ADVERTISEMENT

മിനിസ്ക്രീനിലൂടെയും ബിഗ്‌ സ്ക്രീനിലൂടെയുമെല്ലാം പ്രേക്ഷരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായര്‍. യാത്രകളെ ഏറെ സ്നേഹിക്കുന്ന പ്രിയങ്കയുടെ സമൂഹമാധ്യമങ്ങളിൽ മനോഹരമായ ഒട്ടനവധി യാത്രാ ചിത്രങ്ങള്‍ കാണാം. ഈയിടെ നടത്തിയ രാമേശ്വരം യാത്രയുടെ വിശേഷങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

രാമേശ്വരം യാത്ര മനോഹരമായ അനുഭവമായിരുന്നു എന്ന് പ്രിയങ്ക എഴുതുന്നു. ഇവിടുത്തെ 22 പുണ്യതീർഥങ്ങളില്‍ കുളിച്ചു. ഓരോ കിണറിലെ വെള്ളത്തിനും വ്യത്യസ്ത ഗുണവും രുചിയുമുണ്ട്.

Image Credit: priyankanairofficial/instagram
Image Credit: priyankanairofficial/instagram

രാമനാഥസ്വാമി ക്ഷേത്രത്തിലും പരിസരത്തുമായി സ്ഥിതിചെയ്യുന്ന  ഈ തീർത്ഥങ്ങളിൽ മുങ്ങുന്നത് പാപങ്ങൾ കഴുകിക്കളയും എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്‍റെ കിഴക്കേ കവാടത്തിനു മുന്‍പായി കാണപ്പെടുന്ന കടല്‍ഭാഗമാണ് അഗ്നിതീര്‍ഥം എന്നറിയപ്പെടുന്നത്. ബലിതര്‍പ്പണത്തിനും പൂജകള്‍ക്കുമായി ആളുകള്‍ ഇവിടെയാണ്‌ എത്തുന്നത്. തന്‍റെ ചാരിത്ര്യം തെളിയിക്കാന്‍ സീതാദേവി അഗ്നിസ്നാനം നടത്തിയ സ്ഥലമാണ് ഇതെന്നാണ് വിശ്വാസം.

മനോഹരമായ കൊത്തുപണികള്‍ നിറഞ്ഞ 1212 തൂണുകള്‍ ഉള്ള ക്ഷേത്ര ഇടനാഴി 197 മീറ്റര്‍ നീളത്തില്‍ നീണ്ടു കിടക്കുന്നു. അത് കണ്ടപ്പോള്‍ തനിക്ക് വളരെയധികം അദ്ഭുതം തോന്നിയെന്നു നടി എഴുതി. ധനുഷ്കോടി ബീച്ചില്‍ നിന്നുള്ള ചിത്രവും പ്രിയങ്കാ നായര്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 'പ്രേതനഗരം' എന്നാണ് ധനുഷ്കോടിയെ വിളിക്കുന്നത്. രാമേശ്വരത്തിന്‍റെ തെക്കേ അറ്റമായ ഇവിടം 1964 ൽ ഉണ്ടായ അതിഭയങ്കരമായ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. 

rameswaram-and-dhanushkodi-trip

2017 പകുതി വരെ ധനുഷ്കോടിയിലെത്താനുള്ള ഏക മാർഗം മണലിലൂടെ ഡ്രൈവ് ചെയ്ത് പോവുക എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ധനുഷ്കോടി വഴി ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും കൂടിച്ചേരുന്ന അരിചൽ മുനായി എന്ന സ്ഥലത്തേക്ക് മനോഹരമായ ഒരു പുതിയ റോഡുണ്ട്. രാമേശ്വരത്ത് നിന്ന് ഏകദേശം 30 മിനിറ്റ് എടുക്കും ഇവിടെയെത്താന്‍.

rameswaram-and-dhanushkodi-travel3

പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവും തീർഥാടനകേന്ദ്രവുമാണ് രാമേശ്വരം. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും വെറും അൻപത് കിലോമീറ്റർ അകലെയുള്ള പാമ്പൻ ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിന്ദുക്കള്‍ മോക്ഷം ലഭിക്കുന്നതിനായി സന്ദര്‍ശിക്കുന്ന നാലു പുണ്യക്ഷേത്രങ്ങളില്‍ ഒന്ന് ഇവിടെയാണ്‌. 

ദേവന്‍റെ വലതു വശത്തായി ദേവീരൂപം കുടികൊള്ളുന്ന സവിശേഷതയുള്ള രാമനാഥസ്വാമി ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വടക്ക് ബദരീനാഥ്‌, കിഴക്ക് പുരി ജഗന്നാഥ്‌, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിങ്ങനെയാണ് പുണ്യക്ഷേത്രങ്ങളായി കണക്കാക്കുന്നത്. മറ്റു മൂന്നു ക്ഷേത്രങ്ങളും വിഷ്ണുക്ഷേത്രങ്ങള്‍ ആണ്, എന്നാല്‍ രാമേശ്വരം ശിവക്ഷേത്രമാണ്. മനോഹരമായ വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.

ഗന്ധമാദനപർവതം, കോദണ്ഡരാമക്ഷേത്രം, ആഞ്ജനേയക്ഷേത്രം, അഗ്നിതീർഥം, ധനുഷ്കോടി, രാമതീർഥം, ലക്ഷ്മണതീർഥം, സീതാതീർഥം, ജടായുതീർഥം, തങ്കച്ചിമഠം, തിരുപുല്ലാണി, ദേവിപട്ടണം എന്നീ പുണ്യസ്ഥലങ്ങളും ആദംസ് ബ്രിജ്, പാമ്പൻ പാലം എന്നിങ്ങനെ നിരവധി പ്രസിദ്ധമായ ഇടങ്ങളുമുണ്ട്. ശ്രീലങ്കയുടെ തീരത്തേക്ക് വ്യാപിക്കുന്ന 'ആദംസ് ബ്രിഡ്ജ്' എന്നറിയപ്പെടുന്ന ചുണ്ണാമ്പുകല്ല്‌ നിരയാണ് 'രാം സേതു' എന്നറിയപ്പെടുന്നത്. രാമൻ പണിത പാലത്തിന്‍റെ അവശിഷ്ടങ്ങളായിട്ടാണ് വിശ്വാസികള്‍ ഇത് കണക്കാക്കുന്നത്.  

അരിച്ചമുനൈ, ചിത്രന്‍ഗുഡി, കാഞ്ഞിരംകുളം, സക്കരക്കോട്ടയ് എന്നിങ്ങനെ അനവധി പക്ഷിസങ്കേതങ്ങളും രാമേശ്വരത്തുണ്ട്.  മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ജനിച്ച ജനിച്ച സ്ഥലം കൂടിയാണ് രാമേശ്വരം.

സ്നോര്‍ക്കലിങ്, കയാക്കിങ്, പാഡില്‍ ബോര്‍ഡിങ്, കൈറ്റ് സര്‍ഫിങ് വിനോദങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ പോയിവരാവുന്ന ഇടംകൂടിയാണ് രാമേശ്വരം. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽനിന്നു കുമളി–തേനി–മധുര–രാമനാഥപുരം വഴി രാമേശ്വരത്തേക്കുള്ള 396 കിലോമീറ്റർ ദൂരം എട്ടര മണിക്കൂർ കൊണ്ടെത്താം.

കൂടാതെ, പാലക്കാട് മധുര വഴി ട്രെയിനിലും പോകാം. രാമേശ്വരം റെയിൽവേ സ്റ്റേഷനിൽനിന്ന് വെറും ഒരു കിലോമീറ്റർ അകലെയാണ് രാമനാഥ സ്വാമി ക്ഷേത്രം. മധുരയിൽ നിന്നും രാമേശ്വരത്തേക്ക് 163 കിലോമീറ്ററാണ് ദൂരം. മധുരയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

English Summary:

Priyanka Nair's Spiritual Sojourn: Exploring the Sacred Sites of Rameswaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com