ADVERTISEMENT

യാത്രാപ്രേമികൾക്ക് അടുപ്പിച്ച് അഞ്ച് ദിവസത്തെ അവധി കിട്ടിയാൽ എവിടെയൊക്കെ പോകാം? ഇന്ത്യയുടെ ആത്മാവ് അറിഞ്ഞൊരു യാത്രയ്ക്ക് തയാറാണോ...ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാൽ എന്തൊക്കെ കാണാമെന്നു നോക്കാം.

വാരണാസിയും ആഗ്രയും ഉൾപ്പെടുത്തി ഒരു ഉത്തർപ്രദേശ് യാത്ര

ഭാരതത്തിന്റെ ആത്മീയ തലസ്ഥാനം എന്നാണ് വാരണാസി അറിയപ്പെടുന്നത്. ആത്മീയതയും വിശ്വാസവും ജീവിതത്തിൽ ചേർത്തു പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു കേന്ദ്രമാണ് വാരണാസി. ഗംഗാനദിയും മണികർണികാ ഘട്ടുമാണ് വാരണാസിയിലെ പ്രധാന ആകർഷണങ്ങൾ. സർനാഥ്, അസി ഘട്ട്, ശ്രീ കാശി വിശ്വനാഥ് ക്ഷേത്രം, ഗംഗാ ആരതി, ബനാറസ് ഘട്ട്, രുചിക ആർട് ഗാലറി തുടങ്ങി നിരവധി സ്ഥലങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഷോപ്പിങ് ഇഷ്ടപ്പെടുന്നവർക്കും വാരണാസിയിൽ നിരവധി കേന്ദ്രങ്ങളുണ്ട്. കൈത്തറികൾ, തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി നിരവധി വസ്തുക്കൾ വാരണാസിയിൽ നിന്ന് വാങ്ങാവുന്നതാണ്. 

Varanasi-Travel4

വാരണാസി കഴിഞ്ഞാൽ ആഗ്രയിലേക്കു പോകാം. റോഡ് മാർഗമോ ട്രെയിൻ മാർഗമോ ആഗ്രയിലേക്കു പോകാം. അനശ്വരപ്രണയത്തിന്റെ അടയാളമായ താജ് മഹൽ ആണ് പ്രധാന ആകർഷണം. ലോകത്തിലെ 7 അദ്ഭുതങ്ങളിൽ ഒന്നാണ് താജ് മഹൽ. ഇത് കൂടാതെ ഫത്തേപുർ സിക്രി, ആഗ്ര കോട്ട, ബുലന്ദ് ദർവാസ എന്നിവയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ആഗ്രയുടെ തനത് രുചികളും ആസ്വദിക്കാവുന്നതാണ്. പ്രശസ്തമായ ദാൽ മോത്ത് തുടങ്ങിയ രുചികൾ ആസ്വദിക്കാവുന്നതാണ്.

പട്ടേൽ പ്രതിമയും ദ്വാരകയും ഉൾപ്പെടുന്ന ഗുജറാത്ത്

പശ്ചിമഘട്ടത്തിന്റെ ഭാഗമായ സപുതര ഹിൽ സ്റ്റേഷൻ ഗുജറാത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. മനോഹരമായ പ്രകൃതിയാണ് സപുതരയുടെ പ്രധാന ആകർഷണം. സപുതര തടാകത്തിന് സമീപമിരുന്ന് മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാവുന്നതാണ്. കൂടാതെ ബോട്ടിങ്ങിനും അവസരമുണ്ട്. സപുതരയിലെ ആർട്ടിസ്റ്റ് ഗ്രാമവും ഒരു പ്രധാന ആകർഷണമാണ്. പ്രദേശിക ഗോത്രങ്ങളുടെ കലാരൂപങ്ങൾ ആണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. പാരാഗ്ലൈഡിങ് പോലുള്ള സാഹസിക വിനോദങ്ങൾക്കും ഇവിടെ അവസരമുണ്ട്. കൂടാതെ ഏകതാ പ്രതിമ, ദ്വാരക, സോംമാഥ് ക്ഷേത്രം, ഗിർ നാഷണൽ പാർക്ക്, കച്ച് തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

statue-of-unity-3
Statue of unity

രാജസ്ഥാനിൽ കാണാൻ ഉദയ്പൂരും മൗണ്ട് അബുവും

തടാകങ്ങളുടെ നഗരമെന്നാണ് രാജസ്ഥാനിലെ ഉദയ്പൂർ അറിയപ്പെടുന്നത്. ഉദയ്പൂരിലെ കൊട്ടാരങ്ങളും തടാകങ്ങളും ഉദയ്പൂരിനെ ചുറ്റി നിൽക്കുന്ന മലനിരകളും ആണ് ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണം. ഷോപ്പിങ് ഇഷ്ടപ്പെടുന്നവർക്ക് ഉദയ്പൂരിലെ പ്രശസ്തമായ മാർക്കറ്റ് ആയ ഹാതി പോൾ ബസാർ സന്ദർശിക്കാവുന്നതാണ്. 

Udaipur. Image Credit : S1404/shutterstock
Udaipur. Image Credit : S1404/shutterstock

പിച്ചോള തടാകത്തിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന ഉദയ്പൂർ സിറ്റി പാലസ് ഓരോ സഞ്ചാരികളെയും ആകർഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. മനോഹരമായ കൊത്തുപണികൾക്കും ചുവർചിത്രങ്ങൾക്കും അലങ്കരിച്ച തൂണുകൾക്കും പേരു കേട്ടതാണ് ഈ കൊട്ടാരം. ഇവിടുത്തെ പ്രധാന ആകർഷണം വൈകുന്നേരത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ്.

ആരവല്ലി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. പച്ചപ്പ് നിറഞ്ഞ നിബിഡമായ കുന്നുകൾക്കിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീക്ഷവും പച്ചപ്പ് നിറഞ്ഞ പ്രകൃതിയാലും ഇവിടെയെത്തുന്ന ഓരോ സഞ്ചാരിക്കും ആസ്വദിക്കാം. തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി ശാന്തമായി ഇരിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇത് വളരെയേറെ പ്രിയങ്കരമാണ്. പക്ഷിപ്രേമികൾക്ക് ഇക്കോളജിക്കൽ സാങ്ചറി ആയ ട്രെവേഴ്സ് ടാങ്ക് സന്ദർശിക്കാവുന്നതാണ്. ബ്രഹ്മ കുമാരീസ് ആശ്രമം ആണ് മറ്റൊരു പ്രധാന ആകർഷണം. രാവിലെയും വൈകുന്നേരവും ഇവിടെയുള്ള ധ്യാനവും വർക് ഷോപ്പുകളും വ്യത്യസ്തമായ അനുഭവമാണ് ഓരോ സഞ്ചാരികൾക്കും നൽകുന്നത്.

Taj-Lake-Palace--Udaipur
Taj lake Palace, Udaipur

രാജസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ ജോധ്പുർ നീലനഗരം എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മെഹ്റാൻഗഡ് കോട്ട. 400 അടി ഉയരമുള്ള ഈ കോട്ട രാജസ്ഥാനിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. പരമ്പരാഗത രീതി അനുസരിച്ച് എല്ലാ ദിവസവും വൈകുന്നേരം മൂന്നരയ്ക്ക് കോട്ടയുടെ ഏറ്റവും മുകളിൽ കഴുകൻമാർക്കും പരുന്തുകൾക്കും തീറ്റ നൽകാറുണ്ട്. കൂടാതെ, സന്ദർശകർക്കായി സിപ് - ലൈൻ സാഹസികതയും ഒരുക്കിയിട്ടുണ്ട്. ജസ്വന്ത് തഡ, ഘണ്ട ഘർ, ഉമൈദ് ഭവൻ പാലസ്, ചാമുണ്ഡ മാത ക്ഷേത്രം, മചിയ സഫാരി പാർക്, റാവോ ജോധ ഡെസേർട് റോക്ക് പാർക് എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ.

∙ ഹിമാചൽ പ്രദേശിൽ കസോളും പർവനൂവും

ഹിമാചൽ പ്രദേശിലെ ഒരു ചെറിയ ഹിൽ സ്റ്റേഷനാണ് കസോൾ. മറ്റ് ഹിൽ സ്റ്റേഷനുകളെ അപേക്ഷിച്ച് വളരെ തിരക്ക് കുറവാണ് ഇവിടെ. അതുകൊണ്ട് തന്നെ ഒരു നീണ്ട അവധിക്കാലം ആഘോഷിക്കാൻ പറ്റിയ ഇടം കൂടിയാണ് കസോൾ. ഒരു ഭാഗത്ത് മനോഹരമായ മലനിരകളാണെങ്കിൽ മറുഭാഗത്ത് അതിലേറെ സുന്ദരമായ താഴ്​വരകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. സൺസെറ്റ് പോയിന്റ്, ക്രൈസ്റ്റ് ചർച്ച്, മാൾ റോഡ്, ടിംബർ ട്രയൽ, ഷിർദി സായി ബാബ മന്ദിർ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പർവനൂ ഒരു മനോഹരമായ അവധിക്കാല കേന്ദ്രമാണ്. പ്രകൃതിയുടെ മനോഹാരിതയിൽ അലിഞ്ഞു ചേർന്നു വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് പർവനൂ. മാനസ ദേവി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്ന്. ഹതു പീക്, പിഞ്ചോർ ഗാർഡൻസ്, മുഗൾ ഗാർഡൻസ്, കേബിൾ കാർ റൈഡ് എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന ആകർഷണങ്ങൾ.

മധ്യപ്രദേശിലെ പ്രശസ്തമായ ഖജുരാഹോ ക്ഷേത്രം

മധ്യപ്രദേശിലെ ഖജുരാവോ എന്നു പറയുന്നത് ജയിൻ, ഹിന്ദു ക്ഷേത്രങ്ങളുടെ സമുച്ചയമാണ്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്ര പദവി കിട്ടിയ ഖജുരാഹോ അതിമനോഹരമായ നിരവധി ശിൽപങ്ങളുള്ള ഒരു ക്ഷേത്രം കൂടിയാണ്. ദുൽഹദേവ ക്ഷേത്രം, ലക്ഷ്മൺ ക്ഷേത്രം, മാതംഗേശ്വർ ക്ഷേത്രം, ആദിനാഥ് ക്ഷേത്രം, ജാവരി ക്ഷേത്രം, കണ്ടരിയ മഹാദേവ് ക്ഷേത്രം എന്നിവയാണ് ഖജുരാഹോയിലെ പ്രധാന ക്ഷേത്രങ്ങളിൽ ചിലത്. വൈകുന്നേരങ്ങളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രധാന ആകർഷണമാണ്. അമിതാഭ് ബച്ചൻ ആണ്  ഈ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്. ആത്മീയത ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു മനോഹരമായ അനുഭവം ആയിരിക്കും.

English Summary:

From Taj Mahal to Khajuraho: Exploring India's Soul in Five Days.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com