ADVERTISEMENT

മെറ്റ കണക്ട് പരിപാടിയിൽ സിഇഒ മാർക്ക് സക്കർബർഗ് നടത്തിയ പ്രഭാഷണത്തിൽ നിറഞ്ഞുനിന്നത് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ആയിരുന്നു. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ വരവോടെ ആരംഭിച്ച എഐ വിപ്ലവത്തിനു കരുത്തു പകരുന്നതാണ് മെറ്റയുടെ പ്രഖ്യാപനങ്ങൾ. 

മെറ്റ എഐ

ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവയിൽ കഥാപാത്രങ്ങളുടെ സ്വഭാവമുള്ള ചാറ്റ്ബോട്ടുകളെ സൃഷ്ടിക്കാൻ വഴിയൊരുക്കുന്നതാണ് മെറ്റ എഐ. സെലിബ്രിറ്റികളുടെ വ്യക്തിത്വങ്ങൾ അനുകരിക്കുന്ന 28 ചാറ്റ്ബോട്ടുകളാണ് തുടക്കത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡവലപ്പർമാർക്കു പുതുതായി ചാറ്റ്ബോട്ടുകളെ സൃഷ്ടിക്കുകയും ചെയ്യാം. ബീറ്റ മോഡിൽ ഇന്നലെ യുഎസിൽ അവതരിപ്പിച്ച മെറ്റ എഐ കൂടുതൽ ചാറ്റ്ബോട്ടുകളുമായി 2024 തുടക്കത്തിൽ മറ്റു രാജ്യങ്ങളിലുമെത്തും. 

സ്മാർട് ഗ്ലാസ്

‘ഹെയ് മെറ്റ’ എന്നു വിളിച്ചാൽ സജീവമാകുന്ന റെയ്ബാൻ സ്മാർട്ഗ്ലാസ് ആണ് മെറ്റയുടെ മറ്റൊരു അവതരണം. ഹാൻഡ്സ്ഫ്രീ ആയി ഉപയോഗിക്കാവുന്ന ക്യാമറയാണ് പ്രധാന സവിശേഷത. സ്മാർട് ഗ്ലാസിലെ 12 മെഗാപിക്സൽ ക്യാമറകൾ വഴി ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിൽ ലൈവ് വിഡിയോ സ്ട്രീമിങ് സാധ്യമാകും. 299 ഡോളറാണ് (ഏകദേശം 25,000 രൂപ) വില. യുഎസ്, കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഒക്ടോബർ 17 മുതൽ വാങ്ങാം. ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. 

ഓൺലൈനായി ചാറ്റ്ജിപിടി

2021 സെപ്റ്റംബറിനു ശേഷം ലോകത്തു നടന്നതൊന്നും അറിയില്ലെന്നു പറഞ്ഞിരുന്ന ചാറ്റ്ജിപിടി ഇനി മുതൽ തത്സമയ വിവരങ്ങൾ ഇന്റർനെറ്റിൽ സേർച് ചെയ്തു കണ്ടെത്തുമെന്ന് ഓപൺ എഐ പ്രഖ്യാപിച്ചു. പ്ലസ്, എന്റർപ്രൈസ് വരിക്കാർക്കു മാത്രമാണ് സേവനം ലഭ്യമാവുക. ബ്രൗസ് വിത് ബിങ് എന്ന ഓപ്ഷൻ വഴി ഇന്റർനെറ്റിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ചാറ്റ്ജിപിടി സംഗ്രഹിച്ചു നൽകും. 

എംഎസ് പെയിന്റിൽ ഡ‍ാൽ–ഇ എഐ

മൈക്രോസോഫ്റ്റിന്റെ ജനപ്രിയ സോഫ്റ്റ്‌വെയറായ പെയിന്റിൽ എഐ ചിത്രരചന സാധ്യമാക്കിക്കൊണ്ട് ഡാൽ–ഇ എഐ സേവനം കമ്പനി പരീക്ഷിക്കുന്നു. വിൻഡോസ് 11ലെ മൈക്രോസോഫ്റ്റ് പെയിന്റ് സോഫ്റ്റ്‌വെയറിലെ പെയിന്റ് കോ ക്രിയേറ്റർ എന്ന ഫീച്ചർ ആണ് വിവരണങ്ങളെ ചിത്രങ്ങളാക്കി മാറ്റുന്നത്. നിലവിൽ യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, ഇറ്റലി, ജർമനി എന്നിവിടങ്ങളിൽ മാത്രമാണ് ഇത് ലഭിക്കുക. 

ഫോട്ടോഷോപ്  ഓൺലൈനിലും എഐ

അഡോബിയുടെ എഐ ഇമേജ് ജനറേഷൻ ടൂൾ ആയ ഫയർഫ്ലൈയുടെ പിന്തുണയോടെ ഫോട്ടോഷോപ്പിന്റെ ഓൺലൈൻ പതിപ്പ് കമ്പനി അവതരിപ്പിച്ചു. 2 വർഷമായി ബീറ്റ പരീക്ഷണത്തിലായിരുന്ന ഓൺലൈൻ പതിപ്പ് എല്ലാ പെയ്ഡ് ഉപയോക്താക്കൾക്കും ഇപ്പോൾ ഉപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com