400 അടി വീതിയുള്ള യുഎഫ്ഒ, ജെല്ലിഫിഷ് പോലെ വിമാനം;അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ!
Mail This Article
ഭൂമിയില്‍ മനുഷ്യേതര ബുദ്ധി ഉണ്ടെന്നതിനുള്ള ഞെട്ടിക്കുന്ന തെളിവുകള്‍ അമേരിക്ക അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന യുഎഫ്ഓ ഡേറ്റാ റിട്രീവല്‍ പ്രോഗ്രാമില്‍ ഉണ്ടെന്ന് അവകാശവാദം. അമേരിക്കന്‍ കോണ്‍ഗ്രസിനു പോലും നല്‍കാതിരുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡേറ്റാ ശേഖരണ പ്രോഗ്രാമിന്റെ കോഡ് നാമം 'ഇമാക്യുലേറ്റ് കോണ്‍സ്റ്റലേഷന്‍' (Immaculate Constellation) എന്നാണെന്ന് ഡെയിലി മെയില്‍ പറയുന്നു. ഈ പ്രോഗ്രാമിലാണ് തിരിച്ചറിയാന്‍ സാധിക്കാത്ത പറക്കും വസ്തുക്കളെക്കുറിച്ചുള്ള (യുഎഫ്ഒ) ഏറ്റവും ശക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇമാക്യുലേറ്റ് കോണ്‍സ്റ്റലേഷനെ 'അണ്‍അക്‌നോളജ്ഡ് സ്‌പെഷ്യല്‍ അക്‌സസ് പ്രൊഗ്രാം' (യുഎസ്എപി) വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നു. അമേരിക്കന്‍ സേനാംഗങ്ങള്‍ എടുത്ത യുഎഫ്ഓ ഫോട്ടോകള്‍, വിഡിയോകള്‍, നേരിട്ടുകണ്ടു എന്ന് അവകാശപ്പെടുന്നവരുടെ മൊഴികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍വഴി ശേഖരിച്ച തെളിവുകള്‍ ഒക്കെ ഇതിലുണ്ട്.
ലോഹംകൊണ്ടു നിര്‍മിച്ച പറക്കും ഗോളങ്ങള്‍, ജെല്ലിഫിഷിന്റെ ആകാരമുള്ള വിമാനം, യുഎഫ്ഓകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ ഇമാക്യുലേറ്റ് കോണ്‍സ്റ്റലേഷന്‍ ഡേറ്റയില്‍ ഉണ്ടത്രെ. രഹസ്യാത്മകമല്ലാത്ത റിപ്പോര്‍ട്ടുകളില്‍ പോലും ഇന്‍ഫ്രാറെഡ് സാറ്റലൈറ്റുകള്‍ 400 അടി വീതിയുള്ള ഒരു സോസറിന്റെ ആകൃതിയിലുളള യുഎഫ്ഓ കനത്ത മേഘപാളികള്‍ക്കിടയിലൂടെ കടുന്നുവരുന്ന വിഡിയോ കിട്ടിയിട്ടുള്ള കാര്യം പറയുന്നു. ഇക്കാര്യം അമേരിക്കന്‍ കോണ്‍ഗ്രസില്‍, അണ്‍ ഐഡന്റിഫൈഡ് അനോമലസ് ഫെനോമെനായെ (യുഎപി) കുറിച്ചു നടത്തിയ ഒരു ഹിയറിങിനുശേഷം പരസ്യപ്പെടുത്തിയ ഒരു 11-പേജ് ഡോക്യുമെന്റിലാണ് ഈ വിവരങ്ങൾ ഉള്ളത്.
ഈ ഹിയറിങില്‍ എത്തി പ്രതിജ്ഞ എടുത്തു സംസാരിച്ച ഒരു സാക്ഷി മൈക്കിൾ ഷെലെന്‍ബെര്‍ഗര്‍ പറഞ്ഞത് ഇമാക്യുലേറ്റ് കണ്‍സെപ്ഷനില്‍ ആയിരക്കണക്കിന് ഹൈ-റസലൂഷന്‍ ഫോട്ടോസ് ഉണ്ടെന്നാണ്. അമേരിക്കന്‍ സൈന്യം ഇരിക്കുന്നത് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ അടക്കമുള്ള വമ്പന്‍ഡേറ്റയ്ക്കു മുകളിലാണ് എന്ന് തന്റെ രാജ്യത്തെ പൗരന്മാര്‍ അറിഞ്ഞിരിക്കണമെന്ന് മൈക്കിൾ പറയുന്നു.
വളരെ കാലമായി ഈ ഡേറ്റ സൈന്യത്തിന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട് എന്നതിന് വിശ്വസനീയമായ തെളിവുകള്‍ ഉണ്ട് എന്ന് മനസിലാക്കി അതെക്കുറിച്ച് അന്വേഷണം വരെ നടത്തി എന്നും, വിസില്‍ബ്ലോവര്‍മാര്‍ (അധികാരികള്‍ക്കോ, പുറംലോകത്തിനോ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നവര്‍) അവകാശപ്പെടുന്നു.
യുഎഫ്ഓ നേരിട്ടു കണ്ട ഒരു ഉദ്യോഗസ്ഥര്‍ മോഹാലല്യപ്പെട്ടു
പസിഫിക്കില്‍ ഒരു ന്യൂക്ലിയര്‍-പവേഡ് എയര്‍ക്രാഫ്റ്റ് കരിയറിലെ (സിവിഎന്‍) ഫ്ളൈറ്റ് ഡെക് ഉദ്യോഗസ്ഥര്‍, ഇടത്തരം വലിപ്പവും വര്‍ത്തുളാകൃതിയിയുമുള്ള ഒരു യുഎഫ്ഓ അടുത്തു കണ്ടു എന്നും അത് അവരെ 'മോഹാലസ്യപ്പെടുത്തി' എന്നും അവകാശപ്പെട്ടു. തങ്ങള്‍ കണ്ട യുഎഫ്ഓ അധികം വലുപ്പം ഇല്ലാത്ത, ചുവപ്പും ഓറഞ്ചും നിറം തോന്നിക്കുന്ന വൃത്താകൃതിയിലുള്ള ഒന്നായിരുന്നു. അതില്‍ നിന്ന് കടുത്ത പ്രകാശം പുറപ്പെടുവിക്കുന്നതായി തോന്നിച്ചു എങ്കിലും അത്, സമുദ്രത്തിലോ, തങ്ങളുടെ സിവിഎന്‍ന്റെ ഡെക്കിലോ പ്രകാശം വീഴ്ത്തിയില്ല, ഫൈളൈറ്റ് ഡെക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ വിചിത്ര വസ്തുവിന്റെ പ്രതലം സദാ ചലനാത്മകം (ഡൈനാമിക്) ആയിരുന്നു. അത് സൂര്യന്റെ പ്രതലം പോലെ തോന്നിപ്പിച്ചു. ഈ യുഎഫ്ഓ സവിഎന്‍നു മുകളിലെത്തിയെന്നും എത്രയോ സമയത്തേക്ക് അതിനൊപ്പം പറന്നു എന്നും, ഈ സമയത്ത് ഇതു നിരീക്ഷിച്ചു നിന്ന ഉദ്യോഗസ്ഥരുടെ സമയ ബോധം താറുമാറാക്കപ്പെട്ടുഎന്നും അവര്‍ അവകാശപ്പെട്ടു. കുറച്ചു നേരത്തിനു ശേഷം ഈ യുഎഫ്ഓ മേലേക്ക് കുതിച്ചുയര്‍ന്നുപോയി അപ്രത്യക്ഷമായി. അതിനു ശേഷം അതു കണ്ടു നിന്ന ഉദ്യോഗസ്ഥര്‍ക്ക്, കടുത്ത ശാരീകികാസ്വാസ്ഥ്യം അനുഭവപ്പെടുകയും, തങ്ങള്‍ ഒരു മോഹാലസ്യത്തിന്റെ പിടിയില്‍നിന്ന് പെട്ടെന്ന് പുറത്തുവരുന്നതുപോലെയും തോന്നിപ്പിച്ചു.
തലവേദന, കണ്ണിനു പ്രശ്‌നം, പേടി
ഇതു നടക്കുന്ന സമയത്ത് സമയത്ത് ഈസേറ്റേണ്‍ സീബോര്‍ഡിലെ ഭൂതല നിരീക്ഷണ കേന്ദ്രത്തിലിരുന്ന ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പ്രകാരം, 'ദീര്‍ഘനേരത്തേക്ക്, ഒരു ലോ-ഓള്‍ട്ടിട്യൂഡ് കടന്നുകയറ്റം ഉണ്ടായി' എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വര്‍ത്തുളമായ ആ വസ്തുവിന്റെ അതിരുകള്‍അസ്പഷ്ടമായിരുന്നു. അതില്‍ നിന്നു പുറത്തുവന്നിരുന്ന പ്രകാശത്തിന് വക്രീകരണമോ, വളവോ തോന്നിപ്പിച്ചു. ഇത് ചൂടുമൂലം ഉണ്ടാകുന്ന അവ്യക്തത പോലെ തോന്നിപ്പിച്ചു.
യുഎഫ്ഓ രഹസ്യാത്മകമായ ഒരു പ്രദേശത്തിനു മുകളിലേക്കു നീങ്ങുന്നു എന്ന കാര്യമാണ് ഉദ്യോഗസ്ഥര്‍ ആദ്യം ശ്രദ്ധിച്ചത്. ഈ വസ്തുവിനെ അധികം സമയം നിരീക്ഷിക്കാനായില്ല. ഏകദേശം, 10-15 മിനിറ്റ് ആയിരിക്കാം ഇതിനെ കാണാന്‍ സാധിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ഉറപ്പു പറയനുമാവില്ല. ഈ സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് തലവേദന, കണ്ണിനു പ്രശ്‌നം, പേടി തുടങ്ങിയവ അനുഭവപ്പെട്ടുവത്രെ.
ചടുല നീക്കം നടത്തിയ 12 ലോഹ ഗോളങ്ങള്‍
യുഎഫ്ഓകളെക്കുറിച്ചുള്ള വിവരണങ്ങളില്‍ ഏറ്റവുമധികം കടന്നുവരുന്നത് അവയുടെ ഗോളാകൃതിയാണ്. പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഒരു നഗരത്തിനു മുകളിലൂടെ പറക്കുന്ന 12 ലോഹ ഗോളങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇവയുടെ വിഡിയോ പകര്‍ത്തിയത് അമേരിക്കയുടെ ചാരവിമാനത്തില്‍ പറന്നഉദ്യോഗസ്ഥരാണ്. ഇത് നടന്നത് 2016ല്‍ ആണ്. സമുദ്രോപരിതലത്തില്‍ കണ്ട ഇവ അതിവേഗം പല ദിശകളിലേക്ക് ചിതറി അപ്രത്യക്ഷമായി എന്നും പറയുന്നു.
ഇവയുടെ പറക്കല്‍ മനുഷ്യര്‍ക്ക് പരിചിതമായ വ്യോമയാന രീതികളല്ലായിരുന്നു എന്നും നിരീക്ഷണമുണ്ട്. ഗോളങ്ങളില്‍ ഓരോന്നിനും ഏകദേശം 10-20 അടി വ്യാസം വരുമെന്നും വിലയിരുത്തപ്പെടുന്നു. കറുത്തതും, തണുത്തതുമായി തോന്നിപ്പിച്ച സമുദ്ര പ്രതലത്തിനു മുകളില്‍ ഇവ വെളുത്ത-ചൂടുള്ളകാഴ്ചയായി തോന്നിയത്രെ.
400 അടി വീതിയുള്ള സോസറിന്റെ ആകൃതിയിലുളള യുഎഫ്ഓ
ഇന്‍ഫ്രാറെഡ് സാറ്റലൈറ്റുകളാണ് 400 അടി വീതിയുള്ള, ഒരു സോസറിന്റെ ആകൃതിയിലുളള യുഎഫ്ഓ മേഘങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തുവരുന്നതിന്റെ ഫുട്ടെജ് ചിത്രീകരിച്ചിരിക്കുന്നത് ഇന്‍ഫ്രാറെഡ് സാറ്റലൈറ്റുകളാണ്. ഇതിന്റെ വൃത്തപരിധി അല്ലെങ്കില്‍ ചുറ്റളവ് ഏകദേശം 650 - 1,300 അടിവന്നേക്കുമെന്നു പറയുന്നു. അങ്ങനെയാണെങ്കില്‍ വ്യാസം ഏകദേശം 200-400 അടിയും വരുമത്രെ. അന്തരീക്ഷ ക്ഷോഭമുണ്ടാക്കിയാണ് ഇത് കടന്നുവന്നത്.
ജെല്ലിഫിഷിന്റെ ആകാരം തോന്നിക്കുന്ന യുഎഫ്ഓ
ജെല്ലിഫിഷിന്റെ ആകൃതിയിലുള്ള ഒരു യുഎഫ്ഓയെ കണ്ടു എന്ന അവകാശവാദവും റിപ്പോര്‍ട്ടിലുണ്ട്. ഇത് നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്തത് ആയിരുന്നുവത്രെ.
പതിറ്റാണ്ടുകള്‍ നീണ്ട ഗൂഢാലോചന എന്ന്
ഇത്തരം കാഴ്ചകളും വിവരണങ്ങളും യുഎഫ്ഓകള്‍ ഭൂമിയില്‍ പ്രവര്‍ത്തനനിരതമാണെന്നതിന് തെളിവാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അവകാശവാദങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അമേരിക്കന്‍ ഗവണ്‍മെന്റിനു കീഴില്‍ ഇവയെക്കുറിച്ച് 'ഒരു കുന്ന്' വിവരങ്ങളുണ്ടെന്ന് പറയുന്നു. ഈ വിവരങ്ങളെല്ലാംഅമേരിക്കന്‍ കോണ്‍ഗ്രസിനെ പോലും അറിയിക്കാതെ വച്ചിരിക്കുകയായിരുന്നുവത്രെ. ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയായിരുന്നു എന്നും ആരോപിക്കപ്പെടുന്നു.