ജെൻ സീ പെൺകുട്ടികളുടെ സോളോ യാത്രാ ബൂം; ബസ് യാത്രയാണ് പുതിയ ട്രെൻഡ്

Mail This Article
പെൺകുട്ടികളെ, നിങ്ങളുടെ സോളോ യാത്ര ബുള്ളറ്റിലാണോ കാൽനടയായാണോ അതുമല്ലെങ്കിൽ ലിഫ്റ്റടിച്ചാണോ. അത് എന്തുമായിക്കോട്ടെ ഇന്ത്യയിൽ ഇപ്പോൾ ബസ് യാത്രയ്ക്ക് പ്രിയം കൂടുകയാണ്, ഡെസ്റ്റിനേഷനിലേക്ക് സോളോ യാത്ര ചെയ്യുന്ന പെൺകുട്ടികളാണ് ബസ് തിരഞ്ഞെടുക്കുന്നതിൽ കൂടുതലെന്നാണ് കണക്കുകൾ. ബസിലാണെങ്കിൽ സ്വന്തമായി വണ്ടിയില്ലാത്തവർക്കും യാത്ര പോകാലോ... വർഷം തോറും 3 ശതമാനമാണ് ബസ് യാത്രയിൽ വർധനവ് വരുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ യാത്രകളിലാകട്ടെ മുന്നിലുള്ളത് ജെൻ സീ പെൺപിള്ളേരും. അതേ 18 നും 25 നും ഇടയിൽ പ്രായമുള്ളവർ.ഈ വിഭാഗത്തിൽ പെടുന്നവരാണ് ഇന്ത്യയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെൺകുട്ടികളിൽ മുന്നിൽ. എന്തിനും ധൈര്യമുള്ളവർ, ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മടിയില്ലാത്തവർ. നിങ്ങളും ആ കൂട്ടത്തിലാണോ. സ്ത്രീകളുടെ സോളോ യാത്ര കൂടുന്നതാണ് ഇപ്പോ ട്രെൻഡ്. ഇന്ത്യയിലെ വനിത സോളോ ട്രാവലേർസ് അടിമുടി മാറി. ഇന്റർസിറ്റി സ്മാർട്ട് ബസ് ഡാറ്റാ പ്രകാരം 40 .7 ശതമാനം സോളോ ട്രാവലേർസ് ആണ് 2024 ൽ ഇന്ത്യയിൽ തന്നെ ബസിൽ യാത്ര ചെയ്തത്.
∙ ഏറ്റവും കൂടുതൽ വനിതാ സഞ്ചാരികൾ എത്തിയ ഇടം
തന്റെ കംഫർട്ട്സോൺ വിട്ട് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മടിക്കുന്നവരാണ് പലരും. കംഫർട്ട്സോണും നോക്കിയിരുന്നാൽ ചിലപ്പോ പോകാൻ പോലും പറ്റിയെന്നു വരില്ല. എന്നാൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ സുഖം പറഞ്ഞറിയിക്കാനും കഴിയില്ല. വ്യത്യസ്ത നാടുകൾ പല മുഖങ്ങൾ വിവിധ സംസ്കാരങ്ങൾ ഇതൊക്കെ നേരിട്ടറിഞ്ഞ എത്രപേരുണ്ടാകും നമ്മുടെ ഇടയിൽ. അവർക്കു കൂടെ പ്രചോദനമാണ് ഈ ട്രാവലേർസ്. ഇതിൽ ആത്മീയ യാത്ര ഇഷ്ടപ്പെടുന്നവർ ഒട്ടും കുറവല്ല. പ്രയാഗ്രാജ്, അയോധ്യ, അമൃത്സർ എന്നീ സ്ഥലങ്ങളാണ് ഈ യാത്രക്കാരെ ആകർഷിച്ച ഇടങ്ങൾ. അമൃത്സറിലാണ് ഏറ്റവും കൂടുതൽ വനിത സഞ്ചാരികൾ ഒറ്റയ്ക്ക് എത്തിയത് പതിനായിരം പേർ.

സോളോ യാത്രയിൽ ഒഴിച്ചു കൂടാനാകാത്ത ഇടമാണ് വൺ ഓഫ് ദ ബെസ്റ്റ് എന്നു പറയുന്ന ഗോവൻ തീരങ്ങൾ. കണക്കിൽ മുന്നിൽ ഈ പറുദീസയുമുണ്ട്. ഒഴിവ് ദിവസങ്ങൾ ആസ്വദിക്കാൻ വനിത സോളോ യാത്രക്കാരുടെ ഇഷ്ടയിടങ്ങളിൽ ഒന്നാണ് ഗോവ. 20,000 ൽ അധികം വനിതാ സോളോ യാത്രക്കാരാണ് ഗോവയിൽ എത്തിയത്. വന്നവരിൽ ഏറ്റവും കൂടുതൽ പേരാകട്ടെ പുനെ, ഹൈദരാബാദ്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവരും.

∙ പ്ലാനിങ്ങാണ് മുഖ്യം
ആസൂത്രണമാണ് സ്ത്രീ യാത്രികരുടെ കരുത്ത്. മിക്കവരും രണ്ടോ അഞ്ചോ ദിവസങ്ങൾക്കു മുൻപേ യാത്ര പ്ലാൻ ചെയ്യുന്നുണ്ട്. വാരാന്ത്യ യാത്രക്കാരാകട്ടെ നാല് അഞ്ച് ദിവസങ്ങൾക്കു മുൻപ് ടിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ടാകും. അവസാന നിമിഷത്തെ തീരുമാനങ്ങളിൽ നിന്നും മാറി എല്ലാം കൃത്യമായി ചെയ്യാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. 2022 മുതൽ 2024 വരെ ബസിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികളായ സ്ത്രീകളുടെ എണ്ണം ഓരോ വർഷവും 3 ശതമാനമായി കൂടുന്നുണ്ടെന്നാണ് കണക്ക്. മെച്ചപ്പെട്ട സുരക്ഷ, മികച്ച കണക്റ്റിവിറ്റി, സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള ആഗ്രഹം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.

∙ രാജ്യാന്തര യാത്രികരുടെ എണ്ണം കൂടുന്നു
ഇന്ത്യൻ സ്ത്രീകൾക്ക് യാത്ര എന്നത് വെറും യാത്ര മാത്രമല്ല. സ്വാതന്ത്ര്യത്തിന്റെയും പുതിയ അനുഭവങ്ങളുടെയും ഒരു ഉദ്യമം കൂടിയാണ്. ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യുന്ന ഇന്ത്യൻ സ്ത്രീകളുടെ എണ്ണവും ഉയരുകയാണ്. വീസ പ്രൊസസിങ് പ്ലാറ്റ്ഫോമായ അറ്റ്ലിസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യാനായുള്ള രാജ്യാന്തര യാത്ര അപേക്ഷകൾ 22 ശതമാനം വർധിച്ചു. ഇതിൽ 20.6 ശതമാനം അപേക്ഷകളും മറ്റു രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകളുടെതാണ്.
∙ സ്ത്രീ യാത്രികരുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങൾ
തായ്ലൻഡ്, വിയറ്റ്നാം, ജപ്പാൻ, യൂറോപ്പിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കാണ് വനിതാ സോളോ ട്രാവലേഴ്സ് പോകാൻ ഇഷ്ടപ്പെടുന്നത്. സുരക്ഷ, സാംസ്കാരിക സവിശേഷത, ടിക്കറ്റ് നിരക്ക് ഇതൊക്കായാണ് സ്ത്രീകളെ ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. യാത്രകളിൽ സ്ത്രീകളുടെ എണ്ണം വർധിക്കുന്നതിന്റെ ഒരു പ്രധാന ഘടകം സ്വാതന്ത്ര്യവും സാമ്പത്തികമായുള്ള മുന്നേറ്റവുമാണ്.