തിരുവനന്തപുരത്തും ഗ്ലാസ് ബ്രിജ് എത്തി, പാരച്യൂട്ട് തരാമെങ്കിൽ കയറാം; നെറ്റിസൺസ്
Mail This Article
വിനോദസഞ്ചാര മേഖലയിൽ ഓരോ ദിവസവും പുതിയ വികസനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. വയനാട്ടിലെയും വാഗമണ്ണിലെയും ഗ്ലാസ് ബ്രിജുകൾ സഞ്ചാരികൾക്കിടയിൽ വലിയ ആവേശമായിരുന്നു. ഇപ്പോൾ ഇതാ തിരുവനന്തപുരത്തും ഗ്ലാസ് ബ്രിജ് എത്തിയിരിക്കുകയാണ്. ആക്കുളത്തെ ടൂറിസം വില്ലേജിലാണ് സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയതെന്ന ഖ്യാതിയുമായി പുതിയ ഗ്ലാസ് ബ്രിജ് എത്തിയിരിക്കുന്നത്. കൃത്രിമ മഞ്ഞും ചാറ്റൽ മഴയും മാത്രമല്ല എൽ ഇ ഡി സ്ക്രീനിന്റെ സഹായത്തോടെ പാലത്തിൽ വിള്ളൽ വീഴുന്ന അനുഭവവും ആക്കുളത്തെ ഈ ഗ്ലാസ് ബ്രിജ് നൽകും.
75 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന പാലത്തിന് 52 മീറ്റർ നീളമാണ് ഉള്ളത്. 2023 മേയ് മാസത്തിൽ ആയിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് പ്രഖ്യാപിച്ചത്. വിവിധ അനുമതികൾ വൈകിയതോടെ നിർമാണം തുടങ്ങാനും പണി തീരുന്നതും വൈകുകയായിരുന്നു.
വിനോദസഞ്ചാര വകുപ്പിന് കീഴിൽ വരുന്ന ആദ്യ ഗ്ലാസ് ബ്രിജ് എന്ന പ്രത്യേകതയും ആക്കുളത്തെ ഗ്ലാസ് ബ്രിജിനുണ്ട്. ചിൽഡ്രൻസ് പാർക്കും അഡ്വൈഞ്ചറസ് സ്പോട്ടുമുള്ള ആക്കുളത്തേക്കു കൂടുതൽ വിനോദസഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. സ്കൂളുകൾ അടച്ച് അവധിക്കാലം എത്തുന്നതോടെ ഇവിടേക്ക് കുട്ടികൾ ഉൾപ്പെടെ കൂടുതൽ സഞ്ചാരികൾ എത്തും.
പാരച്യൂട്ട് തന്നാൽ ഗ്ലാസ് ബ്രിജിൽ കയറാം
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വളരെ അഭിമാനത്തോടെയാണ് ഗ്ലാസ് ബ്രിജ് സഞ്ചാരികൾക്കു മുമ്പിലേക്കു വയ്ക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയയ്ക്ക് വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഈ ഗ്ലാസ് ബ്രിജിനെ അത്ര വിശ്വാസമില്ല. ആക്കുളത്തെ ഗ്ലാസ് ബ്രിജുമായി ബന്ധപ്പെട്ട റീലുകൾക്ക് താഴെ എത്തുന്ന കമന്റുകൾ തന്നെ അതിനു തെളിവ്. പാരച്യൂട്ട് തന്നാൽ ഗ്ലാസ് ബ്രിജിൽ കയറാമെന്നാണ് ചിലർ പറയുന്നത്. ആർക്കെങ്കിലും ഗ്ലാസ് ബ്രിജിൽ കയറാൻ താൽപര്യമുണ്ടെങ്കിൽ കുടുംബത്തിന് വേണ്ടി നല്ല ഇൻഷുറൻസ് എടുത്തിട്ട് കയറുന്നത് ആയിരിക്കും നല്ലതെന്നും വ്യക്തമാക്കുന്നു.
ഫ്ലോട്ടിങ് ബ്രിജ് പോലെയാകുമോ ഈ ഗ്ലാസ് ബ്രിജും
ആളുകൾ ഗ്ലാസ് ബ്രിജിനോട് മുഖം തിരിച്ച് നിൽക്കുന്നതിന് കാരണമുണ്ട്. സമീപകാലത്ത് കേരളത്തിൽ വിനോദസഞ്ചാരികൾക്കായി തയാറാക്കിയ ഫ്ലോട്ടിങ് ബ്രിജുകൾ തകരുകയും ചിലർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതു തന്നെയാണ് ആളുകളെ ഗ്ലാസ് ബ്രിജിനെയും സംശയദൃഷ്ടിയോടെ നോക്കാൻ പ്രേരിപ്പിക്കുന്നത്. 'ഫ്ലോട്ടിങ് ബ്രിജ് പൊട്ടിയാൽ നീന്തി കയറാം, ഈ ഗ്ലാസ്സ് ബ്രിജ് പൊട്ടിയാൽ പറന്നു താഴെ ഇറങ്ങാൻ എനിക്ക് അറിയില്ല' എന്നാണ് ഒരു വിരുതൻ കമന്റ് ചെയ്തിരിക്കുന്നത്.
കമന്റ് ബോക്സിൽ ട്രോൾ വാങ്ങി ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ്
'വേറെ ഏത് രാജ്യത്ത് ആയാലും ധൈര്യം ആയിട്ട് കേറാം, ഇവിടെ എന്റെ പൊന്നോ വേണ്ട', 'കേരളത്തിൽ ആയതുകൊണ്ട് കേറണ്ട', 'ഫ്ലോട്ടിങ് ബ്രിജിൽ കേറി വീണിട്ടും ചാവാത്തവർക്ക് ഗ്യാരന്റിയോടെ ഗ്ലാസ് ബ്രിജ്... ചെന്ന് കേറൂ ചാകൂ', 'ഗ്ലാസ് ബ്രിജിൽ കേറാൻ മോഹമില്ല, ജീവിക്കാനാണ് മോഹം വിജയാ', 'ഫ്ലോട്ടിങ് ബ്രിജ് പൊട്ടിയപ്പോ വെള്ളത്തിൽ നിന്നും പൊക്കിയെടുത്തു. ഇത് വല്ലോം പൊട്ടിയാൽ തറയിൽ നിന്നും വാരിയെടുക്കാം... എങ്ങനാടെ വിശ്വസിച്ചു കേറുന്നെ' ഇങ്ങനെ പോകുന്നു കമന്റുകൾ.
2023 മേയ് മാസത്തിൽ പ്രഖ്യാപിച്ച ഗ്ലാസ് ബ്രിജ് 2024 ഫെബ്രുവരി പകുതിയോടെയാണ് പ്രവർത്തനം ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ ട്രോൾ ലഭിക്കുന്നുണ്ടെങ്കിലും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഒരു ആഴ്ച കൂടി കഴിഞ്ഞാൽ സ്കൂളുകളിൽ വേനൽ അവധിക്കാലം ആരംഭിക്കുകയായി. ഇതോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് കണക്കു കൂട്ടുന്നത്.