ADVERTISEMENT

സാങ്കേതികവിദ്യാ മേഖല അതിവേഗം വളരുകയാണ്. അതിന്റെ വളര്‍ച്ച വിളിച്ചോതുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള പ്രദര്‍ശനമാണ് അടുത്തിടെ സമാപിച്ച കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ. ഇതില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഉപകരണങ്ങളിലൂടെയും ആശയങ്ങളിലൂടെയുംചില നൂതന പ്രവണതകള്‍ ശ്രദ്ധിക്കപ്പെട്ടു. സമീപകാലത്തു തന്നെ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാവുന്ന മൂന്നു സാങ്കേതികവിദ്യകള്‍ പരിചയപ്പെടാം:

 

∙ കണ്ണട വേണ്ടാത്ത 3ഡി ലാപ്‌ടോപ്പുകള്‍

 

നാം കണ്ണുപയോഗിച്ച് ലോകം കാണുന്നത് ത്രിമാനതയോടെയാണ്. പക്ഷേ നമ്മുടെ കംപ്യൂട്ടറിന്റെയായാലും ടിവിയുടെയായാലും സ്മാര്‍ട് ഫോമിന്റെയായാലും സ്‌ക്രീനുകളില്‍ എല്ലാം തന്നെ ദ്വിമാനതയുള്ളതാണ്. ത്രിമാനത സ്‌ക്രീനുകളിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ലോകമെമ്പാടും 3ഡി സാങ്കേതികവിദ്യ പച്ചപിടിക്കാതിരുന്നതിന്റെ കാരണം അത്തരം സ്‌ക്രീനുകളില്‍ നോക്കിയിരിക്കുക എന്നത് പലരുടെയും കണ്ണുകള്‍ക്ക് ആയാസകരമാണ് എന്നതിനാലാണ്. എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലും മറ്റും 3ഡി കണ്ണട വച്ചുളള 3ഡി കണ്ടെന്റ് കാണല്‍ ഉപയോക്താക്കള്‍ക്ക് സ്വീകാര്യമായില്ല. അതോടെ സ്‌റ്റെറിയൊസ്‌കോപിക് 3ഡി ഡിസ്‌പ്ലേകളുടെ കാലം അവസാനിച്ചതായി വിധിയെഴുതപ്പെട്ടു. എന്നാല്‍, 2023ല്‍ 3ഡി തിരിച്ചെത്തുകയാണ്. എസ്യൂസ് (Asus) കമ്പനിയാണ് ഇത് വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. കമ്പനി അവതരിപ്പിച്ച പ്രോ ആര്‍ട്ട് സ്റ്റുഡിയോബുക്ക് ആണ് 3ഡിയുടെ പുതുയുഗത്തിലേക്ക് വാതില്‍ തുറന്നിരിക്കുന്നത്.

 

∙ സ്‌പെഷല്‍ വിഷന്‍

 

ഇതിനായി കമ്പനി ഉപയോഗിച്ചിരിക്കുന്നത് സ്‌പെഷല്‍ വിഷന്‍ സാങ്കേതികവിദ്യയാണ്. ഇതിനെ ഓട്ടോസ്‌റ്റെറിയോസ്‌കോപിക് എന്ന വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുന്നത്. കണ്ണടയില്ലാതെ ത്രിമാനത ദര്‍ശിക്കാന്‍ സാധിക്കുന്ന ടെക്‌നോളജി ഇതോടെ എത്തിയിരിക്കുകയാണ്. ലാപ്‌ടോപ്പിന് 3ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. പക്ഷേ, അത് അനുഭവിക്കാന്‍ കണ്ണട വയ്‌ക്കേണ് എന്നതാണ് പുതുമ. ഗ്ലാസ് ഫ്രീ 3ഡി ഓലെഡ് ടെക്‌നോളജിയാണ് തങ്ങളുടെ ലാപ്‌ടോപ്പിലുള്ളതെന്ന് എസ്യൂസ് പറയുന്നു. ഒരു ലെന്റിക്യുലര്‍ ലെന്‍സും അത്യാധുനിക ഐ-ട്രാക്കിങ് സംവിധാനവും ഉപയോഗിച്ചാണ് യഥാര്‍ഥമെന്ന തോന്നലുളവാക്കുന്ന ത്രിമാന ദൃശ്യങ്ങള്‍ പ്രോ ആര്‍ട്ട് സ്റ്റുഡിയോബുക്കില്‍ കാണാനാകുന്നത്. ഇതിന്റെ പ്രകടനം സാമാന്യം തരക്കേടില്ലെന്നാണ് ആദ്യ സൂചനകള്‍. 

 

∙ മെറ്റാവേഴ്‌സ് സങ്കല്‍പത്തിനും ഉചിതം

 

ഇത്തരം 3ഡി ലാപ്‌ടോപ്പുകള്‍ നിർമിച്ചെടുക്കാന്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരുന്ന മറ്റൊരു കമ്പനിയാണ് എയ്‌സര്‍. എന്നാല്‍, മറ്റു കമ്പനികള്‍ ഇതേവരെ പ്രദര്‍ശിപ്പിച്ചവയേക്കാള്‍ മികച്ച സാങ്കേതികവിദ്യയാണ് എസ്യൂസ് കാണച്ചിരിക്കുന്നത്. ഇത് മെറ്റാവേഴ്‌സ് സങ്കല്‍പം യാഥാര്‍ഥ്യമാക്കുന്നതിനും സഹായകമായേക്കാമെന്നാണ് വിലയിരുത്തല്‍. എംആര്‍, വിആര്‍ ഹെഡ്‌സെറ്റുകള്‍ക്കൊപ്പം മെറ്റാവേഴ്‌സിന് അരങ്ങൊരുക്കാന്‍ പ്രോ ആര്‍ട്ട് സ്റ്റുഡിയോബുക്കിന് സാധിച്ചേക്കുമെന്നു കരുതുന്നു.

 

∙ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും ഉചിതം

 

അതുപോലെ തന്നെ 3ഡി കണ്ടെന്റ് സൃഷ്ടിക്കുന്നവര്‍ക്കും ആശ്രയിക്കാവുന്ന ഒരു പരിഹാരമാര്‍ഗമായിരിക്കും ഇതെന്നു കരുതുന്നു. ഈ മോഡല്‍ വില കൂടിയതായിരിക്കുമെങ്കിലും ഇത്തരം സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി തങ്ങളുടെ വിവോബുക്ക് ശ്രേണിയില്‍ താരതമ്യേന വിലകുറഞ്ഞ ലാപ്‌ടോപ് എസ്യൂസ് ഇറക്കിയേക്കുമെന്ന് അറിയിച്ചു ഇനി മറ്റു കമ്പനികളും ഇത്തരം ലാപ്‌ടോപ്പുകള്‍ പുറത്തിറക്കിയേക്കും. വര്‍ഷങ്ങള്‍ക്കുള്ളില്‍ ദ്വിമാന സ്‌ക്രീനുകള്‍ക്ക് അന്ത്യം കുറിയ്ക്കാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. 

 

∙ ടോയിലറ്റില്‍ വരെ ഡിജിറ്റല്‍ ആരോഗ്യപരിപാലന സാധ്യത

 

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച ആരോഗ്യപരിപാലന രംഗത്ത് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള അന്വേഷണം വര്‍ഷങ്ങളായി നടന്നുവരികയാണ്. ഈ വര്‍ഷത്തെ സിഇഎസില്‍ മൂത്രം പരിശോധിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ ടോയിലറ്റുകള്‍ അവതരിപ്പിച്ചത് വിതിങ്‌സ്, വിവൂ (Vivoo) എന്നീ കമ്പനികളാണ്. മൂത്രം ശേഖരിക്കേണ്ടതിന്റെയും അവ ലാബില്‍ കൊണ്ടുപോകേണ്ടതിന്റെയും വിഷമതകള്‍ ഇല്ലാതാക്കുകയാണ് പുതിയ ടോയിലറ്റുകള്‍. ഫ്രഞ്ച് കമ്പനിയായ വിതിങ്‌സ് അവതരിപ്പിച്ച ടോയിലറ്റില്‍ ഒരു യു-സ്‌കാന്‍ ഉപകരണവും പിടിപ്പിച്ചിട്ടുണ്ട്. സാംപിള്‍ ശേഖരിച്ച് ലാബിലെത്തിക്കുക എന്ന പ്രശ്‌നം പരിഹരക്കാനാകുമെന്ന് കമ്പനി പറയുന്നു. തങ്ങളുടെ ഏറ്റവും ആധുനിക ടോയിലറ്റാണിതെന്നാണ് കമ്പനി പറയുന്നത്. https://bit.ly/3QpnddH

 

∙ എക്‌സ്‌റ്റെന്‍ഡഡ് റിയാലിറ്റി

 

സിഇഎസില്‍ ശ്രദ്ധപിടിച്ചുപറ്റിയ രണ്ടു സാങ്കേതികവിദ്യകള്‍ വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്‌മെന്റഡ് റിയാലിറ്റിയും ആണ്. എച്ടിസിയുടെ വൈവ് എക്‌സ്ആര്‍ എലൈറ്റ് ഹെഡ്‌സെറ്റ് പലരെയും ആകര്‍ഷിച്ചു. മെറ്റായുടെ ക്വെസ്റ്റ് പ്രോ ഹെഡ്‌സെറ്റിനോട് മത്സരിക്കാനാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ക്വെസ്റ്റ് പ്രോയെക്കാള്‍ വലുപ്പവും വിലയും കുറവാണ്. ടിസിഎല്‍ കമ്പനിയും എആര്‍ ഹെഡ്‌സെറ്റ് പ്രദര്‍ശിപ്പിച്ചു. ഇതിന് ഓട്ടമാറ്റിക്കായി തത്സമയ ഭാഷാ തര്‍ജ്ജമ പോലും നടത്താം.

 

∙ ആപ്പിളിന്റെ ആദ്യ എആര്‍/വിആര്‍ ഹെഡ്‌സെറ്റ് ഈ വര്‍ഷം

 

അതേസമയം, സിഇഎസുമായി ബന്ധമില്ലാത്ത ഒരു വാര്‍ത്തയും ശ്രദ്ധപിടിച്ചുപറ്റി. ആപ്പിള്‍ വര്‍ഷങ്ങളായി പുറത്തിറക്കാന്‍ ശ്രമിച്ചുവന്ന ആദ്യ എആര്‍/വിആര്‍ ഹെഡ്‌സെറ്റ് 2023ല്‍ പുറത്തിറക്കിയേക്കുമെന്നാണ് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ പ്രവചിക്കുന്നത്. ഇതോടെ, ഹെഡ്‌സെറ്റുകളുടെ യുഗത്തിലേക്ക് ടെക്‌നോളജി മേഖല കടന്നേക്കും.

 

∙ മെറ്റായുടെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ് മേധാവിയായി ഇന്ത്യന്‍ വംശജന്‍

 

ഇന്ത്യയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പിന്റെ മേധാവിയായി വികാസ് പുരോഹിതിനെ നിയമിച്ചതായി മെറ്റാ കമ്പനി അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകളും പരസ്യ ഏജന്‍സികളുമായി മെറ്റായ്ക്കു വേണ്ടി ഇടപെടുക എന്നായിരിക്കും വികാസിന്റെ ജോലി. ടാറ്റാ ക്ലീക്, ആമസോണ്‍, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ക്കായി 20 വര്‍ഷത്തിലേറെ ജോലിയെടുത്ത പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് വികാസ് എന്ന് മെറ്റാ അറിയിച്ചു.

 

∙ അമേരിക്കന്‍ യുവജനങ്ങളുടെ മാനസികാരോഗ്യം നശിപ്പിക്കുന്നു; ടിക്‌ടോക്, മെറ്റാ തുടങ്ങിയ കമ്പനികള്‍ക്കെതിരെ കേസ്

 

സിയാറ്റില്‍ പബ്ലിക് സ്‌കൂളുകള്‍ മുൻനിര സമൂഹ മാധ്യമങ്ങളായ ടിക്‌ടോക്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ് തുടങ്ങിയ കമ്പനികള്‍ക്കെതിരെ കേസു കൊടുത്തു. അമേരിക്കന്‍ യുവജനങ്ങളുടെ മാനസികാരോഗ്യം തകര്‍ക്കുന്നു എന്നാണ് 91 പേജ് വരുന്ന കേസില്‍ പറയുന്നത്. സമൂഹ മാധ്യമങ്ങളുടെ ആസക്തി വളര്‍ത്തല്‍ ശേഷി ഈ കമ്പനികള്‍ ചൂഷണം ചെയ്യുന്നു എന്നാണ് പ്രധാന ആരോപണം. ഇത് യുവജനങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

 

∙ കുട്ടികളെ ചൂഷണം ചെയ്യുന്നു

 

യുവജനങ്ങളുടെ മനശാസ്ത്രവും ന്യൂറോഫിസിയോളജിയും ചൂഷണം ചെയ്താണ് ഈ സമൂഹ മാധ്യമങ്ങള്‍ തഴച്ചു വളരുന്നതെന്നാണ് ആരോപണം. യുവജനതയെ കൂടുതല്‍ സമയം ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ തളച്ചിടുന്നു. എളുപ്പത്തില്‍ സ്വാധീനിക്കാവുന്ന യുവ മനസ്സുകളെ ആകര്‍ഷിച്ച് പിടിച്ചിടുന്നു. ഇത് അമേരിക്കയൊട്ടാകെയുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിക്ക് പ്രശ്‌നം സൃഷ്ടിക്കുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി ദോഷകരമായ കണ്ടെന്റും കുട്ടികളിലെത്തുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നു പറയുന്ന കുട്ടികളുടെ എണ്ണം 2009 നും 2019നും ഇടയ്ക്ക് 30 ശതമാനം വര്‍ധിച്ചിരിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതെല്ലാം കുട്ടികളുടെ പഠനത്തെ ബാധച്ചിട്ടുണ്ട്.

 

∙ ഗൗരവമുള്ള കേസ് ആയേക്കാം

 

അമേരിക്കയുടെ കമ്യൂണിക്കേഷന്‍സ് ഡിസന്‍സി ആക്ടിന്റെ സെക്ഷന്‍ 230 പ്രകാരം ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ മറ്റാരെങ്കിലും പോസ്റ്റു ചെയ്യുന്ന ഉള്ളടക്കത്തിന് ആ കമ്പനിക്ക് ബാധ്യതയില്ല എന്നാണ് പറയുന്നത്. ഇതാണ് സമൂഹ മാധ്യമങ്ങളെ നിയമനടപടികളില്‍ നിന്ന് സംരക്ഷിച്ചു നിർത്തുന്ന വകുപ്പ്. എന്നാല്‍, മറ്റാരെങ്കിലും പോസ്റ്റ് ചെയ്യുന്ന കണ്ടെന്റ് ഇത്തരം കമ്പനികള്‍ റെക്കമെന്‍ഡ് ചെയ്യുന്നുവെന്നും അത് വിതരണം ചെയ്യുന്നു എന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതാദ്യമായാണ് ഈ വകുപ്പിന് ഇങ്ങനെയൊരു സാധ്യത കണ്ടെത്തുന്നത് എന്നതും കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

 

English Summary: This 3D laptop screen was the coolest thing I experienced at CES 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com