'ഇനി പാൽ പിഴിഞ്ഞു കളയില്ല, മുലപ്പാല് ആവശ്യമുള്ള കുഞ്ഞുങ്ങൾ ഒരുപാടുണ്ട്’: ഇത് വണ്ടർ വുമൺ
Mail This Article
ഒരു കുഞ്ഞിന് മുലപ്പാലിനെക്കാൾ അത്യാവശ്യമുള്ളത് മറ്റെന്താണ്. എന്നാൽ, അമ്മയ്ക്കു പാൽ ഇല്ലാത്തതുകൊണ്ട് അതു കിട്ടാതെ പോകുന്ന കുഞ്ഞുങ്ങളും അനവധിയാണ്. അതുകൊണ്ടാണ് മിൽക്ക് ബാങ്കുകൾക്ക് പ്രാധാന്യമേറുന്നതും. കഴിഞ്ഞ് ആറു മാസമായി എറണാകുളം ജനറൽ ആശുപത്രിയില്‍ ചികിത്സയിലുള്ള പല കുഞ്ഞുങ്ങളും വയറു നിറയ്ക്കുന്നത് ഹന്നയുടെ പാൽ കുടിച്ചാണ്. സ്വന്തം മകളുടെ കുഞ്ഞു വയർ നിറയുമ്പോൾ കിട്ടുന്ന അതേ സംതൃപ്തിയാണ് തന്റെ മുലപ്പാൽ മിൽക്ക് ബാങ്കിലേക്ക് ദാനം ചെയ്യുമ്പോൾ 27കാരിയായ ഹന്നയ്ക്കു ലഭിക്കുന്നത്.
ജനറൽ ആശുപത്രിയിൽ നാല് വർഷമായി ജോലി ചെയ്യുകയാണ് പെരുമ്പാവൂർ പുല്ലുവഴി സ്വദേശിനി ഹന്ന ഷിന്റോ. 2022 ഒക്ടോബർ 7ന് ജനിച്ച മകൾ മിലാ ഷിന്റോയ്ക്ക് ഇപ്പോൾ 10 മാസം പ്രായമായി. കോൺട്രാക്ട് സ്റ്റാഫ് ആയതുകൊണ്ട് ഹന്നയ്ക്ക് മെറ്റേണിറ്റി ലീവ് ഉണ്ടായിരുന്നില്ല. ഗർഭകാലത്ത് ഷുഗർ ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വന്നതോടെ എട്ടരമാസമായപ്പോൾ മെഡിക്കൽ ലീവ് എടുക്കേണ്ടി വന്നു. നേരത്തേ ലീവ് എടുത്ത് തുടങ്ങിയതുകൊണ്ട് പ്രസവം കഴിഞ്ഞ് നാലര മാസം ആയപ്പോഴേക്കും ഹന്നയ്ക്ക് ജോലിയിൽ പ്രവേശിക്കേണ്ടി വന്നു.
‘'നാലര മാസമുള്ള എന്റെ കുഞ്ഞിനെ വീട്ടിലാക്കി പോരുന്നതിന്റെ സങ്കടം വലുതായിരുന്നു. അവളെ വിട്ടു നിൽക്കുന്നത് എന്നെ മാനസികമായി ഒരുപാട് ബാധിച്ചു. രാവിലെ ആറരയ്ക്ക് വീട്ടിൽനിന്ന് ഇറങ്ങിയാലാണ് 8 മണിക്ക് ഡ്യൂട്ടിക്ക് കയറാൻ പറ്റുക. ആ സമയത്ത് എന്നും ഞാൻ ബസിലിരുന്ന് കരയുമായിരുന്നു. ആ അവസ്ഥ മാറാൻ മൂന്നു മാസമെടുത്തു. മൂഡ്സ്വിങ്സ്, ദേഷ്യം, വിഷമം എല്ലാം നിറഞ്ഞതായിരുന്നു പോസ്റ്റ്പാർടം''.
എന്റെ മോളുടെ കള്ളച്ചിരി മറ്റു കുഞ്ഞുങ്ങളിലും കാണണം
''ഡ്യൂട്ടിക്കു പോയിത്തുടങ്ങിയപ്പോൾ ബ്രെസ്റ്റ് പമ്പ് വാങ്ങി പാൽ പിഴിഞ്ഞ് കളയുകയായിരുന്നു ചെയ്തിരുന്നത്. അങ്ങനെ ഒന്നു രണ്ടു ദിവസം ചെയ്തു കഴിഞ്ഞപ്പോൾ ഒരു ബോട്ടിൽ നിറച്ച്, അതായത് ഏകദേശം 100–120 മില്ലി പാൽ കളയുകയായിരുന്നു. അപ്പോഴൊക്കെ എന്റെ കുഞ്ഞിന് കൊടുക്കാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് കരഞ്ഞിരുന്നു. അപ്പോഴൊന്നും മിൽക്ക് ബാങ്കിന്റെ കാര്യം ഓർത്തിരുന്നില്ല. അതിനു ശേഷമാണ് ജോലി ചെയ്യുന്ന ആശുപത്രിയിൽ അങ്ങനെ ഒരു സൗകര്യം ഉണ്ടെന്ന് മനസ്സിലാക്കിയതും മുലപ്പാൽ ദാനം ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചതും അപ്പോഴാണ്.
ഒരു നേരം 120 മില്ലിയോളം പാൽ പിഴിഞ്ഞു കളയുന്നുണ്ട്. അങ്ങനെ ഒരു മൂന്ന് പ്രാവശ്യം കൊടുത്താലും വീണ്ടും എനിക്ക് പാല്‍ നന്നായിട്ട് ഉണ്ട്. അപ്പോൾ ഭർത്താവ് ഷിന്റോ വർഗീസും സപ്പോർട്ട് ചെയ്തു, നമ്മുടെ കുഞ്ഞിനു കിട്ടാത്തത് വേറൊരു കുഞ്ഞിന് ഉപകാരപ്പെടുന്നത് നല്ല കാര്യമാണെന്നാണ് എന്നോട് പറഞ്ഞത്. അമ്മയും കൂടെനിന്നു. രാവിലെ മുതൽ സങ്കടപ്പെട്ടിരുന്ന എനിക്ക് മിൽക്ക് ബാങ്കിലേക്ക് പാൽ കൊടുക്കുമ്പോൾ സന്തോഷം കിട്ടിത്തുടങ്ങി. മോൾക്ക് പാലു കൊടുക്കുമ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരി ചിരിക്കും. എന്റെ കുഞ്ഞിന്റെ ആ ചിരി പാൽ കിട്ടാത്ത കുഞ്ഞുങ്ങളുടെ മുഖത്ത് ഉണ്ടാവണമെന്നില്ല. എൻഐസിയുവിൽ കിടക്കുന്ന കുഞ്ഞുങ്ങൾക്കും ഏറ്റവും പോഷകമായ അമൃതായിട്ടുള്ള മുലപ്പാൽ കൊടുക്കുക എന്നു പറഞ്ഞാൽ അത് വലിയ അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്''.
സൂപ്പർ വുമൺ ഇങ്ങനെയാണ്
''ഡ്യൂട്ടിയുടെ തിരക്കുകൾക്കിടെ സമയം കണ്ടെത്തിയാണ് മിൽക്ക് ബാങ്കിലേക്ക് പോയിരുന്നത്. ഞാൻ മുലപ്പാൽ നൽകുന്ന കാര്യം അധികം ആർക്കും അറിയില്ലായിരുന്നു. വേറൊരാൾ അറിയണം എന്നു ഞാൻ ചിന്തിച്ചിരുന്നുമില്ല. ഞാൻ എക്കോ ടെക്നീഷ്യനായിട്ടാണ് ജോലി ചെയ്യുന്നത്. ജനിച്ച് ഒരു ദിവസം പ്രായമായ കുഞ്ഞ് മുതൽ പല പ്രായത്തിലുള്ള കുഞ്ഞുങ്ങൾ വരെ ടെസ്റ്റ് ചെയ്യാനായി വരുന്നുണ്ട്. ആദ്യമൊക്കെ കുഞ്ഞുങ്ങൾ കരയുമ്പോൾ എനിക്കും സങ്കടം വരുമായിരുന്നു. പലപ്പോഴും ബാത്റൂമിൽ പോയി ഞാൻ കരഞ്ഞിട്ടുണ്ട്. മാനസികമായി ബുദ്ധിമുട്ടിയിരുന്നതുകൊണ്ട് ജോലി രാജിവച്ച് കുഞ്ഞിന്റെ കൂടെ ഇരുന്നാലോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്. പിന്നെ ആലോചിക്കും, രണ്ടും കൂടി ഒരുമിച്ചു മാനേജ് െചയ്ത് കൊണ്ടു പോകുന്നതല്ലേ ശരിക്കും ഒരു സൂപ്പർ വുമൺ. എന്റേത് ഒരു മിഡിൽ ക്ലാസ് കുടുംബമാണ്. ഭർത്താവിന് ബിസിനസാണ്. ഞങ്ങൾ രണ്ടുപേരും ജോലിക്ക് പോയാലേ മുന്നോട്ടു പോകാൻ പറ്റൂ. വേണമെങ്കിൽ എനിക്ക് കുഞ്ഞിന്റെ കാര്യം മാത്രം നോക്കി ഇരിക്കാമായിരുന്നു. പക്ഷേ അങ്ങനെയിരുന്നെങ്കിൽ എനിക്ക് മറ്റ് കുഞ്ഞുങ്ങൾക്കുവേണ്ടി ഇതു ചെയ്യാൻ അവസരം കിട്ടുമായിരുന്നില്ല. ഞാൻ കാണുന്ന ഓരോ കുഞ്ഞും എന്റെ കുഞ്ഞാണെന്നു തന്നെയാണ് കരുതുന്നത്.
ഞാനൊരു ദൈവവിശ്വാസിയാണ്. ഏത് അവസ്ഥയിലും ഞാനോർക്കും, ദൈവത്തിന് നമ്മളെക്കൊണ്ട് ഈ ഭൂമിയിൽ എന്തെങ്കിലും ഒരു പദ്ധതി ഉണ്ടാകും. അതുകൊണ്ടാണ് ഈ നിമിഷം വരെ നമ്മളെ ഇവിടെ നിർത്തിയിരിക്കുന്നത്. ആ പദ്ധതി എന്താണെന്ന് നമുക്കറിയില്ല. എന്തും സഹിക്കാനുള്ള ശക്തി തരണേ എന്നു മാത്രമേ ഞാൻ പ്രാർഥിക്കാറുള്ളൂ. മറ്റു കുഞ്ഞുങ്ങൾക്കും വേണ്ടി മുലപ്പാൽ കൊടുക്കാൻ പറ്റുന്നത് ദൈവനിശ്ചയമാണ്. ഇതൊന്നും ആരും അറിയണമെന്ന് കരുതിയില്ല. ആശുപത്രിയിലെ സൂപ്രണ്ട് സാറാണ് ഇത് എല്ലാവർക്കും ഒരു മാതൃകയാകണം എന്നുപറഞ്ഞ് എല്ലാവരെയും അറിയിച്ചത്. വാർത്ത അറിഞ്ഞപ്പോൾ ഒരുപാടു പേരെന്നെ വിളിച്ചു. അറിയുന്നവരും അറിയാത്തവരുമായ ഒരുപാട് പേര് ആശംസകളും അനുഗ്രഹങ്ങളും അറിയിച്ചു. നമ്മളെ കാണാത്ത ആൾക്കാർ നമ്മളെ അനുഗ്രഹിക്കുക എന്നു പറയുന്നത് മനോഹരമായിട്ടുള്ള നിമിഷങ്ങളാണ്. ഹസ്ബന്റും മമ്മിയുമൊക്കെ ഒരുപാട് സന്തോഷത്തിലാണ്.''
ഞാൻ കാണാത്ത എന്റെ കുഞ്ഞുങ്ങൾ
''എന്റെ പാലു കുടിച്ച, ഞാൻ കാണാത്ത എത്രയോ കുഞ്ഞുങ്ങളുണ്ട്. ഞാൻ കണ്ടിട്ടില്ലെങ്കിൽ കൂടി അവരുടെ അമ്മമാര്‍ എന്നെ ഓർത്തിട്ടുണ്ടെങ്കിൽ അത് അനുഗ്രഹമാണ്. ഞാനൊരിക്കലും, എന്റെ കുഞ്ഞിന് കിട്ടിയില്ലല്ലോ, എന്റെ കുഞ്ഞിന് കിട്ടേണ്ട പാലാണല്ലോ എന്നുള്ള നെഗറ്റീവ് മൈൻഡിൽ പാൽ നൽകിയിട്ടില്ല. പാൽ കൊടുത്തതു കൊണ്ട് ഒരിക്കലും എനിക്ക് ദോഷവും ഉണ്ടായിട്ടില്ല. പാല്‍ നിന്നു പോകാതെ ഇപ്പോഴും എനിക്ക് കുഞ്ഞിന് മുലയുട്ടാൻ പറ്റുന്നുണ്ട്. കുഞ്ഞിനു കൊടുക്കാൻ പറ്റാതിരിക്കുമ്പോൾ അത് സൂക്ഷിച്ചു വച്ച് മറ്റു കുഞ്ഞുങ്ങൾക്കു നൽകുക. അത് നല്ലതുതന്നെയാണ്. വീട്ടിലാണെങ്കിൽ പാൽ പിഴിഞ്ഞു വച്ചാൽ 6 മണിക്കൂർ വരെയും ഫ്രിജിലാണെങ്കിൽ 24 മണിക്കൂറും ഫ്രീസറിൽ ആണെങ്കിൽ രണ്ടാഴ്ചയോളവും കേടു കൂടാതെ സൂക്ഷിച്ചു വയ്ക്കാം.
Read also: അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് എനിക്കെന്റെ കുഞ്ഞിനെ നഷ്ടമാവുന്നത്': റാണി മുഖർജി
കുഞ്ഞിനുവേണ്ടി മിൽക്ക് ബാങ്കിൽനിന്ന് പാൽ തരട്ടേ എന്നു ചോദിച്ച സമയത്ത്, വേറൊരു അമ്മയുടെ പാൽ എന്റെ കുഞ്ഞിനു േവണ്ട എന്നാണ് ഒരു അമ്മ പറഞ്ഞത്. അങ്ങനെ ചിന്തിക്കുന്നവരും ഉണ്ടാകാം. വേറൊരു അമ്മയുടെ പാല്‍ സേഫാണോ എന്ന ചിന്ത പലർക്കും ഉണ്ടായേക്കാം. വളരെ സേഫായിട്ടാണ് മിൽക്ക് ബാങ്കിൽ പാൽ ശേഖരിക്കുന്നതും ചെയ്യുന്നതും സൂക്ഷിക്കുന്നതും. സോപ്പ് ഉപയോഗിച്ചു കൈ കഴുകി ബ്രെസ്റ്റ് വൈപ്സ് ഉപയോഗിച്ച് തുടച്ച് സ്റ്റെറിലൈസ് ചെയ്ത ബോട്ടിലിലേക്കാണ് പമ്പ് ഉപയോഗിച്ച് പാൽ ശേഖരിക്കുന്നത്. അതിനു ശേഷം പാസ്ചറൈസ് ചെയ്ത് ടെസ്റ്റിനു വിടുന്നു. യാതൊരുവിധ അണുക്കളോ ബാക്ടീരിയയോ ഇല്ലെന്ന് ഉറപ്പു വരുത്തി ലാബിൽനിന്നു പരിശോധനാഫലം വന്നതിനു ശേഷം മാത്രമേ ഇത് കുഞ്ഞുങ്ങൾക്ക് കൊടുക്കുകയുള്ളൂ. കുഞ്ഞിന് കിട്ടാത്ത പോഷകങ്ങൾ ഏതൊരു അമ്മയുടെ മുലപ്പാലിൽ നിന്നും കിട്ടും. അതുകൊണ്ട് തന്നെ മുലപ്പാൽ ഡൊണേറ്റ് ചെയ്യാൻ പറ്റുന്നവർ തീർച്ചയായും അത് ചെയ്യണം.
എനിക്ക് ഇത് ചാരിറ്റി അല്ല
''ചില ദിവസങ്ങളിൽ മിൽക്ക് ബാങ്കിൽ പാൽ കൊടുക്കാനായി ചെല്ലുമ്പോൾ ആരും ഉണ്ടാകാറില്ല. ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ പേരുണ്ടാകും. പാൽ കൊടുക്കുന്ന ബോട്ടിലിൽ കൊടുത്ത ആളുടെ പേരും എഴുതാറുണ്ട്. അടുപ്പിച്ച് എന്റെ പേര് കണ്ട് എൻഐസിയുവിലെ സിസ്റ്റർമാർ ചോദിച്ചപ്പോഴാണ് ഇവിടുത്തെ സ്റ്റാഫാണെന്ന് എല്ലാവരും അറിഞ്ഞത്. ചാരിറ്റി എന്നുള്ള രീതിയിൽ ഞാനിതിനെ കണ്ടിട്ടില്ല. കാരണം നമ്മുടെ കുഞ്ഞിന് പാൽ കൊടുക്കുന്നത് ചാരിറ്റി അല്ലല്ലോ, അതു കുഞ്ഞിന്റെ അവകാശമാണ്. അത് അമ്മയ്ക്ക് മാത്രം കൊടുക്കാൻ പറ്റുന്ന കാര്യമാണ്. പൈസ കൊടുത്തുതന്നെ ഒരാളെ സഹായിക്കണമെന്നില്ലല്ലോ. നമ്മളെ കൊണ്ടാകുന്ന രീതിയിൽ സഹായിക്കാം. എനിക്കു പറ്റുന്ന രീതിയിൽ ഞാൻ സഹായിക്കുന്നു. ഒരുപാട് കുഞ്ഞുങ്ങൾക്ക് വിശപ്പു മാറാനും ആരോഗ്യകരമായ ഭക്ഷണം കിട്ടാനും ഞാൻ കാരണമാകുന്നു. വീട്ടുകാരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് എനിക്ക് ഇങ്ങനെ ചെയ്യാൻ കഴിഞ്ഞത്. ആ ഒരു സന്തോഷം ഉണ്ട്. എത്ര നാളാണോ ഞാൻ എന്റെ കുഞ്ഞിനെ മുലയൂട്ടുന്നത്, അത്രയും നാൾ കുഞ്ഞുങ്ങൾക്കു പാൽ ഡൊണേറ്റ് ചെയ്യണം എന്നു തന്നെയാണ് ആഗ്രഹം.’’
സ്വന്തം കുഞ്ഞിനെന്ന പോലെ മറ്റു മക്കൾക്കും യാതൊന്നും ആഗ്രഹിക്കാതെ ഹന്ന പകർന്നു നൽകുന്നത് ജീവിതമാണ്. ആരോഗ്യത്തോടെ ഇരിക്കാനുള്ള അമൃതാണ്. ഒരുപാട് അമ്മമാരുടെ സ്നേഹം നിറഞ്ഞ പ്രാർഥനകൾ ഹന്നയ്ക്കുണ്ടാവുമെന്ന് ഉറപ്പ്.
Content Summary: Supermom Hannah Shinto donates breast milk to milk bank to help babies in need