ADVERTISEMENT

എലൈവ്‌കോര്‍ (AliveCor) കമ്പനിക്ക് പേറ്റന്റുള്ള വെയറബ്ള്‍ ഇലക്ട്രോകാര്‍ഡിയോഗ്രാം ടെക്‌നോളജി അനുമതിയില്ലാതെ ആപ്പിള്‍ കമ്പനി തങ്ങളുടെ വാച്ചുകളില്‍ ഉപയോഗിച്ചു എന്ന് ഇന്റര്‍നാഷനല്‍ ട്രേഡ് കമ്മിഷന്‍ (ഐടിസി) കഴിഞ്ഞ ഡിസംബറില്‍ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ അമേരിക്കയിലെ ബൈഡന്‍ ഗവണ്‍മെന്റ് ഇപ്പോള്‍ വീറ്റോ ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് ആപ്പിള്‍ വാച്ചിന്റെ ആഗോള തലത്തിലുള്ള കയറ്റുമതി നിരോധിക്കപ്പെട്ടേക്കാമെന്ന സന്ദേഹം ഉയര്‍ന്നിരിക്കുന്നത് എന്ന് ദ് ഹില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇക്കാര്യത്തില്‍ ബൈഡന്‍ ഗവണ്‍മെന്റിനെ സ്വാധീനിക്കാനുള്ള ആപ്പിളിന്റെ അവസാന ശ്രമവും പരാജയപ്പെട്ടു എങ്കിലും എലൈവ്‌കോറിന് ഇനിയും കടമ്പകള്‍ കടക്കാനുണ്ടായേക്കാം. കേസിന് ആസ്പദമായ ഇലക്ട്രോകാര്‍ഡിയോഗ്രാം സാങ്കേതികവിദ്യ ഉള്‍പ്പെടുത്താതെ ആപ്പിള്‍ വാച്ച് വില്‍ക്കുന്നതിനു വിലക്കു വീഴാനും സാധ്യത കുറവാണ്.

കടുത്ത നിയമ യുദ്ധത്തിനും തുടക്കമിട്ടേക്കാം

ഐടിസിയുടെ കണ്ടെത്തല്‍ അമേരിക്കന്‍ ഭരണകൂടം നിഷേധിക്കാത്തതിനാല്‍ അടുത്ത നടപടിക്രമം ആപ്പിള്‍ വാച്ചിന്റെ കയറ്റുമതി തടയുക എന്നതായിരിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇത് ഉടനെ ഉണ്ടായേക്കില്ല. ആപ്പിള്‍ വാച്ച് വില്‍ക്കുന്നത് നിരോധിക്കണം എന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവ് തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ വാദിയും പ്രതിയുമെല്ലാം ഇനി പേറ്റന്റ് ട്രയല്‍ ആന്‍ഡ് അപ്പീല്‍ ബോര്‍ഡിനു (പിടിഎബി) മുമ്പില്‍ തങ്ങളുടെ വാദപ്രതിവാദങ്ങള്‍ നടത്തും. പിടിഎബി ആകട്ടെ അടുത്തിടെ എലൈവ്‌കോറിന്റെ പേറ്റന്റുകള്‍ക്ക് സാധുതയില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ എലൈവ്‌കോര്‍ മേധാവി പ്രിയ അബാനി രംഗത്തെത്തിയിരുന്നു. പിടിഎബിയുടെ തീരുമാനം എലൈവ്‌കോറിനെ മാത്രം ബാധിക്കുന്നതല്ല. നൂതനസാങ്കേതികവിദ്യ കൊണ്ടുവരുന്ന കമ്പനികളുടെ പേറ്റന്റിനു അമേരിക്കയില്‍ വിലയില്ലെന്നുള്ള വ്യക്തമായ സന്ദേശമാണ് പിടിഎബി നല്‍കുന്നതെന്നാണ് പ്രിയ പ്രതികരിച്ചത്.

അധികാരികളെ സ്വാധീനിക്കാനുള്ള ആപ്പിളിന്റെ ശ്രമം പരാജയപ്പെട്ടു

ഇരു കമ്പനികളും കേസ് അപ്പീല്‍സ് കോടതിയിലേക്ക് മാറ്റാന്‍ ശ്രമിച്ചേക്കുമെന്നു പറയുന്നു. അവിടെ വിവിധ ഓര്‍ഡറുകള്‍ പ്രാബല്യത്തില്‍ വരുത്താന്‍ 18 മാസം വരെ എടുത്തേക്കുമെന്നു പറയുന്നു. അതേസമയം, ബൈഡന്‍ ഭരണകൂടം ഐടിസിയുടെ വിധി വീറ്റോ ചെയ്യാത്തതില്‍ അദ്ഭുതമില്ലെന്നും ദ് ഹില്‍ പറയുന്നു. എന്നാല്‍, 2013ല്‍ ഇതേ ആപ്പിള്‍ കമ്പനി, സാംസങ്ങിനു പേറ്റന്റ് ഉള്ള ടെക്‌നോളജി ഉപയോഗിച്ചു എന്ന് ഐടിസി കണ്ടെത്തിയെങ്കിലും, അന്നത്തെ ഒബാമ ഭരണകൂടം അത് വീറ്റോ ചെയ്യുകയും ഐഫോണുകളും ഐപാഡുകളും വില്‍ക്കാന്‍ അനുമതി ചെയ്യുകയും ഉണ്ടായി. അതുതന്നെയാണ് ആപ്പിള്‍ തങ്ങളുടെ വാച്ചിന്റെ കാര്യത്തിലും പ്രതീക്ഷിച്ചിരുന്നത്. ആപ്പിള്‍ വാച്ചിനെതിരെ ഐടിസിയുടെ വിധി വന്നതോടെ, ഐടിസിയുടെ മുന്‍ ചെയര്‍വുമണ്‍ ഷാറാ അറണോഫിനെ (Shara Aranoff) തങ്ങള്‍ക്കായി ലോബിയിങ്ങിന് കച്ചകെട്ടി ഇറക്കിയിരുന്നു. ഇത്തരം ലോബിയിങ്ങിന്റെ ബലത്തിലാണ് പല പ്രബല സിലിക്കന്‍വാലി കമ്പനികളും തങ്ങളുടെ കുത്തക നിലനിര്‍ത്തുന്നത് എന്ന ആരോപണം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്.

തങ്ങളുടേത് പാവം കമ്പനിയെന്ന് പ്രിയ

‘‘ആപ്പിളിനു പരിധിയില്ലാത്ത ധനമുണ്ട്. അവര്‍ ആര്‍ക്കെതിരെയും നീങ്ങും. അതാണ് അവര്‍ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെത് വെറുമൊരു സ്റ്റാര്‍ട്ട്അപ് കമ്പനിയാണ്’’ –  പ്രിയ പറഞ്ഞു. കുത്തക കമ്പനികളുടെ പെരുമാറ്റമാണ് ആപ്പിളിന്റേതെന്നും പ്രിയ ആരോപിച്ചിരുന്നു. എലൈവ്‌കോര്‍ കമ്പനിയില്‍ ഏകദേശം 150 ജോലിക്കാര്‍ മാത്രമാണ് ഉള്ളത്. ക്യലിഫിലെ മൗണ്ടന്‍ വ്യൂവില്‍ പ്രവര്‍ത്തിക്കുന്ന എലൈവ്‌കോര്‍ 2015ലാണ് തങ്ങളുടെ വെയറബ്ള്‍ ഇലക്ട്രോകാര്‍ഡിയോഗ്രാം സാങ്കേതികവിദ്യ പ്രദര്‍ശിപ്പിച്ചത്. ഇത് ആപ്പിള്‍ തട്ടിയെടുത്തു എന്ന എലൈവ്‌കോറിന്റെ ആരോപണം ഐടിസിയും ബൈഡന്‍ ഭരണകൂടവും ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്. എന്നാല്‍, ഇനിയും ലോബിയിങ്ങിലും സമർഥരായ നിയമജ്ഞരുടെ കരുത്തിലും ആപ്പിള്‍ ഊരിപ്പോരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകം. അതോ, ടെക്‌നോളജി വികസിപ്പിച്ച എലൈവ്‌കോറിന് അവരര്‍ഹിക്കുന്ന വിഹിതം നല്‍കി മാന്യമായ രീതിയില്‍ കേസു തീര്‍ക്കാന്‍ ആപ്പിള്‍ മുതിരുമോ എന്നു കാണാനും ടെക്‌നോളജി ലോകം കാത്തിരിക്കുകയാണ്.

നോക്കിയയ്ക്ക് പുതിയ ലോഗോ

കഴിഞ്ഞ 60 വര്‍ഷത്തിനിടയ്ക്ക് നോക്കിയ കമ്പനി തങ്ങളുടെ പേരെഴുതുന്ന രീതി മാറ്റിയിരുന്നില്ല. തങ്ങളുടെ വിഖ്യാതമായ പേരെഴുതല്‍ രീതി, ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് (എംഡബ്ല്യുസി) ബാര്‍സിലോനയില്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പു മാറ്റിയിരിക്കുകയാണ് കമ്പനി എന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. തങ്ങളുടെ ലോഗോ കൂടുതല്‍ ആധുനികവും ഡിജിറ്റല്‍ കാലഘട്ടത്തിനു ചേര്‍ന്നതുമാണെന്നു കമ്പനി അവകാശപ്പെടുന്നു.

പഴയ നോക്കിയ ലോഗോ ഇനിയും കാണാനായേക്കും

അതേസമയം, നിരവധി കസ്റ്റമര്‍മാര്‍ക്ക് നോക്കിയയെ പ്രിയപ്പെട്ടതാക്കിയ പഴയ ലോഗോ ഇനിയും ഉപയോഗിച്ചേക്കാം. അതിന്റെ കാരണം ഇതാണ്: 2014ല്‍ നോക്കിയയുടെ ഫോണ്‍ നിര്‍മ്മാണ വിഭാഗം 7 ബില്യന്‍ ഡോളര്‍ നല്‍കി മൈക്രോസോഫ്റ്റ് കമ്പനി ഏറ്റെടുത്തിരുന്നു. ഇതൊരു മഹാ ദുരന്തമായി മാറിയിരുന്നു. തുടര്‍ന്ന് എച്എംഡി ഗ്ലോബല്‍ എന്ന കമ്പനി നോക്കിയയുടെ ഫോണ്‍ നിര്‍മ്മാണം ഏറ്റെടുത്തിരുന്നു. അവര്‍ തുടര്‍ന്നും നോക്കിയയുടെ പഴയ ലോഗോ ഉപയോഗിച്ചേക്കാം. അതേസമയം, യഥാർഥ നോക്കിയ കമ്പനി ഇപ്പോള്‍ നെറ്റ് വര്‍ക്കിങ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവരുടെ ലോഗോ ആണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തില്‍ പുതുയുഗം കുറിച്ച് നോക്കിയ

എംഡബ്ല്യുസി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എച്എംഡി ഗ്ലോബല്‍ നോക്കിയ ബ്രാന്‍ഡിങ്ങില്‍ മൂന്നു പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. ഐഫിക്‌സിറ്റ് (iFixit) കമ്പനിയുമായി സഹകരിച്ചാണ് ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തിറക്കുമ്പോള്‍ അവ റിപ്പയർ ചെയ്യാനായി അഴിക്കാന്‍ എളുപ്പമാണോ എന്നു പരിശോധിക്കുന്ന കമ്പനിയാണ് ഐഫിക്‌സിറ്റ്. ജി22, സി32, സി22 എന്നീ മോഡലുകളാണ് ഇരു കമ്പനികളും ചേര്‍ന്ന് പുറത്തിറക്കിയിരിക്കുന്നത്.

കേടുവന്നാല്‍ എളുപ്പം നന്നാക്കാം

ഈ മൂന്നു മോഡലുകളും കേടുവന്നാല്‍ മറ്റു മിക്ക ഫോണുകളെയും അപേക്ഷിച്ച് നന്നാക്കിയെടുക്കാന്‍ എളുപ്പമായിരിക്കും എന്നതാണ് അവയുടെ സവിശേഷത. തങ്ങള്‍ കാശുകൊടുത്തു വാങ്ങുന്ന ഫോണുകളുടെ ബാറ്ററി കേടായാല്‍ പോലും അവ മാറ്റിവയ്ക്കണമെങ്കില്‍, പലപ്പോഴും അവ പുറത്തിറക്കുന്ന കമ്പനികളെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോള്‍ ഉപയോക്താക്കള്‍. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ മുതല്‍ ഇന്ത്യ വരെ നിയമങ്ങള്‍ കൊണ്ടുവന്നേക്കും. എന്തായാലും, എളുപ്പത്തില്‍ കേടുപാടുകള്‍ മാറ്റിയെടുക്കാവുന്ന ഫോണുകള്‍ എന്ന അവകാശവാദവുമായി ഇറക്കിയിരിക്കുന്ന ഫോണുകള്‍ എങ്ങനെ സ്വീകരിക്കപ്പെടും എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

വിന്‍ഡോസ് 11 അപ്‌ഗ്രേഡ് അനുയോജ്യമല്ലാത്ത കംപ്യൂട്ടറുകളിലേക്കും അയച്ചു

വിന്‍ഡോസ് 11 അപ്‌ഗ്രേഡ് അനുയോജ്യമല്ലാത്ത കംപ്യൂട്ടറുകളിലേക്കും മൈക്രോസോഫ്റ്റ് അയച്ചു എന്ന് റിപ്പോര്‍ട്ട്. വിന്‍ഡോസ് 11 പ്രവര്‍ത്തിക്കാന്‍ വേണ്ട കുറഞ്ഞ ഹാര്‍ഡ്‌വെയര്‍ കരുത്തില്ലാത്ത കംപ്യൂട്ടറുകളിലേക്കും അയച്ചു എന്നാണ് ആരോപണം. ഫാന്റംഓഷന്‍3 എന്ന ട്വിറ്റര്‍ യൂസര്‍ ആണ് ഇത് ആദ്യമായി കണ്ടെത്തിയത്. അതേസമയം, ഇതാദ്യമായല്ല മൈക്രോസോഫ്റ്റ് ഇത്തരം വീഴ്ചകള്‍ വരുത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 English summary: Apple Watch might soon face international import ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com