ഗോകര്‍ണത്ത് ചുറ്റിയടിച്ച് അനാര്‍ക്കലി മരക്കാര്‍!
Mail This Article
കുട്ടിക്കാലം മുതൽ യാത്രകൾ പോകുവാനും കാഴ്ചകൾ ആസ്വദിക്കുവാനും ഏറെ ഇഷ്ടമുള്ള നടിയാണ് അനാർക്കലി മരിക്കാർ. വീണുകിട്ടുന്ന അവസരങ്ങളൊക്കെയും യാത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബീച്ച് ഡെസ്റ്റിനേഷനിലേക്കാണ് യാത്ര.
ഗോകര്‍ണത്തെ മനോഹരമായ ബീച്ചുകളിലൂടെയും നാട്ടുവഴികളിലൂടെയും നടക്കുകയാണ് നടി അനാര്‍ക്കലി മരക്കാര്‍. മഞ്ഞ സ്കൂട്ടറില്‍ പ്രകൃതിഭംഗിയാര്‍ന്ന വഴികളിലൂടെ യാത്ര ചെയ്യുന്നതിന്‍റെയും ബോട്ടിങ് നടത്തുന്നതിന്‍റെയും മലയിടുക്കുകളിലൂടെയും മറ്റും നടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഗോകര്‍ണം സന്ദര്‍ശിക്കാന്‍ മികച്ച സമയമാണ് ഇപ്പോള്‍. ഒരു ഹൈന്ദവ തീർത്ഥാടനകേന്ദ്രവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രവുമാണ് ഈ പട്ടണം. രാജ്യത്തെ ഏഴ് പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായാണ് ഗോകർണം അറിയപ്പെടുന്നത്. പല ഹിന്ദുപുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഗോകർണത്തെപറ്റി ധാരാളം കഥകളുണ്ട്. പട്ടണത്തിലുടനീളം ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. ശിവക്ഷേത്രമായ മഹാബലേശ്വരക്ഷേത്രത്തെ ചുറ്റിയാണ് ഈ പട്ടണം നിലനിൽക്കുന്നത്. ഗോകർണത്തെ ബീച്ചുകളും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.
ഗോകർണം എന്നാൽ ‘പശുവിന്‍റെ ചെവി’ എന്നാണ് അർത്ഥം. പശുവിന്‍റെ ചെവിയിൽ നിന്ന് ശിവൻ ഉദയം ചെയ്തത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗംഗാവലി അഗ്നാശിനി എന്നീ നദികളുടെ, ചെവിയുടെ ആകൃതിയിലുള്ള സംഗമസ്ഥാനത്ത് അറബിക്കടലിനോട് ചേർന്നാണ് ഗോകർണത്തിന്‍റെ സ്ഥാനം. കൂടാതെ, പണ്ടു പരശുരാമൻ കേരളം സൃഷ്ടിക്കാനായി മഴുവെറിഞ്ഞപ്പോള്‍ അത് ഗോകർണം മുതൽ കന്യാകുമാരി വരെയായിരുന്നുവെന്ന് ഹിന്ദു പുരാണങ്ങൾ പറയുന്നു.
ഒരു വശത്ത് പാറക്കെട്ടുകളും പശ്ചിമഘട്ടവും മറുവശത്ത് അറബിക്കടലുമുള്ള ഗോകര്‍ണ്ണത്തേക്കുള്ള ഡ്രൈവ് അതിമനോഹരമായ ഒരു അനുഭവമാണ്. ഗോകർണ പ്രധാന ബീച്ച് കൂടാതെ, കുഡ്ലെ ബീച്ച്, ഓം ബീച്ച്, ഹാഫ് മൂൺ ബീച്ച്, പാരഡൈസ് ബീച്ച്, ബെലെക്കൻ ബീച്ച് എന്നിവയും ഇവിടുത്തെ പ്രധാനകാഴ്ചകളാണ്. ട്രെക്കിങ്, ബോട്ടിങ്, സര്‍ഫിങ് തുടങ്ങിയ വിനോദങ്ങളും ഇവിടെ സജീവമാണ്.
ബെംഗളൂരുവിൽ നിന്ന് 483 കിലോമീറ്ററും മംഗലാപുരത്തുനിന്ന് 238 കി. കിലോമീറ്ററുംഅകലെയാണ് ഗോകർണം.
English Summary: Anarkali Marikar Shares Travel pictures from Gokarna