ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്ന്, ആൻഡ്രിയയുടെ തിരുവണ്ണാമലൈ യാത്ര
Mail This Article
ആൻഡ്രിയ ജെറമിയ എന്ന പേര് അന്നയും റസൂലും എന്ന എന്ന ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പരിചിതമാണ്. നായികയായി മാത്രമല്ല, ഗായികയായും തിളങ്ങുന്ന താരസുന്ദരി പല ഹിറ്റ് തമിഴ് ഗാനങ്ങളുടെ ശബ്‍ദം കൂടിയാണ്. തിരക്കുകൾക്ക് ഇടവേള നൽകി തിരുവണ്ണാമലൈ ക്ഷേത്ര സന്ദർശനം നടത്തിയിരിക്കുകയാണ് ആൻഡ്രിയ. ക്ഷേത്രത്തിൽ നിന്നുമുള്ള നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട് താരം. ക്ഷേത്രത്തിലെ നന്ദികേശ്വരനും അദ്ഭുതപ്പെടുത്തുന്ന വാസ്തു വിദ്യയുമെല്ലാം വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചവയിലേറെയും.
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവണ്ണാമല. ഏകദേശം 10 ഹെക്ടറിലായാണ് ഏവരെയും അദ്ഭുതപ്പെടുത്തുന്ന നിർമാണ ചാതുര്യമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ എന്ന നഗരത്തിൽ മലകൾ കാവൽ നിൽക്കുന്ന താഴ്വരയിലാണ് ക്ഷേത്രം. അണ്ണാമലൈ എന്നാൽ തമിഴിൽ അപ്രാപ്യമായ മല എന്നാണർഥം. പഞ്ചഭൂതങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയ ക്ഷേത്രത്തിൽ പ്രധാന ദേവനായ ശിവനെ അഗ്നിലിംഗം എന്ന പേരിലാണ് ആരാധിക്കുന്നത്. അരുണാചലേശ്വർ, അണ്ണാമലൈയാർ എന്ന പേരിലും ശിവനെ ആരാധിച്ചു വരുന്നു. ശങ്കരനൊപ്പം തന്നെ ഉണ്ണാമലൈ അമ്മൻ എന്ന പേരിൽ പാർവതിയും ഇവിടെ പ്രതിഷ്ഠയായുണ്ട്.
തിരുവണ്ണാമലൈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുമുണ്ട് ഏറെ പ്രത്യേകത. ഏഴാം നൂറ്റാണ്ടിൽ ശൈവർ കല്ലിൽ കൊത്തിയുണ്ടാക്കിയതാണെന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിക്കുന്നതിനായി നാല് പ്രവേശന കവാടങ്ങളുണ്ട്. അതിൽ 11 അടി വീതിയും 66 മീറ്റർ ഉയരവുമുള്ള കിഴക്കേ ഗോപുരം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രഗോപുരങ്ങളിലൊന്നാണ്.
വിജയനഗര രാജാക്കന്മാരുടെ കാലഘട്ടത്തിൽ ഈ ക്ഷേത്രത്തിൽ മണ്ഡപങ്ങൾ പണികഴിപ്പിക്കുകയുണ്ടായി. അതിൽ ആയിരത്തോളം സ്തംഭങ്ങളുള്ള മണ്ഡപവും കാണുവാൻ കഴിയും. ഏറെ വിശേഷപ്പെട്ടതാണ് ഈ മണ്ഡപങ്ങളുടെ നിർമിതി എന്നത് എടുത്തു പറയേണ്ടതു തന്നെയാണ്. ഒമ്പതാം നൂറ്റാണ്ടിൽ ചോളരാണ് ക്ഷേത്രത്തിലെ കൊത്തുപണികൾ തുടങ്ങി വച്ചത്. അതിനു ശേഷം വിജയ നഗര രാജാക്കന്മാർ, സാലുവ, തുളുവ എന്നീ രാജവംശങ്ങളാണ് പണികൾ പൂർത്തീകരിച്ചത്.
കിഴക്കോട്ടു ദർശനമരുളിയാണ് ക്ഷേത്രത്തിൽ ശിവന്റെ പ്രതിഷ്ഠ. നന്ദി, സൂര്യൻ എന്നിവരുമുണ്ട്. വലിയ രീതിയിലുള്ള ആഘോഷങ്ങളും ഉത്സവങ്ങളും നടക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്. നാല് പ്രധാനോത്സവങ്ങൾ ഉൾപ്പെടുന്നതാണ് ബ്രഹ്മോത്സവം. അതിലേറ്റവും പ്രധാനപ്പെട്ടത് നവംബർ - ഡിസംബർ മാസങ്ങളിലായാണ് നടക്കുക. അന്ന് അരുണാചല കുന്നിന്റെ മുകളിൽ ഒരു വലിയ പാത്രത്തിൽ മൂന്നു ടൺ നെയ്യ് പകർന്ന് കാർത്തിക ദീപം തെളിക്കും. ഇതിനൊപ്പം തന്നെ ദാരുരഥത്തിൽ അരുണാചലേശ്വരന്റെ രൂപവും കൊണ്ട് വലിയ പ്രദക്ഷിണവും ഉണ്ടാകും. ഈ ആഘോഷങ്ങൾ ചോള കാലഘട്ടം മുതൽ തന്നെയുണ്ടായിരുന്നു. ഇന്നിപ്പോൾ പത്തു ദിവസം നീണ്ടുനിൽക്കും കാർത്തികൈ ഉത്സവം. വലിയ ആഘോഷത്തോടെ ഇവിടെ കൊണ്ടാടുന്ന മറ്റൊരു ഉത്സവമാണ് പൗർണമി. ആ സമയത്തു പതിനായിരക്കണക്കിനു വിശ്വാസികളാണ് ക്ഷേത്ര ദർശനത്തിനായി എത്തുക.