ADVERTISEMENT

ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇക്കോ ലോഡ്ജിലെ താമസസൗകര്യങ്ങള്‍ കാണുവാനുള്ള സൗകര്യങ്ങള്‍ ഇന്ന് ഉണ്ടായിരിക്കും. 25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകള്‍ നിര്‍മിച്ചിരിക്കുന്നത്. 12 കോട്ടേജുകളാണ് ആകെയുള്ളത്.

idukki
Image :kiidc.kerala.gov.in

പൂര്‍ണമായും തടികൊണ്ടാണു ലോഡ്ജുകളുടെ നിര്‍മാണം. എറണാകുളത്തു നിന്നും തൊടുപുഴയില്‍ നിന്നും വരുന്നവര്‍ക്ക് ചെറുതോണിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുന്‍പോട്ടു പ്രധാനപാതയില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താന്‍ സാധിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇക്കോ ലോഡ്ജിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല പത്ത് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡിടിപിസി പാര്‍ക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാനാകും.

പദ്ധതിയുടെ നിര്‍മാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. സംസ്ഥാനസര്‍ക്കാരില്‍ നിന്നും 2.78 കോടി രൂപയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് (സ്വദേശ് ദര്‍ശന്‍ പദ്ധതി മുഖേന) 5.05 കോടി രൂപയ്ക്കാണു ഭരണാനുമതി ലഭിച്ചത്. പ്രതിദിനം 4130 രൂപയാണ് ഈടാക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org വഴി ഇക്കോ ലോഡ്ജ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്.

English Summary:

The gorgeous hills of Idukki, You can opt for an excellent stay at eco-lodges here.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com