ലോകത്തു കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് കേരളത്തിലെ ഗ്രാമവും; തിളക്കമായി കോട്ടയം

Mail This Article
ലോകത്തു കണ്ടിരിക്കേണ്ട മുപ്പതു സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഒരു ഗ്രാമവും. കോട്ടയം ജില്ലയിലെ അയ്മനത്തിനാണ് ആ അംഗീകാരം ലഭിച്ചിരിക്കുന്നത്. ട്രാവൽ മാഗസിൻ ആയ കോണ്ടേ നാസ്റ്റ ട്രാവലർ പുറത്തുവിട്ട പട്ടികയിലാണ് കേരളത്തിൽ നിന്നുള്ള ഈ കൊച്ചുഗ്രാമം സ്ഥാനം പിടിച്ചിരിക്കുന്നത്. വിനോദസഞ്ചാരത്തിനു ഏറെ പ്രാമുഖ്യമുള്ള മറ്റു രാജ്യങ്ങൾക്കൊപ്പമാണ് അയ്മനവുമെന്നത് അംഗീകാരത്തിന്റെ തിളക്കമേറ്റുന്നു.
ശ്രീലങ്ക, ഭൂട്ടാന്‍, ലണ്ടന്‍, അമേരിക്കയിലെ ഒക്‌ലാഹോമ, സിയോള്‍, ഇസ്താംമ്പുള്‍ തുടങ്ങി മുപ്പതോളം സ്ഥലങ്ങൾ കോണ്ടേ നാസ്റ്റ ട്രാവലറുടെ പട്ടികയിലുണ്ട്. ഇന്ത്യയിൽ നിന്നും സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, രാജസ്ഥാൻ, മഹാരാഷ്ട്രയിലെ സിന്ധുദുർഗ് എന്നിവിടങ്ങളും പട്ടികയിൽ ആദ്യമേ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.
കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് അയ്മനം
കോട്ടയം നഗരത്തിൽ നിന്നും നാല് കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ അയ്മനം എന്ന ഗ്രാമത്തിലേക്ക്. 1997 ൽ ബുക്കർ പുരസ്‌കാരം നേടിയ അരുന്ധതി റോയുടെ ''ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്'' എന്ന കൃതിയിൽ പരാമർശമുള്ള ഈ ഗ്രാമത്തെ തേടി നേരത്തെയും അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്. അയ്മനത്തിന്റെ സൗന്ദര്യത്തിനു മാറ്റേകുന്നത് കായലുകളാണ്. വേമ്പനാട് കായലിന്റെയും മീനച്ചിലാറിന്റെയും തീരങ്ങൾ ഇവിടുത്തെ പ്രകൃതിക്കു എല്ലായ്‌പ്പോഴും പുതുശോഭ നൽകുന്നു.

തെക്കേടത്ത് മന
കാഴ്ചക്കാർക്ക് എന്നും വിസ്മയമാണ് പഴമയുടെ പ്രൗഢിയോടെ നിൽക്കുന്ന മനകൾ. അങ്ങനെയൊന്ന് കോട്ടയത്തുണ്ട്. അയ്മനംക്കാരുടെ പെരുമയുണർത്തുന്ന തെക്കേടത്ത് മന. കോട്ടയം കുടമാളൂർ, മീനച്ചിൽ ആറിന്റെ തീരത്താണ്. വിദേശീരടക്കം ഗ്രാമക്കാഴ്ചകൾ തേടിയെത്തുന്നവർക്ക് മിഴിവേകുന്നതാണ് ഇൗ മന.

മിക്ക സിനിമകൾക്കും ലൊക്കേഷനായിട്ടുണ്ട് ഇവിടം. ഇപ്പോൾ മനയുടെ പുരയിടം അതേപടി നിലനിർത്തിയിട്ടുണ്ട്. ചെമ്പകശ്ശേരി രാജാവിന്റെ വാൾ ഈ കെട്ടിടത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ നാഗദൈവങ്ങളുടെ പുണ്യസ്ഥലമായ സർപ്പക്കാവും ഇവിടെയുണ്ട്.

അപൂർവ ചുവർചിത്രങ്ങളുള്ള ക്ഷേത്രം
പാണ്ഡവരാൽ പ്രതിഷ്ഠിതമായതും ഒറ്റക്കൽ മണ്ഡപവുമുള്ള ക്ഷേത്രമാണ് അയ്മനം ഗ്രാമത്തിന്റെ പ്രവേശനകവാടമായ കുടയംപടിയിൽ സ്ഥിതിചെയ്യുന്ന പാണ്ഡവം ശ്രീ ധർമശാസ്താ ക്ഷേത്രം. യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഉൾപ്പെട്ട അപൂർവ ചുവർചിത്രങ്ങളുള്ള ഒരു ക്ഷേത്രവുമാണിത്.

ഈ ചുവർചിത്രങ്ങൾ ചരിത്രാന്വേഷികള്‍ക്ക് ഇന്നും അദ്ഭുതമാണ്. ഇവിടെ എത്തുന്നവർ ഇൗ കാഴ്ചകൾ കാണാനായി എത്തിച്ചേരാറുണ്ട്. പൂർണ, പുഷ്കല സമേതനായി ഒരേ പീഠത്തിൽ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ ക്ഷേത്രമെന്ന ഖ്യാതിയും ശ്രീകോവിലിനു മുന്നിൽ ഒറ്റക്കൽ മണ്ഡപം സ്ഥിതിചെയ്യുന്ന ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്.
കായൽക്കാഴ്ചയും ബോട്ട് യാത്രയും കഥകളിയും
കായലിന്റെ തീരത്തു സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ ധാരാളം പക്ഷികളെ ഇവിടെ കാണാം. പക്ഷി നിരീക്ഷണത്തിൽ താൽപര്യമുള്ള സന്ദർശകരെ ഇവിടം തൃപ്തിപ്പെടുത്തുമെന്നുറപ്പാണ്. വൈകുന്നേരങ്ങളിൽ വയലേലകളിലൂടെ കാറ്റേറ്റ് ഒരു ചെറുനടത്തവും ആകാവുന്നതാണ്. സന്ദർശിക്കാനായി ധാരാളം ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും ഇവിടെയുണ്ട്. അതിഥികൾക്കു കേരളത്തിന്റെ തനതു ആയോധനമുറയായ കളരിപ്പയറ്റും നമ്മുടെ സ്വന്തം കലാരൂപമായ കഥകളിയും ഇവിടെയെത്തിയാൽ കാണാം. കൂടാതെ, ബോട്ട് യാത്രയും രുചിയൂറും നാടൻ വിഭവങ്ങളും ഇവിടെ എത്തിയാൽ ആസ്വദിക്കാം.

മൊസാർട്ട് ആർട്ട് ഗാലറി
കോട്ടയം നഗരത്തിലെ ഏക ആർട്ട് ഗാലറിയാണ് അയ്മനത്തെ മൊസാർട്ട് ആർട്ട് ഗാലറി. കലയെ ആരാധിക്കുന്ന എല്ലാവരുടെയും പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇൗ ഗാലറി . പ്രശസ്ത കലാകാരനായ എം. സോമുവിന്റെ ഒരു സ്വകാര്യ സംരംഭമാണ് മൊസാർട്ട് ആർട്ട് ഗാലറി. ഇവിടെ എത്തുന്നവർ ഇൗ ഗാലറിയും സന്ദര്‍ശിക്കാറുണ്ട്. സമകാലികവും ക്ലാസിക്കൽ പെയിന്റിങ്ങുകളെയും സ്കെച്ചുകളെയും കുറിച്ച് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇൗ സംരഭം തുടങ്ങിയത്.

അക്രിലിക്, ഓയിൽ, ചാർക്കോൾ, പെൻസിൽ, മറ്റ് കോമ്പിനേഷൻ എന്നിവയുൾപ്പെടെ വിവിധതരം പെയിന്റുകൾ ഉപയോഗിച്ചിട്ടുള്ള ചിത്രങ്ങളാണ് ഗാലറിയിലുള്ളത്. കൂടാതെ കേരളത്തിലെ പുരാതന വസ്തുക്കളും മറ്റ് പരമ്പരാഗത ഉൽപ്പന്നങ്ങളുടെ പ്രദർശനവുമുണ്ട്.
മനം നിറയ്‌ക്കും അയ്‌മനം
ഉത്തരവാദിത്ത ടൂറിസം മിഷൻ അയ്മനം പഞ്ചായത്തുമായി ചേർന്ന് നടപ്പിലാക്കിയ പദ്ധതിയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കൂടാതെ, ഈ പദ്ധതിയ്ക്ക് 2021 ൽ ലോക ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്പോണ്സിബിൾ ടൂറിസം വൺ ടു വാച്ച് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2018 ലാണ് അയ്മനം ഉത്തരവാദിത്ത ടൂറിസം മിഷനിൽ പങ്കാളിയാകുന്നത്. 2020 ൽ മാതൃകാ വിനോദസഞ്ചാര ഗ്രാമമായി തിരെഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ചെറിയ ഗ്രാമമായ അയ്മനം പ്രകൃതി സുന്ദരവും സാംസ്‌കാരിക സമ്പന്നവുമാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം പദ്ധതിക്ക് രാജ്യാന്തര പുരസ്‌കാരം ലഭിച്ചതിലൂടെ ആഗോള ടൂറിസം ഭൂപടത്തില്‍ അയ്മനം കൂടുതല്‍ ശ്രദ്ധേയമായി.
പ്ലാസ്റ്റിക് മുക്തവും മാലിന്യരഹിതവുമായ വിനോദ സഞ്ചാര മാതൃകയാണ് അയ്മനം പിന്തുടരുന്നത്. മാത്രമല്ല, പ്രാദേശിക തൊഴിലിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ പൈതൃകത്തിനു പ്രത്യേക സ്ഥാനം നൽകുകയും ചെയ്യുന്നു. യാത്രകൾക്ക് ഏറെ അനുയോജ്യമായ ഇടമാണെന്നതു കൂടി കണക്കിലെടുത്താണ് പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്.
സഞ്ചാരികൾക്കായി ‘സ്ട്രീറ്റ്’ പദ്ധതി
മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി രാജ്യാന്തര ശ്രദ്ധയിലേക്ക് എത്തിയതിനു പിന്നാലെ സഞ്ചാരികൾക്കായി ‘സ്ട്രീറ്റ്’ പദ്ധതിയുമായി അയ്മനം. പഞ്ചായത്തിലെ 1, 20 വാർഡുകളിലാണു പദ്ധതി നടപ്പാക്കുക.
എന്താണ് സ്ട്രീറ്റ്
വിനോദ സഞ്ചാരം: സമഗ്രമായ വളർച്ചയ്ക്ക് എന്ന ലോക വിനോദസഞ്ചാര സംഘടനയുടെ (യുഎൻഡബ്ല്യുടിഒ) പുതിയ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപം നൽകിയത്. സസ്റ്റൈനബിൾ (സുസ്ഥിരം), ടാൻജിബിൾ (കണ്ടറിയാവുന്ന), റെസ്പോൺസിബിൾ (ഉത്തരവാദിത്തമുള്ള), എക്സ്പീരിയൻഷ്യൽ (അനുഭവിക്കാനാകുന്ന), എത്‌നിക് (പാരമ്പര്യ തനിമയുള്ള), ടൂറിസം ഹബ്സ് (വിനോദ സഞ്ചാര കേന്ദ്രങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.
പ്രകൃതി സൗന്ദര്യം, നാടൻ ഭക്ഷണം, ഗ്രാമീണ ജീവിതം, കായൽക്കാഴ്ച തുടങ്ങി അയ്മനം തനിമകൾ അടുത്തറിയാൻ സാധിക്കുന്ന വിധത്തിലാണ് സ്ട്രീറ്റുകൾ തയാറാക്കുന്നത്. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയാണു പദ്ധതി. ഗ്രീൻ സ്ട്രീറ്റ്, കൾചറൽ സ്ട്രീറ്റ്, എത്‌നിക് ഫുഡ് സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട് സ്ട്രീറ്റ് എന്നിങ്ങനെയാകും പേരുകൾ. 4 വർഷമാണ് പദ്ധതി നിർവഹണത്തിനു കാലാവധി.
English Summary: Aymanam Village Kottayam among world's 30 best places to visit in 2022