ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആപ്പിള്‍ 2025ല്‍ ഇറക്കാന്‍ പോകുന്ന ഐഫോണ്‍ 17 സീരീസിനെക്കുറിച്ചുള്ള പ്രവചനങ്ങളുമായി ടെക് വിദഗ്ധന്‍ മിങ് ചി കുവോ. രണ്ടു പ്രധാന ഹാര്‍ഡ്‌വെയര്‍ വ്യത്യാസങ്ങളാണ് അദ്ദേഹം പ്രവചിക്കുന്നത്. 24 എംപി സെല്‍ഫി ക്യാമറ ഐഫോണ്‍ 17 സീരീസിൽ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ ഒന്നാമത്തെ കണ്ടെത്തല്‍. ഇപ്പോള്‍ വില്‍പനയിലുള്ള ഐഫോണ്‍ 15 സീരീസിലെ സെല്‍ഫി ക്യാമറയ്ക്ക് 12എംപി റെസലൂഷനാണ് ഉള്ളത്. ഇതിന് 7 പ്ലാസ്റ്റിക് ലെന്‍സ് എലമെന്റുകളുമുണ്ട്.
 

ആപ്പിള്‍ 2024 ല്‍ ഇറക്കുന്ന ഐഫോണ്‍ 16 സീരീസില്‍ ഇത് നിലനിര്‍ത്തുമെന്നാണ് പൊതുവെ വിശ്വസനീയമായ പ്രവചനങ്ങള്‍ നടത്തുന്ന കുവോ പറയുന്നത്. അതേസമയം, 2025ലെ ഐഫോണ്‍ 17 സീരീസില്‍ 24എംപി സെന്‍സറും 6 എലമെന്റുകളുമാകും ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. 
 

ഏറ്റവും മികച്ച സെല്‍ഫി ക്യാമറ
 

കുവോയുടെ പ്രവചനം ശരിയാണെങ്കില്‍ ഐഫോണുകളില്‍ ഇന്നേവരെ കണ്ടിരിക്കുന്നതിൽ വച്ച് മികച്ച സെല്‍ഫി ക്യാമറയായിരിക്കും 2025ല്‍ ലഭിക്കുക. ഫോട്ടോകള്‍ സൂം ചെയ്താലും ക്രോപ് ചെയ്താലും നിലവിലെ സെല്‍ഫി ക്യാമറയെക്കാള്‍ മികച്ച പ്രകടനം ലഭിക്കും. റെസലൂഷന്‍ വർധിപ്പിക്കുന്നതിനാല്‍ കൂടുതല്‍ മികച്ച പോസ്റ്റ് പ്രൊസസിങ് നടത്താനും സാധിക്കും. 6 എലമെന്റ് ലെന്‍സും ഫോട്ടോയുടെയും വിഡിയോയുടെയും മികവ് വർധിപ്പിക്കും.

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

അണ്ടര്‍ പാനല്‍, അണ്ടര്‍ ഡിസ്‌പ്ലെ ഫെയ്‌സ് ഐഡി സാങ്കേതികവിദ്യകൾ
 

സെല്‍ഫി ക്യാമറയ്ക്കു പുറമെ പുതിയ അണ്ടര്‍-പാനല്‍ ഫെയ്‌സ് ഐഡി സാങ്കേതികവിദ്യയും ഐഫോണ്‍ 17 ന് മാറ്റു വർധിപ്പിക്കും. ഇതു വഴി ഡൈനാമിക് ഐലൻഡിന്റെ വലുപ്പം കുറയ്ക്കാന്‍ സാധിക്കും. സ്‌ക്രീനില്‍ വൃത്താകൃതിയിലുള്ള ഒരു കട്ട്ഔട്ട് മാത്രമായിരിക്കും ഉണ്ടാകുക എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം (വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ കാണപ്പെടുന്ന രീതി). എന്നാല്‍, ഈ സാങ്കേതികവിദ്യ 2026 ല്‍ തന്നെ അവസാനിക്കുകയും ചെയ്‌തേക്കും. ആപ്പിള്‍ 2027 മുതല്‍ ഡിസ്‌പ്ലേക്ക് അടിയിലായി (അണ്ടര്‍ ഡിസ്‌പ്ലെ) ക്യാമറകള്‍ പ്രോ മോഡലുകളില്‍ അവതരിപ്പിച്ചേക്കുമെന്നും കുവോ പറയുന്നു. അതോടെ ഐഫോണുകളുടെ സ്‌ക്രീനുകളില്‍ ക്യാമറയുടെ സാന്നിധ്യം പൂര്‍ണമായും മറയ്ക്കാന്‍ സാധിക്കും. 

ടെക്‌നോളജി കമ്പനികള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ 383 ബില്യന്‍ നഷ്ടം
 

അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് വാള്‍ സ്ട്രീറ്റില്‍ 2024 തുടക്കത്തില്‍ വന്‍ ഇടിവ്. ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റാ പ്ലാറ്റ്‌ഫോംസ്, ടെസ്‌ല, എന്‍വിഡിയ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ക്ക് മൊത്തത്തില്‍ വര്‍ഷാരംഭത്തില്‍ നഷ്ടമായിരിക്കുന്നത് 383 ബില്യന്‍ ഡോളറാണെന്ന് ബ്ലൂംബര്‍ഗിന്റെ പ്രൈസ് റിട്ടേണ്‍ ഇന്‍ഡക്‌സ്. ആപ്പിളിന്റെ ഓഹരി വില 4.6 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ടെസ്‌ലയ്ക്ക് നഷ്ടമായിരിക്കുന്നത് 8.8 ശതമാനമാണ്.

ഓഹരി വിപണിയില്‍ ആപ്പിളിന്റെ പ്രീതി ഇടിയുന്നു?
 

അമേരിക്കയിലെ ടെക്‌നോളജി കമ്പനികളുടെ ഓഹരികളില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്ന നിലയില്‍ ആപ്പിളിന്റെ ഓഹരിയോടുള്ള ഇഷ്ടം നിക്ഷേപകര്‍ക്ക് നഷ്ടപ്പെടുന്നോ? ഐഫോണ്‍ വില്‍പന ഉദ്ദേശിച്ചത്ര ഉയരാത്തതാണ് വാള്‍ സ്ട്രീറ്റില്‍ ആപ്പിളിന്റെ പ്രീതി ഇടിയാൻ കാരണമാകുന്നതെന്ന് ബ്ലൂംബര്‍ഗ്. ബാര്‍ക്‌ലീസിനു പുറമെ ഇപ്പോള്‍ പൈപ്പര്‍ സാന്‍ഡ്‌ലര്‍ ആന്‍ഡ് കമ്പനിയും ആപ്പിള്‍ ഓഹരികളുടെ റേറ്റിങ് കുറച്ചു. ചൈനയിലെ മാറ്റങ്ങളാണ് ഐഫോണ്‍ വില്‍പന ഇടിഞ്ഞേക്കാമെന്ന് കമ്പനി കരുതാന്‍ കാരണം.

ആപ്പിള്‍ വിഷന്‍ പ്രോയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ പ്രൊസസര്‍
 

ക്വാല്‍കം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്‌നാപ്ഡ്രാഗണ്‍ എക്‌സ്ആര്‍2പ്ലസ് ജെന്‍ 2 പ്ലാറ്റ്‌ഫോം ആപ്പിള്‍ വിഷന്‍ പ്രോ പോലെയുള്ള ഉപകരണം പുറത്തിറക്കാന്‍ പോകുന്ന കമ്പനികള്‍ക്കെല്ലാം വേണ്ടിയാണ്. ഗൂഗിള്‍, സാംസങ് തുടങ്ങിയ ഭീമന്മാരടക്കമുള്ള കമ്പനികള്‍ പുതിയ പ്രൊസസര്‍ പ്രയോജനപ്പെടുത്തി എആര്‍-വിആര്‍ ഹെഡ്‌സെറ്റ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന. ഇത്തരം ഹെഡ്‌സെറ്റുകള്‍ പന്ത്രണ്ടോ അതിലേറെയോ ക്യാമറകള്‍ സപ്പോര്‍ട്ടു ചെയ്യും. ശക്തമായ ഓണ്‍-ഡിവൈസ് എഐ ശേഷിയും ഉണ്ടായിരിക്കും.

ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ അസിസ്റ്റന്റിനു പകരം ചാറ്റ്ജിപിടി?
 

ജനറേറ്റിവ് എഐയുടെ കരുത്തു തെളിയിക്കപ്പെട്ട വര്‍ഷമായിരുന്നു 2023. പുതു വര്‍ഷത്തില്‍ പുതിയ നീക്കവുമായി, ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ ഇറങ്ങിയിരിക്കുകയാണെന്ന് ആൻഡ്രോയിഡ് അതോറിറ്റി. ആന്‍ഡ്രോയിഡിനെ അടക്കിവാണിരുന്ന ഗൂഗിള്‍ അസിസ്റ്റന്റിനു പകരം താമസിയാതെ ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചാറ്റ്ജിപിടി ആപ് വേര്‍ഷന്‍ 1.2023.352 ല്‍ കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

chatgpt

എന്നാല്‍, പുതിയ വേര്‍ഷന്റെ പ്രവര്‍ത്തനം അത്ര സുഗമമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗൂഗിള്‍ ആന്‍ഡ്രോയിഡില്‍ ചില എപിഐകള്‍ ഉപയോഗിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിമിതികളും ചാറ്റിജിപിടിക്ക് വിനയായേക്കാം. അതേസമയം, അസിസ്റ്റന്റിനു പകരം തങ്ങളുടെ എഐ സംവിധാനമായ ബാര്‍ഡിനെ ആന്‍ഡ്രോയിഡില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ എന്നും റിപ്പോര്‍ട്ട് പറയുന്നു. ചാറ്റ്ജിപിറ്റിയുടെ ഉദ്യമം വിജയിച്ചാല്‍ അത് ഒരു വന്‍ മാറ്റത്തിനു തുടക്കമിട്ടേക്കാം. ഫോണിന്റെ പവര്‍ ബട്ടണില്‍ അല്‍പനേരം അമര്‍ത്തിപ്പിടിച്ചാല്‍ ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയാണ് ഓപ്പണ്‍എഐ കൊണ്ടുവരാന്‍ ശ്രമിക്കുന്നതത്രേ.

ആമസോണിന് ഭീഷണി ഉയര്‍ത്താന്‍ ടിക്‌ടോക്
 

അമേരിക്കയില്‍ ആമസോണിന്റെ ഓണ്‍ലൈന്‍ വ്യാപാര സാമ്രാജ്യത്തിന് ഭീഷണി ഉയര്‍ത്താന്‍ ചൈനീസ് ആപ്പായ ടിക്‌ടോക്. ഈ വര്‍ഷം തങ്ങളുടെ ഇ-കൊമേഴ്‌സ് ഉല്‍പന്ന വില്‍പന 17.5 ബില്യന്‍ വരെ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ടിക്‌ടോക്. ടിക്‌ടോക് ഷോപ് എന്ന തങ്ങളുടെ സേവനം വഴിയായിരിക്കും ഓണ്‍ലൈനായി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുക. കഴിഞ്ഞ വര്‍ഷം ടിക്‌ടോക് ആഗോള തലത്തില്‍ ഏകദേശം 20 ബില്യന്‍ ഡോളറിനുള്ള ഓണ്‍ലൈന്‍ വില്‍പന നടത്തിയിട്ടുണ്ടാകാം. (കണക്കുകള്‍ പുറത്തു വന്നിട്ടില്ല.)

ചിത്രത്തിന്  കടപ്പാട് : ഒക്കാസ്
ചിത്രത്തിന് കടപ്പാട് : ഒക്കാസ്

ഈ വര്‍ഷം അമേരിക്കയില്‍ വന്‍ കുതിപ്പിനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം, റിപ്പോര്‍ട്ടുകൾ പറയുന്നത് പോലെ അത്ര വലിയ തുകയുടെ വില്‍പന തങ്ങള്‍ അമേരിക്കയില്‍ ലക്ഷ്യമിടുന്നില്ലെന്ന് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചു. ഷോർട്ട് വിഡിയോ പങ്കുവയ്ക്കുന്ന പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന്റെ ഇപ്പോഴത്തെ മൊത്തം മൂല്യം 200 ബില്യന്‍ ഡോളറാണ്. 

പാനസോണിക് ജി9 2 ഇന്ത്യയില്‍ വില്‍പനയ്ക്ക്
 

പാനസോണിക്കിന്റെ ഏറ്റവും പുതിയ മൈക്രോ ഫോര്‍ തേഡ്‌സ് സെന്‍സര്‍ ക്യാമറായ ജി9 2 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. പുതിയ 25.2എംപി ലൈവ് സീമോസ് സെന്‍സര്‍ കേന്ദ്രമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഫെയ്‌സ് (phase) ഡിറ്റക്‌ഷന്‍, ഓട്ടോഫോക്കസ് അടക്കമുള്ള ഫീച്ചറുകള്‍ ഉണ്ട്. അതിവേഗ ഫോട്ടോ ഷൂട്ടിങ്ങിനു പുറമെ, മികച്ച വിഡിയോ റെക്കോർഡിങ്ങും ഈ ക്യാമറയെ ഒരു ഓള്‍റൗണ്ടറാക്കുന്നു. ബോഡിക്കു മാത്രം വില 1,74,990 രൂപ. ലൈക ഡിജി വറിയോ-എല്‍മാരിറ്റ് 12-60 എഫ്2.8-4.0 ലെന്‍സും ഒപ്പം വാങ്ങിയാല്‍ 2,28,990 രൂപ വിലയാകും.

English Summary:

The iPhone 17 lineup will feature a 24-megapixel front-facing camera, according to Apple analyst Ming-Chi Kuo.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com