യാത്രയ്ക്കായി എങ്ങനെ പണം കണ്ടെത്താം? - ഇതാ ചില സൂപ്പർ ടിപ്പുകൾ

Mail This Article
ഒരു വഴിക്ക് ഇറങ്ങിയാൽ പണം കൈയിൽ നിന്ന് പോകുന്നത്അറിയില്ല. പലപ്പോഴും ഒരു യാത്രയ്ക്ക് ആവശ്യമായ പണം പോലും മാറ്റിവയ്ക്കാൻ കഴിയാത്ത വിധം ചെലവ് നമ്മളെ ബാധിക്കാറുണ്ട്. എന്നാൽ, വരവ് - ചെലവിൽ ഒരു കണക്ക് സൂക്ഷിച്ചാൽ യാത്രകൾക്കായി കുറച്ച് പണം കരുതാം. മാത്രമല്ല, യാത്രകൾ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെലവ് നിയന്ത്രിച്ച് യാത്ര പൂർത്തിയാക്കി തിരികെയെത്തുകയും ചെയ്യാം. നമ്മുടെ സന്തോഷങ്ങളെ ഇല്ലാതാക്കിയല്ല ഒരിക്കലും ആ പണം സൂക്ഷിക്കൽ. അത്തരത്തിൽ പണം സൂക്ഷിക്കാൻ ചില ട്രിക്കുകൾ ഇതാ.

∙ അദൃശ്യമായ സേവിങ്സ് ട്രിക്ക്
ദിവസേന അല്ലെങ്കിൽ എല്ലാ മാസവും ഒരു കൃത്യമായ തുക നിക്ഷേപത്തിലേക്കായി മാറ്റി വയ്ക്കുക. ആ തുക ഒരു അവധിക്കാല യാത്രയ്ക്കായി കരുതി വയ്ക്കുന്നത് ആയിരിക്കണം. അതുപോലെ തന്നെ അനാവശ്യമായ സബ്ക്രിപ്ഷനുകൾ ഒഴിവാക്കുക. ഓട്ടോമാറ്റിക് ആയി പുതുക്കുന്നത് ആണെങ്കിൽ നമ്മൾ അറിയാതെ നമ്മുടെ അക്കൗണ്ടിൽ നിന്നു പണം പോയിക്കൊണ്ടിരിക്കും. ദിവസക്കൂലിക്ക് ആണ് നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ ദിവസം ഒരു 100 രൂപ അവധിക്കാല യാത്രകൾക്കായി മാറ്റി വയ്ക്കാൻ കഴിയും. ദിവസം 100 രൂപ മാറ്റിവെച്ചാൽ മാസം 3000 രൂപയായി. വർഷത്തിൽ ഒരു അടിപൊളി യാത്ര പോകാൻ ഈ തുക ധാരാളമാണ്.

∙ ശരിക്കും ഇത് ആവശ്യമുണ്ടോ ?
കടയിൽ പോയി മാത്രമല്ല ഇക്കാലത്തെ ഷോപ്പിങ്. ഓൺലൈൻ വഴിയും ഷോപ്പിങ് നടത്താൻ കഴിയും. സമയം കളയാൻ ഇ-കൊമേഴ്സ് സൈറ്റുകളിൽ കയറിയിറങ്ങുന്നവരാണ് മിക്കവരും. ഒരു സാധനം വാങ്ങണമെന്നു തോന്നിയാൽ കാർട്ടിലേക്ക് മാറ്റിയിടുക. 30 ദിവസം കഴിഞ്ഞിട്ടും അത് വേണമെന്ന് തോന്നുകയാണെങ്കിൽ മാത്രം വാങ്ങുക. ഇത്തരത്തിലുള്ള അനാവശ്യമായ ഷോപ്പിങ് കുറച്ചാൽ യാത്രയ്ക്കു കുറച്ചു കൂടി പണം കരുതി വയ്ക്കാൻ സാധിക്കും. ഇത്തരത്തിൽ അനാവശ്യമായ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുമ്പോൾ തന്നെ പണം സമ്പാദ്യമായി നമുക്കൊപ്പം എത്തും.
∙ പണം ചെലവഴിക്കാത്ത ദിവസങ്ങൾ
ആഴ്ചയിൽ എല്ലാ ദിവസവും പണം ചെലവഴിക്കുന്ന രീതിക്ക് ഒരു മാറ്റം വരുത്തുക. ആഴ്ചയിൽ രണ്ടോ, മൂന്നോ ദിവസങ്ങൾ പണം ചെലവഴിക്കാത്ത ദിവസങ്ങൾ അഥവാ 'നോ സ്പെൻഡ് ഡേയ്സ്' ആയി പ്രഖ്യാപിക്കുക. വാടക, ബില്ലുകൾ, വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ എന്നിവയ്ക്ക് ഒഴികെ അനാവശ്യമായി പണം ചെലവഴിക്കുന്നത് തടയുക. ഇത്തരത്തിൽ അനാവശ്യമായ ചെലവുകൾ ഒഴിവാക്കാൻ കഴിഞ്ഞാൽ തന്നെ നമ്മുടെ സമ്പാദ്യത്തിൽ അത് കാര്യമായി പ്രതിഫലിക്കും.
∙ കാശ് കൊടുത്ത് മാത്രം സാധനം വാങ്ങാം
സാധനങ്ങൾ വാങ്ങാൻ പോകുന്ന ദിവസം ഒരു നിശ്ചിത തുക കൈയിൽ കരുതുക. ആ തുകയിൽ നിൽക്കുന്ന അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങുക. അത് ഒരു ശീലമായി കഴിഞ്ഞാൽ കണക്കില്ലാതെ വാങ്ങുന്ന സ്വഭാവത്തിന് ഒരു അവസാനമാകും. ഇത്തരത്തിൽ വാങ്ങുന്നത് അത്രയും അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു.
ഇത് മാത്രമല്ല, ജോലി കൂടാതെ ചെറിയ എന്തെങ്കിലും വരുമാന മാർഗങ്ങൾ കണ്ടെത്തുക. അങ്ങനെ ലഭിക്കുന്ന സമ്പാദ്യം യാത്രകൾക്കായി മാറ്റി വയ്ക്കുക. അത്തരത്തിൽ യാത്ര ചെയ്യാൻ സമയമാകുമ്പോൾ യാത്രാഫണ്ടിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പണം കണ്ടെത്താൻ സാധിക്കും.