ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ടോയിലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നം പരിഹരിച്ചിരിക്കുകയാണ് നുമി 2.0. കൂടാതെ, ആമസോണിന്റെ വോയിസ് അസിസ്റ്റന്റ് അലക്‌സയെ ടോയിലറ്റില്‍ ഉള്‍പ്പെടുത്തിയാണ് നുമി 2.0 നിര്‍മിച്ചിരിക്കുന്നത്! സാംസങിന്റെ പുതിയ ഫ്രിജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്‌ക്രീനില്‍ ഫോട്ടോകളും എന്തിന് ടിക്‌ടോക് വിഡിയോയും പോലും കാണാം. മെറ്റാവേഴ്‌സിനായി 50 ബില്ല്യന്‍ ചിലവിട്ട മെറ്റാ കമ്പനിയുടെ ഹെഡ്‌സെറ്റ്, ക്യാനന്റെ ക്യാമറ, ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഒട്ടനവധിടെക് വിഭവങ്ങളാല്‍ സമൃദ്ധമായിരിക്കും ഈ വര്‍ഷത്തെ സിഇഎസ് എന്നാണ് സൂചന. 

 

ഇലക്ട്രോണിക്‌സ് ഉപകരണ പ്രേമികളുടെ ഉത്സവമായ സിഇഎസ് തിരിച്ചെത്തി

metaverse-1--

 

പുതിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെക്കുറിച്ചുള്ള ചൂടന്‍ വിശേഷങ്ങള്‍ അറിയാന്‍ ഇഷ്ടമുള്ളവര്‍, താത്പര്യപൂര്‍വം ഓരോ വര്‍ഷവും കാത്തിരിക്കുന്ന മുഹൂര്‍ത്തമാണ് സിഇഎസ് എന്നറിയപ്പെടുന്ന 'കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ'. ആഗോള ടെക്‌നോളജി ഭീമന്മാര്‍തങ്ങള്‍ ഉടന്‍ ഇറക്കാന്‍ പോകുന്നതോ, ഇറക്കാന്‍ ആഗ്രഹിക്കുന്നതോ ആയ ഉപകരണങ്ങളെയും ആശയങ്ങളെയും ഈ ഷോയില്‍ പരിചയപ്പെടുത്തുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് മൂലം ഓണ്‍ലൈനായി ആണ് നടത്തിയതെങ്കില്‍, ഇത്തവണ 2023ല്‍ വീണ്ടും ലാസെ്‌വെഗാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനുവരി 5ന് സിഇഎസിന് തിരിതെളിയും. പല പ്രമുഖ കമ്പനികളും തങ്ങളുടെ പുതുപുത്തന്‍ ഉപകരണങ്ങളെയും ആശയങ്ങളെയും ഇതിലൂടെ പരിചയപ്പെടുത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സന്നിവേശിപ്പിക്കപ്പെട്ട സാങ്കേതികവിദ്യകള്‍ മുതല്‍, മെറ്റാവേഴ്‌സിന്റെ നിര്‍മ്മാണ പുരോഗതിയും ഡിജിറ്റല്‍ ആരോഗ്യപരിപാലന സംവിധാനങ്ങളുമൊക്കെയായിരിക്കാം ഈ വര്‍ഷം ശ്രദ്ധിക്കപ്പെടുക എന്നാണ് കരുതുന്നത്. പ്രതീക്ഷിക്കുന്ന ഏതാനും ചില ഉപകരണങ്ങളെക്കുറിച്ചറിയാം:

 

മെറ്റാവേഴ്‌സിലേക്കുള്ള പാത

 

ഇന്റര്‍നെറ്റിന്റെ അടുത്ത ഘട്ടം ആയേക്കാമെന്നു കരുതുന്ന മെറ്റാവേഴ്‌സ് സങ്കല്‍പ്പം ആദ്യം യാഥാര്‍ഥ്യമാക്കാന്‍ പല കമ്പനികളും കിണഞ്ഞു ശ്രമിക്കുന്നു. അവയില്‍ പ്രധാനം മെറ്റാ എന്ന് പേരുപോലും മാറ്റി ഇറങ്ങിത്തിരിച്ച പഴയ ഫെയ്‌സ്ബുക്കാണ്. കമ്പനി ഇതുവരെ ഏകദേശം 50 ബില്ല്യന്‍ ഡോളറാണ് ഇതിനായി ചിലവിട്ടിരിക്കുന്നത്. ഇനി ഓരോ വര്‍ഷവും കമ്പനി 15 ബില്ല്യന്‍ വച്ച് ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് കമ്പനിയുടെ ഓഹരികളില്‍ പണമിറക്കിയിരിക്കുന്നവര്‍ക്കും മറ്റും കടുത്ത ഉത്കണ്ഠയാണ് ഉണ്ടാക്കിയിരിക്കുന്നത്. കുറേ പണം നഷ്ടപ്പെടുമെന്നും കമ്പനി അറിയിച്ചു കഴിഞ്ഞു. മെറ്റാവേഴ്‌സിലേക്കുള്ള പ്രവേശനം സുഗമമാക്കാനുള്ള ഉപകരണങ്ങളിലൊന്നായ ക്വെസ്റ്റ് പ്രോ കമ്പനി അവതരിപ്പിച്ചു. ഇത് സിഇഎസില്‍ പ്രദര്‍ശിപ്പിച്ചേക്കും. മെറ്റായുടെ എതിരാളികളിലൊരാളായ എച്ടിസിയും തങ്ങളുടെ വൈവ് എക്‌സ്ആര്‍എലൈറ്റ് ഹെഡ്‌സെറ്റ് പ്രദര്‍ശിപ്പിച്ചേക്കും. ഇത് ക്വെസ്റ്റ് പ്രോയ്ക്ക് കടുത്ത മത്സരം സമ്മാനിച്ചേക്കുമെന്നും കരുതപ്പെടുന്നു.

 

എഐ വെറും തട്ടിപ്പോ?

 

പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്ളില്‍ പേറുന്ന സേര്‍ച് എഞ്ചിനായ ചാറ്റ്ജിപിറ്റി, അത് ഉപയോഗിച്ചവര്‍ക്കെല്ലാം തന്നെ കഴിഞ്ഞ വര്‍ഷം പുളകങ്ങള്‍ സമ്മാനിച്ചു. ചുരുക്കം സന്ദര്‍ഭങ്ങളില്‍ മോശം പ്രകടനം നടത്തിയേക്കാമെങ്കിലും പൊതുവെ ഇന്റര്‍നെറ്റ് സേര്‍ച് എന്ന സങ്കല്‍പത്തെ പുതിയ തലങ്ങളിലേക്കു തന്നെ ഉയര്‍ത്തിയിരിക്കുകയാണല്ലോ ചാറ്റ്ജിപിറ്റി. ഈ വര്‍ഷത്തെ ക്രിസ്മസും പുതുവത്സരവും ചാറ്റ്ജിപിറ്റിയില്‍ സേര്‍ച്ച് നടത്തി അദ്ഭുതപ്പെട്ടിരിക്കുന്നവര്‍, സിഇഎസില്‍ എഐ സന്നിവേശിപ്പിക്കപ്പെട്ട എന്തെല്ലാം ഉപകരണങ്ങളാണ് പരിചയപ്പെടുത്താന്‍ പോകുന്നത് എന്ന ആകാംക്ഷയിലാണ്. എഐ എന്നു പറഞ്ഞാല്‍ ഒരു 'ഗിമിക്' ആണ് എന്നാണ് ഇതുവരെ ചിലരൊക്കെ പറഞ്ഞിരുന്നത്. അത്തരം അവിശ്വാസികള്‍ക്ക് ഈ സാങ്കേതികവിദ്യ വിശ്വസനീയമായി തോന്നി തുടങ്ങുന്ന വര്‍ഷമായിരിക്കുമോ 2023? അങ്ങനെയാണെങ്കില്‍ അതിന്റെ സൂചനകള്‍സിഇഎസിലും എത്തിയേക്കും. ദൈനംദിന ജീവിതത്തിന് അല്‍പമെങ്കിലും ആശ്വാസം പകരുന്ന സാങ്കേതികവിദ്യകള്‍ക്കായി കാത്തിരിക്കുകയാണ് ടെക്‌നോളജി പ്രേമികള്‍.

 

എല്‍ജിയുടെ ടിവികളും, ഉപകരണങ്ങളും

 

ഡിസ്‌പ്ലെ നിര്‍മാണത്തിലടക്കം വൈദഗ്ധ്യം പ്രകടപ്പിച്ച ദക്ഷിണ കൊറിയന്‍ നിര്‍മാണ ഭീമന്‍ എല്‍ജി ആയിരിക്കും ഈ വര്‍ഷത്തെ ഷോയില്‍ ചില പുതുമയാര്‍ന്ന ഉപകരണങ്ങള്‍ അവതരിപ്പിക്കുന്ന കമ്പനികളിലൊന്ന്. ഇന്നവേരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും മികവുറ്റ കംപ്യൂട്ടര്‍ മോണിട്ടറുകളിലൊന്ന് എല്‍ജി പുറത്തെടുത്തേക്കുമെന്നു കരുതുന്നു-എല്‍ജി അള്‍ട്രാഗിയര്‍ ഓലെഡ് എന്നായിരിക്കും അതിന്റെ പേര്. നൂതന സാങ്കേതികവിദ്യകള്‍ക്ക് ഇടം നല്‍കി നിര്‍മിച്ച തങ്ങളുടെ പുതിയ ശ്രേണിയിലുള്ള ഓലെഡ് ടിവികളും എല്‍ജി പ്രദര്‍ശിപ്പിക്കും. ഇവ, കൂടുതല്‍ തെളിമയും സ്പഷ്ടതയുമുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കെല്‍പ്പുള്ളവ ആയിരിക്കും. കഴിഞ്ഞ വര്‍ഷം ചുരുട്ടിയെടുക്കാവുന്ന (റോളബ്ള്‍) ടിവി പ്രദര്‍ശിപ്പിച്ച് എല്‍ജി ശ്രദ്ധ നേടിയിരുന്നു. അതുപോലെയുള്ള മറ്റെന്തെങ്കിലും വിഭവം ഈ വര്‍ഷം കമ്പനി കൊണ്ടുവരുമോഎന്ന് ഉറ്റുനോക്കുന്നവരും ഉണ്ട്. 

 

സ്വിച്ചുകളുടെ എണ്ണത്തില്‍ കുറവ്, കാര്യപ്രാപ്തിയില്‍ മികവ്

 

ആധുനിക ഫ്രിജുകളിലും വാഷിങ് മെഷീനുകളിലും നിരവധി സ്വിച്ചുകളും സ്‌ക്രീനും ഒക്കെ കയറിക്കൂടുന്ന കാഴ്ചയാണ് ഇപ്പോള്‍ പൊതുവെ കാണാനാകുന്നത്. പക്ഷേ, അതിന്റെയൊക്കെ എണ്ണം കുറച്ച്, ഏതാനും സ്വിച്ചുകളും നോബുകളും ഒക്കെയുള്ള, എന്നാല്‍ കൂടുതല്‍ കാര്യപ്രാപ്തിനല്‍കി നിര്‍മ്മിച്ച ഫ്രിജുകളും, കുക്കറുകളും, വാഷിങ് മെഷീനുകളും തങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് എല്‍ജി പറയുന്നു. സ്വിച്ചുകളുടെയും നിയന്ത്രണ സംവിധാനങ്ങളുടെയും ആധിക്യം കുറച്ചു നിര്‍മിച്ചിരിക്കുന്ന ഇവ അതിനാല്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റുമെന്ന് എല്‍ജി കരുതുന്നു. എന്നുവച്ച് ആധൂനി ലുക്ക് പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്താനൊന്നും എല്‍ജി ആഗ്രഹിക്കുന്നും ഇല്ല. അവര്‍ക്കായി മൂഡ്അപ് (MoodUp) ശ്രേണിയിലുള്ള ഉപകരണങ്ങളും ഉണ്ടായിരിക്കും.

 

സാംസങിന്റെ ടിക്‌ടോക് ഫ്രിജ്!

 

മറ്റൊരു ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ ഇത്തവണ കൊണ്ടുവരുന്ന ഉപകരണങ്ങളില്‍ ഒരു ടിക്‌ടോക് ഫ്രിജും ഉണ്ടായിരിക്കും. നാക്കു കുഴയ്ക്കുന്ന പേരാണ് അതിന് നല്‍കിയിരിക്കുന്നത്-ബിസ്‌പോക് റെഫറിജറേറ്റര്‍ ഫാമിലി ഹബ് പ്ലസ്! ഇതിന്റെ അധിക ഫീച്ചറുകളിലൊന്ന് ഡിസ്‌പ്ലെയാണ്. ഫോണുമായി സിങ്ക് ചെയ്ത് അതിലുള്ള ഫോട്ടോകളും മറ്റും കാണാനും, ഷോപ്പിങ് ലിസ്റ്റ് ഡിജിറ്റലായി ഉണ്ടാക്കാനും ഇത് പ്രയോജനപ്പെടുത്താം. അമേരിക്കയിലുള്ളവര്‍ക്ക് ഇതില്‍ 197 ടിവി ചാനലുകളും നല്‍കുന്നുണ്ട്. ഒപ്പം, ടിക്‌ടോക് വിഡിയോകളും യുട്യൂബ് വിഡിയോകളും കാണുന്നതിനും സ്‌ക്രീന്‍ പ്രയോജനപ്പെടുത്താം. അതിനു പുറമെ അള്‍ട്രാ-വൈഡ് ക്യൂഡി-ഓലെഡ് ഗെയ്മിങ് മോണിട്ടറുകളും കമ്പനി പ്രദര്‍ശിപ്പിക്കുമെന്നും കരുതുന്നു. 

 

ടോയിലറ്റിനുള്ളിലും അലക്‌സ; വിലയോ 16,900 ഡോളര്‍!

 

ആമസോണ്‍ അലക്‌സയെ ബെഡ്‌റൂമില്‍ പോലും കയറ്റരുതെന്നും മറ്റും വാദിച്ചുള്ള ലേഖനങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ കേള്‍ക്കുന്നത്, അലക്‌സയെ ടോയിലറ്റിലേക്കും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നും അത് പണക്കാരെക്കൊണ്ട് വാങ്ങിപ്പിക്കാനുള്ള ശ്രമം നടക്കുന്നു എന്നുമാണ്. അമേരിക്കന്‍ നിര്‍മാതാവ് കോഹ്‌ലര്‍ (Kohler) ആണ് ഇത്തരത്തിലൊരു ടോയിലറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന് 16,900 ഡോളറാണ് വിലയിട്ടിരിക്കുന്നത്. നിങ്ങള്‍ സിംഹാസനത്തില്‍ ഇരുന്ന് കാര്യം നിര്‍വഹിക്കുമ്പോള്‍, കാലാവസ്ഥയെക്കുറിച്ചും മറ്റും നിങ്ങള്‍ക്ക് അലക്‌സയോട് ചോദിച്ച് മനസിലാക്കാം! ടോയിലറ്റിന്റെ പേര് നുമി 2.0 എന്നാണ്. ടോയിലറ്റിന്റെ കോപ്പ പ്രകാശപൂരിതമാക്കാനായി എല്‍ഇഡി ലൈറ്റും പിടിപ്പിച്ചിട്ടുണ്ട്. വൃത്തിയായി കഴുകാനായി ശക്തിയുള്ള ജലധാരയും ഉണ്ട്. അതിനു ശേഷം മണമുണ്ടെങ്കില്‍ കളയാന്‍ സുഗന്ധപടലവും പ്രയോഗിക്കും.

 

ആ പ്രശ്‌നവും പരിഹരിക്കും

 

ടോയിലറ്റുകള്‍ ഉപയോഗിച്ച ശേഷം അവയുടെ മൂടി തിരിച്ചുവയ്ക്കാന്‍ പലരും മറക്കുന്നു എന്നൊരു പ്രശ്‌നം നിലവിലുണ്ട്. ആ പ്രശ്‌നത്തിനും നുമി പരിഹാരം കാണും. ഒരോരുത്തരും എഴുന്നേറ്റു കഴിയുമ്പോള്‍ തനിയെ മൂടി അടച്ച്, ദൃശ്യങ്ങള്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍നിന്ന് ഒഴിവാക്കാനും നുമിക്കു സാധിക്കും. വെറുതെയല്ലല്ലോ ഇത്രയും വില നല്‍കുന്നത്. കുറച്ചുകാലമായി പുതിയ സംവിധാനങ്ങളുള്ള ടോയിലറ്റിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കുകയായിരുന്നു. നുമി ഇപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നും, അത് സിഇഎസില്‍ പ്രദര്‍ശിപ്പിക്കുമെന്നുമാണ് ഇപ്പോള്‍കിട്ടുന്ന വിവരം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com