നാലു ദിവസം കൊണ്ടു 2,44,565 പേർ മേളയുടെ ഭാഗമായി;ക്വിക്ക് കേരള മെഷിനറി എക്സ്പോ സമാപിച്ചു
Mail This Article
കോഴിക്കോട് ∙ മനോരമ ക്വിക്ക് കേരളയുടെ നേതൃത്വത്തിൽ സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ 4 ദിവസങ്ങളിലായി നടന്ന ‘മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ’ സമാപിച്ചു.സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നിന്നായി നാലു ദിവസം കൊണ്ടു 2,44,565 പേർ മേളയുടെ ഭാഗമായി. വിവിധ സ്റ്റാളുകളിൽ യന്ത്രങ്ങൾക്കു റജിസ്റ്റർ ചെയ്തവർ നൂറിലേറെയാണ്.
എക്സ്പോയുടെ അസോഷ്യേറ്റ് പാർട്ണർ ബി ആൻഡ് ബി സ്കെയിൽസ് ആൻഡ് മെഷീനാണ്. ദി മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെയും ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെയും ബേക്കേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണു എക്സിബിഷൻ സംഘടിപ്പിച്ചത്.
വിവിധ മേഖല പാർട്ണർമാരായ പവറിക്കാ (ജനറേറ്റർ), ഗ്രീൻ ഗാർഡ്(അഗ്രോ മെഷിനറി), മേയ്ത്ര ഹോസ്പിറ്റൽ (ഹെൽത്ത് കെയർ), യൂണിക് വേൾഡ് റോബട്ടിക്സ്(ടെക്നോളജി), മീഡിയ നെറ്റ്(ഔട്ട്ഡോർ), ഓർബിസ് ക്രിയേറ്റീവ്സ്(ഗിഫ്റ്റ്), ഹിറാസ് കേറ്ററിങ്(റ്റേസ്റ്റ്), ഹില്ലി അക്വ (ഹൈഡ്രേഷൻ), കൊച്ചി ബിസിനസ് സ്കൂൾ (ഹോസ്പിറ്റാലിറ്റി) എന്നീ സ്ഥാപനവും മേളയുടെ ഭാഗമായി.
മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ സ്പോൺസർമാർക്ക് മലയാള മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ ഉപഹാരം നൽകി.മേളയോടനുബന്ധിച്ചു വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചു. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകളിൽ വിദഗ്ധരുടെ ക്ലാസ് നടന്നു.
ഉരുൾപൊട്ടൽ ജീവിതത്തിന്റെ താളം തെറ്റിച്ച വയനാട് ചൂരൽമലയിൽ നിന്നു നൂറിലേറെപ്പേർ മേളയിലെത്തിയിരുന്നു. നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാൻ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനാണ് അവരെത്തിയത്. ഇവരെ സഹായിക്കാൻ വിവിധ സന്നദ്ധ സംഘടന പ്രതിനിധികളും ഉണ്ടായിരുന്നു.