ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജീവിതത്തിരുക്കുകൾക്കിടയിൽ ഏറെ പ്രിയപ്പെട്ട പലതിനെയും മനഃപ്പൂർവം മറന്നു കളയേണ്ടി വരുന്നവരാണ് അധികവും. തിരക്കുള്ള ഒരു ഡോക്ടറാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ ഒരിക്കൽ ജീവശ്വാസമായി ഉപാസിച്ചിരുന്ന കലയെ  പതിറ്റാണ്ടുകൾക്കിപ്പുറം അതേ ഊർജ്ജത്തോടെ വേദിയിൽ അവതരിപ്പിക്കാനായി മനസ്സർപ്പിച്ച് തയ്യാറെടുക്കുകയാണ് പ്രശസ്ത ഒഫ്താൽമോളജിസ്റ്റായ ഡോ. കലാ ബേബി തോട്ടം. ഒരുകാലത്ത്  കേരളത്തെയും ഇന്ത്യയെയും പ്രതിനിധീകരിച്ച് രാജ്യാന്തര വേദികളിലെ പോലും നിറസാന്നിധ്യമായിരുന്ന ഡോ. കല ഭരതനാട്യ കച്ചേരിയുടെ വിശേഷങ്ങളെക്കുറിച്ച് മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.

നൃത്തവേദികളിലെ താരമായിരുന്ന സ്കൂൾ കാലം

നൃത്തത്തിൽ ജന്മസിദ്ധമായ വാസനയുണ്ടെന്ന് തിരിച്ചറിഞ്ഞ് മാതാപിതാക്കളായ ടി.യു. ആന്റണിയും മേരി ആന്റണിയും നാലാം വയസ്സിൽ തന്നെ നൃത്തം അഭ്യസിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. മൂവാറ്റുപുഴയാണ് സ്വദേശം. നർത്തകിയും ചലച്ചിത്ര താരം ആശാ ശരത്തിന്റെ അമ്മയുമായ കലാമണ്ഡലം സുമതി ടീച്ചറാണ് ആദ്യ ഗുരു. മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് പ്രൈമറിതലത്തിൽ ബാലകലോത്സവങ്ങളിലും ഹൈസ്കൂൾ തലം മുതൽ സംസ്ഥാന യുവജനോത്സവങ്ങളിൽ  ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും നാടോടി നൃത്തത്തിലും സ്ഥിരമായി പങ്കെടുത്തിരുന്നു.  1986ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  ഭരതനാട്യത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാനും സാധിച്ചു.  അതേ വർഷം ഭരതനാട്യത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തോടെ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് നടൻ വിനീതായിരുന്നു. 

വേദികളിൽ നിന്നും വേദികളിലേയ്ക്ക്.

യുവജനോത്സവത്തിലെ ഒന്നാം സ്ഥാനക്കാരിയായതോടെ നൃത്ത പരിപാടികളുമായി വിദേശരാജ്യങ്ങളിലേക്ക്  പോകാൻ ലഭിച്ച അവസരങ്ങൾ നിരവധിയാണ്.  സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ  ആഭിമുഖ്യത്തിൽ  ജർമനിയിൽ വച്ചുനടന്ന ലോക മലയാള സമ്മേളനത്തിൽ മലയാള സാഹിത്യ- ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭകളും യുവജനോത്സവത്തിലെ താരങ്ങളും അണിനിരന്നിരുന്നു. സംഘത്തിലെ അംഗമായി നൃത്തം അവതരിപ്പിക്കാൻ ലഭിച്ച അവസരമാണ് അതിൽ പ്രധാനം. 

kala-baby3

അതോടൊപ്പം ലണ്ടൻ, പാരിസ്, ആംസ്റ്റർഡാം തുടങ്ങി വിവിധ സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ തന്നെ നൃത്തവേദികൾ ഒരുക്കിയിരുന്നു. തൃശൂർ സെന്റ് മേരീസ് കോളേജിൽ പ്രീഡിഗ്രി പഠനം തുടങ്ങിയ കാലമായിരുന്നു അത്.  വിദേശരാജ്യങ്ങളിലെ പരിപാടികൾക്കു ശേഷം ഭരതനാട്യം, നാടോടി നൃത്തം, മോഹിനിയാട്ടം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ കാലിക്കറ്റ് സർവകലാശാലയുടെ ഇന്റർസോൺ ഫെസ്റ്റിവലിൽ കലാതിലകമായി. പിന്നീട് കേന്ദ്രസർക്കാറിന്റെ ആഭിമുഖ്യത്തിൽ മോസ്കോയിൽ വച്ചുനടന്ന ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ യുഎസ്എസ്ആർ  എന്ന പരിപാടിയുടെ ഭാഗമായിരുന്നു.  താരാ കല്യാൺ അടക്കം അക്കാലത്ത് നൃത്തലോകത്തെ യുവ താരങ്ങളെല്ലാം അണിനിരന്ന  പരിപാടിയായിരുന്നു അത്. ഇതിനെല്ലാം പുറമേ ഏറെക്കാലം ദൂരദർശനിലും നൃത്തം അവതരിപ്പിച്ചു.

ഡോക്ടറാവണമെന്ന സ്വപ്നം

നൃത്ത പരിപാടികളുമായി നീണ്ട വർഷങ്ങൾ തിരക്കിലായെങ്കിലും കുട്ടിക്കാലം മുതൽ ഡോക്ടർ ആവണമെന്നു സ്വപ്നം കണ്ടിരുന്നു. ആ  സ്വപ്നത്തിലേക്ക് അടുക്കാനായി പ്രീഡിഗ്രി രണ്ടാം വർഷമായതോടെ നൃത്തത്തിൽ നിന്നും ഇടവേള എടുത്തു. ചലച്ചിത്ര മേഖലയിൽ നിന്നും നിരവധി അവസരങ്ങൾ തേടിയെത്തിയെങ്കിലും പഠനത്തിനായി അതെല്ലാം വേണ്ടെന്നുവയ്ക്കാനായിരുന്നു തീരുമാനം. വിനീതും താര കല്യാണുമടക്കം നൃത്തവേദികളിൽ ഒപ്പമുണ്ടായിരുന്നവർ നർത്തകരായും ചലച്ചിത്ര താരങ്ങളായും പ്രശസ്തി നേടിയപ്പോൾ കലാകാരി എന്ന ലേബലിൽ നിന്നും ഡോക്ടർ എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയിരുന്നു. 

പ്രൊഫഷണൽ ജീവിതത്തിന്റെയും കുടുംബ ജീവിതത്തിന്റെയും തിരക്കുകൾക്കിടയിൽ എല്ലാ കലാകാരികളെയും പോലെ ഇത്രയധികം വേദികളിൽ സംസ്ഥാനത്തെയും രാജ്യത്തെയും പ്രതിനിധീകരിച്ച നർത്തകിയായിരുന്നു താൻ എന്ന കാര്യം സ്വയം മറന്നു പോയതായി ഡോ. കല പറയുന്നു.  നിലവിൽ പാലാരിവട്ടം അഹല്യ ഐ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസറും സീനിയർ ലാസിക് സർജനുമാണ് ഡോ.കല.

kala-baby2

നൃത്തലോകത്തേയ്ക്കുള്ള മടങ്ങിവരവ്

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ഒഫ്താൽമിക് അസോസിയേഷന്റെയും പരിപാടികളിൽ നൃത്തം അവതരിപ്പിക്കുന്നതു മാത്രമായിരുന്നു കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ നൃത്തവുമായുള്ള ബന്ധം.  ഏഴ് വർഷം മുൻപ് ജോലിയുമായി ബന്ധപ്പെട്ട് അബുദാബിയിലേക്ക് പോയതാണ് കലാ ലോകത്തേക്കുള്ള മടങ്ങിവരവിന് വഴിതെളിച്ചത്. നൃത്തം അവതരിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചതോടെ  സ്കൂൾ വിദ്യാഭ്യാസകാലത്ത് നൃത്തത്തോടുണ്ടായിരുന്ന അഭിനിവേശം വീണ്ടും തോന്നിത്തുടങ്ങി. നാലുവർഷം മുൻപാണ് വീണ്ടും നൃത്തം അഭ്യസിക്കാൻ ആരംഭിച്ചത്. സുഹൃത്തായ ആശാ ശരത്തിന്റെ നിർദേശപ്രകാരം പ്രശസ്ത നർത്തകനും കൊറിയോഗ്രാഫറുമായ അബ്ബാദ് റാം മോഹനെ ഗുരുവായി സ്വീകരിക്കുകയായിരുന്നു.

ഭരതനാട്യ കച്ചേരിയെക്കുറിച്ച്?

നൃത്തം അഭ്യസിച്ചു തുടങ്ങിയതോടെ ഭരതനാട്യം അതിന്റെ പൂർണ്ണതയിൽ ഒരു വേദിയിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹം തോന്നിത്തുടങ്ങി. പിന്നീട് ആ ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു.  അങ്ങനെ ഒരു വർഷം മുൻപ് പരമ്പരാഗത ശൈലിയിലുള്ള ഭരതനാട്യ കച്ചേരി അവതരിപ്പിക്കാനുള്ള പരിശീലനങ്ങൾ തുടങ്ങി. ജോലിത്തിരക്കുകൾക്കിടെ സമയം കണ്ടെത്തി കൃത്യമായി പരിശീലനം ചെയ്തതോടെ ആത്മവിശ്വാസവും വർദ്ധിച്ചു. 

കൊച്ചി കലൂരിലെ എ.ജെ ഹാളിൽ ജനുവരി ആറാം തീയതി വൈകിട്ട് ആറിനാണ് നൃത്താവതരണം. പുതിയ തുടക്കം എന്ന നിലയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലായിരിക്കും ഒന്നര മണിക്കൂർ നീളുന്ന ഭരതനാട്യ കച്ചേരി അവതരിപ്പിക്കപ്പെടുക.

മനസ്സുനിറഞ്ഞ് അനുഗ്രഹിച്ച് ആദ്യ ഗുരു

വീണ്ടും ചിലങ്കയണിയാൻ പോകുന്നതറിഞ്ഞ് ഒരുകാലത്ത് നൃത്ത വേദിയിലേക്ക് എന്നും ഒപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് പോലും വിശ്വാസം വന്നില്ല എന്ന് ഡോ. കല പറയുന്നു. വൈകിയ വേളയിൽ നൃത്തം ചെയ്യുന്നത് എന്തിന് എന്നതായിരുന്നു പലരുടെയും സംശയം. ഡോക്ടറായിരുന്നിട്ടു കൂടി ഇങ്ങനെയൊരു പരിപാടി അവതരിപ്പിക്കാൻ സമയം കണ്ടെത്തിയതിൽ അത്ഭുതപ്പെട്ടവരും കുറവല്ല. എന്നാൽ പിന്നീട് ഏറെ ആഗ്രഹിച്ചെടുത്ത തീരുമാനമാണെന്നറിഞ്ഞതോടെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം പൂർണ്ണ പിന്തുണയാണ് നൽകുന്നത്.

kala-baby-1

ഭരതനാട്യ കച്ചേരിയെക്കുറിച്ച്  പറഞ്ഞപ്പോൾ അങ്ങേയറ്റം സന്തോഷത്തോടെയാണ് കലാമണ്ഡലം സുമതി ടീച്ചർ പ്രതികരിച്ചത്.  പ്രിയ ശിഷ്യ വീണ്ടും അരങ്ങിലെത്തുന്നത് കാണാൻ തീർച്ചയായും എത്തുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.

മനസ്സുണ്ടെങ്കിൽ മാർഗവും തെളിയും

ദൃഢനിശ്ചയവും ആത്മവിശ്വാസവും കൈമുതലായുണ്ടെങ്കിൽ ഏതാഗ്രഹവും ഏതുകാലത്തും ആർക്കും എത്തിപ്പിടിക്കാനാവും. തിരക്കുകൾക്കിടയിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സമയമില്ല എന്നത് ഒരു ഒഴിവുകഴിവ് മാത്രമാണ്. ഉറച്ച ലക്ഷ്യം മനസ്സിലുണ്ടെങ്കിൽ അതിനായി അധിക പരിശ്രമം വേണ്ടിവരും എന്നത് മാത്രമാണ് കാര്യം. സ്വന്തം ജീവിതത്തിലൂടെ ഇക്കാര്യം തെളിയിച്ചു കാണിക്കാനാവുന്നതിൽ അങ്ങേയറ്റം സംതൃപ്തയാണ് ഡോ. കല. നൃത്ത പരിപാടിയെക്കുറിച്ച് അറിഞ്ഞതോടെ തന്നെപ്പോലെ ജീവിതത്തിലെ പ്രധാനപ്പെട്ട പലതും മനപൂർവം മറന്നു കഴിയുന്ന നിരവധി ആളുകൾക്ക് പ്രചോദനമാകുന്നു എന്നതാണ് വലിയ കാര്യം.

കുടുംബം

എറണാകുളം അഗർവാൾ ഐ ഹോസ്പിറ്റലിലെ ഒഫ്താൽമോളജിസ്റ്റായ ഡോ. സോണി ജോർജും ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ ഹൗസ് സർജനായ മകൾ ഡോ. സാന്ദ്ര സോണിയും അടങ്ങുന്നതാണ് ഡോ. കലാ ബേബിയുടെ കുടുംബം.  ആഗ്രഹങ്ങൾക്കൊപ്പം പൂർണപിന്തുണയേകി ഒപ്പം നിൽക്കുന്ന കുടുംബം തന്നെയാണ് ഡോ. കലയുടെ ചുവടുകൾക്ക് ശക്തി പകരുന്നത്.

English Summary: Dr. Kala Baby Thottam About Bharatanatyam Kacheri

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com