ADVERTISEMENT

ഐശ്വര്യ രാജേഷ് എന്ന തമിഴകത്തിന്റെ താരസുന്ദരി ജോമോന്റെ സുവിശേഷങ്ങൾ എന്ന ദുൽഖർ ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ സുപരിചിതയാണ്. കൈനിറയെ സിനിമകളുണ്ടെങ്കിലും ഇടയ്ക്ക് അതിൽ നിന്നും ഒരിടവേള ആരാണ് ആഗ്രഹിക്കാത്തത്? തിരക്കുകളില്ലാതെ, ഓരോ നിമിഷവും സന്തോഷത്തിനു മാത്രമായി വിട്ടുകൊടുത്തു കൊണ്ട് ഒരു അവധിക്കാലഘോഷത്തിലാണ് താരമിപ്പോൾ. സുഹൃത്തുക്കൾക്കൊപ്പമുള്ള ആ യാത്രയ്ക്കായി ഐശ്വര്യ തിരഞ്ഞെടുത്തിരിക്കുന്നത് ന്യൂയോർക്കിന്റെ മായിക കാഴ്ചകളാണ്. ''ന്യൂയോർക്ക്....എന്റെ ഹൃദയം നിന്നിലാണ്'' എന്ന കുറിപ്പോടെയാണ് ഐശ്വര്യ രാജേഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ബ്രൂക്ലിൻ പാലത്തിൽ നിന്നുമുള്ള മനോഹരമായ ചിത്രങ്ങളും ആ കൂട്ടത്തിലുണ്ട്.

Image Credit: aishwaryarajessh/instagram
Image Credit: aishwaryarajessh/instagram

പത്തൊമ്പതാം നൂറ്റാണ്ടിലെ എൻജിനിയറിങ് അദ്​ഭുതം എന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ഒന്നാണ് ബ്രൂക്ലിൻ പാലം. മൻഹട്ടനെയും ബ്രൂക്ലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള സസ്പെൻഷൻ പാലങ്ങളിൽ ഒന്നാണിത്. വർഷത്തിലെ ഏതു സമയത്തും മനോഹരമായ കാഴ്ചകൾ സമ്മാനിക്കാൻ കഴിയുന്നൊരിടമാണ്. ഗ്രാനൈറ്റ് ടവറും സ്റ്റീൽ കേബിളുകളും കൊണ്ട് 1883 ലാണ് ഈ പാലത്തിന്റെ നിർമിതി പൂർത്തിയാക്കിയത്. വളരെ വ്യത്യസ്തവും അപൂർവവുമായ നിർമാണ വൈദഗ്‌ധ്യം കൊണ്ടുതന്നെ അമേരിക്കയിലെ ദേശീയ പാർക്ക് സർവീസ് ബ്രൂക്ലിൻ പാലം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികകല്ലാണെന്നാണ് വിശേഷിപ്പിക്കുന്നത്.

Image Credit: aishwaryarajessh/instagram
Image Credit: aishwaryarajessh/instagram

ന്യൂയോർക്ക് നഗരത്തിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് സ്റ്റാച്യു ഓഫ് ലിബർട്ടി. ചെമ്പിൽ നിർമിച്ചിട്ടുള്ള ഈ പ്രതിമ ഫ്രാൻസ് അമേരിക്കയ്ക്ക് നൽകിയ സൗഹൃദത്തിന്റെ ചിഹ്നമാണ്. ന്യൂയോർക്ക് ഹാർബറിന്റെ തീരത്തുള്ള ലിബർട്ടി എന്ന് പേരുള്ള ദ്വീപിലാണ് ഈ പ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സ്വാതന്ത്രത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയുടെ രൂപമാണിതിന്. വലതുകൈയിൽ ഒരു ദീപശിഖയും ഇടതു കയ്യിൽ അമേരിക്കൻ സ്വതന്ത്ര പ്രഖ്യാപന ദിന ഫലകമായ ടബുല അൻസാത്തയുമായാണ് പ്രതിമ നിലകൊള്ളുന്നത്. ഒരു തകർന്ന ചങ്ങലയും കാൽചുവട്ടിലായി കാണുവാൻ കഴിയും. 

Image Credit: aishwaryarajessh/instagram
Image Credit: aishwaryarajessh/instagram

സന്ദർശകർ ഏറെയെത്തുന്ന ഒരിടമാണ് ന്യൂയോർക്കിലെ ടൈം സ്ക്വയർ. ധാരാളം വിനോദോപാധികൾ ഉള്ളതു കൊണ്ടുതന്നെ ഈ നഗരത്തിലെത്തുന്ന അതിഥികൾ ആരും ഇവിടെയെത്താതെ മടങ്ങാറില്ല. ഓരോ വർഷവും 50 മില്യൺ സന്ദർശകരാണ് ടൈംസ് സ്‌ക്വയറിൽ എത്തുന്നത്. ലോങ് ഏക്കർ സ്‌ക്വയർ എന്നായിരുന്നു ആദ്യകാലത്തു ടൈം സ്ക്വയറിന്റെ പേര്. ഷോപ്പിങ് പ്രിയർക്കും മനോഹരമായ ചിത്രങ്ങൾ പകർത്താൻ എത്തുന്നവർക്കും സ്വാദിഷ്ടമായ ഭക്ഷണം രുചിക്കാൻ  എത്തുന്നവർക്കും ഇവിടം എക്കാലത്തും ഏറെ പ്രിയപ്പെട്ടതാണ്. എല്ലാ ദിവസവും വൈകുന്നേരം ആറു മണിക്കും ഏഴു മണിക്കുമിടയിൽ ഇവിടെ നടക്കുന്ന അത്യാകർഷകമായ കലാപ്രകടനങ്ങൾ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണ്.

Image Credit: aishwaryarajessh/instagram
Image Credit: aishwaryarajessh/instagram

ന്യൂയോർക്ക് നഗരത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണ് സെൻട്രൽ പാർക്ക്. മനുഷ്യനിർമിത തടാകങ്ങൾ, പുൽമേടുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി നിരവധി കാഴ്ചകളാണ് ഇവിടെയെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. ബെൽവെഡെരെ കാസ്റ്റിൽ, 1812 ലെ യുദ്ധത്തിന്റെ അവശേഷിപ്പു പോലെ ബാക്കിയായ ബ്ലോക്ക് ഹൗസ് കോട്ട എന്നിവയും ഈ പാർക്കിലെ പ്രധാന കാഴ്ചകളിൽ ഉൾപ്പെടുന്നു. 45 മില്യൺ ആളുകളാണ് അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന  ആദ്യത്തെ പബ്ലിക് പാർക്ക് സന്ദർശിക്കാനായി ഓരോ വർഷവും ഇവിടെയെത്തുന്നത്. മൻഹാട്ടന്റെ ഹൃദയഭാഗത്തായാണ് പാർക്കിന്റെ സ്ഥാനം. ബാൾട്ടോ, ആലീസ് ഇൻ വണ്ടർലാൻഡ്, വില്യം ഷേക്സ്പിയർ എന്നിവരുടെ പ്രതിമകളും സ്‌കേറ്റിങ് ഗ്രൗണ്ടും തണുപ്പ് കാലത്തു മഞ്ഞുമൂടിയ ഭൂഭാഗവുമൊക്കെ ഈ പാർക്കിനെ കൂടുതൽ ജനപ്രിയമാക്കുന്നു. നഗരത്തിരക്കുകളിൽ നിന്നും മാറി, ശാന്തവും അതേ സമയം തന്നെ പച്ചപ്പിന്റെ മനോഹര കാഴ്ചകളുമൊക്കെ ഇവിടെയെത്തുന്ന അതിഥികൾക്ക് ആസ്വദിക്കാം. 18000 വൃക്ഷങ്ങളും 200 ലധികം പല വർഗത്തിലുള്ള പക്ഷികളെയും കാണുവാൻ സെൻട്രൽ പാർക്കിലെത്തിയാൽ മതി. 

Image Credit: aishwaryarajessh/instagram
Image Credit: aishwaryarajessh/instagram

അമേരിക്കയിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയങ്ങളിൽ ഒന്നാണ് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്. അയ്യായിരം വർഷത്തെ ലോകത്തിന്റെ ചരിത്രവും സംസ്കാരവും വെളിവാക്കുന്ന നിരവധി ലിഖിതങ്ങളും കലാ കാഴ്ചകളും ഈ മ്യൂസിയത്തിലെ എടുത്തുപറയേണ്ട കാഴ്ചകളിലൊന്നാണ്. പെയിന്റിങ്ങുകൾ മാത്രമല്ലാതെ, ശില്പങ്ങൾ, സംഗീതോപകരണങ്ങൾ, കലാശില്പ മാതൃകകൾ, അക്കാലത്തെ വസ്ത്രങ്ങൾ, ആയുധങ്ങൾ തുടങ്ങി മധ്യകാലഘട്ടത്തിലെ ശേഷിപ്പുകൾ വരെ ഇവിടെ കാണുവാൻ കഴിയും. പല തരത്തിലുള്ള കലാപ്രകടങ്ങളും പ്രദർശനങ്ങളും മ്യൂസിയത്തിലെത്തുന്നവർക്കു ആസ്വദിക്കാനായി ഇവിടെ നടക്കാറുണ്ട്.

Image Credit: aishwaryarajessh/instagram
Image Credit: aishwaryarajessh/instagram

വേൾഡ് ട്രേഡ് സെന്റർ, എമ്പയർ സ്റ്റേറ്റ് ബിൽഡിങ്, 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം, വൺ വേൾഡ് ഒബ്സർവേറ്ററി, വോൾ സ്ട്രീറ്റ്, ന്യൂയോർക്ക് പബ്ലിക് ലൈബ്രറി എന്നിങ്ങനെ നീളുകയാണ് ന്യൂയോർക്കിലെ കാഴ്ചകൾ. എത്ര കണ്ടാലും മതിവരാത്തത്ര അദ്ഭുതങ്ങളാണ് ഈ  നഗരം സഞ്ചാരികൾക്കായി ഒരുക്കി കാത്തിരിക്കുന്നത്.  

English Summary:

Aishwarya Rajesh's Stunning New York Travel Diary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com