വൃന്ദാവനത്തിലെ ഗോപികയായി മഹിമ നമ്പ്യാര്‍; ചിരി സൂപ്പറെന്ന് ആരാധകര്‍!
Mail This Article
മലയാളികളുടെ പ്രിയപ്പെട്ട പുതുമുഖ നായികയാണ് മഹിമ നമ്പ്യാര്‍. ദിലീപിന്‍റെ കാര്യസ്ഥന്‍ എന്ന സിനിമയിലൂടെയാണ് വന്നതെങ്കിലും ഈയടുത്ത കാലത്തായാണ് മഹിമയെ ആളുകള്‍ അറിഞ്ഞു തുടങ്ങിയത്. സോഷ്യല്‍ മീഡിയയിൽ സജീവമാണ് മഹിമ. ഉത്തരേന്ത്യയിലെ പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമായ മധുരയില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഹിമ.
ഈ ചിത്രങ്ങളില്‍ മഹിമ അതി സുന്ദരിയായിരിക്കുന്നു എന്ന് ഒട്ടേറെ ആളുകള്‍ താഴെ കമന്റ് ചെയ്തിരിക്കുന്നതും കാണാം. മഹിമയുടെ ചിരിയാണ് ഏറ്റവും അഴകെന്നും ആളുകള്‍ പറയുന്നതു കാണാം.
ഇന്ത്യയിലെ കൃഷ്ണഭക്തന്മാര്‍ക്കിടയില്‍ വളരെയധികം ജനപ്രിയമായ ഇടങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശിലെ മധുര. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ ദൂരത്തിലും ആഗ്രയിൽ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ദൂരത്തിലുമാണ് ഇത് സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലമാണ് ഇവിടം എന്നാണ് ഐതിഹ്യം. അതുകൊണ്ടുതന്നെ നൂറുകണക്കിനു കൃഷ്ണക്ഷേത്രങ്ങള്‍ നഗരത്തിലുണ്ട്.
∙തുളസിയുടെ കാട്
മധുരയിൽ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് വൃന്ദാവനം സ്ഥിചെയ്യുന്നത്. ശ്രീകൃഷ്ണനും സഹോദരൻ ബലരാമനും മറ്റു ഗോപാലകന്മാരും ബാല്യകാലത്തിൽ ചെലവഴിച്ച സ്ഥലമായാണ് ഭാഗവതപുരാണത്തിൽ വൃന്ദാവനത്തെ വർണിച്ചിരിക്കുന്നത്. കൂടാതെ കൃഷ്ണന്‍റെ കളിക്കൂട്ടുകാരിയായി കഥകളില്‍ പറയുന്ന രാധയും ഇവിടെയായിരുന്നു. 'വൃന്ദ' എന്നാല്‍ തുളസി എന്നാണര്‍ഥം. പേരുപോലെ തന്നെ തുളസിക്കാടുകള്‍ നിറഞ്ഞ പ്രദേശങ്ങള്‍ ഇവിടെയുണ്ട്.
'മധുര മനോഹര' ക്ഷേത്രങ്ങള്‍
മധുരയിലെത്തിയാല്‍ ഏതു ക്ഷേത്രത്തില്‍ ആദ്യം പോകണം എന്നായിരിക്കും എല്ലാവര്‍ക്കും കണ്‍ഫ്യൂഷന്‍. അത്രയേറെ ക്ഷേത്രങ്ങളാണ് ഇവിടെയെങ്ങും ഉള്ളത്.
കാളിഘട്ടിനടുത്ത് കപൂർരാംദാസ് നിർമിച്ച ക്ഷേത്രമാണ് മദൻമോഹൻ ക്ഷേത്രം. വൃന്ദാവനത്തിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രമായി ഇതിനെ കരുതുന്നു. വൃന്ദാവനത്തെ ശ്രീകൃഷ്ണ ജന്മസ്ഥലമായി തിരിച്ചറിഞ്ഞ, സ്വാമി ചൈതന്യമഹാപ്രഭുവുമായി ഈ ക്ഷേത്രം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.
ഹിത്ഹരിവനാൽ മഹാപ്രഭു നിര്‍മിച്ച രാധാവല്ലഭ ക്ഷേത്രം, 1917 ൽ ജയ്പൂർ മഹാരാജാവായ മാധോസിങ് രണ്ടാമന്‍ നിർമിച്ച ജയ്പൂർ ക്ഷേത്രം, 1542 ൽ ഗോപാല ഗോസ്വാമി ബട്ടയുടെ ആഗ്രഹപ്രകാരം നിർമിച്ച രാധാരമണൻ ക്ഷേത്രം എന്നിവയും ഒട്ടേറെ ആളുകള്‍ സന്ദര്‍ശിക്കുന്നു.
ചുമർ ചിത്രങ്ങളാലും വിലയേറിയ മനോഹരങ്ങളായ മാർബിൾ കല്ലുകളാലും അലങ്കരിച്ച ക്ഷേത്രമാണ് സഹ്ജി ക്ഷേത്രം. 1876 ൽ ലഖ്നൗവിലുള്ള ഷാകണ്ഡൻലാൽ നിർമിച്ചതാണ് ഈ ക്ഷേത്രം. ഇവിടുത്തെ ആരാധനമൂർത്തിയെ ചോട്ടാ രാധാരമൺ എന്നാണ് വിളിക്കുന്നത്. 1851ൽ പണികഴിപ്പിച്ച രംഗാജി ക്ഷേത്രത്തില്‍, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടത്തുന്ന 'ബ്രഹ്മോത്സവം' വളരെ പ്രശസ്തമാണ്. ഇത് 'രഥമേള' എന്നപേരിലും അറിയപ്പെടുന്നു. പത്തുദിവസം നീണ്ടു നിൽക്കുന്ന രഥം വലിക്കുന്ന ആഘോഷമാണിത്. ശ്രീകൃഷ്ണൻ രാസലീലയാടിയ സ്ഥലമാണത്രേ സേവാകുഞ്ജ്. ശ്രീകൃഷ്ണൻ രാധയുമായി ചെലവഴിച്ച സ്ഥലമാണ് നിധിവൻ.
∙വിധവകളുടെ ആശ്രയം
ഉത്തരേന്ത്യയില്‍ പണ്ടുകാലം തൊട്ടേ, ഭർത്താക്കന്മാർ മരിച്ചതിനെ തുടർന്നു സമൂഹത്തിൽ തിരസ്കാരവും അവഗണയും നേരിടുന്ന സ്ത്രീകൾ, ശിഷ്ടജീവിതം ചെലവഴിക്കാൻ വൃന്ദാവനത്തിലേക്ക് എത്തുന്ന ഒരു പതിവുണ്ട്. കാലം ഇത്രയും മാറിയിട്ടും ഇന്നും അത്തരത്തിലുള്ള ഒട്ടേറെ സ്ത്രീകളെ ഇവിടെ കാണാം.