‘‘ഗോവയിലെത്തിയാൽ വേഷം കേരളീയരെ പോലെ, കാരണം...’’: ഗായത്രി സുരേഷ്
Mail This Article
യാത്രാപ്രിയർ ഒരിക്കലെങ്കിലും എത്തിച്ചേരണമെന്നും കാഴ്ചകൾ ആസ്വദിക്കണമെന്നും ആഘോഷങ്ങളിൽ പങ്കുചേരണമെന്നും ആഗ്രഹിക്കുന്നയിടങ്ങളിൽ ഒന്നാണ് ഗോവ. മോഹിപ്പിക്കുന്ന കടൽത്തീരങ്ങളും പകലുകൾ പോലെ സജീവമായ രാത്രികളും സ്വന്തമായുള്ള ഗോവയിൽ വർഷത്തിലെ മുഴുവൻ സമയത്തും സഞ്ചാരികളുടെ തിരക്കായിരിക്കും. ആരെയും വശീകരിക്കുന്ന ഗോവയുടെ കാഴ്ചകൾ ആസ്വദിക്കുന്ന തിരക്കിലാണ് ഗായത്രി സുരേഷ്. ഇന്ത്യയിലെ ആ കുഞ്ഞൻ സംസ്ഥാനത്തിലേക്ക് തനിച്ചാണ് താരത്തിന്റെ യാത്ര. ഗോവയുടെ സൗന്ദര്യം ഒപ്പിയെടുത്തുള്ള നിരവധി ചിത്രങ്ങൾ തന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി താരം പങ്കുവച്ചിട്ടുമുണ്ട്. ഗോവയിലെത്തിയാൽ കേരളീയ വേഷം ധരിക്കണം കാരണം ഗോവ = കേരളം + പാർട്ടികൾ എന്നാണ് ഗായത്രി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നയിടമെന്ന ഖ്യാതിയുണ്ട് ഗോവയ്ക്ക്. നീലപ്പട്ടു വിരിച്ച കടലിന്റെ കാഴ്ചകൾ മാത്രമല്ല, പഴമയുടെ പ്രൗഢി പേറുന്ന ദേവാലയങ്ങളും കോട്ടകളും കണ്ടൽ വനങ്ങളാലും സമ്പന്നമായ മണ്ഡോവി നദിയും ചോർലെ ഘട്ട് എന്ന ട്രെക്കിങ് പോയിന്റും നേത്രാവലി തടാകവും ആർവലം ഗുഹയും എന്നുവേണ്ട വൈവിധ്യമാർന്ന കാഴ്ചകൾ നിരവധിയാണ് ഈ കൊച്ചു സംസ്ഥാനത്തിൽ.
ബീച്ചുകൾ നിരവധിയുണ്ടെങ്കിലും ഗോവയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നവയിൽ പ്രധാനിയാണ് അഗോഡ കോട്ട. ഡച്ചുകാരിൽനിന്നും മറാഠകളിൽനിന്നുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ പോർച്ചുഗീസുകാർ പണിതതാണ് മണ്ഡോവി നദിയുടെ പതനസ്ഥാനത്ത്, അറബിക്കടലിനെ അഭിമുഖീകരിച്ചിരിക്കുന്ന കോട്ട. 1612 ൽ നിർമാണം പൂർത്തീകരിച്ച കോട്ട ഇന്ന് പുരാവസ്തു സംരക്ഷണ വകുപ്പിന്റെ കീഴിലാണ്. ജലം എന്ന അർഥം വരുന്ന പോർച്ചുഗീസ് വാക്കായ 'അഗ്വ'യിൽ നിന്നാണ് കോട്ടയ്ക്ക് ഈ പേര് ലഭിച്ചത്. 20 ലക്ഷം ഗാലൻ വെള്ളം സംഭരിക്കാൻ ശേഷിയുണ്ടായിരുന്ന ഒരു ജലസംഭരണി കോട്ടയിൽ ഉണ്ടായിരുന്നു. ഇതുവഴി സഞ്ചരിച്ച കപ്പലുകൾ ശുദ്ധജലം ശേഖരിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. കോട്ടയേക്കാൾ പ്രശസ്തമാണ് ഇവിടത്തെ ലൈറ്റ് ഹൗസ്. നാലു നിലകളിലായി കോട്ടയുടെ വിശാലതയിൽ തലയുയർത്തി നിൽക്കുന്ന ലൈറ്റ് ഹൗസ് 1864 ലാണ് പണികഴിപ്പിച്ചത്. പനാജിയിൽനിന്ന് 16 കിലോമീറ്റർ ദൂരെയായാണ് അഗോഡ കോട്ട സ്ഥിതി ചെയ്യുന്നത്.
അഗോഡ കോട്ടയിൽ നിന്നും മൂന്നു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന മറ്റൊരു കോട്ടയുമുണ്ട്. സിൻക്വറിം എന്നാണ് ഈ കോട്ടയുടെ പേര്. അറബിക്കടലിലേക്ക് തള്ളി നിൽക്കുന്ന കോട്ട സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. കോട്ടയുടെ അടിഭാഗത്ത് ആഞ്ഞടിച്ച് ഉയർന്നുവരുന്ന തിരമാലത്തുള്ളികൾ നനയാനും സെൽഫിയിൽ പകർത്താനും ഇവിടെ എപ്പോഴും സന്ദർശകരുടെ തിരക്കുണ്ടാകും.
1605 ൽ ഗോവയിൽ പണികഴിപ്പിച്ച പ്രശസ്തമായ ദേവാലയമാണ് ബോം ജീസസ് ബസിലിക്ക. ഗോവയുടെ പ്രൗഢമുഖമാണ് ഈ ആരാധനാലയം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടെയാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. 1552 ഡിസംബർ മൂന്നിന് വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ മരണശേഷം ചൈനയിലെ ഷാങ്ചുവാൻ ദ്വീപിലാണ് മൃതദേഹം ആദ്യം അടക്കിയത്. പിന്നീട് മലാക്കയിലേക്ക് കൊണ്ടുപോവുകയും 1553 ഡിസംബറിൽ ഭൗതികാവശിഷ്ടങ്ങൾ ഗോവയിൽ തിരികെ എത്തിക്കുകയും ചെയ്തു. യാതൊരു കേടുപാടുകളും ഈ കാലം കൊണ്ട് മൃതദേഹത്തിനുണ്ടായിരുന്നില്ല. വെള്ളിപ്പേടകത്തിലാണ് ഭൗതികാവശിഷ്ടങ്ങൾ ബോം ജീസസ് ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നത്. 10 വർഷത്തിലൊരിക്കൽ വിശുദ്ധന്റെ ചരമവാർഷിക ദിനത്തിൽ തിരുശേഷിപ്പുകൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാറുണ്ട്. വലിയ കേടുപാടുകൾ ഒന്നും തന്നെ മൃതദേഹത്തിന് ഇപ്പോഴുമില്ല. 2024 നവംബർ 21 മുതൽ 2025 ജനുവരി 5 വരെയാണ് വിശുദ്ധന്റെ തിരുശേഷിപ്പുകൾ വിശ്വാസികൾക്കായി പുറത്തെടുക്കുന്നത്. വളരെ മനോഹരമായ അൾത്താരയും മാർബിൾ പാകിയ തറകളും ദേവാലയത്തിന് പ്രൗഢിയേകുന്നു. പനാജിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബോം ജീസസ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്. പ്രവേശനം തിങ്കൾ മുതൽ ശനി വരെ. രാവിലെ 9 മണി മുതൽ 5 മണി വരെ. ഞായറാഴ്ച 11 മണി മുതൽ 5 മണി വരെ.
ഏഷ്യയിലെ തന്നെ വലുപ്പമേറിയ കത്തീഡ്രലുകളിൽ ഒന്നായ സേ കത്തീഡ്രൽ ബോം ജീസസ് ബസിലിക്കയുടെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ദേവാലയം അലക്സാഡ്രിയയിലെ സെന്റ് കാതറീനാണ് സമർപ്പിച്ചിരിക്കുന്നത്. പോർച്ചുഗീസ് ഭരണാധികാരി അൽഫോൺസോ ഡി അൽബുക്കിർക്ക് ബീജാപുർ സുൽത്താനായിരുന്ന ആദിൽഷായെ പരാജയപ്പെടുത്തി ഗോവ പിടിച്ചെടുത്തത് സെന്റ് കാതറിന്റെ തിരുനാൾ ദിവസമായ നവംബർ 25 ആയിരുന്നു. 250 അടി നീളവും 181 അടി ഉയരവുമുള്ള ഇവിടെയാണ് ഗോവയിലെ ഏറ്റവും വലിയ മണി സ്ഥാപിച്ചിരിക്കുന്നത്. കത്തീഡ്രലിന് സമീപമായാണ് സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആർക്കിയോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്. അൽഫോൻസോ ഡി അൽബുക്കിർക്കിന്റെ വെങ്കല പ്രതിമയാണ് മ്യൂസിയത്തിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 400 വർഷത്തെ പോർച്ചുഗീസ് അധിനിവേശത്തിന്റെ ശേഷിപ്പുകൾ ഇവിടെ കാണാം. ശനി - വ്യാഴം രാവിലെ 10 മണി മുതൽ 5 വരെയാണ് ഇവിടെ പ്രവേശനം. വെള്ളിയാഴ്ച അവധിയാണ്.
ഗോവയിലെ പ്രധാന ബീച്ചുകളിൽ ഒന്നാണ് വാഗത്തൂർ. തിരമാലകളുടെ സൗന്ദര്യമാസ്വദിക്കാൻ ഇതിലുമുചിതമായ മറ്റൊരിടമില്ല. വളരെ കുറച്ചു ഏറുമാടങ്ങളല്ലാതെ മറ്റു കെട്ടിടങ്ങളൊന്നും വാഗത്തൂർ ബീച്ചിലില്ല. സൺബാത്ത് ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ അതിനുള്ള സൗകര്യങ്ങളുണ്ട്. ബീച്ചിന്റെ മോഹിപ്പിക്കുന്ന കാഴ്ചകൾ കാണാനെത്തുന്നവരുടെ സഞ്ചികൾ നിറയ്ക്കാനായി ധാരാളം കരകൗശല വസ്തുക്കൾ വിൽക്കുന്നവരെയും ഈ ബീച്ചിൽ കാണുവാൻ കഴിയും.
ധാരാളം സഞ്ചാരികളെത്തുന്ന തിരക്കേറിയ മറ്റൊരു ഗോവൻ ബീച്ചാണ് അൻജുന. ബുധനാഴ്ചകളിൽ ഇവിടുത്തെ ഫ്ലിയ മാർക്കറ്റ് സന്ദർശിക്കുവാൻ നിരവധി ആളുകൾ എത്താറുണ്ട്. തുച്ഛമായ വിലയുള്ള വസ്തുക്കൾ മുതൽ വലിയ പണം നൽകി സ്വന്തമാക്കാൻ കഴിയുന്ന എന്തും ലഭിക്കുന്ന ഒരിടമാണ് ഈ മാർക്കറ്റ്. കടലിന്റെ കാഴ്ചകൾ ആസ്വദിക്കാനായി ധാരാളം വിദേശസഞ്ചാരികളും ഇവിടെയുണ്ടാകും.
രാത്രികളിൽ സജീവമാകുന്ന, ഉത്സവാന്തരീക്ഷം സമ്മാനിക്കുന്ന ബീച്ചാണ് ബാഗ. വിരിച്ചിട്ട വലകളുടെ വർണപ്പൊലിമയണിഞ്ഞ തെങ്ങിൻ തോപ്പുകളും പഞ്ചാരമണൽ പരവതാനിയൊരുക്കിയ കടലോരവും ബാഗ ബീച്ചിന്റെ മുഖച്ഛായ അലങ്കരിക്കുന്നു. കടൽത്തീരം നിറഞ്ഞ കസേരകളും മേശയും ‘ബീച്ച് അംബ്രല്ലകളും’ ബാഗയിലെ കാഴ്ചകളാണ്.
തെക്കന്‍ ഗോവയിലെ അതിമനോഹരമായ ബീച്ചാണ് 'ടൈഗര്‍ ബീച്ച്' എന്നും പേരുള്ള കക്കോലം. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടെ തിരക്ക് കുറവാണ്, അധികം സഞ്ചാരികൾ എത്തുന്നില്ല എന്നതു തന്നെയാണ് കാര്യം. നല്ല വൃത്തിയുള്ള പരിസരവും ശാന്തതയും തന്നെയാണ് ഇവിടേക്കു സന്ദർശകരെ ആകർഷിക്കുന്നത്.
സ്നോർക്കെലിങ്ങിനു പേരുകേട്ടതാണ് പെക്വെനോ ദ്വീപ്. സ്‌നോർക്കെലിങ്ങിനായി, പരിശീലനവും ഉപകരണങ്ങളും നല്‍കാന്‍ ടൂർ സംഘാടകരും ഓപ്പറേറ്റർമാരും ഉണ്ടെങ്കിലും ഗോവയിലെ മറ്റു സ്ഥലങ്ങളെപ്പോലെ അത്ര പ്രശസ്തമല്ല ഇവിടം. വാസ്കോഡഗാമ വന്നിറങ്ങിയ ബൈന ബീച്ചിന് ഒരു കിലോമീറ്റര്‍ അകലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്കു ജലവിനോദങ്ങള്‍ ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ ഇടങ്ങളില്‍ ഒന്നാണിത്.
തെക്കന്‍ ഗോവയിലെ സാന്‍ഗ്വെം താലൂക്കിലാണ് നേത്രാവലി തടാകം. തടാകം എന്നാണ് വിളിക്കുന്നതെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഒരു കുളമാണ്. ബഡ്ബഡ്, ബഡ്ബുദ്യാച്ചി താലി, ബബിൾ തടാകം എന്നിങ്ങനെ പല പേരുകളുണ്ട് നേത്രാവലിക്ക്. വെള്ളത്തില്‍ നിന്നുയരുന്ന കുമിളകൾക്കു പേരുകേട്ടതാണ് ഈ തടാകം. ജലത്തിനുള്ളിൽ നിന്നും കുമിളകൾ ഉപരിതലത്തിലേക്കു തുടർച്ചയായി ഉയരുന്നതു കാണാം. ഇറങ്ങാന്‍ ഗ്രാനൈറ്റ് പടികള്‍ ഉണ്ട്. അടുത്തായി ഗോപിനാഥ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
ആ നാടിന്റെ തനതു മീൻ രുചികൾ വിളമ്പുന്ന നാടൻ ഭക്ഷണശാലകൾ തെക്കൻ ഗോവൻ തീരത്തു ധാരാളമുണ്ട്. ഗോവയിലെ മറ്റു ഭാഗങ്ങൾ പോലെയല്ലാതെ ആരവങ്ങളും ബഹളങ്ങളും അധികമിവിടെയുണ്ടാകില്ല എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്. സലാലിം അണക്കെട്ടും അവിടെ നിന്നും കാബോ ഡി രാമ കോട്ടയും ഉറപ്പായും സന്ദർശിക്കേണ്ടയിടങ്ങളാണ്. 1800 ചതുരശ്ര മീറ്ററിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായി തന്നെ ഒരു ബീച്ചുമുണ്ട്. സൂര്യാസ്തമയ കാഴ്ചകൾക്ക് ഏറ്റവും ഉചിതമായ ഒരിടം കൂടിയാണിത്. ഇവിടെ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെന്റ് അന്റോണിയോ.
തെങ്ങുകൾ നിറഞ്ഞു നിൽക്കുന്ന പാലോലം ബീച്ചും കാഴ്ചയിൽ ഏറെ മനോഹരമാണ്. മറ്റുള്ള ഗോവൻ ബീച്ചുകൾ പോലെയല്ലാതെ സൗന്ദര്യം നിറഞ്ഞ പ്രകൃതിയും ശാന്തമായ പരിസരവും ഇവിടേക്കു ധാരാളം സന്ദർശകരെ ആകർഷിക്കുന്നുണ്ട്.