സൂര്യൻ കൈക്കുമ്പിളിൽ അസ്തമിക്കുന്ന കാഴ്ച; ഇത് പാലക്കയം തട്ട്
Mail This Article
കണ്ണൂരുകാർക്ക് സ്വന്തമാണ് പാലക്കയം തട്ടിന്റെ മിഴിവേകുന്ന കാഴ്ച. ടൂറിസം മേഖലയിൽ പ്രധാന്യം നേടിയ വിനോദസഞ്ചാര കേന്ദ്രമാണ് പാലക്കയം തട്ട്. തളിപ്പറമ്പുനിന്നും കൂർഗ് പാതയിൽ 28 കിലോമീറ്റർ അകലെയാണ് ഇൗ മനോഹരയിടം നിലകൊള്ളുന്നത്. ഒഴിവ് ദിവസം കുടുംബവുമൊത്തും സുഹൃത്തുക്കൾ ഒത്തുച്ചേർന്നും ആഘോഷമാക്കുവാനായി നിരവധിപേർ ഇവിടെ എത്തിച്ചേരാറുണ്ട്.
സ്വർണവർണനിറമാർന്ന സൂര്യാസ്തമയത്തിന്റെ കാഴ്ച കാണേണ്ടതാണ്. സൂര്യൻ കൈക്കുമ്പിളിൽ വന്നസ്‌തമിക്കുന്ന പ്രതീതിയാണ്. വൈകുന്നേരമാകുന്നതോടെ പ്രകൃതിയ്ക്ക് വല്ലാത്ത സൗന്ദര്യമാണ്. ഇൗ കാഴ്ച ആസ്വദിക്കുവാനായി എത്തുന്നവരുമുണ്ട്.
പാലക്കയം തട്ടിലേക്ക് സ്വാഗതം
പാലക്കയം തട്ടിലേക്ക് സ്വാഗതം ചെയ്യുന്ന ചെക്പോസ്റ്റിലാണു ടിക്കറ്റ് കൗണ്ടർ. കവാടം കടന്ന് മുളങ്കൂട്ടത്തിനുള്ളിലൂടെ നടന്നു കയറുന്നതു തട്ടിന്റെ മേടയിലേക്കാണ്. ബാരിക്കേഡ് കെട്ടിയ തട്ടിനരികെ ഇരുമ്പു ബെഞ്ചുകളിലിരുന്നാൽ തളിപ്പറമ്പിന്റെ കിഴക്കൻ ഗ്രാമങ്ങൾ കാണാം. നിരയായ പാറപ്പുറം, അഡ്വഞ്ചർ പാർക്ക്, ടെന്റുകൾ, വ്യൂ പോയിന്റ് ഇത്രയുമാണ് വിനോദവും കാഴ്ചകളും.
പാലക്കയം തട്ടിൽ നിന്നുകൊണ്ട് വിദൂരകാഴ്ച ആസ്വദിക്കുവാനായി ചതുരത്തിലുള്ള സിമന്റ് ഫ്രെം ഒരുക്കിയിട്ടുണ്ട്. പാലക്കയം തട്ടിലെത്തുന്നവർ ഫ്രെയ്മിനരികിൽ നിൽക്കുന്ന ചിത്രവും പകർത്താറുണ്ട്. കാഴ്ചയുടെ മനോഹാരിത, അഡ്വഞ്ചർ പാർക്ക്, ടെന്റ് ക്യാംപുകൾ, വിശ്രമ സ്ഥലങ്ങൾ, സഞ്ചാരികളുടെ ഇടയിൽ ഇൗ മനോഹരയിടത്തിന് പ്രയിമേകാൻ ഇൗ കാഴ്ചകൾ പോരെ. പാലക്കയം തട്ടിൽ ടൂറിസം സാധ്യത തെളിഞ്ഞ ശേഷം നടത്തിയ പ്രവർത്തനങ്ങൾ ആ നാടിന്റെ മുഖച്ഛായയ്ക്കു തിളക്കം കൂട്ടി. അറിയപ്പെടാതെ കിടന്നിരുന്ന മലയോരത്തേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നു വരെ ആളുകൾ എത്തിത്തുടങ്ങി.
English Summary:Palakkayam Thattu in Kannur