സുഹൃത്തുക്കൾക്കൊപ്പം ഗോവയുടെ മാന്ത്രിക സൗന്ദര്യം ആസ്വദിച്ച് ലിയോണ ലിഷോയ്
Mail This Article
അപ്പുവിന്റെയും മാത്തന്റെയും സിനിമയായിരുന്നു മായാനദിയെങ്കിലും ലിയോണ ലിഷോയ് അവതരിപ്പിച്ച സമീറ എന്ന കഥാപാത്രവും ആരും മറക്കാനിടയില്ല. സിനിമകളിൽ സജീവമാണെങ്കിലും ഇടയ്ക്കുള്ള ഇടവേളകളിൽ സുഹൃത്തുക്കളുമൊരുമിച്ചു യാത്രകൾക്കു സമയം കണ്ടെത്താറുണ്ട് ലിയോണ. ഇത്തവണ താരത്തിന്റെ യാത്രയിൽ ഇടംപിടിച്ചത് ഗോവയുടെ മാന്ത്രിക സൗന്ദര്യമാണ്. തെക്കൻ ഗോവയിലെ കടലിന്റെ സൗന്ദര്യവും സുഹൃത്തുക്കൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളും രുചികരമായ മൽസ്യവിഭവങ്ങൾ ഉൾപ്പെടുന്ന ഊണുമൊക്കെ ലിയോണ പങ്കുവച്ച ചിത്രങ്ങളിലുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗോവ. മനോഹരവും വൃത്തിയുള്ളതുമായ ബീച്ചുകളും നീല കടലും പാർട്ടികൾ കൊണ്ടു സജീവമായ രാത്രികളും ധാരാളം ദേവാലങ്ങളും ജല വിനോദങ്ങളും എന്നുവേണ്ട എല്ലാ അർഥത്തിലും ഗോവ സന്ദർശകരെ തൃപ്തിപ്പെടുത്തുന്ന ഒരിടമാണ്. ഗോവയിൽ കാണാനും ആസ്വദിക്കാനും ബീച്ചുകൾ മാത്രമല്ലേ എന്നു ചോദിക്കുന്നവർ മാറിനിൽക്കട്ടെ. കോട്ടകളും കണ്ടൽ വനങ്ങളാൽ സമ്പന്നമായ മണ്ഡോവി നദിയും ചോർലെ ഘട്ട് എന്ന ട്രെക്കിങ് പോയിന്റും നേത്രാവലി തടാകവും ആർവലം ഗുഹയും എന്നുവേണ്ട വൈവിധ്യമാർന്ന കാഴ്ചകൾ നിരവധിയാണ് ഈ കൊച്ചു സംസ്ഥാനത്തിൽ. തെക്കൻ ഗോവയും വിവിധങ്ങളായ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. എന്തൊക്കെയെന്നു നോക്കാം.
തെക്കന്‍ ഗോവയിലെ അതിമനോഹരമായ ബീച്ചാണ് 'ടൈഗര്‍ ബീച്ച്' എന്നും പേരുള്ള കക്കോലം. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടെ തിരക്ക് കുറവാണ്, അധികമാര്‍ക്കും ഈ സ്ഥലം അറിയില്ല എന്നതു തന്നെയാണ് കാര്യം. നല്ല വൃത്തിയുള്ള പരിസരവും ശാന്തതയും തന്നെയാണ് ഇവിടേക്കു സന്ദർശകരെ ആകർഷിക്കുന്നത്.
സ്നോർക്കെലിങ്ങിനു പേരുകേട്ടതാണ് പെക്വെനോ ദ്വീപ്. സ്‌നോർക്കെലിങ്ങിനായി, പരിശീലനവും ഉപകരണങ്ങളും നല്‍കാന്‍ ടൂർ സംഘാടകരും ഓപ്പറേറ്റർമാരും ഉണ്ടെങ്കിലും ഗോവയിലെ മറ്റു സ്ഥലങ്ങളെപ്പോലെ അത്ര പ്രശസ്തമല്ല ഇവിടം. വാസ്കോഡഗാമ വന്നിറങ്ങിയ ബൈന ബീച്ചിന് ഒരു കിലോമീറ്റര്‍ അകലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് ജലവിനോദങ്ങള്‍ ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ ഇടങ്ങളില്‍ ഒന്നാണിത്.
തെക്കന്‍ ഗോവയിലെ സാന്‍ഗ്വെം താലൂക്കിലാണ് നേത്രാവലി തടാകം. തടാകം എന്നാണ് വിളിക്കുന്നതെങ്കിലും ഇത് യഥാർഥത്തില്‍ ഒരു കുളമാണ്. ബഡ്ബഡ്, ബഡ്ബുദ്യാച്ചി താലി, ബബിൾ തടാകം എന്നിങ്ങനെ പല പേരുകളുണ്ട് നേത്രാവലിക്ക്. വെള്ളത്തില്‍ നിന്നുയരുന്ന കുമിളകൾക്കു പേരുകേട്ടതാണ് ഈ തടാകം. ജലത്തിനുള്ളിൽ നിന്നും കുമിളകൾ ഉപരിതലത്തിലേക്ക് തുടർച്ചയായി ഉയരുന്നതു കാണാം. ഇറങ്ങാന്‍ ഗ്രാനൈറ്റ് പടികള്‍ ഉണ്ട്. അടുത്തായി ഗോപിനാഥ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
ആ നാടിന്റെ തനതു മീൻ രുചികൾ വിളമ്പുന്ന നാടൻ ഭക്ഷണശാലകൾ തെക്കൻ ഗോവൻ തീരത്തു ധാരാളമുണ്ട്. ഗോവയിലെ മറ്റു ഭാഗങ്ങൾ പോലെയല്ലാതെ ആരവങ്ങളും ബഹളങ്ങളും അധികമിവിടെയുണ്ടാകില്ല എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്. സലാലിം അണക്കെട്ടും അവിടെ നിന്നും കാബോ ഡി രാമ കോട്ടയും ഉറപ്പായും സന്ദർശിക്കേണ്ടയിടങ്ങളാണ്. 1800 ചതുരശ്ര മീറ്ററിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായി തന്നെ ഒരു ബീച്ചുമുണ്ട്. സൂര്യാസ്തമയ കാഴ്ചകൾക്ക് ഏറ്റവും ഉചിതമായ ഒരിടം കൂടിയാണിത്. ഇവിടെ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെന്റ് അന്റോണിയോ.
തെക്കൻ ഗോവയിലെ പ്രധാനപ്പെട്ട ഒരു ബീച്ചാണ് പാലോലം. തെങ്ങുകൾ നിറഞ്ഞു നിൽക്കുന്ന ഇവിടം കാഴ്ചയിൽ ഏറെ മനോഹരമാണ്. മറ്റുള്ള ഗോവൻ ബീച്ചുകൾ പോലെയല്ലാതെ സൗന്ദര്യം നിറഞ്ഞ പ്രകൃതിയും ശാന്തമായ പരിസരവും ഇവിടേക്കു ധാരാളം സന്ദർശകരെ ആകർഷിക്കുന്നുണ്ട്.