ADVERTISEMENT

സ്മാര്‍ട് ഫോൺ റേഡിയേഷന്‍ കാന്‍സറിനു കാരണമാകുമോ?, ഇക്കാര്യത്തിൽ പഠനങ്ങൾ പലവിധമാണ്. ഫോണില്‍ നിന്നുള്ള റേഡിയേഷൻ വികിരണം അത്ര കാര്യമാക്കേണ്ടെന്നാണ് സ്മാര്‍ട് ഫോൺ റേഡിയേഷന്റെ കാര്യത്തിലടക്കം പല കാര്യങ്ങളിലും  തീര്‍പ്പു കല്‍പ്പിക്കുന്ന അമേരിക്കയുടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (എഫ്‌സിസി) പറയുന്നത്. എന്നാല്‍ ഒരു കാന്‍സര്‍ സര്‍ജനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ തയാറാക്കിയ റിപ്പോര്‍ട് ഈ വാദത്തിനു എതിരാണ്. പക്ഷേ ഇതേപോലെയുള്ള നിരവധി ചര്‍ച്ചകള്‍ മുന്‍പും നടന്നു കഴിഞ്ഞിട്ടുണ്ട്, ചില സുരക്ഷിത മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കുന്നതുതന്നെയാണ് എപ്പോഴും നല്ലത്. 

എഫ്‌സിസി പറയുന്നത് കേട്ടാല്‍ പോരെ?

എഫ്‌സിസി പറയുന്നതായിരിക്കില്ലെ ശരി? സംശയം ന്യായമാണ്. അങ്ങനെയാണെങ്കില്‍ എന്തിനാണ് സ്മാര്‍ട് ഫോൺ ഉപയോഗത്തെക്കുറിച്ച് ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ മുന്നറിയിപ്പ് ഇറക്കുന്നത്? ഐഫോണ്‍ 14 പ്രോ മാക്‌സ് മുതല്‍ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ മോഡലായ ഐഫോണ്‍ എസ്ഇ വരെ എല്ലാ മോഡലുകളും ഉപയോഗിക്കുന്നവര്‍ 'ഹാന്‍ഡ്‌സ്-ഫ്രീ ഓപ്ഷന്‍' ഉപയോഗിക്കണമെന്ന് ആപ്പിള്‍ നിഷ്‌കര്‍ഷിക്കുന്നു. 

Representative Image, Photo: Apple
Representative Image, Photo: Apple

അതായത് ഒന്നുകില്‍ സ്പീക്കറിലിട്ട് സംസാരിക്കുക, അല്ലെങ്കില്‍ ഹെഡ്‌ഫോണുകളോ അതുപോലെയുള്ള അക്‌സസറികളോ ഉപയോഗിക്കുക. ഇതു  റേഡിയോഫ്രീക്വന്‍സി ഊര്‍ജ്ജം ശരീരത്തിലെത്തുന്നത് 'കുറയ്ക്കുമെന്നാണ്' ആപ്പിള്‍ പറയുന്നത്. ഈ പറഞ്ഞ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ ചില ഫോണുകള്‍ക്ക് കൂടുതലായി ഉണ്ടെന്നാണ് ജര്‍മനിയുടെ ഫെഡറല്‍ ഓഫിസ് ഫോര്‍ റേഡിയേഷന്‍ പുറത്തിറക്കിയ മുന്നറിയിപ്പിലും പറഞ്ഞിരിക്കുന്നത്.

ഫോണ്‍ മാന്യുവലുകളില്‍ എന്തിനാണ് മുന്നറിയിപ്പ്?

ഐഫോണുകള്‍ക്കായി ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് പുറത്തിറക്കിയ മാന്യുവലില്‍ ആപ്പിള്‍ പറഞ്ഞിരിക്കുന്നത് ഫോണുകള്‍ ശരീരത്തില്‍ നിന്ന് കുറഞ്ഞത് 10 മില്ലീമീറ്റര്‍ അകലെയെങ്കിലും പിടിക്കണമെന്നാണ്. 'ഇന്നിപ്പോള്‍ ആളുകള്‍ക്കെല്ലാം തന്നെ സ്മാര്‍ട് ഫോൺ ആസക്തിയാണ്' എന്ന് കാലിഫോര്‍ണിയ ബേര്‍ക്‌ലി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗേവഷകനായ ജോയല്‍ മൊസ്‌കോവിറ്റ്‌സ് പറയുന്നു.

സ്മാര്‍ട് ഫോണില്ലാതെ ജീവിക്കാനാകാത്ത സ്ഥിതിയായി. അതിനാൽത്തന്നെ ഇവ ആരോഗ്യത്തിന് ഹാനികരമായേക്കാമെന്ന മുന്നറിയിപ്പ് പലര്‍ക്കും താങ്ങാനാവുന്നതിന് അപ്പുറമായേക്കാമെന്നും അദ്ദേഹം പറയുന്നു. മനുഷ്യ ശരീരത്തെ റേഡിയോ ഫ്രീക്വന്‍സി ഊര്‍ജ്ജം എങ്ങനെ ബാധിക്കും എന്ന കാര്യത്തെക്കുറിച്ച് 2009 മുതല്‍ അദ്ദേഹം പഠിച്ചുവരികയാണ്.

ആര്‍എഫ് വികിരണത്തെക്കുറിച്ചുള്ള ഗവേഷണം മുടന്തുന്നു

മിക്ക ഗവണ്‍മെന്റുകളും സെല്‍ഫോണുകള്‍ക്കും സെല്‍ ടവറുകള്‍ക്കും  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, റേഡിയേഷൻ വികിരണം എങ്ങനെയാണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് എന്ന കാര്യത്തെക്കുറിച്ചുള്ള ഗവേഷണത്തിന് പണം നല്‍കുന്നത് അമേരിക്ക 1990കളില്‍ നിറുത്തിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കാന്‍സറിനു കാരണമാകുന്നു എന്ന് ജോയല്‍

ജോയലും സംഘവും ചില ഗവേഷണ ഫലങ്ങള്‍ 2020ല്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ 46 പഠനങ്ങളാണ് ഉണ്ടായിരുന്നത്. ഈ 46 പേരില്‍, 10 വര്‍ഷത്തിനിടയില്‍ 1000 മണിക്കൂർ ഫോണ്‍ ഉപയോഗിച്ചവര്‍ക്ക്, അതായത് പ്രതിദിനം 17 മിനിറ്റ് ഉപയോഗിച്ച 60 ശതമാനം പേര്‍ക്ക് തലച്ചോറിലെ കാന്‍സര്‍ കൂടിയെന്നാണ് പഠനം പറയുന്നത്. അതേസമയം ജോയലിന്റെ കണ്ടെത്തലുകള്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അടക്കുള്ള സംവിധാനങ്ങൾ അംഗീകരിക്കുന്നില്ല. പക്ഷേ 'ഫോണ്‍ ഉപയോഗം മൂലം ഇതുവരെ പ്രശ്‌നമുണ്ടായതായി ഉറപ്പിച്ചു പറയാനാവില്ലെന്ന' വാദമാണ് ഡബ്ല്യൂഎച്ഓയുടേതും. 

അപ്പോള്‍ എന്താണ് ചെയ്യേണ്ടത്?

സുരക്ഷിതരായിരിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ഫോണ്‍ ശരീരത്തില്‍ നിന്നും, തലയില്‍ നിന്നും പരമാവധി അകറ്റി വയ്ക്കുക എന്നതാണ് ചെയ്യേണ്ടത്. സ്പീക്കര്‍ ഫോണ്‍, അല്ലെങ്കില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നത് ശീലമാക്കുക. 

ചില ഫോണുകള്‍ക്ക് അമിത വികിരണം

എല്ലാ ഫോണുകളുടെയും റേഡിയേഷന്‍ നിരക്ക് ഒരുപോലെയല്ലെന്നുള്ള കാര്യവും മനസില്‍വയ്ക്കണം. അമേരിക്കയില്‍ ഫോണുകളുടെ അംഗീകരിക്കപ്പെട്ട സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് (സാര്‍സ്) 1.6 വാട്‌സ് പെര്‍ കിലോഗ്രാം ആണ്. ചില ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കു സാർസ് റേറ്റിങ് കൂടുതലാണ്. മോട്ടോറോള എജ്-1.79 വാട്‌സ് പെര്‍ കിലോഗ്രാം, വണ്‍പ്ലസ് 6ടി-1.55 വാട്‌സ് പെര്‍ കിലോഗ്രാം, സോണി എക്‌സ്പീരിയ എക്‌സ്എ2 പ്ലസ് -1.41 വാട്‌സ് പെര്‍ കിലോഗ്രാം, ഗൂഗിള്‍ പിക്‌സല്‍ 3എക്‌സ്എല്‍-1.39 വാട്‌സ് പെര്‍ കിലോഗ്രാം എന്നിങ്ങനെയാണ്. 

ഇവയെല്ലാംആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളാണ്. അതേസമയം, ഏറ്റവും കുറഞ്ഞ റേഡിയേഷന്‍ ഉള്ള ഹാന്‍ഡ്‌സെറ്റുകളും ആന്‍ഡ്രോയിഡ് ആണ്. ഉദാഹരണത്തിന് സാംസങ് ഗ്യാലക്‌സി നോട്ട് 10 പ്ലസ് 5ജിക്ക് വെറും 0.19 വാട്‌സ് പെര്‍ കിലോഗ്രാം മാത്രമാണ് സാര്‍സ് റേറ്റിങ്. ഐഫോണുകള്‍ക്ക് പൊതുവെ ഏകദേശം 0.98 വാട്‌സ് പെര്‍ കിലോഗ്രാം റേഞ്ചിലാണ് സാര്‍സ് റേറ്റിങ്.    

വിന്‍ഡോസിന്റെ വോയിസ് അസിസ്റ്റന്റ് കോര്‍ട്ടാനയ്ക്കും വിട

പഴയ അളവുകോല്‍ വച്ചു വിലയിരുത്തിയാല്‍ തരക്കേടില്ലാത്ത പ്രകടനമായിരുന്നു വിന്‍ഡോസിലെ കോര്‍ട്ടാന എന്ന വോയിസ് അസിസ്റ്റന്റ് കാഴ്ചവച്ചിരുന്നത്. പക്ഷേ കോര്‍ട്ടാന എന്ന അധ്യായം അവസാനിപ്പിക്കുകയാണെന്ന്  മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നു. പകരം പല മടങ്ങു ശേഷിയുള്ള തങ്ങളുടെ വിന്‍ഡോസ് കോപൈലറ്റ് (Copilot) എഐ സംവിധാനമായിരിക്കും ഇനി വിന്‍ഡോസ് ഉപയോക്താക്കള്‍ക്കു ലഭിക്കുകയെന്ന് തങ്ങളുടെ വാര്‍ഷിക സമ്മേളനമായ മൈക്രോസോഫ്റ്റ് ബില്‍ഡ് കോണ്‍ഫറന്‍സിൽ കമ്പനി അറിയിച്ചു.

ഇനി കോപൈലറ്റ് യുഗം

കോപൈലറ്റ് വിന്‍ഡോസിലെ ടാസ്ക്ബാറായിരിക്കും ഉണ്ടായിരിക്കുക. കോപൈലറ്റിന്, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും, ദൈര്‍ഘ്യമേറിയ ടെക്സ്റ്റ് നല്‍കി അതിന്റെ രത്‌നച്ചുരുക്കം നല്‍കാനും, വിന്‍ഡോസിലെ സെറ്റിങ്‌സ് ക്രമീകരിക്കാനും ഒക്കെ സാധിക്കും. എന്നുമുതലാണ് കോര്‍ട്ടാന പോയി കോപൈലറ്റ് വരുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം, തങ്ങളുടെ പുതിയ ബിങ്, മൈക്രോസോഫ്റ്റ് 365, കോപൈലറ്റ് തുടങ്ങിയ സേവനങ്ങള്‍ പരീക്ഷിച്ചു നോക്കണമെന്നും ഉപയോക്താക്കളോട് കമ്പനി ആവശ്യപ്പെടുന്നു. 

ഐഫോണ്‍ ഹാക്കു ചെയ്യാന്‍ അമേരിക്കയെ സഹായിച്ചെന്ന വാദം തള്ളി ആപ്പിള്‍

ആപ്പിളിന്റെ ഐഫോണ്‍ ഉപയോഗിച്ച് അമേരിക്കയുടെ നാഷണല്‍ സെക്യുരിറ്റി ഏജന്‍സി (എന്‍എസ്എ), റഷ്യയിലെ ആയിരക്കണക്കിന് ഉപയോക്താക്കളെ നിരീക്ഷണവിധേയരാക്കി എന്ന റഷ്യയുടെ ഫെഡറല്‍ സെക്യുരിറ്റി സര്‍വിസിന്റെ ആരോപണത്തെ തള്ളി ആപ്പിൾ. ഐഫോണ്‍ ഹാക്കു ചെയ്യാന്‍ ആപ്പിള്‍ എന്‍എസ്എയെ സഹായിച്ചു എന്നും റഷ്യ ആരോപിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ ഒരു ഗവണ്‍മെന്റിനെയും ഇത്തരത്തില്‍ സഹായിച്ചിട്ടില്ലെന്നും, ഇനി ഒരിക്കലും ചെയ്യില്ലെന്ന വിശദീകരവുമായി എത്തിയിരിക്കുകയാണ് ആപ്പിളിന്റെ വക്താവ് എന്ന് റോയിട്ടേഴ്സ് പറയുന്നു. എന്നാല്‍ എന്‍എസ്എ പ്രതികരിക്കാന്‍ വിസമ്മതിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

തങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണം സുരക്ഷാ കമ്പനിക്ക് കണ്ടെത്താനായില്ല

 

റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ സോഫ്റ്റ്‌വെയര്‍ കമ്പനിയായ കാസ്പര്‍സ്‌കിയും തങ്ങളുടെ ജോലിക്കാരുടെ ഐഫോണുകള്‍ ഹാക്കു ചെയ്തു എന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. 'ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ കണ്ടെത്തുന്നതില്‍ ലോകത്തെ തന്ന ഏറ്റവും മികവുറ്റ കമ്പനിയാണ് കാസ്പര്‍സ്‌കി. എന്നാല്‍, കമ്പനിയുടെ ജോലിക്കാരുടെ ഐഫോണുകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഹാക്കു ചെയ്തിരുന്നിരിക്കാമെന്നാണ് ആപ്പിളിന്റെ സുരക്ഷയെ സംബന്ധിച്ച ഗവേഷണം നടത്തുന്ന കമ്പനിയായ ഒബ്ജക്ടിവ്-സി ഫൗണ്ടേഷന്റെ സ്ഥാപകനും, മുന്‍ എന്‍എസ്എ ഉദ്യോഗസ്ഥനുമായിരുന്ന പാട്രിക് വാര്‍ഡില്‍ പ്രതികരിച്ചത്. അത് കാസ്പര്‍സ്‌കി ഇപ്പോള്‍ മാത്രമാണ് കണ്ടെത്തുന്നതെന്നും പാട്രിക് പറഞ്ഞു. കാസ്പര്‍സ്‌കി പോലെയൊരു കമ്പനിയുടെ ജോലിക്കാരുടെ ഐഫോണ്‍ ഹാക്കു ചെയ്യുക എന്നത് അപകടംപിടിച്ച പണിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 

ട്രൈയാങ്ഗ്യുലേഷന്‍ ആക്രമണം

 

തങ്ങള്‍ക്കെതിരെ ഉപയോഗിച്ച സ്‌പൈവെയറിന ട്രൈയാങ്ഗ്യുലേഷന്‍ എന്നാണ് കമ്പനിയുടെ മേധാവി യൂജിന്‍ കാസ്പര്‍സ്‌കി വിശേഷിപ്പിച്ചത്. സ്വകാര്യ വിവരങ്ങള്‍ റിമോട്ട് സേര്‍വറുകള്‍ക്ക് കൈമാറുകയായിരുന്നു ആക്രമണകാരികള്‍ എന്ന് അദ്ദേഹം പറഞ്ഞു. മൈക്രോഫോണ്‍ റെക്കോഡിങ്‌സ്, ഫോട്ടോകള്‍, ജിയോലൊക്കേഷന്‍, മറ്റനവധി കാര്യങ്ങളെക്കുറിച്ചുള്ള ഡേറ്റ തുടങ്ങിയവയെല്ലാം ഇങ്ങനെ അയച്ചു എന്ന് യൂജിന്‍ പറയുന്നു.


English Summary: Again in the smart phone radiation debate; Can cancer occur?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com