സുവർണ ക്ഷേത്രത്തിനു മുന്നില്‍ പഞ്ചാബിപ്പെണ്കൊടിയായി സാനിയ
Mail This Article
പഞ്ചാബിലെ പ്രശസ്തമായ സുവര്‍ണക്ഷേത്രത്തിനു മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് സാനിയ ഇയ്യപ്പന്‍. പിന്നില്‍ സ്വര്‍ണം പോലെ തിളങ്ങുന്ന ക്ഷേത്രത്തിന്‍റെയും തടാകത്തിന്‍റെയും പശ്ചാത്തലത്തില്‍ നില്‍ക്കുന്ന സാനിയയെ ചിത്രത്തില്‍ കാണാം. സ്വര്‍ണ നിറമുള്ള ചുരിദാര്‍ അണിഞ്ഞ്, കൈകൂപ്പി നില്‍ക്കുന്ന ചിത്രമാണ് ആദ്യം.
‘ഇതോടെ തന്‍റെ ഒരു സ്വപ്നം പൂവണിഞ്ഞു’ എന്ന് സാനിയ ചിത്രത്തിനൊപ്പം കുറിച്ചു.
ലോകമാകെയുള്ള സിഖുകാരുടെ പ്രധാന ആരാധനാലയമാണ് പഞ്ചാബിലെ അമൃത്സറിലുള്ള സുവര്‍ണക്ഷേത്രം. പതിനാറാം നൂറ്റാണ്ടില്‍ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് സുവര്‍ണക്ഷേത്രം സ്ഥാപിച്ചത്. സാധാരണ ദിനങ്ങളില്‍ ലക്ഷക്കണക്കിന് പേരാണ് ജാതിഭേദമന്യേ ഇവിടെ സന്ദര്‍ശനത്തിനായി എത്തുന്നത്. ഇന്ത്യയില്‍ മിക്കവാറും എല്ലാ ഗുരുദ്വാരകളും സന്ദര്‍ശകര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കാറുണ്ട്. ഒരു ദിവസം ഒരു ലക്ഷത്തോളം പേര്‍ക്ക് സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളില്‍ സൗജന്യ ഭക്ഷണം നല്‍കുന്നുണ്ട്.
എല്ലാ മതത്തില്‍പ്പെട്ട ആളുകള്‍ക്കും സുവര്‍ണക്ഷേത്രത്തില്‍ പ്രവേശനമുണ്ട്. ഇതിനു നാലു പ്രവേശന കവാടങ്ങളാണ് ഉള്ളത്. സുവർണക്ഷേത്രത്തിന് സമീപം, നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ഭരവൻഡാ എന്ന ധാബയുണ്ട്. സുവര്‍ണ ക്ഷേത്രത്തിലെ സന്ദര്‍ശനം കഴിഞ്ഞാൽ, പഞ്ചാബി ഭക്ഷണം ആസ്വദിക്കാന്‍ ഇവിടേക്ക് പോകാം.
ജാലിയൻവാല ബാഗ് പോലെ ചരിത്ര പ്രസിദ്ധമായ മറ്റ് നിരവധി സ്ഥലങ്ങളും അമൃത്സറിലുണ്ട്. ശ്രീ ദുർജിയാന മന്ദിർ, മാർക്കറ്റുകൾ, ഭക്ഷണപ്രിയരുടെ പറുദീസയായ ചില അറിയപ്പെടുന്ന പഞ്ചാബി റസ്റ്ററന്റുകൾ അതോടൊപ്പം വാഗ അതിർത്തിയിൽ എത്തിയാൽ ദിവസേനയുള്ള സൈനിക പരിശീലനത്തിനു സാക്ഷ്യം വഹിക്കാം.
ഋഗ്വേദത്തിൽ 'സപ്ത സിന്ധു' എന്നറിയപ്പെടുന്ന പഞ്ചാബ്, സമ്പന്നമായ സംസ്കാരവും പൈതൃകവും ചരിത്രവും ഒന്നു ചേരുന്ന ഒരു സംസ്ഥാനമാണ്. ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാൽ അതിർത്തി പങ്കിടുന്ന പഞ്ചാബില്‍ സഞ്ചാരികള്‍ക്ക് കാണാനും അറിയാനും ഒട്ടേറെയുണ്ട്. എങ്ങും വിളഞ്ഞു കിടക്കുന്ന ഗോതമ്പുപാടങ്ങളും സ്വര്‍ണ്ണനിറമുള്ള കടുകുപാടങ്ങളുമെല്ലാം അതിമനോഹരമായ കാഴ്ചകളാണ്.
പഞ്ചാബിന്‍റെ തലസ്ഥാനമായ ചണ്ഡിഗഡ്, 'സിറ്റി ഓഫ് ബ്യൂട്ടിഫുൾ' എന്നാണ് അറിയപ്പെടുന്നത്. റോക്ക് ഗാർഡൻ, സുഖ്‌ന തടാകം, സാക്കിർ ഹുസൈൻ റോസ് ഗാർഡൻ, പിഞ്ചൂർ ഗാർഡൻ തുടങ്ങി നിരവധി മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവിടെയുണ്ട്. വസ്ത്ര ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ലോഞ്ചുകൾ, തെരുവ് ഭക്ഷണം എന്നിവയ്ക്ക് പേരുകേട്ട സെക്ടർ 22 മാർക്കറ്റ്, ഡൽഹിയിലെ കരോൾ ബാഗ് പോലെ തോന്നിക്കും.
ജലന്ധർ ആണ് പഞ്ചാബ് കാണാനെത്തുന്നവര്‍ സന്ദര്‍ശിക്കേണ്ട മറ്റൊരു നഗരം. ഇമാം നസീർ മസ്ജിദ്, ദേവി തലാബ് മന്ദിർ, രംഗല പഞ്ചാബ് ഹവേലി, വണ്ടർലാൻഡ് തീം പാർക്ക്, സയൻസ് സിറ്റി, തുളസി മന്ദിർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ എത്തുന്നു.
രാജ്യത്തെ കമ്പിളി അലങ്കാര വ്യവസായത്തിന്‍റെ 90 ശതമാനവും നിലകൊള്ളുന്ന ലുധിയാനയാണ് മറ്റൊരിടം. ലോധി ഫോർട്ട്, ഫില്ലോർ ഫോർട്ട്, ഹാർഡീസ് വേൾഡ് എന്നു വിളിക്കുന്ന അമ്യൂസ്മെന്റ് പാർക്ക്, റൂറൽ ലൈഫ് മ്യൂസിയം എന്നിവ ലുധിയാനയില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്. ലുധിയാനയില്‍ ചെല്ലുമ്പോള്‍ ലസ്സി, ബട്ടർ ചിക്കൻ എന്നിവ തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ടതാണ്.
പഞ്ചാബിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മറ്റൊരു നഗരമാണ് പത്താൻകോട്ട്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവയുമായി അതിർത്തി പങ്കിടുന്ന ഈ നഗരം, പ്രകൃതിദൃശ്യങ്ങൾക്കും പ്രശസ്തമായ നിരവധി കോട്ടകളുടെ ചരിത്രത്തിനും പേരുകേട്ടതാണ്.
ഇതു കൂടാതെ, പഞ്ചാബിന്‍റെ പാരീസ് എന്നറിയപ്പെടുന്ന കപൂര്‍ത്തല, ഏകദേശം 16,000 വ്യത്യസ്ത തരം റോസാപ്പൂക്കളും 17,000 തരം സസ്യങ്ങളുമുള്ള ഏഷ്യയിലെ ഏറ്റവും വലിയ റോസ് ഗാർഡനും ക്രിക്കറ്റ് സ്റ്റേഡിയവും സ്ഥിതിചെയ്യുന്ന മൊഹാലി എന്നിവയും സന്ദര്‍ശിക്കാം. പഞ്ചാബ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയമാണ് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങള്‍.