കെപിസിസി പ്രസിഡന്റ്. മുൻ മന്ത്രിയും 2019 മുതൽ കണ്ണൂരിൽ നിന്നുള്ള ലോക്സഭ അംഗവുമാണ്.
കണ്ണൂർ ജില്ലയിലെ എടക്കാട് താലൂക്കിലെ നടാലിൽ രാമുണ്ണിയുടേയും മാധവിയുടേയും മകനായി 1948 മേയ് 11ന് ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദം. പിന്നീട് നിയമബിരുദവും നേടി. കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‌യുവിന്റെ സജീവപ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സുധാകരൻ, 1967-1970 കാലഘട്ടത്തിൽ കെഎസ്‌യു(ഒ) വിഭാഗത്തിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു. 1969ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ (കോൺഗ്രസ്(ഒ)വിഭാഗം) നിലയുറപ്പിച്ചു.
1984 മുതൽ 1991 വരെ കെപിസിസിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സുധാകരൻ, 1991 മുതൽ 2001 വരെ കണ്ണൂർ ഡിസിസിയുടെ പ്രസിഡന്റായിരുന്നു. 1996ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിമതനായി ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എൻ. രാമകൃഷ്ണനെ തോൽപ്പിച്ച് കണ്ണൂരിൽനിന്ന് സുധാകരൻ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 2001ൽ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും 2006-ൽ സിപിഎം നേതാവായ കെ.പി. സഹദേവനെയും തോൽപ്പിച്ച് കണ്ണൂരിൽനിന്ന് നിയമസഭ അംഗമായി. 2001-2004ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ വനംവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. 2009ൽ നടന്ന ലോക്സഭ തിരഞ്ഞടുപ്പിൽ സിപിഎമ്മിലെ കെ.കെ.രാഗേഷിനെ തോൽപ്പിച്ച് കണ്ണൂരിൽനിന്ന് ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ പി.കെ.ശ്രീമതിയോട് പരാജയപ്പെട്ടു.
2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതു കോട്ടയായ ഉദുമയിൽനിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ കുഞ്ഞിരാമനോട് തോറ്റു. 2019ലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ സിറ്റിങ് എംപിയായിരുന്ന സിപിഎമ്മിലെ പി.കെ. ശ്രീമതിയെ ഒരു ലക്ഷം വോട്ടുകൾക്കടുത്തുള്ള ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സുധാകരൻ വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2018-2021ൽ കെപിസിസി വർക്കിങ് പ്രസിഡന്റായി പ്രവർത്തിച്ചു. 2021ൽ കെപിസിസിയുടെ അധ്യക്ഷനായി.