സ്വപ്നതുല്യം ടസ്കാനി; അദിതിയും സിദ്ധാർഥും ഇറ്റലിയിൽ
Mail This Article
തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള താരങ്ങളാണ് അദിതി റാവു ഹൈദരിയും സിദ്ദാര്‍ത്ഥും. 2021-ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഡേറ്റിങ് ആരംഭിച്ച അദിതിയും സിദ്ധാർത്ഥും ഈയിടെ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അദിതിയുടെ 400 വർഷം പഴക്കമുള്ള കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു നിശ്ചയം നടന്നത്. ഇപ്പോഴിതാ ഇറ്റാലിയന്‍ വെക്കേഷനിലാണ് ഇരുവരും. മലമുകളിലേക്ക് 10 കിലോമീറ്റർ ദൂരം സൈക്കിളിങ്ങ് ചെയ്യുന്ന വിഡിയോയും അദിതി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ഇറ്റലിയിലെ ടസ്കനിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിട്ടുണ്ട്. ഇറ്റാലിയൻ ഉപദ്വീപിന്‍റെ വടക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്ന സുന്ദരവും വിശാലവുമായ ഭൂപ്രദേശമാണ് ടസ്കനി. മാസ-കരാറ, ലൂക്ക, പിസ്തോയ, ഫിറൻസെ, പ്രാത്തോ, ലിവോർണോ, പിസ, അരെറ്റ്സ്സോ, സിയെന്ന, ഗ്രൊസെതോ എന്നീ 10 ഇറ്റാലിയൻ പ്രവിശ്യകൾ ടസ്കനിയിൽ ഉൾപ്പെടുന്നു. പ്രകൃതിസൗന്ദര്യം, ചരിത്രം, കലാപരമായ പൈതൃകം, സംസ്കാരം എന്നിവയ്ക്കെല്ലാം പേരുകേട്ട ടസ്കനി, ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ ജന്മസ്ഥലമായും അറിയപ്പെടുന്നു.
വെനെറ്റോയ്ക്കു ശേഷം, ഇറ്റലിയിലെത്തുന്ന സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ഇറ്റാലിയൻ പ്രദേശമാണ് ടസ്കനി. ഫ്ലോറൻസ്, കാസ്റ്റിഗ്ലിയോൺ ഡെല്ല പെസ്കായ, പിസ, സാൻ ഗിമിഗ്നാനോ, ലൂക്ക, ഗ്രോസെറ്റോ, സിയീന എന്നിവയാണ് ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. കാസ്റ്റിഗ്ലിയോൺ ഡെല്ല പെസ്കായ എന്നാല്‍ ഒട്ടേറെ ആളുകള്‍ എത്തുന്ന കടല്‍ത്തീര വിനോദസഞ്ചാരകേന്ദ്രമാണ്.
ടസ്കനിയില്‍ എട്ടു ലോക പൈതൃക സൈറ്റുകളുണ്ട്. ഫ്ലോറൻസിലെ ചരിത്ര കേന്ദ്രം, പിസയിലെ കത്തീഡ്രൽ സ്ക്വയർ, സാന്‍ ഗിമിഗ്നാനോയുടെ ചരിത്ര കേന്ദ്രം, സിയീനയുടെ ചരിത്ര കേന്ദ്രം, പിയൻസയുടെ ചരിത്ര കേന്ദ്രം, വാൽ ഡി ഓർഷ്യ, മെഡിസി വില്ലാസ് ആൻഡ് ഗാർഡൻസ്, ഗ്രേറ്റ് സ്പാ ടൗണ്‍സ് ഓഫ് യൂറോപ്പ്, മൊണ്ടെകാറ്റിനി ടെർമെ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇവിടെയുള്ള 120 ൽ അധികം സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും ടസ്കാനിയെയും അതിന്റെ തലസ്ഥാനമായ ഫ്ലോറൻസിനെയും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നു.
വാൽ ഡി ഓർഷ്യ പ്രദേശം, മനോഹരമായ ഗ്രാമങ്ങള്‍ക്കും ഇറ്റാലിയന്‍ വൈനിനും നവോത്ഥാന ചിത്രകലയ്ക്കും പേരുകേട്ടതാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു റെയിൽവേയും ഇവിടെയുണ്ട്. സഞ്ചാരികളുടെ മനംകവരുന്ന മറ്റൊരു അനുഭവമാണ് ഫോസോ ബിയാന്‍കോ ഉഷ്ണ ജലപ്രവാഹങ്ങള്‍. മലനിരകള്‍ക്കു മുകളില്‍ നിന്നും വെള്ളച്ചാട്ടം പോലെ ഒലിച്ചിറങ്ങുന്ന ജലപ്രവാഹങ്ങളാണ് ഇവ. സഞ്ചാരികള്‍ക്കു ഈ ചൂടു നീരുറവകളിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. കാൽസൈറ്റ് പാറകള്‍ നിറഞ്ഞ കുന്നുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളം, താഴെയുള്ള പാറകളില്‍ കാത്സ്യം കാർബണേറ്റ് നിക്ഷേപിക്കുന്നു. അതുകൊണ്ടുതന്നെ മനോഹരമായ വെളുത്ത നിറമുള്ള പാറകള്‍ ഇവിടെയെങ്ങും കാണാം.
ഇറ്റലി മൊത്തത്തിൽ സ്വപ്നതുല്യമാണ്. എന്നാൽ ടസ്കാനി അതിന്റെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യത്തിനും നവോത്ഥാന കലയ്ക്കും പ്രത്യേകം പേരുകേട്ടതാണ്. ചരിത്രപരമായ നിധികളുടെ ഒരു സമ്പത്താണ് ടസ്കാനി. ഈ പ്രദേശം കലാ നഗരങ്ങളും വലിയ സാംസ്കാരിക പൈതൃകമുള്ള മനോഹരമായ ഗ്രാമങ്ങളും നിറഞ്ഞതാണ്., മാത്രമല്ല അതിമനോഹരമായ ഭൂപ്രകൃതി കാരണം അസാധാരണമാം വിധം ഹൃദയസ്പർശിയാണ്.