ADVERTISEMENT

“എത്രനാൾ ഇവളെ ഇങ്ങനെ ചേർത്തുപിടിക്കാനാകുമെന്ന് എനിക്കറിയില്ല, ഞാനുള്ളിടത്തോളം കാലം എന്റെ കുഞ്ഞിനെ ഇങ്ങനെയൊക്കെ തന്നെ ഞാൻ നോക്കും''. ഒരമ്മയുടെ വേദനയ്ക്കപ്പുറം തന്റെ കുഞ്ഞിനോടുള്ള വാത്സല്യമാണ് വാക്കുകളിലൂടെ ഇവിടെ പ്രകടമാകുന്നത്. കുഞ്ഞിനെ കയ്യിലേന്തി ജോലിചെയ്യുന്ന നിരവധി അമ്മമാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈയടുത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞ ഒരു അമ്മയും കുഞ്ഞുമാണിത്.

ഫോട്ടോഗ്രാഫറായ അമ്മയുടെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്ന കുഞ്ഞിപ്പെണ്ണ്, ആളാരവങ്ങളും ബഹളവുമെല്ലാമുണ്ടായിട്ടും കരയാതെ, കണ്ണീരൊഴുക്കാതെ തന്റെ അമ്മയ്ക്ക് ഒരു തരിപോലും ബുദ്ധിമുട്ടേകാതെ അമ്മയോട് ഒട്ടിക്കിടക്കുന്ന ഒരു മിടുക്കിയും അവളുടെ അമ്മയും. ആ അമ്മയുടെ നിസഹായവസ്ഥയാണത്. ഷെറീജയെ സംബന്ധിച്ച് ജോലി അത്യാവശ്യമായ സമയമാണിത്. കൈകുഞ്ഞിനെ ഏൽപ്പിച്ചുപോരാൻ സുരക്ഷിതമായൊരിടമില്ലാത്തതിനാൽ ഈ അമ്മ അവളെ തന്റെയൊപ്പം കൂട്ടാൻ തീരുമാനിച്ചു. അതിലും സുരക്ഷിതമായൊരിടം അവൾക്ക് വേറെ എവിടെ കിട്ടാൻ? 

ഷെറീജ അനു ഒരു ക്യാമറ പേഴ്സണാണ്. മലയാള സിനിമകളിൽ ക്യാമറ അസോസിയേറ്റായി ജോലി ചെയ്യുകയാണ് ഇപ്പോൾ. ഭർത്താവും ഇതേ മേഖലയിൽ തന്നെ ജോലിചെയ്യുന്നയാൾ. അങ്ങനെ ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഷൂട്ടിന് പോയപ്പോഴാണ് ഷെരീജയും മകളും മറ്റൊരു ക്യാമറാമാന്റെ കണ്ണിൽപ്പെടുന്നതും ആ വീഡിയോ പിന്നീട് വൈറലാകുന്നതും. സിനിമ പ്രമോഷനുകളും സിനിമയുമായി ബന്ധപ്പെട്ട വീഡിയോകളും ഷെയർ ചെയ്യാൻ യൂട്യൂബ് ചാനലുകളുമുണ്ട് ഇവർക്ക്. 

Read also: 'ആരാധകരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ല, ചിലരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്': നിഖില വിമൽ

കുഞ്ഞിനെ സംരക്ഷിക്കാൻ അമ്മ കണ്ടെത്തിയ വഴി

ജന്മനാ ഹൃദയവാൽവിനു പ്രശ്നമുള്ളയാളാണ് ഷെറീജ. ജനിച്ച് കുറച്ചുനാളുകൾക്കുള്ളിൽ രോഗിയായിത്തീർന്നു. കണ്ണുകാണാത്ത ഉമ്മയും ബാപ്പയും. ഉമ്മയ്ക്ക് തീരെ കണ്ണുകാണില്ലായിരുന്നു. കുഞ്ഞ് കരയുമ്പോൾ നീല നിറമാകുന്നതായി ആദ്യം കണ്ടത് ഉമ്മയുടെ സഹോദരിയാണ്. പാവപ്പെട്ടവരായ മാതാപിതാക്കൾ എന്തുചെയ്യണമന്നറിയാതെ പകച്ചുനിന്ന കാലം. വീടുപണിയ്ക്കായി സ്വരുക്കൂട്ടിവച്ച പണമെടുത്ത് തന്റെ കുഞ്ഞിനെ ചികിത്സിക്കാൻ ബാപ്പ തീരുമാനിച്ചു. ചെറുപ്പത്തിൽ ചെറിയ സർജറി ചെയ്തെങ്കിലും കുട്ടിയ്ക്കൊപ്പം ആ രോഗവും വളർന്നു. തന്റെ കഥ ഷെറീജ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. 

shereeja-baby-life
ഷെറീജ

'ഇന്ന് എനിക്ക് ഒരു വാൽവില്ല. എത്രനാൾ ഞാൻ ജീവിച്ചിരിക്കുമെന്നും ഉറപ്പില്ല. ഞാൻ ഉള്ളിടത്തോളം കാലം എന്റെ കുഞ്ഞിനെ നോക്കണം എന്നുമാത്രമേ ഇപ്പോൾ ചിന്തയുള്ളു '. അമ്മയായതോടെ തന്റെ ആരോഗ്യപ്രശ്നങ്ങൾ വീണ്ടും തലപൊക്കിതുടങ്ങിയെന്ന് ഷെറീജ. ഞങ്ങൾക്ക് ജീവിക്കണമെങ്കിൽ, എന്റെ സർജറി നടക്കണമെങ്കിൽ ഞങ്ങൾ രണ്ടുപേരും ജോലിയ്ക്ക് പോകണം. എന്നാലും ഒന്നുമാകില്ലെന്നറിയാം. എങ്കിലും നമ്മളെക്കൊണ്ടാവുന്നതു ചെയ്യണമല്ലോ. അങ്ങനെയാണ് വീണ്ടും ജോലിയ്ക്ക് ഇറങ്ങുന്നത്. ഞാൻ കുഞ്ഞിനെ ബേബി ക്യാരിബാഗിലാക്കി ജോലിചെയ്യുന്നതിനെ സപ്പോർട്ട് ചെയ്തും എതിർത്തും നിരവധിപ്പേർ പ്രതികരിച്ചുകണ്ടു. എന്നെ സംബന്ധിച്ച് ഈ ജോലി വളരെ പ്രധാനപ്പെട്ടതാണ്. തീരെ പാവപ്പെട്ടവരായിരുന്നു എന്റെ മാതാപിതാക്കൾ, വഴിയിൽ പാട്ടുപാടിയാണ് അവർ ഞങ്ങളെ വളർത്തിയിരുന്നത്. കാഴ്ച്ചയില്ലാത്തവരായതിനാൽ അവർക്ക് മറ്റ് ജോലിയൊന്നും ചെയ്യാനുമാകില്ലായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ ഏതെങ്കിലും തുണിക്കടയിലോ സൂപ്പർ മാർക്കറ്റിലോ ഒതുങ്ങിപ്പോകുമായിരുന്നു ഞാനും. പക്ഷേ ഞാൻ നല്ലതുപോലെ കഷ്ടപ്പെട്ടു പഠിച്ചെടുത്തതാണ് ഫോട്ടോഗ്രഫി. 10 വർഷമായി ക്യാമറ പേഴ്സണാണ്. കഷ്ടപ്പെട്ടു പഠിച്ച തൊഴിലാണ്, അത് പാതിവഴിയ്ക്ക് ഉപേക്ഷിക്കാനും മനസുവന്നില്ല. ഷെറീജ തുടർന്നു. 

Read also: കറണ്ടില്ലാതെയും ഇസ്തിരിപ്പെട്ടി കൊണ്ട് തുണി തേക്കാം; വീട്ടമ്മയുടെ ബുദ്ധി സോഷ്യൽ മീഡിയയിൽ വൈറൽ

തൊഴിലിടങ്ങളിലെപ്പോലെ തൊഴിലിന്റെ പേരിലും വിവേചനമുണ്ട്

ആദ്യകാലങ്ങളിലൊക്കെ ഈ മേഖലയിൽ ജോലിചെയ്യുന്നതിന് എല്ലായിടത്തുനിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു. സ്ത്രീ സമത്വത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവർ തന്നെ അന്ന് എന്നെ തള്ളിപ്പറഞ്ഞു. എന്റെ മതത്തിൽപ്പെട്ടവർ കുത്തുവാക്കും എതിർപ്പുമായി നിരന്തരം വേദനിപ്പിച്ചുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ഒരിക്കൽ ഒരു കല്യാണ വീഡിയോ ടീമിന്റെ കൂടെ വർക്ക് ചെയ്യുന്ന സമയം. ആ ടീമിൽ ഞങ്ങൾ രണ്ട് സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വീഡിയോ എടുത്തുകൊണ്ടിരുന്നപ്പോൾ ആ വീട്ടുകാർ തന്നെ എന്നോട് വർക്ക് ചെയ്യണ്ട എന്നുപറഞ്ഞ് ഇറക്കിവിട്ടിട്ടുണ്ട്. എല്ലാ ജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ടെന്ന് വിശ്വസിക്കുന്നവളാണ് ഞാൻ. ഫോട്ടോഗ്രഫി ഒരു പാഷനാണ്, അത് എല്ലാവർക്കും ഉണ്ടാകണമെന്നുമില്ല. പക്ഷേ പലരുടേയും ചിന്ത അത് ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയാണ്, പെണ്ണുങ്ങൾ ചെയ്താൽ എന്തോ മോശമാണ് എന്നൊക്കെയാണ്.

shereeja-cameraperson-life
ഭർത്താവിനും കുഞ്ഞിനുമൊപ്പം ഷെറീജ

ഞാനും ഭർത്താവും ഒരേ ഫീൽഡിൽ ജോലി ചെയ്യുന്നവരാണ്. അദ്ദേഹം ക്യാമറയുമായി നടന്നാൽ കുഴപ്പമില്ല, പക്ഷേ ഞാൻ ക്യാമറയെടുത്താൽ അത് ചോദിക്കാനേ ആളുളളു. ആ ഒരു ചിന്താഗതി മാറണം എന്നുതന്നെയാണ് തന്റെ ആഗ്രഹമെന്ന് ഷെറീജ പറയുന്നു. മലയാള സിനിമയിൽ അസോസിയേറ്റ് ക്യാമറാപേഴ്സൺ ആയിട്ടാണ് ഷെറീജ ഇപ്പോൾ ജോലി ചെയ്യുന്നത്. നിരവധി സിനിമകളിൽ സിനിമാട്ടോഗ്രാഫിയിൽ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. സ്ത്രീകൾ അധികം കടന്നുവരാത്ത മേഖലയാണിത്. ഈ ഫീൽഡിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒത്തിരി പെൺകുട്ടികളുണ്ട് അവർക്ക് താൻ ഒരു പ്രചോദനമാകട്ടെ എന്നാണ് ഷെറിജ പറയുന്നത് .

"അമ്മയുടെ കരുതൽ എന്നുമവൾക്ക് ഉണ്ടാകണം"

വീണ്ടും ജോലിക്കിറങ്ങിയതിന് ഷെറീജക്ക് തന്റേതായ കാരണങ്ങളുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താൻ ചെയ്യുന്നത് ശരിയാണെന്ന് ഷെറിജയ്ക്ക് അറിയാം. മകൾ ഉണ്ടായതോടെ കുറച്ചുദിവസം വീട്ടിൽ തന്നെയായിരുന്നു. ഭർത്താവ് ഒറ്റയ്ക്ക് ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. മോൾക്ക് 28 ദിവസം കഴിഞ്ഞപ്പോൾ ഞാൻ പതിയെ അവളെയും കൊണ്ട് ചെറിയ വർക്കുകൾക്ക് പോയിതുടങ്ങി. ആദ്യമൊക്കെ പ്രയാസമുണ്ടായിരുന്നു. എന്നാൽ മോൾ ഒരു പ്രശ്നവുമുണ്ടാക്കാതെ നമുക്കൊപ്പം നിൽക്കാൻ തുടങ്ങി. അങ്ങനെയാണ് ഞാനും അവളും വൈറലാകുന്നത്. പത്താളെ കാണിച്ച് വലിയ പ്രശസ്തി നേടാനൊന്നുമല്ല ഞാനിങ്ങനെ ചെയ്യുന്നത്. എന്റെ കുഞ്ഞിനെ സുരക്ഷിതമായി നോക്കണം, ജോലി ചെയ്യണം, ഞങ്ങൾക്ക് ജീവിക്കണം. കുഞ്ഞിനെ കഷ്ടപ്പെടുത്തുകയാണെന്നൊക്കെ പലരും പറയുന്നുണ്ട്. പക്ഷേ എന്റെ മകൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച സംരക്ഷണവും കരുതലുമാണ് ഞാൻ നൽകുന്നത്. 

shereeja-and-baby
Image Credit: instagram.com/shereeja_p_n

2-3 മണിക്കൂറുള്ള വർക്കുകളായിരുന്നു ആദ്യമൊക്കെ ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ 5 ദിവസം വരെയുള്ള ഷൂട്ടിന് പോലും ഒരു പ്രശ്നവുമില്ലാതെ ഈ അമ്മയും കുഞ്ഞും പോയിവരുന്നു. സിനിമ പ്രമോഷൻ, വെഡ്ഡിംഗ് ഷൂട്ട്, സേവ് ദി ഡേറ്റ് തുടങ്ങി അമ്മ പോകുന്ന എവിടേയും ഈ കുഞ്ഞിപ്പെണ്ണുമുണ്ടാകും കൂടെ. ഷെറീജയുടെ ചികിത്സയ്ക്കായി 25 ലക്ഷം രൂപ വേണം. തന്റെ ജീവനേക്കാളും മകളുടെ സുരക്ഷിതത്വം മുന്നിൽകണ്ട് ജോലിയെടുക്കുന്ന ഈ അമ്മയും അച്ഛനും അതിനായി ആരുടേയും മുന്നിൽ കൈ നീട്ടാനൊന്നും തയ്യാറല്ല. സുമനസുകളുണ്ടെങ്കിൽ അവരെ സഹായിക്കട്ടെ. ഈ അമ്മയുടെ കരുതൽ എന്നുമവൾക്ക് ഉണ്ടാകട്ടെ… 

തിരിച്ചറിവിന് പ്രായമുണ്ടോ? ഇല്ലെന്ന് വേണം പറയാൻ. അല്ലെങ്കിൽ കരയാനല്ലാതെ മറ്റൊന്നുമറിയാത്ത ഈ പിഞ്ചുകുഞ്ഞ്, അവളുടെ അമ്മയ്ക്ക് വേണ്ടി ഇതുപോലെ നിൽക്കുമോ? അമ്മയുടെ മാറോടണഞ്ഞ് പറ്റിച്ചേർന്നുകിടക്കുമ്പോൾ അവൾക്കറിയാം അമ്മ അവൾക്ക് എല്ലാമാണെന്ന്.. അമ്മയ്ക്ക് അവളും ജീവനാണെന്ന്.

Read also: ‘തിയറ്റർ അടപ്പിച്ചു, സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു; ഡോ. ഗിരിജയുടേത് സിനിമയാക്കേണ്ട ജീവിതം’

Content Summary: Viral Camera Person Mom and her baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com