം നേരിട്ടു തുടങ്ങി, ചൈനയുടെ തീരുമാനം ഭാഗികമായെങ്കിലും ഇതിന് ഇടവരുത്തിയിട്ടുണ്ടെന്നും ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

∙ സ്വന്തം ഡിജിറ്റല്‍ പണമിറക്കാന്‍ ടാന്‍സാനിയ

 

ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും സ്വന്തം ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ടാന്‍സാനിയ മറ്റു രാജ്യങ്ങളെക്കാള്‍ ഒരുപടി മുന്നിലാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ, ബാങ്ക് ഓഫ് ടാന്‍സാനിയ ആയിരിക്കും പുതിയ നാണയം പുറത്തിറക്കുക. 

 

∙ ഗൂഗിള്‍ വാച്ച് ഒഎസിന് പുതിയ അപ്‌ഡേറ്റ്

 

ഗൂഗിളിന്റെ വാച്ചുകള്‍ക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റമായ വെയര്‍ ഒഎസ്3 എത്തുന്നത് 2022 പകുതിയോടെ ആയിരിക്കും. അതിനു മുൻപുള്ള അപ്‌ഡേറ്റായ 21.42.18 ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. പ്ലേ സ്‌റ്റോര്‍ വഴി പുതുക്കിയ ഒഎസ് ലഭിക്കും.

 

∙ ഇന്ത്യന്‍ മൊബൈല്‍ ഗെയിമിങ് മേഖല 500 കോടി ഡോളര്‍ മൂല്യമുള്ള വ്യവസായമായി മാറുമെന്ന്

 

ഇന്ത്യന്‍ മൊബൈല്‍ ഗെയിമിങ് മേഖല 2025 ആകുമ്പോഴേക്ക് പ്രതിവര്‍ഷം 500 കോടി മൂല്യമുള്ള വ്യവസായമായി മാറുമെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിൽ ഈ മേഖലയ്ക്ക് പ്രതിവര്‍ഷം ലഭിക്കുന്നത് ഏകദേശം 150 കോടി ഡോളർ വരുമാനമാണ്.

 

English Summary: IIT graduate to Twitter CEO: Meet 37-year-old Parag Agrawal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com